Trending Now

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 05/12/2023 )

ശബരിമലയിലെ ചടങ്ങുകൾ (6.12.2023 )
…………..
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

മേളക്കൊഴുപ്പിൽ അയ്യപ്പ ഭക്തർ

അയ്യനെ കാണാൻ ഊഴവും കാത്തുനിൽക്കുന്ന അയ്യപ്പ ഭക്തർക്കിടയിലേക്ക് ആവേശത്തിമിർപ്പിൽ അവർ കൊട്ടിക്കേറി. തിരുവനന്തപുരം മൈലച്ചൽ ഗുരുക്ഷേത്ര ചെണ്ട മേള സംഘമാണ് വലിയ നട പന്തലിലും പതിനെട്ടാം പടിക്കരികിലുംശിങ്കാരിമേളം അവതരിപ്പിച്ചത്.

അയ്യപ്പൻറെ മുൻപിൽ തങ്ങളുടെ കഴിവ് സമർപ്പിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സംഘമെന്ന് മേളത്തിന് നേതൃത്വം നൽകിയ നന്ദു കൃഷ്ണ പറഞ്ഞു.14 പേരടങ്ങുന്ന സംഘം മേളത്തിന് ശേഷം ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടി  അയ്യപ്പ ദര്‍ശനം നടത്തിയാണ് മടങ്ങിയത്.

ശബരിമയിലെ തപാല്‍ ഇന്നും സജീവം; വിറ്റഴിച്ചത് 2000 പോസ്റ്റ് കാര്‍ഡുകള്‍

വര്‍ഷത്തില്‍ മൂന്നു മാസം മാത്രം സജീവമാകുന്ന തപാല്‍ ഓഫീസും പിന്‍കോഡും. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുത്തിയ തപാല്‍മുദ്ര പതിച്ച അവിടുത്തെ പോസ്റ്റുകാര്‍ഡുകള്‍. അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ സന്നിധാനം തപാല്‍ ഓഫീസിനുള്ള സ്വീകാര്യത ഒട്ടും കുറയുന്നില്ല.

വീടുകളിലേക്കും പ്രിയപ്പെട്ടവര്‍ക്കും ഈ തപാല്‍മുദ്ര പതിച്ച കത്തയക്കാനായി ഇന്നും ഭക്തരെത്തുന്ന ഇടം. മണ്ഡല മകര വിളക്ക് കാലത്ത് മാത്രമാണ് ഓഫീസിന്റെ പ്രവര്‍ത്തനം. ശ്രീ ശബരിമല അയ്യപ്പന്‍, 689713 എന്നതാണ് പിന്‍കോഡ്. രാജ്യത്ത് സ്വന്തമായി പിന്‍ കോഡ് ഉള്ളത് ഇന്ത്യന്‍ പ്രസിഡന്റിനും ശ്രീ ശബരിമല അയ്യപ്പനും മാത്രമാണ്.ഉത്സവകാലം കഴിയുന്നതോടെ പിന്‍കോഡ് നിര്‍ജീവമാകും. തപാല്‍വകുപ്പ് ഇത്തരം വേറിട്ട തപാല്‍മുദ്രകള്‍ മറ്റൊരിടത്തും ഉപയോഗിക്കുന്നില്ല. ഈ മണ്ഡലകാലത്ത് ഇതു വരെ 2000 പേസ്റ്റുകാര്‍ഡുകളാണ് ഇവിടെ നിന്നും വിറ്റഴിച്ചത്.

ഭക്തരുടെ സാമ്പത്തിക ഇടപാടുകള്‍ക്കായി ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് സംവിധാനം, മണി ഓര്‍ഡര്‍ സംവിധാനം, തീര്‍ത്ഥാടകര്‍ക്കായി പാഴ്‌സല്‍ സര്‍വീസ്,അരവണ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ബുക്കിങ്ങ്, മൊബൈല്‍ റീചാര്‍ജ് തുടങ്ങിയ സേവനങ്ങളും തപാല്‍ഓഫീസില്‍ ലഭ്യമാണ്. പോസ്റ്റ്മാസ്റ്റര്‍ക്ക് പുറമെ ഒരു പോസ്റ്റുമാനും രണ്ട് മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫുമാണ് സന്നിധാനം തപാല്‍ ഓഫീസിലുള്ളത്

error: Content is protected !!