Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 20/12/2023 )

 

പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 20/12/2023 )

അടൂര്‍ മണ്ഡലത്തില്‍ കാര്‍ഷികരംഗത്ത് ഏറെ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു :ഡപ്യൂട്ടി സ്പീക്കര്‍

അടൂര്‍ മണ്ഡലത്തില്‍ കാര്‍ഷികരംഗത്ത് ഏറെ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചുവെന്നു ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിറപൊലിവ് അടൂര്‍ വിഷന്‍ 2026 ന്റെ ഭാഗമായി ഏറത്ത് ഗ്രാമപഞ്ചായത്തിലെ ചൂരക്കോട് എല്‍ പി സ്‌കൂളില്‍ വെജിറ്റബിള്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി ടെറസ്സ് കൃഷി ചെയ്യുവാനുള്ള 100 ഹൈ ഡെന്‍സിറ്റി പോളി എത്തിലിന്‍ പോട്ട് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നുപ്പുഴ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സി ആര്‍ രശ്മി , കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന്‍ ജോര്‍ജ്, വാര്‍ഡ് അംഗങ്ങളായ രാജേഷ് അമ്പാടിയില്‍, ജയകുമാര്‍, സന്തോഷ് കുമാര്‍, കൃഷി ഓഫീസര്‍ സൗമ്യ ശേഖര്‍, എച്ച് എം ബുഷാര, കാര്‍ഷിക വികസന സമിതി അംഗങ്ങളായ രാജേഷ് മണക്കാല, രാജന്‍ സുലൈമാന്‍ ,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,കര്‍ഷകര്‍,കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍,കുട്ടികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഏറത്ത് കൃഷിഭവനിലെ വിള ആരോഗ്യപരിപാലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു

നിറപൊലിവ് അടൂര്‍ വിഷന്‍ 2026 ന്റെ ഭാഗമായി ഏറത്ത് കൃഷിഭവനിലെ വിള ആരോഗ്യ പരിപാലന കേന്ദ്രത്തിലെ ക്ലിനിക്കിന്റെ ഉദ്ഘാടനം ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഒ പി കാര്‍ഡ് കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.

എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതല്‍ 12 വരെ ഏറത്ത് കൃഷിഭവനില്‍ ക്ലിനിക് പ്രവര്‍ത്തിക്കും .ജനകീയസൂത്രണ പ്രൊജക്ടിലൂടെ ഒരു ലക്ഷം രൂപ ചിലവില്‍ കര്‍ഷകര്‍ക്കു സൗജന്യമായി വളം ലഭ്യമാക്കുന്നു. വിള ആരോഗ്യ ദ്വൈവാരിക പത്രിക സമൃദ്ധിയുടെ ഉദ്ഘാടനം ചടങ്ങില്‍ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നുപ്പുഴ നിര്‍വഹിച്ചു.

കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ സി ആര്‍ രശ്മി , കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന്‍ ജോര്‍ജ്, വാര്‍ഡ് അംഗങ്ങളായ രാജേഷ് അമ്പാടിയില്‍, ജയകുമാര്‍, സന്തോഷ് കുമാര്‍, കൃഷി ഓഫീസര്‍ സൗമ്യ ശേഖര്‍, എച്ച് എം ബുഷാര, കാര്‍ഷിക വികസന സമിതി അംഗങ്ങളായ രാജേഷ് മണക്കാല, രാജന്‍ സുലൈമാന്‍,വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍,കര്‍ഷകര്‍,കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍,കുട്ടികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്‌നേഹിത സ്‌നേഹപരിചരണത്തിന്റെ വേറിട്ട മുഖം: ഡപ്യൂട്ടി സ്പീക്കര്‍

കുടുംബശ്രീയുടെ ജെന്‍ഡര്‍ ഹെല്‍പ് ലൈനായ സ്‌നേഹിത സ്‌നേഹപരിചരണങ്ങളുടെ വേറിട്ട മുഖമാണെന്നു ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

കുടുംബശ്രീ ജില്ലാമിഷന്‍ വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം പന്തളത്തു നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയിലൂടെ നടപ്പാക്കുന്നതിന്റെ മാതൃകയാണു സ്‌നേഹിതയുടെ പ്രവര്‍ത്തനങ്ങളെന്നും തുടക്കം മുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ ജില്ലാമിഷന്‍ കോ -ഓര്‍ഡിനേറ്റര്‍ എസ് ആദിലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ പന്തളം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ എസ് സൂര്യ മുഖ്യപ്രഭാഷണം നടത്തി.

