Trending Now

ഡൈനമിക് ക്യൂ’ റെഡി: ഇനി മലകയറാം തളര്‍ച്ചയില്ലാതെ അപകടമില്ലാതെ

 

സന്നിധാനത്തേക്ക് തുടര്‍ച്ചയായി ഒഴുകിയെത്തുന്ന ഭക്തരുടെ തിരക്കൊഴിവാക്കി അയ്യനെ കാണാനുള്ള യാത്ര സുഗമവും അപകട രഹിതവുമാക്കാന്‍ ഡൈനമിക് ക്യൂ സിസ്റ്റം പൂര്‍ണ്ണ സജ്ജം. ആറ് ക്യു കോംപ്ലക്സു കളിലയി ഒരുക്കിയ ഡൈനമിക് ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

ദീര്‍ഘ നേരം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നതിനാലുള്ള പ്രശ്നങ്ങള്‍ ഒരു പരിധിവരെ ഡൈനമിക് ക്യൂ വഴി പരിഹരിക്കപ്പെടുമെന്ന് പി.എസ് പ്രശാന്ത് പറഞ്ഞു. ഒരു കോംപ്ലക്സില്‍ മൂന്ന് മുറികളിലായി കുടിവെള്ളം, സ്നാക്സ്, വിശ്രമ സൗകര്യം, ശൗചാലയം എന്നിവയാണ് ഒരുക്കിയിട്ടുള്ളതെന്നും തളര്‍ച്ചയില്ലാത്തതും അപകടരഹിതമായ യാത്രയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ സന്നിധാനം സ്പെഷല്‍ പോലീസ് ഒഫീസര്‍ കെ ഇ ബൈജു മുഖ്യാതിഥിയായി. എല്ലാ പ്രതികൂല സാഹചര്യങ്ങളിലും ഡൈനമിക് ക്യൂ കോംപ്ലക്സ് പരിരക്ഷയായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അനുവദനീയമായ ദര്‍ശന സമയമുള്‍പ്പെടെയുള്ള ഡിസ്‌പ്ലെ ഓരോ കോംപ്ലക്സിലും ഒരുക്കിയിട്ടുണ്ട്. 4 ബി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലാണ് ഇവയുടെ നിയന്ത്രണം. തിക്കിലും തിരക്കിലും പെട്ട് ഉണ്ടാകുന്ന വലിയ പ്രശ്നങ്ങള്‍ക്കാണ് ക്യൂ കോംപ്ലക്സിലൂടെ പരിഹാരമാകുന്നത്. മരക്കൂട്ടത്തു നിന്നും ശരംകുത്തി വഴി പരമ്പരാഗത വഴി പോകുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനകരമാണെന്നും തിരുപ്പതി മോഡലില്‍ വന്‍ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നു.

error: Content is protected !!