www.konnivartha.com
പ്രഭാതയോഗം ഇന്ന് രാവിലെ 9 ന് : ആറന്മുളയില്‍ പ്രത്യേക വാര്‍ത്താ സമ്മേളനം: ആറന്മുളയില്‍ ഇന്ന് രാവിലെ 10.30 -ന്
പത്തനംതിട്ട ജില്ലയിലെ നവകേരള സദസ്സിന്റെ രണ്ടാം ദിവസമായ ഇന്ന് ആദ്യ സദസ്സ് ആറന്മുള മണ്ഡലത്തില്‍. അരങ്ങേറും. രാവിലെ ഒന്‍പതിന് സമൂഹത്തിന്റെ വിവിധ മേഖലകളിലെ വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കുന്ന പ്രഭാതയോഗം പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും.
നവകേരള സൃഷ്ടിക്കായി ഇവര്‍ മുന്നോട്ടു വയ്ക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേട്ടശേഷം മുഖ്യമന്ത്രി മറുപടി നല്‍കും. വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിശിഷ്ട വ്യക്തികളുമായി അതതു മന്ത്രിമാരും ആശയവിനിമയം നടത്തും. ശേഷം 10:30 ന് പ്രത്യേകം തയ്യാറാക്കിയ മീഡിയാ റൂമില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ആറന്മുള മണ്ഡലത്തിന്റെ ബഹുജനസദസ്സ് രാവിലെ 11-ന് നടക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് റാന്നി മാര്‍ സേവിയസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ റാന്നി മണ്ഡലത്തിലെയും നാലിനു കോന്നി കെഎസ്ആര്‍ടി സി ബസ് സ്റ്റാന്‍ഡില്‍ കോന്നി മണ്ഡലത്തിലെയും വൈകിട്ട് ആറിന് അടൂര്‍ വൈദ്യന്‍സ് ഗ്രൗണ്ടില്‍ അടൂര്‍ മണ്ഡലത്തിലെയും സദസ്സ് നടക്കും. ജില്ലയിലെ പരിപാടി അവസാനിച്ച ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും രാത്രി കൊട്ടാരക്കരയിലേക്ക് പോകും.
കേന്ദ്രത്തിന്റെ കേരള വിരുദ്ധമനോഭാവം ശ്വാസം മുട്ടിക്കുന്നത് : മുഖ്യമന്ത്രി
കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ മുരടിപ്പിക്കും വിധം കേന്ദ്രം സ്വീകരിച്ചിട്ടുള്ള സാമ്പത്തിക നയവും കേരള വിരുദ്ധ മനോഭാവവും ശ്വാസം മുട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ആദ്യ നവകേരള സദസ്സായ തിരുവല്ല നിയോജക മണ്ഡലത്തിലെ സിറിയന്‍ ക്രിസ്ത്യന്‍ സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്‌നം സാധാരണമല്ല. കേരളത്തിന്റെ സ്ഥിതി അനുസരിച്ച് ഒരു സാമ്പത്തിക പ്രശ്‌നവും ഉണ്ടാകേണ്ടതല്ല. 2016 മായി താരതമ്യം ചെയ്യുമ്പോള്‍ 2021 ല്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ച എട്ടു ശതമാനം വര്‍ധിച്ചു. കേരളത്തിന്റെ തനത് വരുമാനം 41 ശതമാനം വര്‍ധിച്ചു. നാടിന്റെ ആകെ ആഭ്യന്തര ഉത്പാദനം 2016 ല്‍ 5,60,000 കോടി രൂപയായിരുന്നത് 10,17,000 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ആളോഹരി വരുമാനം 1,48,000 രൂപ ആയിരുന്നത് 2,28,000 രൂപയായി വര്‍ധിച്ചു. എന്നാല്‍ ഈ വരുമാനം കൊണ്ടു മാത്രം സംസ്ഥാനത്തിന് മുന്നോട്ടു പോകാന്‍ കഴിയില്ല. കേന്ദ്ര വിഹിതവും കടമെടുപ്പിലൂടെ ലഭിക്കുന്ന വരുമാനവും ആവശ്യമാണ്.
