പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍/ അറിയിപ്പുകള്‍ ( 04/12/2023)

 

ഗതാഗതനിയന്ത്രണം

ചിറ്റാര്‍- പുലയന്‍പാറ റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍  ( ഡിസംബര്‍  5 ) ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. വയ്യാറ്റുപുഴക്കു യാത്ര ചെയ്യുന്നവര്‍ ചിറ്റാര്‍ മാര്‍ക്കറ്റ് റോഡിലൂടെ ഈട്ടിച്ചുവട് വഴി പോകണമെന്ന് റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗതനിയന്ത്രണം

കടയാര്‍- പുത്തന്‍ ശബരിമല പുത്തേഴം റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കടയാര്‍ ജംഗ്ഷന്‍ മുതല്‍ പുത്തേഴം വരെയുള്ള റോഡിലെ ഗതാഗതം ഡിസംബര്‍ ആറുവരെ താത്കാലികമായി നിരോധിച്ചതായി റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗതനിയന്ത്രണം

ഐത്തല -അറുവച്ചംകുഴി റോഡില്‍ ഇടകടത്തി ഭാഗത്തു സംരക്ഷണഭിത്തിയുടെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കുറുമ്പന്‍മൂഴി മുതല്‍ അരയാഞ്ഞിലിമണ്‍ വരെയുളള ഭാഗത്തെ ഗതാഗതം ഇന്നു മുതല്‍ (5) താത്കാലികമായി നിരോധിച്ചതായി റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അഭിമുഖം എട്ടിന്

അടൂര്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചറില്‍ നിലവിലുള്ള ഒരു ഒഴിവിലേക്കു ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിനു ഡിസംബര്‍ എട്ടിനു രാവിലെ 10.30 ന് അഭിമുഖം നടത്തും. താത്പര്യമുളളവര്‍ പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം രാവിലെ 10.30 ന് അടൂര്‍ പോളിടെക്നിക് കോളജില്‍ ഹാജരാകണം. ആര്‍ക്കിടെക്ച്വറില്‍ ഒന്നാം ക്ലാസ് ബിരുദമാണ് കുറഞ്ഞ യോഗ്യത. ആര്‍ക്കിടെക്ച്വറില്‍ പി.ജി, അധ്യാപനപരിചയം ഉളളവര്‍ക്ക് വെയിറ്റേജ് ലഭിക്കും. എഐസിറ്റിഇ പ്രകാരമുളള യോഗ്യതകള്‍ ഉണ്ടായിരിക്കണം. ഫോണ്‍ : 04734 231776.

 

നവകേരളസദസ്സ്: ആറന്മുള മണ്ഡലത്തിലെ പഞ്ചായത്തുകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആറ്, ഏഴ് തീയതികളില്‍

നവകേരളസദസ്സുമായി ബന്ധപ്പെട്ട് ആറന്മുള മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ സബ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.

ഇരവിപേരൂര്‍, മെഴുവേലി, കോയിപ്രം, ആറന്മുള, തോട്ടപ്പുഴശേരി, കോഴഞ്ചേരി, മല്ലപ്പുഴശേരി പഞ്ചായത്തുകളില്‍ ആറിനും നാരങ്ങാനം, ഇലന്തൂര്‍, ചെന്നീര്‍ക്കര, ഓമല്ലൂര്‍, കുളനട എന്നിവിടങ്ങളില്‍ ഏഴിനും യോഗം നടക്കും.

മണ്ഡലത്തില്‍ വാര്‍ഡുതല യോഗങ്ങളും വീട്ടുമുറ്റസദസ്സും സിഡിഎസ്, എഡിഎസ് യോഗങ്ങളും പൂര്‍ത്തിയായി വരികയാണെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