കുടുംബശ്രീയുടെ പുറമറ്റം, കോട്ടാങ്ങല്‍, എഴുമറ്റൂര്‍ എന്നീ സി ഡി എസുകളിലെ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളില്‍ നടത്തിയ പൊതുവിടങ്ങളിലെ സ്ത്രീകളുടെ അവസ്ഥ, വിധവകളുടെ അവസ്ഥ, സ്ത്രീകളുടെ അവസ്ഥ എന്നീ വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ പഠനപ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരണം കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരായ സൂസി ജോസഫ്, എം. വി രമാദേവി എന്നിവര്‍ നടത്തി.
ജില്ലാ പ്രോഗ്രാം മാനേജരായ പി ആര്‍ അനൂപ, അനിത കെ നായര്‍, പന്തളം കുടുംബശ്രീ സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സിനി മോട്ടിലാല്‍, കുടുംബശ്രീ എ ഡി എം സി.കെ.ബിന്ദുരേഖ, സ്‌നേഹിത ജീവനക്കാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, പന്തളം നഗരസഭ സി.ഡി.എസ് അംഗങ്ങള്‍, സ്‌നേഹിത പിന്തുണ സ്വീകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഡിസ്എബിലിറ്റി സെന്‍സസ് ; യോഗം 21 ന്
ജില്ലയിലെ ഭിന്നശേഷിക്കാരുടെ സമഗ്രവികസനവുമായി ബന്ധപ്പെട്ട് ഭിന്നശേഷി സംബന്ധമായ തിരിച്ചറിവ് തുടക്കത്തില്‍ തന്നെ ലഭ്യമാക്കുന്നതിനും തുടക്കത്തില്‍തന്നെ തെറാപ്പികള്‍ ഉള്‍പ്പെടെയുളള ഇടപെടലുകള്‍ നടത്തുന്നതിനും ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററുകളുടെ സൗകര്യമൊരുക്കല്‍, ഡിസ്എബിലിറ്റി സെന്‍സസ് അപ്ഡേഷന്‍ തുടങ്ങിയവ ജില്ലയില്‍ പ്രാവര്‍ത്തികമാക്കുന്നതുമായി ബന്ധപ്പെട്ട യോഗം ഡിസംബര്‍ 21 നു ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരും.

പ്രീഡിഡിസി യോഗം 23 ന്

ജില്ലാ വികസനസമിതിയുടെ പ്രീഡിഡിസി യോഗം ഡിസംബര്‍ 23 ന് രാവിലെ 11 നു ഓണ്‍ലൈനായി ചേരും.

മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ഷോപ്പ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ) മാര്‍ക്കറ്റിംഗ് മേഖലയില്‍ സംരംഭം തുടങ്ങാന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്കായി മൂന്ന് ദിവസത്തെ മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍/ എക്സിക്യൂട്ടീവ് എന്നിവര്‍ക്ക് ഡിസംബര്‍ 28 മുതല്‍ 30 വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 2950 രൂപയും താമസം ഇല്ലാതെ 1200 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവര്‍ ഡിസംബര്‍ 26 നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 9567538749.

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് പത്താംക്ലാസ്യോഗ്യതയുളളവര്‍ക്ക് https://app.srccc.in/register എന്ന ലിങ്കില്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0471 2570471, വെബ്‌സൈറ്റ് : www.srccc.in.