കേരളം കാര്യക്ഷമമായ സാമ്പത്തിക പ്രവര്‍ത്തനം നടത്തിയിയിട്ടും കേന്ദ്രം ഞെരുക്കുന്നു. നികുതി വിഹിതം, റവന്യൂ കമ്മി ഗ്രാന്റ് എന്നിവയില്‍ വലിയ കുറവ് വരുത്തി. കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികളില്‍ കേന്ദ്രത്തിന്റെ വിഹിതം കുടിശിക വരുത്തുന്നു. നിലവില്‍ 5632 കോടി രൂപ ഇങ്ങനെ കുടിശികയുണ്ട്. പണം കടമെടുക്കുകയെന്നത് ഒരു സംസ്ഥാനത്തിന്റെ ഭരണപരമായ അവകാശമാണ്. ഈ കാര്യത്തില്‍ ഭരണഘടനാവിരുദ്ധമായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്നു. ഈ നിലപാടിനെ പൂര്‍ണമായും പിന്തുണക്കുന്ന സമീപനമാണ് കോണ്‍ഗ്രസും സ്വീകരിക്കുന്നത്. കേന്ദ്രത്തിന് മുന്നില്‍ കേരളത്തിന്റെ ആകുലതകളും പ്രശ്‌നങ്ങളും അവതരിപ്പിക്കാനുള്ള നിവേദനത്തില്‍ ഒപ്പുവയ്ക്കണമെങ്കില്‍ സംസ്ഥാനം സാമ്പത്തിക നയത്തില്‍ കാണിച്ചത് വലിയ കെടുകാര്യസ്ഥതയാണെന്ന് സമ്മതിക്കണമെന്നുള്ള നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായപ്പോഴും അതിനെതിരേ ശബ്ദമുയര്‍ത്താന്‍ നമ്മള്‍ തെരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്കയച്ച പ്രതിനിധികള്‍ക്കായില്ല. ഇടതുപക്ഷത്തു നിന്നുള്ള എംപിമാര്‍ കുറഞ്ഞപ്പോള്‍ കേരളത്തിന്റെ തനതായ ശബ്ദവും ഇല്ലാതായി. ഇടതുപക്ഷ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും നടക്കരുത് എന്ന അജണ്ടയാണ് കോണ്‍ഗ്രസിനുള്ളത്.
സംസ്ഥാനം വികസന മുരടിപ്പ് നേരിടുന്ന സമയത്താണ് 2016 ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. നാടിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിലൂടെ നടത്തുന്നത്. 82000 കോടി രൂപയുടെ പദ്ധതികള്‍ ഇതിലൂടെ ഏറ്റെടുക്കാന്‍ കഴിഞ്ഞു. ദേശീയപാത, മലയോര ഹൈവേ, ജലപാത, ഉന്നതവിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം. തുടങ്ങി നിരവധി മേഖലയില്‍ നമുക്ക് മുന്നേറാനായി. ഈ വികസന മുന്നേറ്റങ്ങളെല്ലാം സമ്മതിച്ചുതരാത്ത നയമാണ് കേന്ദ്രവും പ്രതിപക്ഷവും സ്വീകരിക്കുന്നത്.
കാലാനുസൃതമായ പുരോഗതി നമുക്ക് ആവശ്യമുണ്ട്. അതിനുള്ള ആശയ രൂപീകരണമാണ് നവകേരള സദസ്സിലൂടെ ലക്ഷ്യംവയ്ക്കുന്നത്. രാഷ്ട്രീയഭേദമന്യേ ഏവരും ഇതിനെ സ്വീകരിക്കുമെന്നാണ് കരുതിയത്. നവകേരളദസ് ആര്‍ക്കും എതിരായുളള പരിപാടിയല്ല. പക്ഷേ പ്രതിപക്ഷം തെറ്റായ മനോഭാവത്തോടെ ബഹിഷ്‌കരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. വിവിധ രീതിയിലുള്ള അധിക്ഷേപങ്ങള്‍ സദസ്സിനെതിരെ ഉന്നയിച്ചു. കോണ്‍ഗ്രസിന്റെ പ്രതിഷേധം എന്തിനോടാണെന്നത് വ്യക്തമാകുന്നില്ല. കുറച്ച് കാലങ്ങളായി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന എല്ലാ പരിപാടികളെയും ബഹിഷ്‌കരിക്കുക എന്ന