ഭക്തർക്ക് അരമണിക്കൂർ വൈ ഫൈ സൗജന്യമായി ഉപയോഗിക്കാം
konnivartha.com: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പദ്ധതിക്ക് (ഡിസംബർ 25) തുടക്കം. വൈകിട്ട് നാലുമണിക്ക് നടപ്പന്തലിൽ നടക്കുന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടക്കം കുറിക്കും.
തുടക്കത്തിൽ നടപ്പന്തലിലും പരിസരങ്ങളിലുമാകും സൗജന്യവൈഫൈ ലഭിക്കുക. ഡിസംബർ 30 മുതൽ സന്നിധാനത്തെ 15 കേന്ദ്രങ്ങളിലും സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. മകരവിളക്ക് ഉത്സവത്തിനായി നടതുറക്കുമ്പോൾ അയ്യപ്പഭക്തർക്ക് ഈ കേന്ദ്രങ്ങളിലെല്ലാം വൈഫൈ സേവനം ലഭ്യമകുന്ന തരത്തിലുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു.
ബി.എസ്.എൻ.എല്ലുമായി സഹകരിച്ച് ശബരിമല സന്നിധാനത്തും പരിസരങ്ങളിലുമായി 15 ഇടങ്ങളിലാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് സൗജന്യ വൈഫൈ സേവനം ഒരുക്കുന്നത്. ദേവസ്വം വക മൂന്ന് സ്റ്റാഫ് ക്വാർട്ടേഴ്‌സുകളിലും സൗജന്യ വൈഫൈ ലഭിക്കും.100 എം.ബി.പി.എസ്.ആണ് വേഗത. ആദ്യ അരമണിക്കൂർ സൗജന്യമായി ഉപയോഗിക്കാം. തുടർന്ന് ഒരു ജിബിക്ക് ഒൻപത് രൂപ നിരക്കിൽ ഈടാക്കും. ഒരു സിമ്മിൽനിന്ന് ആദ്യ അരമണിക്കൂർ സൗജന്യം എന്ന നിലയിലാണ് വൈഫൈ സൗകര്യമൊരുക്കുന്നത്. നടപ്പന്തൽ, താമസകേന്ദ്രങ്ങൾ, ആശുപത്രി തുടങ്ങി പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം വൈഫൈ സൗകര്യമൊരുക്കും.
താഴെ പറയുന്ന സ്ഥലങ്ങളിൽ വൈഫൈ സേവനം ലഭ്യമാണ്
അക്കോമഡേഷൻ ഓഫീസ് പരിസരം ,നടപ്പന്തലിലെ സ്റ്റേജിനു ഇടതു വലതു വശങ്ങൾ ,നടപ്പന്തലിലെ മധ്യഭാഗത്ത് ഇടത് -വലത് ഭാഗങ്ങൾ ,നടപ്പന്തലിലേക്ക് പ്രവേശിക്കുന്നിടത്ത് ഇടതും വലതും ഭാഗങ്ങൾ ,അപ്പം – അരവണ കൗണ്ടർ , നെയ്യഭിഷേക കൗണ്ടർ , അന്നദാനമണ്ഡപം , മാളികപ്പുറത്തെ രണ്ട് നടപ്പന്തലുകൾ എന്നിവിടങ്ങളിലാണ് വൈഫൈ ലഭ്യമാവുക.
കാനനക്ഷേത്രമെന്ന നിലയിൽ പരിമിതിയുണ്ടെങ്കിലും ദിവസവും ഒരുലക്ഷത്തോളം ജനങ്ങൾ എത്തുന്ന ഇടമെന്ന നിലയിൽ ആധുനികശാസ്ത്രസാങ്കേതികസൗകര്യങ്ങൾ ഭക്തർക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ദേവസ്വം ബോർഡ് നടപടിയെന്നു പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. തുടക്കത്തിൽ ശബരിമല സന്നിധാനത്താണ് സൗജന്യ വൈഫൈ ഒരുക്കുന്നതെങ്കിലും താമസിയാതെ തന്നെ പമ്പയിലും നിലയ്ക്കലും കൂടി ഈ സൗകര്യമൊരുക്കാൻ ബോർഡ് ലക്ഷ്യമിടുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.