യോഗത്തില്‍ പത്തനംതിട്ട നഗരസഭയും മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളും സദസ്സിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്തു. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ ഡിസംബര്‍ 16, 17 തീയതികളിലായാണു സദസ്സ് സംഘടിപ്പിക്കുന്നത്. ആറന്മുള മണ്ഡലത്തില്‍ 17 ന് രാവിലെ 11-നാണു സദസ്.
പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍, എഡിഎം ബി രാധാകൃഷ്ണന്‍, മുന്‍ എംഎല്‍എ കെ. സി രാജഗോപാല്‍, തദ്ദേശസ്വയംഭരണസ്ഥാപനപ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഭിന്നശേഷിക്കാരുടെ നൈപുണ്യവികസനത്തിനായി വിപുലമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ഭിന്നശേഷിക്കാരുടെ നൈപുണ്യവികസനത്തിനായി വിപുലമായ പദ്ധതികള്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ലോകഭിന്നശേഷിദിനാഘോഷസമാപനസമ്മേളനം ഓമല്ലൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിക്കാരെ അംഗീകരിക്കാനും പരിഗണിക്കാനും പരിരക്ഷിക്കാനുമായി വിവിധ പദ്ധതികളാണ് കേരളസര്‍ക്കാര്‍ നടപ്പാക്കുന്നത്. അവര്‍ വലിയ പ്രതിഭകളാണ്. അവരെ ചേര്‍ത്ത് പിടിക്കുന്ന കുടുംബാംഗങ്ങളോടും അധ്യാപകരോടും ഏറെ ബഹുമാനമാണെന്നും അവരുടെ മാനസികവും ശാരീരികവുമായ ശേഷി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിച്ചു മിടുക്കരായി ഏറെ മുന്നോട്ട് വരണമെന്നും അതിന് വേണ്ടി ശ്രമിക്കണമെന്നും ജില്ലാകളക്ടര്‍ എ ഷിബു പറഞ്ഞു. പരിശ്രമിച്ചാല്‍ എന്തും നടക്കും. ഭിന്നശേഷിക്കാരായ പല വ്യക്തിത്വങ്ങളും ലോകപ്രശസ്തരായിട്ടുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെ ഏറ്റവും പ്രധാനപദ്ധതിയാണ് ഭിന്നശേഷിസൗഹൃദസംസ്ഥാനം. സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് ജില്ലയില്‍ നടക്കുന്നെതന്നും കളക്ടര്‍ പറഞ്ഞു.

2022 ലെ ഉജ്വലബാല പുരസ്‌കാരജേതാവ് ജെസ്വിന്‍ ചാക്കോ, സംസ്ഥാനതല അത്ലറ്റിക് മീറ്റില്‍ ഒന്നാം സ്ഥാനം നേടിയ ശിവശങ്കരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളിലായി നടന്ന കായിക- കലാമേളയില്‍ ജില്ലയിലെ അന്‍പതോളം സ്ഥാപനങ്ങളില്‍ നിന്നായി എണ്ണൂറോളം കലാ-കായിക പ്രതിഭകള്‍ പങ്കെടുത്തു. മേളയില്‍ പങ്കെടുത്ത സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള സമ്മാനങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാകളക്ടറും ചേര്‍ന്നു വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്എസ്‌കെ കോര്‍ഡിനേറ്റര്‍ ഷിഹാബുദ്ദീന്‍, വനിതാ-ശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ബാരി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി. മോഹനന്‍, സീനിയര്‍ സൂപ്രണ്ട് ഷംലബീഗം തുടങ്ങിയവര്‍ പങ്കെടുത്തു

മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കേന്ദ്രസര്‍ക്കാരിന്റെ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഡിസംബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം , ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്കു ഡിഗ്രി/പ്ലസ്-ടു/എസ് എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.

ക്ലറിക്കല്‍ അസിസ്റ്റന്റ് നിയമനം

ജില്ലാ പട്ടികജാതി വികസനഓഫീസിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസനഓഫീസുകളിലും ക്ലറിക്കല്‍ അസിസ്റ്റന്റു നിയമനത്തിന് അര്‍ഹരായ പട്ടികജാതി യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത : ബിരുദം, ആറുമാസത്തില്‍ കുറയാത്ത പിഎസ്‌സി അംഗീകൃത കംപ്യൂട്ടര്‍ കോഴ്സ്. പ്രായപരിധി : 21-35 വയസ്. പ്രതിമാസഹോണറേറിയം – 10,000രൂപ. നിയമനകാലയളവ് – ഒരു വര്‍ഷം.
നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാധുവായ എംപ്ലോയ്മെന്റ് കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസനഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസനഓഫീസ് എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി ഡിസംബര്‍ 23 വൈകുന്നേരം അഞ്ചുവരെ. ഫോണ്‍ – 0468 2322712.

പഠനമുറി ഗുണഭോക്തൃസംഗമം

ഇലന്തൂര്‍ ബ്ലോക്കുപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള ബ്ലോക്കു പഞ്ചായത്തു പഠനമുറി പദ്ധതി ഗുണഭോക്തൃസംഗമം ബ്ലോക്കുപഞ്ചായത്തു ഹാളില്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് കെ.ആര്‍ അനീഷയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം പി തോമസ്, ആരോഗ്യ- വിദ്യാഭ്യാസസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സാലി ലാലു പുന്നയ്ക്കാട് ,വികസനസ്റ്റാന്‍ഡിംഗ് കമ്മറ്റിചെയര്‍മാന്‍ ആതിര ജയന്‍, ചെന്നീര്‍ക്കര ഡിവിഷന്‍ മെമ്പര്‍ അഭിലാഷ് വിശ്വനാഥ്, ചെറുകോല്‍ ഡിവിഷന്‍ മെമ്പര്‍ പി വി അന്നമ്മ, പ്രക്കാനം ഡിവിഷന്‍ മെമ്പര്‍ കലാഅജിത്ത്, ഓമല്ലൂര്‍ ഡിവിഷന്‍ മെമ്പര്‍ വിജി ശ്രീവിദ്യ, പട്ടികജാതി വികസന ഓഫീസര്‍ ആനന്ദ് എസ് വിജയ,് സോഷ്യല്‍വര്‍ക്കര്‍ ആതിര തമ്പി എന്നിവര്‍ പങ്കെടുത്തു