നയമാണ് പ്രതിപക്ഷം കൈക്കൊള്ളുന്നത്. പക്ഷേ ഈ വസ്തുതകളെല്ലാം ജനം മനസിലാക്കി കഴിഞ്ഞു. അന്തിമമായ വിധി ജനങ്ങളാണ് നല്‍കുന്നത്. നവകേരള സദസ്സ് വേദികളില്‍ ജനം ഒറ്റക്കെട്ടായി എത്തിച്ചേരുന്നതിലൂടെ നിങ്ങള്‍ ധൈര്യമായി മുന്നോട്ട് പൊയ്‌ക്കോളൂ, ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശമാണ് സര്‍ക്കാരിന് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവല്ല നിയോജകമണ്ഡലം സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. മാത്യു ടി തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍, കൃഷി മന്ത്രി പി പ്രസാദ് എന്നിവര്‍ സംസാരിച്ചു. നവകേരള സദസ്സിന്റെ ജില്ലാതല സംഘാടക സമിതി കണ്‍വീനര്‍ കൂടിയായ ജില്ലാ കളക്ടര്‍ എ ഷിബു, തിരുവല്ല നിയോജകമണ്ഡലം കണ്‍വീനറും സബ്-കളക്ടറുമായ സഫ്‌ന നസറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ജില്ലയിലെ ആദ്യ നവകേരള സദസ്സിന് ഗംഭീര തുടക്കം
തിരുവല്ലയെ പൂരപ്പറമ്പാക്കി ജനസാഗരം
സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ്സിന് പത്തനംതിട്ട ജില്ലയില്‍ ഗംഭീര തുടക്കം. തിരുവല്ല മണ്ഡലത്തില്‍ ഇന്നലെ വൈകുന്നേരം ആറിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിച്ചേര്‍ന്നത്. വേദിയായ എസ് സി എസ് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് മന്ത്രിസഭ എത്തുന്നതിന് മുന്‍പേ ജനസാഗരം ഒഴുകുകയായിരുന്നു. രാവിലെ മുതല്‍ വേദിയിലേക്ക് ജനങ്ങള്‍ എത്തിതുടങ്ങി. മൂന്നു മണിയോടെ വേദിയില്‍ കലാപരിപാടികള്‍ ആരംഭിച്ചു. വേദിയില്‍ കലാപരിപാടികള്‍ ആടിത്തിമിര്‍ക്കുമ്പോള്‍ തിരുവല്ല പൂരത്തിന്റെ പ്രതീതിയിലായി. തിരുവല്ലയുടെ ചരിത്രത്താളുകളില്‍ സദസ്സിന്റെ ജനസാഗരം എഴുതിച്ചേര്‍ക്കെപ്പെടുകയായിരുന്നു.
തിങ്ങിനിറഞ്ഞ സദസിലേക്ക് ആദ്യമെത്തിയത് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലും കൃഷിമന്ത്രി പി പ്രസാദും ആയിരുന്നു.
ശേഷം വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടിയും വേദിയിലെത്തി. തുടര്‍ന്ന് വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മറ്റ് മന്ത്രിമാരും എത്തിയതോടെ ജനാരവത്തില്‍ വേദി ഹര്‍ഷപുളകിതമായി. കഥകളി രൂപങ്ങളുടേയും ആര്‍പ്പുവിളികളുടേയും മുദ്രാവാക്യങ്ങളുടേയും അകമ്പടിയോടെയാണ് തിരുവല്ല മുഖ്യമന്ത്രിക്ക് സ്വാഗതം അരുളിയത്. ചടങ്ങില്‍ രാജീവ്ഗാന്ധി ദശലക്ഷം കോളനി പട്ടയം ആനിക്കാട് പനപ്ലാവില്‍ രാധാമണിയമ്മയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കി. ആര്‍ട്ടിസ്റ്റുമാരായ ഹരിദാസ് കവിയൂര്‍, അഖില്‍ കുറ്റൂര്‍ എന്നിവര്‍ വരച്ച ചിത്രം മുഖ്യമന്ത്രിക്ക് ഉപഹാരമായി നല്‍കി.
