പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍/ അറിയിപ്പുകള്‍ ( 23/12/2023)

ജനപ്രതിനിധികള്‍ സേവന തല്‍പരരാകണം : ഡപ്യൂട്ടി സ്പീക്കര്‍

ജനപ്രതിനിധികള്‍ സേവനതല്‍പരരാകണമെന്നു ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. 2024 – 25 സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല ജനപ്രതിനിധികളുടെ ഏകദിന ശില്പശാല അടൂര്‍ മേലേതില്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതി നിര്‍മാണത്തില്‍ ദാരിദ്ര നിര്‍മാര്‍ജനവും മാലിന്യ സംസ്‌കരണവും പ്രത്യേക പരിഗണന നല്‍കേണ്ട വിഷയങ്ങളാണ്. ജനപ്രതിനിധികള്‍ ഇതില്‍ ജാഗരൂകരാകണം. അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കണം . ദാരിദ്രനിര്‍മാര്‍ജനം എന്ന ലക്ഷ്യം മുന്നില്‍ കണ്ട് വേണം പദ്ധതികള്‍ വിഭാവനം ചെയ്യാന്‍. ശുചിത്വവും തുല്യപ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളും അണിനിരന്ന ശില്പശാല പഞ്ചായത്ത് അസോസിയേഷനും കിലയും സംയുക്തമായാണ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി എസ് മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോയിന്റ് ഡയറക്ടര്‍ രശ്മി ദിനേശ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ കെ ശ്രീധരന്‍ , സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാജഗോപാലന്‍ നായര്‍, കൗണ്‍സിലര്‍ മഹേഷ്, ജനകീയആസൂത്രണ സമിതി ജില്ലാ ഫെസിലിറ്റേറ്റര്‍ എ ആര്‍ അജീഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ്, നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു
ശബരിമലയില്‍ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര സന്നിധിയില്‍നിന്ന് പുറപ്പെട്ടു.

രാവിലെ ഏഴിനാണു തങ്ക അങ്കി ആറന്‍മുള ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് എടുത്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ജില്ലാ കളക്ടര്‍ എ. ഷിബു, ജില്ലാ പോലീസ് മേധാവി വി. അജിത്ത്,ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ജി.സുന്ദരേശന്‍ , അഡ്വ.എ.അജികുമാര്‍ , ദേവസ്വം സെക്രട്ടറി ജി.ബൈജു, ദേവസ്വം കമ്മീഷണര്‍ സി.എന്‍. രാമന്‍, ദേവസ്വം ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി തങ്കയങ്കി ഘോഷയാത്ര 26 ന് ഉച്ചയോടെ പമ്പയില്‍ എത്തിച്ചേരും.  അവിടെ വിശ്രമിച്ച ശേഷം സന്നിധാനത്തേക്ക് തിരിക്കുന്ന ഘോഷയാത്ര വൈകുന്നേരം 5.30 ന് ശരംകുത്തിയില്‍ എത്തിച്ചേരും. ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന ഔദ്യോഗിക സ്വീകരണത്തിനു ശേഷം 6.15 ന് തങ്ക അങ്കി പേടകം ശബരിമല അയ്യപ്പ സന്നിധിയില്‍ എത്തിക്കും.

കൊടിമരച്ചുവട്ടിലും തങ്ക അങ്കിയ്ക്ക് വരവേല്‍പ്പ് നല്‍കും.6.30 ന് തങ്കയങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധന നടക്കും. 27നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. 10.30 നും 11.30 നും മദ്ധ്യേയാണ് മണ്ഡല പൂജ നടക്കുക.27 ന് രാത്രി അടക്കുന്ന ക്ഷേത്ര നട ഡിസംബര്‍ 30 ന് വൈകുന്നേരം അഞ്ചിനു മകരവിളക്ക് ഉല്‍സവത്തിനായി തുറക്കും

സാക്ഷ്യപത്രം ഹാജരാക്കണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും  നിലവില്‍ വിധവാ പെന്‍ഷന്‍ /അവിവാഹിത പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 60 വയസില്‍ താഴെയുളള എല്ലാ ഗുണഭോക്താക്കളും  ആധാര്‍കാര്‍ഡിന്റെ പകര്‍പ്പും  പുനര്‍വിവാഹിതയല്ല/ വിവാഹിതയല്ല എന്ന് തെളിയിക്കുന്ന ഒരു ഗസറ്റഡ് ഓഫീസറുടെയോ/വില്ലേജ് ഓഫീസറുടെയോ സാക്ഷ്യപത്രവും ഡിസംബര്‍ 31 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
കോന്നി താലൂക്കിലെ  34, 141, 142 നമ്പര്‍ റേഷന്‍ കടകളില്‍ നിന്നും റാന്നി താലൂക്കിലെ 149, 155, 124 നമ്പര്‍ റേഷന്‍ കടകളില്‍ നിന്നും  റേഷന്‍സാധനങ്ങള്‍  ഗോത്രവര്‍ഗ കോളനിയിലേക്കു എത്തിച്ചു വിതരണം നടത്തുന്നതിനായി മൂന്ന് ടണ്‍ കപ്പാസിറ്റിയുളള ചരക്ക് വാഹനം /ഫോര്‍ വീല്‍ ഡ്രൈവ് വാഹനം  ഡ്രൈവര്‍ സഹിതം പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് തയാറുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫോണ്‍ : 0468 2222612.

