Trending Now

ശബരിമല: ഇതുവരെ 204.30 കോടി രൂപ നടവരവ്: കാണിക്കായി ലഭിച്ചത് 63.89 കോടി രൂപ

 

KONNIVARTHA.COM: മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ നടവരവ് 204.30 കോടി രൂപയെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ എന്നിവ കൂടി എണ്ണിക്കഴിയുമ്പോൾ ഈ കണക്കിൽ കാര്യമായ മാറ്റമുണ്ടാകുമെന്നും മണ്ഡലപൂജ-മകരവിളക്ക് ഉത്സവം സംബന്ധിച്ചു സന്നിധാനം ദേവസ്വം ഗസ്റ്റ്ഹൗസിലെ കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ പ്രസിഡന്റ് പറഞ്ഞു.

കാണിക്കയായി ലഭിച്ചത് 63.89 കോടി രൂപയാണ്. (63,89,10,320). അരവണ വിൽപനയിൽ 96,32,44,610 രൂപയും(96.32 കോടി രൂപ), അപ്പം വിൽപനയിൽ 12,38,76,720( 12.38 കോടി രൂപ) രൂപയും ലഭിച്ചു.
മണ്ഡലകാലം തുടങ്ങി ഡിസംബർ 25 വരെ ശബരിമലയിൽ 31,43,163 പേരാണു ദർശനം നടത്തിയത്. ദേവസ്വം ബോർഡിന്റെ അന്നദാനമണ്ഡപത്തിലൂടെ ഡിസംബർ 25 വരെ 7,25,049 പേർക്കു സൗജന്യമായി ഭക്ഷണം നൽകി. പമ്പാ ഹിൽടോപ്പിൽ രണ്ടായിരം ചെറുവാഹനങ്ങൾക്കു പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും ഇക്കാര്യത്തിൽ അനുമതി തേടി ദേവസ്വം ബോർഡ് ഹൈക്കോടതിയെ വീണ്ടും സമീപിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. പരിമിതികൾക്കിടയിലും വിവിധ വകുപ്പുകളുടെ മികച്ച സഹകരണത്തോടെ ശബരിമല തീർഥാടകർക്കു മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാൻ ദേവസ്വം ബോർഡിനായി എന്നും പ്രസിഡന്റ് പറഞ്ഞു.

മണ്ഡലപൂജയ്ക്കുശേഷം ഡിസംബർ 27ന് വൈകിട്ട് 11.00 മണിക്ക് ശബരിമല നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് വീണ്ടും നട തുറക്കും. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13നു വൈകിട്ട് പ്രസാദ ശുദ്ധക്രിയകൾ നടക്കും. ജനുവരി 14ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15നാണ് മകരവിളക്ക്. അന്നു വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകൾക്കുശേഷം വൈകിട്ട് അഞ്ചുമണിക്കാണ് അന്നു നടതുറക്കുക. തുടർന്നു തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. 15,16,17,18,19 തിയതികളിൽ എഴുന്നുള്ളിപ്പും നടക്കും. 19ന് ശരംകുത്തിയിലേക്ക് എഴുന്നുള്ളത്ത് നടക്കും.

ജനുവരി 20 വരെ ഭക്തർക്കു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21ന് രാവിലെ പന്തളരാജാവിനു മാത്രം ദർശനം, തുടർന്നു നട അടയ്ക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പത്രസമ്മേളനത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ, ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ ദേവസ്വം കമ്മിഷണർ സി.എൻ. രാമൻ, എക്‌സിക്യൂട്ടീവ് എൻജിനീയർ രഞ്ജിത്ത് ശേഖർ എന്നിവർ പങ്കെടുത്തു.

error: Content is protected !!