നവകേരള സദസിനെത്തിയ ജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും വകുപ്പുകളുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. സഹായങ്ങള്‍ക്കായി സന്നദ്ധ സേവകരും വൈദ്യസഹായത്തിനായി മെഡിക്കല്‍ ടീമും അക്ഷീണം പ്രവര്‍ത്തിച്ചു. ശുചീകരണത്തിനായി ഹരിതകര്‍മ്മ സേനാംഗങ്ങളും പരിപാടിയിലുടനീളം പങ്കെടുത്തു. പൊലീസ്, ഫയര്‍ഫോഴ്‌സ് സേനകള്‍ സുരക്ഷയ്ക്കായി സംവിധാനങ്ങള്‍ ഒരുക്കി. ജനങ്ങളില്‍ നിന്നുള്ള നിവേദനങ്ങള്‍ സ്വീകരിക്കാനായി 20 കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഭിന്നശേഷിക്കാര്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍, പൊതുവായവ എന്നിങ്ങനെ പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. മുഴുവന്‍ നിവേദനങ്ങള്‍ സ്വീകരിച്ചുകഴിയുന്നതുവരെയും കൗണ്ടര്‍ പ്രവര്‍ത്തിച്ചു.
നവകേരളസദസ്സ്: കലാപരിപാടികള്‍ക്ക്
കൊഴുപ്പേകി ജില്ലാ കളക്ടറുടെ പാട്ട്
സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും വേണ്ടി
മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസിന്റെ ജില്ലയിലെ ആദ്യവേദിയായ തിരുവല്ലയിലെ സദസ്സിന് കലാപരിപാടികളോടെ ഗംഭീര തുടക്കം. ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ പാട്ട് കൂടിയായപ്പോള്‍ സദസ് ആവേശത്തിമിര്‍പ്പിലായി. പുതുവെള്ളൈമഴൈ എന്ന പാട്ട് കൈയടിയോടെ സദസ്സ് കേട്ടു.
സദസ്സിലേക്ക് ഒഴുകിയെത്തിയ ജനസാഗരം അക്ഷരാര്‍ഥത്തില്‍ തിരുവല്ലയെ പൂരത്തിന്റെ പ്രതീതിയിലാക്കി. വൈകുന്നേരം ആറിന് ആരംഭിച്ച സദസ്സിന് മുന്‍പ് അരങ്ങേറിയ കലാപരിപാടികള്‍ സദസിനെത്തിയ പൊതുജനങ്ങള്‍ക്ക് ഉത്സവലഹരിയാണ് സമ്മാനിച്ചത്. മൂന്നു മുതല്‍ ആരംഭിച്ച കലാവിരുന്നില്‍ ഭരതനാട്യം, സിനിമാഗാനം, സംഘനൃത്തം, പാട്ട്, വയലിന്‍-ഫ്യൂഷന്‍, കോല്‍ക്കളി, നാടന്‍പാട്ട്, ഭരതനാട്യം, സംഘനൃത്തം എന്നിവയാണ് അരങ്ങേറിയത്. ഫോക്ലോര്‍ അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍ സി ജെ കുട്ടപ്പന്റെ നാടന്‍പാട്ടും അവിസ്മരണീയമായി. തിരുവല്ല സ്വദേശികളായ പയസ്, നവീന്‍ എന്നിവരാണ് വയലിന്‍ ഫ്യൂഷന്‍ അവതരിപ്പിച്ചത്. കലാഭവന്‍ മണിയുടെ പാട്ടുകള്‍ക്കൊപ്പം മര്‍ത്തോമകോളേജിലെ വിദ്യാര്‍ത്ഥികള്‍ ചുവട് വച്ചപ്പോള്‍ വേദി ഇളകി മറിയുകയായിരുന്നു. ഓരോ കലാപരിപാടിയും കരഘോഷത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. ജില്ലാ കളക്ടറിന്റെ മധുരക്കിനാവിന്‍ ലഹരിയിലേതോ എന്ന പാട്ടോടെയാണ് സദസ് അവസാനിച്ചത്.
നവകേരള സദസ്സ്: തിരുവല്ല മണ്ഡലത്തില്‍
ലഭിച്ചത് 4840 നിവേദനങ്ങള്‍
സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ്സില്‍ തിരുവല്ല മണ്ഡലത്തില്‍ നിന്ന് ലഭിച്ചത് 4840 നിവേദനങ്ങള്‍. 20 കൗണ്ടറുകളാണ് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ വേദിക്ക് സമീപം ഒരുക്കിയത്. ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് രണ്ട് കൗണ്ടറുകള്‍ വീതമാണ് ഒരുക്കിയത്. നിവേദനം സ്വീകരിക്കുന്നതിനായി പ്രത്യേകം പരിശീലനം നല്‍കിയാണ് ഉദ്യോഗസ്ഥരെ നിയമിച്ചത്. തിരുവല്ല എസ് സി എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉച്ചകഴിഞ്ഞ് 2.30 മുതല്‍ കൗണ്ടറുകളും ഹെല്‍പ് ഡെസ്‌ക്കുകളും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ലഭിച്ച നിവേദനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കും.
