konnivartha.com: ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍ എ ഷിബു.
നിലയ്ക്കലില്‍ നിലവില്‍ 1500 വാഹനങ്ങള്‍ക്കാണ് ഒരേ സമയം പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത് വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കി. കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ സര്‍വീസ് നടത്തണം. വിര്‍ച്വല്‍ ക്യു ബുക്കിംഗ് 70,000 ആളുകളിലേക്ക് പരിമിതപ്പെടുത്തണമെന്നും സ്പോട്ട് ബുക്കിംഗ് 10,000 പേരിലേക്കും ചുരുക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ദര്‍ശനത്തിനെത്തുന്ന കുട്ടികള്‍ക്ക് ടാഗ് സംവിധാനം ഏര്‍പ്പെടുത്തണം. ശൗചാലയങ്ങള്‍, വസ്ത്രം മാറാന്‍ കൂടുതല്‍ സൗകര്യം, ശാസ്ത്രീയമായ മാലിന്യനിര്‍മാര്‍ജ്ജനം തുടങ്ങി എല്ലാ കാര്യങ്ങളിലും കൃത്യമായ ഇടപെടല്‍ നടത്താനും ഉദ്യോഗസ്ഥര്‍ക്കു കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.അഡിഷണല്‍ ജില്ലാ പൊലീസ് മേധാവി ആര്‍ പ്രദീപ് കുമാര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു