പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 2/12/2023)

എച്ച്‌ഐവി അണുബാധിതരെ മുഖ്യധാരയിലേക്കു  കൊണ്ടുവരുന്നതിന് കൂട്ടായപ്രവര്‍ത്തനം വേണം : ജില്ലാ കളക്ടര്‍ എ ഷിബു
എച്ച്‌ഐവി അണുബാധ കേരളത്തില്‍ നിന്ന് തന്നെ തുടച്ചുനീക്കുന്നതിനും അണുബാധിതരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനും കൂട്ടായപ്രവര്‍ത്തനം വേണമെന്നു ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. ലോകഎയ്ഡ്സ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതലപരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല, ചേര്‍ത്തു പിടിക്കേണ്ടവരാണ് എയ്ഡ്സ് ബാധിതര്‍. പ്രതിരോധത്തിലൂടെ രോഗത്തെ തുരത്താമെന്നും  വലിയ ബോധവല്‍ക്കരണ പരിപാടികളാണ് ഇന്ത്യയില്‍ എയ്ഡ്സിനെതിരെ സംഘടിപ്പിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും മികച്ച മുന്നേറ്റത്തിനും കേരളം മാതൃകയാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. എയ്ഡ്സ് രോഗം കേരളത്തില്‍ നിന്നും തുടച്ചു നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഒരു കാലഘട്ടത്തില്‍ രോഗത്തെ സമൂഹം വലിയ പേടിയോടെ സമീപിച്ചു. എന്നാല്‍ വിവിധ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളിലൂടെ ആളുകളുടെ മനോഭാവം മാറിയെന്നും അദ്ദേഹം പറഞ്ഞു.

റാലിയില്‍ പങ്കെടുത്ത് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ നഴ്സിംഗ് കോളജുകള്‍ക്കുള്ള ട്രോഫി ജില്ലാ കളക്ടര്‍ വിതരണം ചെയ്തു.

ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരംസമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി മുഖ്യസന്ദേശം നല്‍കി. ഡെപ്യൂട്ടി ഡിഎംഒ ഡോ. സി എസ് നന്ദിനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ഡോ. നിരണ്‍ ബാബു, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്സ്, വിദ്യാഭ്യാസസ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ എസ് ഷമീര്‍, നഗരസഭാംഗം റോസിലിന്‍ സന്തോഷ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐപ്പ് ജോസഫ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത് രാജീവന്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് സേതുലക്ഷ്മി, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രെറ്റി സഖറിയ, ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ കെ. പി ജയകുമാര്‍, ഷാജു ജോണ്‍, പ്രോജക്ട് മാനേജര്‍ പ്രവീണ്‍ രാജ്, എം.ടി ദിനേശ്  ബാബു, നിസി സൂസന്‍ സ്റ്റീഫന്‍, മാസ് മീഡിയ ഓഫീസര്‍ ടി കെ അശോക് കുമാര്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


എയ്ഡ്സ് ദിനാഘോഷം :ബോധവല്‍ക്കരണറാലി ജില്ലാ പൊലീസ് മേധാവി ഫ്ളാഗ് ഓഫ് ചെയ്തു

ജില്ലാതലഎയ്ഡ്സ് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവല്‍ക്കരണറാലി ജില്ലാ പൊലീസ് മേധാവി വി. അജിത് ഫ്ളാഗ് ഓഫ് ചെയ്തു. കളക്ടറേറ്റ് വളപ്പില്‍ നിന്നാരംഭിച്ച റാലി നഗരം ചുറ്റി ഗീതാഞ്ജലി  ഓഡിറ്റോറിയത്തില്‍ സമാപിച്ചു. സമൂഹങ്ങള്‍ നയിക്കട്ടെ എന്ന സന്ദേശമുയര്‍ത്തി ജില്ലയിലെ വിവിധ നഴ്സിംഗ് കോളജ് വിദ്യാര്‍ഥികള്‍ അണിനിരന്ന റാലി ഹൃദ്യമായിരുന്നു.  ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതലഉദ്ഘാടനത്തില്‍ നഴ്സിംഗ് വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.


ഭിന്നശേഷി കുട്ടികളുടെ അറിവും കഴിവും ഉയര്‍ത്തിക്കൊണ്ടുവരിക ലക്ഷ്യം: ഡെപ്യൂട്ടി സ്പീക്കര്‍

ഭിന്നശേഷി കുട്ടികളുടെ അറിവും കഴിവും ഉയര്‍ത്തിക്കൊണ്ടുവരികയാണ്ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തും ജില്ലാ സാമൂഹിക നീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാഘോഷം ഉണര്‍വ്2023 ന്റെ ഉദ്ഘാടനം ഓമല്ലൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദേഹം.