നവകേരളം എന്നാല്‍ ദരിദ്രരില്ലാത്ത കേരളം: മന്ത്രി പി പ്രസാദ്
നവകേരളം എന്നാല്‍ ദരിദ്രരില്ലാത്ത കേരളം ആണെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തിയ തിരുവല്ല എസ് സി എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന തിരുവല്ല മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവകേരള സദസ്സ് ആള്‍ക്കൂട്ടം കൊണ്ട് ആവേശഭരിതമാവുകയാണ്. ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം പറഞ്ഞപ്പോള്‍ സ്വീകരിക്കുമെന്ന മറുപടിയാണ് നവകേരള സദസ്സിലൂടെ ജനങ്ങള്‍ നല്‍കുന്നത്. അതിദരിദ്രരില്ലാത്ത, ഭവന രഹിതരില്ലാത്ത, ഭൂരഹിതരില്ലാത്ത, തൊഴില്‍ രഹിതരില്ലാത്ത കേരളത്തെയാണു നവകേരളത്തിലൂടെ പടുത്തുയര്‍ത്തുക. ഏഴര വര്‍ഷക്കാലത്തെ ഭരണത്തില്‍ സര്‍ക്കാര്‍ ഇതുവരെ 3,56,108 വീടുകള്‍ ലൈഫ് മിഷനിലൂടെ നല്‍കിക്കഴിഞ്ഞു. മൂന്നു ലക്ഷത്തിലധികം പട്ടയങ്ങള്‍ ഇതുവരെ വിതരണം ചെയ്തു.
കേന്ദ്രം പട്ടിണി മറച്ചു പിടിക്കുമ്പോള്‍ കേരളം പട്ടിണി മാറ്റാനാണ് ശ്രമിച്ചത്. അതിന്റെ ഭാഗമായി അടുത്ത വര്‍ഷം നവംബര്‍ ഒന്നിന് കേരളം അതിദരിദ്രരില്ലാത്ത നാടായി മാറും. സാധാരണക്കാരനു വേണ്ടത് അവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന സര്‍ക്കാരിനെയാണ്. ഈ കാഴ്ച്ചപ്പാടോടെയാണു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരെ സഹായിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും സര്‍ക്കാര്‍ സംഭരിക്കുക തന്നെ ചെയ്യും. വര്‍ഗീയതയെ തച്ചുതകര്‍ക്കുന്ന ഭരണമാണു കേരളത്തിലേത്. സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ തീര്‍ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ശുദ്ധജല വിതരണത്തിനായി
ജില്ലയില്‍ 2947 കോടി രൂപ അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍
ശുദ്ധജല വിതരണത്തിനായി ജില്ലയില്‍ 2947 കോടി രൂപ അനുവദിക്കപ്പെട്ടതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
വികസന ക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തിയ തിരുവല്ല എസ് സി എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന തിരുവല്ല മണ്ഡലം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കുടുംബങ്ങള്‍ക്കും പൈപ്പില്‍ ശുദ്ധജലം എത്തിക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിനായി ജലജീവന്‍ മിഷന്‍ പദ്ധതി വളരെ ഗൗരവത്തോടെയാണു നടപ്പിലാക്കാന്‍ തീരുമാനിച്ചത്. 60 വര്‍ഷം കൊണ്ട് 17 ലക്ഷം കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭിച്ചിടത്തു നിന്ന് കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് 36 ലക്ഷം ആയി ഉയര്‍ത്താന്‍ സാധിച്ചു. ഇനി വരാന്‍ പോകുന്ന രണ്ട് വര്‍ഷം കൊണ്ട് അത് വീണ്ടും ഉയര്‍ത്തും. തിരുവല്ല മണ്ഡലത്തില്‍ ജലജീവന്‍ മിഷനുവേണ്ടി 304 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 154 കോടി കിഫ്ബിയിലൂടെയും 48 കോടി അമൃത് സ്‌കീമിലൂടെയും 140 കോടി നബാര്‍ഡ് സ്‌കീമിലൂടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ ജലസേചനം, കുടിവെള്ളം, ജലവിതരണം എന്നിവയില്‍ ജില്ലയില്‍ നടക്കുന്നു. ഇതിന്റെ ഭാഗമായി ജലസേചന പദ്ധതികളും നദി സംരക്ഷണ പരിപാടികളും നടന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യരംഗത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ സാധ്യമാക്കി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. കോവിഡ് വ്യാപിച്ച സമയത്ത് ആരോഗ്യരംഗത്തെ നെറ്റ് വര്‍ക്ക് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനായി. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് പറഞ്ഞ് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഭക്ഷ്യകിറ്റ് നല്‍കി.
