Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 06/01/2024 )

കേരളത്തിന്റെ നെല്ലറകള്‍ മണ്‍മറയരുത് : ഡെപ്യൂട്ടി സ്പീക്കര്‍

പന്തളം മൂന്നാംകുറ്റി പാടശേഖരത്തില്‍ നെല്‍കൃഷിക്ക് പുനര്‍ജീവന്‍

കേരളത്തിന്റെ നെല്ലറകള്‍ മണ്‍മറയരുതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം മൂന്നാംകുറ്റി പാടശേഖരത്തില്‍ ആരംഭിച്ച നെല്‍കൃഷിക്ക് വിത്ത് വിതച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിന്‍പുറങ്ങളില്‍ അന്യം നിന്നുപോകുന്ന നെല്‍കൃഷിയെ സജീവമാക്കി പരിപോഷിപ്പിക്കണം. പാടശേഖരസമിതിക്ക് വൈദ്യുതി മോട്ടോര്‍ സ്ഥാപിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്നും 23 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
പാടശേഖരസമിതി സെക്രട്ടറി കെ ഹരിലാല്‍, പ്രസിഡന്റ് എം കെ ബൈജു എന്നിവരുടെ നേതൃത്വത്തില്‍ 70 ഏക്കര്‍ പാടശേഖരത്തിലാണ് നെല്‍കൃഷി ചെയ്യുന്നത്. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ എസ് അരുണ്‍ , റ്റി കെ സതി, കെ എസ് കെ ടി യു ജില്ലാകമ്മിറ്റിയംഗം കെ കെ സുധാകരന്‍, കര്‍ഷകസംഘം ഏരിയ കമ്മിറ്റി പ്രസിഡന്റ് പിഎന്‍ മംഗളാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പരിശീലനപരിപാടി സംഘടിപ്പിച്ചു
ഏകാരോഗ്യപദ്ധതിയുടെ ഭാഗമായി കമ്മ്യുണിറ്റി മെന്റര്‍മാര്‍ക്കുള്ള പരിശീലനപരിപാടി നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി ടീച്ചര്‍ നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് ശൈലേഷ് മങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അംഗങ്ങളായ ഗിരീഷ് കുമാര്‍, വൈശാഖ്, ഗ്രേസി അലക്‌സാണ്ടര്‍, തോമസ് ബേബി, പ്രീതി, ജിജോ ചെറിയാന്‍, ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജൂലി ജോര്‍ജ്, ഡോ.അഭിനേഷ് ഗോപന്‍ (ആയൂര്‍വേദം), ഡോ. നിമില (വെറ്റിനറി), എന്നിവര്‍ പങ്കെടുത്തു. ജില്ല മെന്റര്‍ സുരേഷ്‌കുമാര്‍, കുറ്റപ്പുഴ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീകല എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ഭിന്നശേഷി കലോത്സവം ഉദ്ഘാടനം ചെയ്തു

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇലന്തൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഉണര്‍വ് ഭിന്നശേഷി കലോത്സവം 2024 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയാണ് ഉണര്‍വ്. ഏഴു പഞ്ചായത്തുകളില്‍ നിന്നായി നൂറോളം കുട്ടികളാണ് കലോത്സവത്തില്‍  വിവിധ കലാ-കായിക പരിപാടികളില്‍ പങ്കെടുത്തത്.
ചടങ്ങില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആര്‍. അനീഷ അധ്യക്ഷത വഹിച്ചു. നാടന്‍ പാട്ടു കലാകാരനും കേരള ഫോക്ലോര്‍ അക്കാദമി ബോര്‍ഡ് അംഗവുമായ അഡ്വ. സുരേഷ് സോമ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം പി തോമസ്, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു. അബ്ദുല്‍ ബാരി, ജില്ലാ പ്രോഗ്രാം ഓഫീസര്‍ നീതാ ദാസ്, ശിശു വികസന പദ്ധതി ഓഫീസര്‍ വി. താരാ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ലത തുടങ്ങിയവര്‍ പങ്കെടുത്തു.
വോട്ടര്‍പട്ടിക പുതുക്കല്‍
നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട വാര്‍ഡ് ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പ്പട്ടിക പുതുക്കാനുള്ള നടപടികള്‍ നടന്നുവരുന്നതിന്റെ ഭാഗമായി ജനുവരി ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പ്പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും 16 വരെ നല്‍കാം. അന്തിമ വോട്ടര്‍പ്പട്ടിക ജനുവരി 25ന് പ്രസിദ്ധീകരിക്കും.