ഭിന്നശേഷിക്കാര്‍ക്ക് ട്രൈസ്‌കൂട്ടര്‍ വിതരണം

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള ട്രൈ സ്‌കൂട്ടര്‍ വിതരണം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ അഡ്വ. മാത്യു ടി തോമസ് എം എല്‍ എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അരുന്ധതി അശോക്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ എബ്രഹാം, ബി ഡി ഒ ശിശുവികസന പദ്ധതി ഓഫീസര്‍ ഡോ. ആര്‍ പ്രീതകുമാരി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

യുവജന കമ്മീഷന്‍ യുവ കര്‍ഷക സംഗമം സംഘടിപ്പിക്കുന്നു

കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി ദ്വിദിനസംഗമം സംഘടിപ്പിക്കുന്നു. 2024 ജനുവരി 6,7 തീയതികളില്‍ ആലപ്പുഴ, കലവൂര്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണു സംഗമം. യുവ കര്‍ഷകര്‍ക്ക് ഒത്തുകൂടാനും നൂതന കൃഷിരീതികളെയും കൃഷിയിലെ നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച്കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിച്ചും കൃഷിയില്‍ താല്പര്യമുള്ള യുവതയ്ക്ക് ദിശാബോധവും നല്‍കുകയാണ് സംഗമത്തിന്റെ ഉദ്ദേശം. 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവ കര്‍ഷകര്‍ക്കും കൃഷിയില്‍ താല്പര്യമുള്ളവര്‍ക്കും സംഗമത്തില്‍ പങ്കെടുക്കാം.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബയോഡേറ്റയോടൊപ്പം [email protected] എന്ന മെയില്‍ ഐ.ഡിയിലോ കേരള സംസ്ഥാന യുവജനകമ്മീഷന്‍, വികാസ് ഭവന്‍,തിരുവനന്തപുരം, പിന്‍ 695033
എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ഡിസംബര്‍ 31 ന് മുന്‍പ് അപേക്ഷിക്കണം. ഫോണ്‍- 0471 2308630.

അന്തര്‍ദേശീയ സെമിനാര്‍ ഉദ്ഘാടനം

ഇലന്തൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 19 മുതല്‍ 22 വരെ നടത്തുന്ന അന്തര്‍ദേശീയ സെമിനാര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഫോക് ലോര്‍ വിഭാഗം മുന്‍ അധ്യക്ഷന്‍ ഡോ.ഇ കെ ഗോവിന്ദവര്‍മ്മ രാജ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. (ഡോ.) സുധാഭായ് ആര്‍. അധ്യക്ഷത വഹിച്ചു.
മൂലൂര്‍ സ്മാരകം പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ.സി. രാജഗോപാല്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, വൈസ് പ്രസിഡന്റ് അനില ചെറിയാന്‍, മൂലൂര്‍ സ്മാരകം സെക്രട്ടറി പ്രൊഫ.ഡി. പ്രസാദ്, ജനറല്‍ സെക്രട്ടറി വി വിനോദ്, മലയാള വിഭാഗം മേധാവിയും സെമിനാര്‍ കോ-ഓര്‍ഡിനേറ്ററുമായ രാജേഷ് കുമാര്‍, പ്രമുഖ ഒഡീസി,ഭരതനാട്യം നര്‍ത്തകിയും ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ്, തൃശ്ശൂര്‍, ഡയറക്ടറുമായ ഡോ. മാനസി പാണ്ഡ്യ രഘുനന്ദന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വിഷ്ണു സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസരണം വെടവെച്ചു കൊല്ലുന്നതിനായി ഗണ്‍ലൈസന്‍സുളള വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കും. ഗണ്‍ലൈസന്‍സിന്റെ കോപ്പി, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അപേക്ഷകള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്നു ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

സ്വയം തൊഴില്‍ വായ്പ

പത്തംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടിക വര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി ( വസ്തു / ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍ ആറുശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷാ ഫാറം ലഭിക്കും. പുരിപ്പിച്ച അപേക്ഷാ ഫാറം ആവശ്യമായ രേഖകള്‍ സഹിതം പത്തംതിട്ട ജില്ലാ ഓഫീസില്‍ നേരിട്ടോ, ജില്ലാ കോര്‍ഡിനേറ്റര്‍, വനിതാ വികസന കോര്‍പ്പറേഷന്‍, ജില്ലാ ഓഫീസ്, കണ്ണങ്കര , പത്തംതിട്ട 689645 എന്ന മേല്‍വിലാസത്തിലോ അയക്കാം. ഫോണ്‍ : 8281552350.