കേരള മീഡിയ അക്കാദമിയുടെ ചിത്രരചനാ മത്സരം ഡിസംബര്‍ 27ന്
കൊല്ലം ജില്ലയില്‍ 2024  ജനുവരി നാലു മുതല്‍ എട്ടു വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി കേരള മീഡിയ അക്കാദമി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.
കേരള സ്‌കൂള്‍ കലോത്സവം മുന്‍ കലാതിലകം ഡോ. ദ്രൗപതി ചിത്ര രചനാ മത്സരം ഉദ്ഘാടനം ചെയ്യും. കൊല്ലം പ്രസ് ക്ലബ്ബ്, കലോത്സവ പബ്ലിസിറ്റി കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.  27 നു രാവിലെ ഒന്‍പതു മുതല്‍ 12 വരെ കൊല്ലം വിമലഹൃദയ സ്‌കൂളിലാണ് മത്സരം. ഇരുവിഭാഗങ്ങളിലുമായി നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് യഥാക്രമം 5000 രൂപ (ഒന്നാം സമ്മാനം), 3000 രൂപ (രണ്ടാം സമ്മാനം), 2000 രൂപ (മൂന്നാം സമ്മാനം) എന്നിവയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനമായി നല്‍കും.
ഡ്രോയിങ് പേപ്പര്‍ സംഘാടകര്‍ നല്‍കും. ചിത്രരചനയ്ക്കുള്ള വാട്ടര്‍ കളറും ബ്രഷും മറ്റുസാമഗ്രികളും മത്സരാര്‍ഥികള്‍ കൊണ്ടു വരണം. രജിസ്‌ട്രേഷന്‍ രാവിലെ ഒന്‍പതിനു ആരംഭിക്കും. ഫോണ്‍: 7907348963, 8921654090, 0471-2726275

കുടുംബശ്രീ ഓക്സോ മീറ്റ്
ജില്ലയിലെ 58 സി.ഡി.എസുകളിലും ‘ഓക്സോ മീറ്റ് 2023’ എന്ന പേരില്‍ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സംഗമം നടത്തി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മല്ലപ്പുഴശ്ശേരി സി.ഡി.എസിലെ ഗവ.വി.എച്ച്.എസ്.എസ് ആറന്മുള സ്‌കൂളില്‍  മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഉഷാകുമാരി നിര്‍വഹിച്ചു. പുതുചുവടുകള്‍ക്ക് തുടക്കം കുറിച്ച് കുടുംബശ്രീ ഓക്സിലറി അംഗങ്ങള്‍ ഒരിക്കല്‍ കൂടി വിദ്യാലയങ്ങളില്‍ ഒത്തു ചേര്‍ന്നു. ചടങ്ങില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ് ആദില, അസിസ്റ്റന്റ് ജില്ലമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ കെ ബിന്ദുരേഖ, ടി ഇന്ദു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ എക്സിബിഷന്‍ : എന്‍ട്രികള്‍ ക്ഷണിച്ചു
ജനുവരി നാലു മുതല്‍ എട്ടുവരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയും കൊല്ലം പ്രസ് ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന ഫോട്ടോ എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കാന്‍ പത്രഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് ഫോട്ടോകള്‍ ക്ഷണിച്ചു. മികച്ച ചിതത്തിന് യഥാക്രമം 10,000, 7,000 5,000 രൂപ വീതം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നല്‍കും. മുന്‍കാല സ്‌കൂള്‍ കലോത്സവങ്ങളിലെ ചരിത്രനിമിഷങ്ങളും കൗതുക കാഴ്ചകളുമാണ് അയക്കേണ്ടത്. മത്സരത്തിനുള്ള ഫോട്ടോകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 28. ചിത്രങ്ങള്‍ അയക്കേണ്ട ഇമെയില്‍ : kmaphotostvpm@gmail.com. ഫോണ്‍: 9447225524.

ലഹരിക്കെതിരെ ഒരുമയോടെ പോരാടണം : ജില്ലാ കളക്ടര്‍ എ.ഷിബു
ലഹരി മാഫിയയില്‍ നിന്നും  വിദ്യാര്‍ഥികളെയും സമൂഹത്തെയും സംരക്ഷിക്കാന്‍ ഒരുമയോടെ പോരാടണമെന്ന്   ജില്ലാ കളക്ടര്‍ എ.ഷിബു പറഞ്ഞു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, പത്തനംതിട്ട ലയണ്‍സ് ക്ലബ്ബ് എന്നിവയുമായി ചേര്‍ന്നു എക്സൈസ് വിമുക്തി മിഷന്‍ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ ജില്ലാതല ചെസ് മത്സരം ‘ലഹരിക്കെതിരെ ചെക്ക് വെക്കാം ‘ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കളക്ടര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ സി കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു, മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളീയ്ക്കല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്  കെ. അനില്‍കുമാര്‍, ഓര്‍ത്തഡോക്‌സ് സഭ തുമ്പ ഭദ്രാസന സെക്രട്ടറി റെവ.ജോണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍എപ്പിസ്‌കോപ്പ, ലയണ്‍സ് ക്ലബ്ബ് പത്തനംതിട്ട റോയല്‍ പ്രസിഡന്റ് റോബി മാത്യു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ്‌ജോര്‍ജ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ഷാജി. എന്നിവര്‍ പങ്കെടുത്തു.
error: Content is protected !!