താലൂക്ക് ഓഫീസുകള്‍ ഇന്ന് (7) തുറന്നു പ്രവര്‍ത്തിക്കും
പത്തനംതിട്ട ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസിലേയും ഇലക്ഷന്‍ വിഭാഗം ഹോം പ്രോസസ്സിംഗ് ജോലികള്‍ക്കായി ഇന്ന് (7) തുറന്നു പ്രവര്‍ത്തിക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
പറക്കോട് അഡീഷണല്‍ ശിശു-വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍ / ഹെല്‍പ്പര്‍ തസ്തികകളിലേക്ക് പള്ളിക്കല്‍  ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലേക്ക് എസ് എസ് എല്‍ സി പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ് എസ് എല്‍ സി ജയിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല . പ്രായം 18നും 46 നും മധ്യേ . അവസാന തീയതി ജനുവരി 29 . കൂടുതല്‍ വിവരങ്ങള്‍ പറക്കോട് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക
ഫോണ്‍ : 04734 216444

യോഗം ചേരും
ശബരിമല മകരവിളക്കിനോടനുബന്ധിച്ചുളള തിരുവാഭരണ ഘോഷയാത്രയുടെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ജനുവരി എട്ടിന് രാവിലെ ഒന്‍പതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രം ദേവസ്വം ഹാളില്‍ യോഗം ചേരും.

എന്യൂമറേറ്റര്‍ നിയമനം
പട്ടികവര്‍ഗ വികസന വകുപ്പ് മുഖേന ഊരുകളുടെയും വ്യക്തികളുടെയും സമഗ്രവികസനം ലക്ഷ്യമാക്കി  മൈക്രോ പ്ലാന്‍ പദ്ധതി രൂപീകരിച്ചു നടപ്പാക്കുന്നതിന്റെ ഭാഗമായി സമ്പൂര്‍ണ ഇ-സര്‍വെ വിവരശേഖരണം നടത്തുന്നതിനായി എന്യൂമറേറ്റിറിനെ നിയമിക്കുന്നു. ജനുവരി 11 ന് രാവിലെ 11  റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍  നേരിട്ട് കൂടികാഴ്ച നടത്തി തെരഞ്ഞെടുക്കും.

പട്ടികജാതി /പട്ടികവര്‍ഗം/ ഒബിസി/ ജനറല്‍ വിഭാഗത്തില്‍പ്പെട്ട സ്മാര്‍ട്ട് ഫോണില്‍ പ്രാവീണ്യമുളളതും പ്ലസ്ടു അല്ലെങ്കില്‍ അതിനു മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുളളതും 18-35 വയസിനുളളില്‍  പ്രായമുള്ളവരുമായ പട്ടികവര്‍ഗ യുവതീ-യുവാക്കള്‍ക്ക് കൂടികാഴ്ചയില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോം, ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം കൂടികാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. ആശാവര്‍ക്കര്‍മാര്‍/കുടുംബശ്രീ എന്യൂമറേറ്റര്‍ എന്നിവര്‍ക്കും നേരിട്ടുളള കൂടികാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 04735 227703.

ഗ്രോത്ത് പള്‍സ് സംരംഭക പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് (കീഡ്) അഞ്ചു ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി  16 മുതല്‍ 20 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം.നിലവില്‍ സംരംഭം തുടങ്ങി അഞ്ചു വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.  കോഴ്സ് ഫീസ്, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ 3540 രൂപയും താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയുമാണ് അഞ്ചുദിവസത്തെ പരിശീലന ഫീസ്. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഫീസ് ഇളവ്. http://kied.info/training-calender/ എന്ന വെബ്‌സൈറ്റിലൂടെ 12 നു മുന്‍പായി അപേക്ഷിക്കാം. ഫോണ്‍: 0484 2532890, 2550322, 7012376994.

ടെന്‍ഡര്‍
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സാറ്റാന്‍ഡിംഗ് വീല്‍ചെയര്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 19 ന് പകല്‍ മൂന്നുവരെ. ഫോണ്‍ : 0469 2610016, 9188959679.

error: Content is protected !!