ചില്ലി വില്ലേജ് ; വിളവെടുപ്പ് ഉദ്ഘാടനം നടന്നു

മായമില്ലാത്ത മുളകുപൊടി ജില്ലയില്‍ ഉടനീളം എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയായ ചില്ലി വില്ലേജിന്റെ വിളവെടുപ്പ് ഉദ്ഘാടനം പന്തളം തെക്കേക്കര പഞ്ചായത്തിലെ സ്നേഹദീപം ജെ എല്‍ ജി യില്‍ മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക് നിര്‍വഹിച്ചു.

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു. വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ റോബിന്‍ പീറ്റര്‍ ഏറ്റു വാങ്ങി.

കാശ്മീരി മുളകിന്റേയും പിരിയന്‍ മുളകിന്റേയും ഹൈബ്രിഡ് ഇനങ്ങളായ സര്‍പ്പന്ത്, ആര്‍മര്‍ എന്നിവയാണ് കൃഷി ചെയ്തത്. കീടനാശിനിയുടെ ഉപയോഗം കുറയ്ക്കുന്നതിനായി അഗ്രോ ഇക്കോളജിക്കല്‍ പ്രിന്‍സിപ്പള്‍സ് പാരിസ്ഥിതിക എഞ്ചിനീയറിംഗ് തത്വം അനുസരിച്ച് ബന്തി പൂക്കള്‍, സൂര്യകാന്തി എന്നിവ നട്ടതു വഴി മിത്ര പ്രാണികളെയും ഇരപിടിയന്മാരെയും ആകര്‍ഷിച്ച് കീടനാശിനി പ്രയോഗം കുറച്ചാണ് കൃഷി ചെയ്തത്. വിളവെടുത്ത മുളക് ഉണക്കി മുളക്പൊടിയായി കുടുംബശ്രീയുടെ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കാനുള്ള പരിശ്രമത്തിലാണ്.

ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീന പ്രഭ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വിദ്യാധര പണിക്കര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍ കെ ശ്രീകുമാര്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രിയാ ജ്യോതികുമാര്‍, വാര്‍ഡു മെമ്പര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രാജി പ്രസാദ,് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില,ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ എ. ആശ ,സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ എ ബി ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു

ട്രാന്‍സ്ജന്‍ഡര്‍ ക്ഷേമവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പ് ആരംഭിക്കുന്ന ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ പ്രവര്ത്തനവുമായി ബന്ധപ്പെട്ടു കമ്മ്യൂണിറ്റി പിയര്‍ സപ്പോര്‍ട്ട് കൗണ്‍സിലര്‍മാരായി നിയോഗിക്കപ്പെടുന്നതിനു സേവന സന്നദ്ധരായ ട്രാന്‍സ് ജന്‍ഡര്‍ കമ്മ്യൂണിറ്റി അംഗങ്ങളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.ക്രൈസിസില്‍ അകപ്പെടുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ട്രാന്‍സ് ജന്‍ഡര്‍ വ്യക്തികള്‍ക്കു സെന്ററിന്റെ സേവനം ലഭ്യമാക്കുന്നതിനും ജില്ലകളില്‍ ആവശ്യമായ കൗണ്‍സിലിംഗ് നല്കുന്നതിനുമായാണു കൗണ്‍സിലര്‍മാരെ നിയോഗിക്കുന്നത്. യോഗ്യത : ബിരുദം, കൗണ്‍സിലിംഗില്‍ മുന്‍ പരിചയം. അപേക്ഷ 31നു മുന്‍പായി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0468 2325168