ആരോഗ്യ രംഗത്തും സുരക്ഷാ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഈ സര്‍ക്കാരിനായി.
വ്യവസായ സംരംഭ സംസ്‌കാരത്തിലൂടെ വ്യവസായരംഗത്തും മാറ്റം സൃഷ്ടിക്കാനായി. കേന്ദ്രത്തില്‍ നിന്ന് ഏറ്റെടുത്ത പൊതു മേഖല സ്ഥാപനത്തെ ലാഭത്തിലാക്കി. വ്യവസായ സംരഭകത്വ മിഷന്‍ സ്ഥാപിച്ചു. ഒരു ലക്ഷം സംരംഭങ്ങള്‍ ലക്ഷ്യം വച്ചയിടത്ത് ഒന്നേ മുക്കാല്‍ ലക്ഷം സംരംഭം ആരംഭിച്ചു. പതിനൊന്നായിരം കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. നാല് ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉണ്ടായതിലൂടെ കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി. നാടിന്റെ പുരോഗതി ലക്ഷ്യം വച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും സര്‍ക്കാരണെന്ന ബോധ്യം ഈ സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ പുരോഗതിയിലെ ഏറ്റവും കാതലായ മാറ്റം പൊതു വിദ്യഭ്യാസ രംഗത്ത് ഉണ്ടായ മാറ്റമാണ്. വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള നിലപാടുകള്‍ ആണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. സ്‌കൂളുകളിലെ അടിസ്ഥാന സാഹചര്യങ്ങള്‍ വികസിപ്പിച്ചു അക്കാദമിക് നിലവാരം മെച്ചപ്പെടുത്തി. ക്ലാസ് മുറികളില്‍ ഡിജിറ്റല്‍ സൗകര്യം, കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസര സ്വാതന്ത്ര്യത്തെ പ്രയോജനപ്പെടുത്താനുള്ള സാഹചര്യം ഒരുക്കി.
ഉന്നത വിദ്യഭ്യാസ പുരോഗതിക്കും ഊന്നല്‍ നല്‍കി. സര്‍വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റി. അതിനായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് ഊന്നല്‍ നല്‍കി. ഓരോ പ്രദേശത്തെയും സാധ്യതകള്‍ മനസിലാക്കി ടൂറിസം രംഗത്തും മാറ്റമുണ്ടായി.
ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റങ്ങള്‍ നേട്ടങ്ങളായി. സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ നേട്ടം ഈ രാജ്യത്തിനു നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചു.
നവകേരള സദസ്സ് കേരളത്തിന് പുത്തന്‍ ഉണര്‍വാണ്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുന്ന സര്‍ക്കാര്‍ ആദ്യമായാണ്.
കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് ആരംഭിച്ച് തിരുവല്ലയില്‍ എത്തി നില്‍ക്കുമ്പോള്‍ ജനങ്ങള്‍ ആവേശത്തോടെയാണ് നവകേരള സദസിനെ സ്വീകരിച്ചിരിക്കുന്നത്.
