Trending Now

തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു

 

konnivartha.com: ശബരിമലയില്‍ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര സന്നിധിയില്‍നിന്ന് പുറപ്പെട്ടു.

രാവിലെ ഏഴിനാണു തങ്ക അങ്കി ആറന്‍മുള ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് എടുത്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, പത്തനംതിട്ട ജില്ലാ കളക്ടര്‍ എ. ഷിബു, ജില്ലാ പോലീസ് മേധാവി വി. അജിത്ത്,ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ജി.സുന്ദരേശന്‍ , അഡ്വ.എ.അജികുമാര്‍ , ദേവസ്വം സെക്രട്ടറി ജി.ബൈജു, ദേവസ്വം കമ്മീഷണര്‍ സി.എന്‍. രാമന്‍, ദേവസ്വം ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി തങ്കയങ്കി ഘോഷയാത്ര 26 ന് ഉച്ചയോടെ പമ്പയില്‍ എത്തിച്ചേരും. അവിടെ വിശ്രമിച്ച ശേഷം സന്നിധാനത്തേക്ക് തിരിക്കുന്ന ഘോഷയാത്ര വൈകുന്നേരം 5.30 ന് ശരംകുത്തിയില്‍ എത്തിച്ചേരും. ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന ഔദ്യോഗിക സ്വീകരണത്തിനു ശേഷം 6.15 ന് തങ്ക അങ്കി പേടകം ശബരിമല അയ്യപ്പ സന്നിധിയില്‍ എത്തിക്കും. കൊടിമര ചുവട്ടിലും തങ്ക അങ്കിയ്ക്ക് വരവേല്‍പ്പ് നല്‍കും.6.30 ന് തങ്കയങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധന നടക്കും. 27നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. 10.30 നും 11.30 നും മദ്ധ്യേയാണ് മണ്ഡല പൂജ നടക്കുക. 27 ന് രാത്രി അടക്കുന്ന ക്ഷേത്ര നട ഡിസംബര്‍ 30 ന് വൈകുന്നേരം അഞ്ചു മണിക്ക് മകരവിളക്ക് ഉല്‍സവത്തിനായി തുറക്കും

error: Content is protected !!