ക്രിസ്തുമസ്/പുതുവത്സര സ്പെഷ്യല്‍ ഡ്രൈവ്

ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചു മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പ്പാദനവും വിപണനവും കൂടാനുള്ള സാധ്യത കണക്കിലെടുത്ത് എക്സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചുവരുന്നു. സംശയാസ്പദമായ സാഹചര്യങ്ങളില്‍ അടിയന്തരമായി ഇടപെടുന്നതിനു ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീം സജ്ജമാക്കി. മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഷാഡോ എക്സൈസ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. മദ്യ ഉല്പാദന വിപണനകേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും പോലീസ്, ഫോറസ്റ്റ്, റവന്യൂ എന്നീ വകുപ്പുകളുമായി സഹകരിച്ചു സംയുക്ത റെയ്ഡുകള്‍ ആരംഭിച്ചു. രാത്രികാലങ്ങളില്‍ വാഹനപരിശോധന കര്‍ശനമാക്കി. സംശയാസ്പദമായ സാഹചര്യത്തിലുള്ള വാഹനങ്ങള്‍, കടകള്‍, തുറസായ സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ കര്‍ശനമായും പരിശോധിക്കും. കള്ളുഷാപ്പുകള്‍, ബാറുകള്‍, മറ്റു ലൈസന്‍സ് സ്ഥാപനങ്ങള്‍ എന്നിവ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കി പരിശോധനകള്‍ നടത്തി സാമ്പിളുകള്‍ എടുത്തുവരുന്നു. വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പാന്‍മസാല, പാന്‍പരാഗ്, മറ്റു ലഹരിവസ്തുക്കളുടെ വില്‍പ്പന കര്‍ശനമായി തടയുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

മദ്യമയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ചുവടെയുളള നമ്പരുകളില്‍ അറിയിക്കണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.എ.സലീം അറിയിച്ചു.

ജില്ലാ കണ്‍ട്രോള്‍ റൂം പത്തനംതിട്ട -0468 2222873, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് പത്തനംതിട്ട-9400069473, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പത്തനംതിട്ട-9400069466, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടൂര്‍- 9400069464, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റാന്നി -9400069468, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മല്ലപ്പള്ളി -9400069470, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തിരുവല്ല -9400069472, എക്സൈസ് ഇന്‍സ്പെക്ടര്‍ എക്സൈസ് റേഞ്ച് ഓഫീസ് പത്തനംതിട്ട – 9400069476, എക്സൈസ് ഇന്‍സ്പെക്ടര്‍ എക്സൈസ് റേഞ്ച് ഓഫീസ് കോന്നി -9400069477, എക്സൈസ് ഇന്‍സ്പെക്ടര്‍ , എക്സൈസ് റേഞ്ച് ഓഫീസ് റാന്നി – 9400069478, എക്സൈസ് ഇന്‍സ്പെക്ടര്‍ എക്സൈസ് റേഞ്ച് ഓഫീസ് ചിറ്റാര്‍ – 9400069479, എക്സൈസ് റേഞ്ച് ഓഫീസ് അടൂര്‍ – 9400069475, എക്സൈസ് ഇന്‍സ്പെക്ടര്‍ എക്സൈസ് റേഞ്ച് ഓഫീസ് മല്ലപ്പള്ളി -9400069480,എക്സൈസ് ഇന്‍സ്പെക്ടര്‍ എക്സൈസ് റേഞ്ച് ഓഫീസ് തിരുവല്ല -9400069481, അസി. എക്സൈസ് കമ്മീഷണര്‍ പത്തനംതിട്ട -9496002863, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പത്തനംതിട്ട- 9447178055.

അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഓട്ടോകാഡ്, ടു ഡി, ത്രീ ഡി, ത്രീഡിഎസ് മാക്സ്, മെക്കാനിക്കല്‍ കാഡ്, ഇലക്ട്രിക്കല്‍ കാഡ്, ഗ്രാഫിക് ഡിസൈന്‍ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2961525, 8281905525.

error: Content is protected !!