നാടിന്റെ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടു ഫയല്‍ തീര്‍പ്പാക്കലിലൂടെയും താലൂക്ക് തല അദാലത്തുകളിലൂടെയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി. റീജണല്‍ റിവ്യൂ മീറ്റിങ്ങുകളും നടത്തി. തുടര്‍ന്ന് നവകേരള സദസ് എന്ന ആശയം വരുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എല്ലാ നിയമസഭ മണ്ഡലങ്ങളിലൂടെയും കടന്ന് പോകുന്ന സദസിലെ ജനങ്ങളുമായി സംവദിക്കാനും നിവേദനങ്ങള്‍ ഉള്‍കൊള്ളുവാനും കഴിയുന്ന ഒരു സംവിധാനം ഒരുക്കുന്നത് ജനാധിപത്യത്തിലെ ഒരു തുറന്ന സമീപനമായാണ് ജനങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനത്തിനായി കേരളം തയാറെടുക്കുന്നു: മന്ത്രി കെ എന്‍ ബാലഗോപാല്‍
അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനത്തിനായി കേരളം തയാറെടുക്കുകയാണെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
തിരുവല്ല നിയോജകമണ്ഡലത്തിലെ എസ് സി എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ജില്ലയിലെ ആദ്യ നവകേരളസദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത നവംബറോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന വലിയ ലക്ഷ്യത്തിലേക്ക് എത്തിച്ചേരും. കൃത്യമായ പദ്ധതികളിലൂടെ വലിയ രീതിയിലുള്ള ശ്രമങ്ങളാണ് അതിനായി നടത്തിവരുന്നത്.
കേരളത്തിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് അവര്‍ക്ക് മികച്ച ജീവിതം ഉറപ്പാക്കുകയാണ് സംസ്ഥാനസര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്ക് എത്താന്‍ സ്റ്റാര്‍ട്ട്അപ്പ് മിഷനിലൂടെ സര്‍ക്കാര്‍ വലിയ പരിശ്രമം നടത്തുന്നു. കുട്ടികളുടെ ആശയങ്ങള്‍ ഉത്പ്പന്നങ്ങളാക്കി മാറ്റി ആധുനികലോകമാക്കി നാടിനെ ഉയര്‍ത്തും. ഐടി മേഖലയിലെ ചെറുപ്പക്കാര്‍ക്കും, ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥര്‍ക്കുമെല്ലാം സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ സഹായത്തോടെ ജോലി സാധ്യതകള്‍ ഉറപ്പാക്കുമെന്നും ലോകോത്തരസ്ഥാപനങ്ങള്‍ ആരംഭിച്ച് ജോലിസാധ്യതകള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവല്ല ബൈപാസും, മലയോരഹൈവേയും വലിയ മാറ്റമാണ് പത്തനംതിട്ടയില്‍ സൃഷ്ടിച്ചത്. യാത്രാസൗകര്യങ്ങളുടെ വികസനം നാടിന്റെ മുഖച്ഛായ മാറ്റുകയും വാണിജ്യസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള ആറ് വരി പാതയും , ശബരിമല എയര്‍പോര്‍ട്ടും ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കും. യാത്രാസൗകര്യങ്ങളുടെ മെച്ചപ്പെടുത്തല്‍ മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ എത്താനുള്ള സൗകര്യമാണ് വിഴിഞ്ഞം തീരത്ത് ഒരുക്കിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം ആരംഭിച്ചതും ആദ്യ കപ്പല്‍ തീരമണഞ്ഞതും പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ്.
ഈ സര്‍ക്കാരിന് ജനങ്ങളിലും ജനങ്ങള്‍ക്ക് സര്‍ക്കാരിലുമുള്ള വിശ്വാസമാണ് നവകേരളസദസ്സ് എന്ന ആശയത്തിലേക്ക് എത്താനുള്ള ആത്മവിശ്വാസമായത്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ അടിത്തറയായ പൊതുജനങ്ങള്‍ക്ക് മുന്നിലേക്ക് വരാനും അഭിസംബോധന ചെയ്യാനും ഈ സര്‍ക്കാരിന് മടിയില്ല. കേരളം ഇന്ന് ചെയ്യുന്നത് നാളെ ലോകം ചിന്തിക്കുമെന്ന ചൊല്ല് അക്ഷരാര്‍ഥത്തില്‍ ശരിയാകുകയാണ്. മറ്റൊരു നാടിനും മന്ത്രിസഭ ജനങ്ങളിലേക്കെത്തിയ ചരിത്രമില്ല.
എല്ലാ നേട്ടങ്ങളുമുണ്ടായത് ജനാധിപത്യത്തോടെയാണ്. ആ ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തിയെ ഒറ്റക്കെട്ടായി നേരിടാന്‍ സാധിക്കണമെന്നും ആളുകളെ സംരക്ഷിക്കുകയാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.