Trending Now

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 31/12/2023)

 

സന്നിധാനത്ത് ഇനി സൗജന്യ വൈഫൈ : പുതുവത്സരദിനത്തിൽ 27 കേന്ദ്രങ്ങളിൽ

( 2024 ജനുവരി ഒന്ന്)മുതൽ മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള 27 കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാകും.)

ഒരു മൊബൈൽ നമ്പറിൽ നിന്ന് ആദ്യത്തെ അരമണിക്കൂർ വൈഫൈ സൗജന്യമായിരിക്കും.

konnivartha.com: ശബരിമല സന്നിധാനത്തു സൗജന്യമായി വൈ ഫൈ സേവനം ലഭ്യമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലുമായി സഹകരിച്ചുള്ള പദ്ധതിക്ക് നടപ്പന്തലിൽ നടന്ന ചടങ്ങിൽ ഡിസം.25 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടക്കം കുറിച്ചിരുന്നു.

ശബരിമലയിലെത്തുന്ന ഭക്തർ നേരിടുന്ന മൊബൈൽ, ഇന്റർനെറ്റ് കണക്ടിവിറ്റി അടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുതകുന്നതാണ് ദേവസ്വം ബോർഡിന്റെ പദ്ധതി. നിലവിൽ നടപ്പന്തലിലെ രണ്ടു കേന്ദ്രങ്ങളിലാണ് 100 എം.ബി.പി.എസ്. വേഗത്തിൽ വൈഫൈ ലഭ്യമാക്കിയിട്ടുള്ളത്. ജനുവരി ഒന്ന്മുതൽ മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള 27 കേന്ദ്രങ്ങളിൽ സൗജന്യവൈഫൈ ലഭിക്കും.
ഒരു മൊബൈൽ നമ്പറിൽ നിന്ന് ആദ്യത്തെ അരമണിക്കൂർ വൈഫൈ സൗജന്യമായിരിക്കും. തുടർന്ന് ഒരു ജിബിക്ക് 9 രൂപ നൽകണം. 99 രൂപയുടെ ബി.എസ്.എൻ.എൽ. റീച്ചാർജ് നടത്തിയാൽ ദിവസം 2.5 ജിബി വച്ചുപയോഗിക്കാവുന്ന പ്ലാനും പ്രയോജനപ്പെടുത്താം.

ബി.എസ്.എൻ.എൽ വൈഫൈ അല്ലെങ്കിൽ ബി.എസ്.എൻ.എൽ. പിഎം വാണി എന്ന വൈഫൈ യൂസർ ഐഡിയിൽ കയറി കണക്ട് എന്നു ക്ലിക്ക് ചെയ്യുമ്പോൾ ഒരു വെബ്‌പേജ് തുറന്നുവരും. അതിൽ 10 അക്ക മൊബൈൽ നമ്പർ നൽകുമ്പോൾ ആറക്ക പിൻ എസ്.എം.എസായി ലഭിക്കും. അതുപയോഗിച്ചു വൈ ഫൈ കണക്ട് ആക്കാം.

നടപ്പന്തലിലെ രണ്ടു കേന്ദ്രങ്ങൾ കൂടാതെ പാണ്ടിത്താവളത്തെ ബി.എസ്.എൻ.എൽ. എക്‌സ്‌ചേഞ്ച് (2), ജ്യോതിനഗറിലെ ബി.എസ്.എൻ.എൽ. സെന്റർ(4), മരക്കൂട്ടം മുതൽ ശരംകുത്തി വരെയുള്ള ആറു ക്യൂ കോംപ്ലക്‌സുകൾ എന്നിവിടങ്ങളിലായി 14 ഇടത്ത് വൈഫൈ സൗകര്യം ഇതിനോടകം ഒരുക്കിയിട്ടുണ്ട്. ബാക്കി 13 കേന്ദ്രങ്ങളിൽ കൂടി സൗകര്യം ഡിസംബർ 30ന് മുമ്പ് പൂർത്തിയാക്കി മകരവിളക്കുത്സവത്തിനായി നട തുറക്കുമ്പോൾ സേവനം ലഭ്യമാക്കും.

അക്കോമഡേഷൻ ഓഫീസ് പരിസരം ,നടപ്പന്തലിലെ സ്റ്റേജിനു ഇടതു വലതു വശങ്ങൾ ,നടപ്പന്തലിലെ മധ്യഭാഗത്ത് ഇടത് -വലത് ഭാഗങ്ങൾ ,നടപ്പന്തലിലേക്ക് പ്രവേശിക്കുന്നിടത്ത് ഇടതും വലതും ഭാഗങ്ങൾ ,അപ്പം – അരവണ കൗണ്ടർ , നെയ്യഭിഷേക കൗണ്ടർ , അന്നദാനമണ്ഡപം , മാളികപ്പുറത്തെ രണ്ട് നടപ്പന്തലുകൾ എന്നിവിടങ്ങളിലാണ് ഈ കേന്ദ്രങ്ങൾ.

ഈ സീസണിൽ തന്നെ പമ്പയിലും നിലയ്ക്കലും കൂടി വൈഫൈ സൗകര്യമൊരുക്കമെന്നും അടുത്ത സീസണിൽ പ്രധാനപ്പെട്ട ഇടത്താവളങ്ങളിലും വൈഫൈ ലഭ്യമാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

ശബരിമലയെ മാലിന്യമുക്തമാക്കാൻ പവിത്രം ശബരിമല

മകരവിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ച് ശബരിമലയെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി പവിത്രം ശബരിമലയുടെ ഭാഗമായുള്ള പരിസര ശുചീകരണം സന്നിധാനത്ത് നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവിഷ്‌കരിച്ച ശബരിമല സമ്പൂര്‍ണ്ണ ശുചീകരണ യജ്ഞ പദ്ധതിയാണിത്. നിത്യവും ഒരു മണിക്കൂര്‍ വീതമാണ് പവിത്രം ശബരിമലയുടെ ഭാഗമായി സന്നിധാനവും പരിസരവും ശുചീകരിക്കുന്നത്.

എല്ലാ ദിവസവും രാവിലെ ഒന്‍പതുമുതല്‍ ഒരു മണിക്കൂര്‍ സമയമാണ് സന്നിധാനത്തും പരിസരങ്ങളിലും വൃത്തിയാക്കാനായി നീക്കിവച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് പുറമേ, ഡ്യൂട്ടിയിലുള്ള മറ്റ് വകുപ്പ് ജീവനക്കാര്‍, അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍, വിശുദ്ധി സേനാംഗങ്ങള്‍ തുടങ്ങിയവരും ഈ ശുചീകരണ, ബോധവത്കരണ പരിപാടിയില്‍ സജീവമായി പങ്കാളികളാകുന്നുണ്ട്.

ഇതോടൊപ്പം പൂങ്കാവനം ശുചിത്വപൂര്‍മായി കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അയ്യപ്പഭക്തര്‍ക്കിടയില്‍ ബോധവത്കരണവും നടത്തുന്നുണ്ട്.

സന്നിധാനത്ത് രാവിലെ നടന്ന പവിത്രം ശബരിമല ബോധവത്കരണത്തിന് എക്സിക്യുട്ടീവ് ഓഫീസർ കൃഷ്ണകുമാർ നേതൃത്വം നൽകി.

ശബരിമലയിൽ കളഭാഭിഷേകം

ശബരിമലയിലെ പ്രധാനപ്പെട്ട വഴിപാടുകളിലൊന്നായ കളഭാഭിഷേകം ഞായറാഴ്ച (ഡിസംബർ 31 ) നടന്നു. മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്നതിനു ശേഷമുള്ള ആദ്യ കളഭാഭിഷേകം ആയിരുന്നു ഇത്. നിത്യേനയുള്ള 25 കലശാഭിഷേകം കഴിഞ്ഞ് ഉച്ചയ്ക്ക് 12ന് ഉച്ചപൂജയ്ക്ക് മുൻപായാണ് ശബരീശന്റെ ഇഷ്ട വഴിപാടുകളിൽ ഒന്നായ കളഭാഭിഷേകം നടന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ കിഴക്കേ മണ്ഡപത്തിൽ പൂജിച്ച് കളഭകുംഭം മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണം നടത്തിയ ശേഷമാണ് ശ്രീകോവിലിൽ എത്തിച്ച് കളഭാഭിഷേകം നടത്തിയത്.

നെയ്യഭിഷേകത്തിന് തുടക്കമായി

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നട തുറന്ന ശബരീശ സന്നിധിയിൽ നെയ്യഭിഷേകത്തിന് തുടക്കമായി. ഞായറാഴ്ച (ഡിസം. 31 )രാവിലെ മൂന്നിന് .നിർമാല്യ ദർശനത്തിനും ഗണപതി ഹോമത്തിനും പതിവ് അഭിഷേകത്തിനും ശേഷം 3 30ന് നെയ്യഭിഷേകം ആരംഭിച്ചു.

ഏഴു മണി വരെയും തുടർന്ന് രാവിലെ 8 മുതൽ 11.30 വരെയായിരുന്നു. അഭിഷേകം. രാവിലെ 3.30 ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് സ്വർണ കുംഭത്തിൽ ആദ്യം നെയ്യഭിഷേകം നടത്തി. തുടർന്ന് മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി അഭിഷേകംനടത്തി.

മകരവിളക്കു മഹോത്സവത്തിന് ജനുവരി 19 വരെയാണ് തീർത്ഥാടകരുടെ നെയ്യഭിഷേകത്തിന് അനുമതിയുള്ളത്