വൈവിധ്യമാര്‍ന്ന കഴിവുകളുള്ള ഭിന്നശേഷികുട്ടികള്‍ക്കു വേണ്ട പ്രോത്സാഹനം നല്‍കി സമൂഹത്തിന്റെ പൊതുധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരണം. ഇതിനായി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. ഭിന്നശേഷിക്കാര്‍ക്കു ജോലിയില്‍ നാലു ശതമാനം സംവരണം,വിദ്യാഭ്യാസപുരോഗതിക്കു സ്‌കോളര്‍ഷിപ്പ്, ചികിത്സാ ധനസഹായം, സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള സഹായങ്ങള്‍ തുടങ്ങി ഇവരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. അടിസ്ഥാനസൗകര്യവികസനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പദ്ധതികള്‍ നടത്തുന്നുണ്ടെന്നും അദേഹം പറഞ്ഞു.
കുട്ടികളുടെ കായികവും കലാപരവുമായ കഴിവുകള്‍ ഉയര്‍ത്തിക്കൊണ്ടു വരണമെന്ന് ഭിന്നശേഷി ദിനാഘോഷത്തില്‍ പതാക ഉയര്‍ത്തിയ ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. ഭിന്നശേഷി കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താനായി ധാരാളം പരിപാടികള്‍ നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഭിന്നശേഷി സ്ഥാപനങ്ങളിലെയും സ്‌കൂളുകളിലെയും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കായികമേള നടന്നു. ഡിസംബര്‍ മൂന്നിന് കലാ പരിപാടികളും സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, ജില്ലാ പഞ്ചായത്ത് പ്ലാനിംഗ് ഉപാധ്യക്ഷന്‍ ആര്‍ അജിത് കുമാര്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ബി മോഹനന്‍, സീനിയര്‍ സൂപ്രണ്ട് ജെ ഷംലാ ബീഗം, ഗവ. ഓള്‍ഡ് ഏജ് ഹോം സൂപ്രണ്ട് ഒ എസ് മീനാ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ് ആദില തുടങ്ങിയവര്‍ പങ്കെടുത്തു.

പിആര്‍ഡി ഡ്രോണ്‍ ഓപ്പറേറ്റേഴ്സ് പാനലിലേക്ക് അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍-പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രോണ്‍ ഓപ്പറേറ്റേഴ്സിന്റെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാനലിലേക്ക് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കോ അപേക്ഷിക്കാം.

ഡ്രോണ്‍ ഉപയോഗിച്ചു ഫോട്ടോ, വീഡിയോ എന്നിവ ഷൂട്ട് ചെയ്യുന്നതില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ സംഘടനയില്‍ നിന്നോ സമാനസ്ഥാപനങ്ങളില്‍ നിന്നോ ഉള്ള മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമാണ് അപേക്ഷകര്‍ക്കുള്ള അടിസ്ഥാന യോഗ്യത. വിദ്യാഭ്യാസ യോഗ്യത: പ്രീഡിഗ്രി /പ്ലസ് ടു അഭിലഷണീയം. ഡ്രോണ്‍ ഷൂട്ട് ജോലികള്‍ ഏറ്റെടുത്ത് ചെയ്തിട്ടുള്ള മൂന്നു വര്‍ഷത്തെ പരിചയമാണ് സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമുള്ള യോഗ്യത. വാര്‍ത്താ മാധ്യമങ്ങള്‍ക്കായി  ഏരിയല്‍ ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തുള്ള പരിചയം, ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി അല്ലെങ്കില്‍ വീഡിയോ എഡിറ്റിംഗില്‍ പ്രവര്‍ത്തിപരിചയം,  സ്വന്തമായി നാനോ ഡ്രോണ്‍ ഉള്ളവര്‍, പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‌ടോപ്പ് സ്വന്തമായി ഉള്ളവര്‍, ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വറില്‍ അയക്കാനുള്ള സംവിധാനം ലാപ്‌ടോപില്‍ ഉള്ളവര്‍, എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതനമായ ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവ സ്വന്തമായി ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് www.prd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.
അപേക്ഷയോടൊപ്പം ബന്ധപ്പെട്ടരേഖകള്‍ ഹാജരാക്കണം. അപേക്ഷയോടൊപ്പം അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ഫോട്ടോ, ഐഡി കാര്‍ഡിന്റെ പകര്‍പ്പ്, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും അരമണിക്കൂര്‍ ഷൂട്ട്, ഒരു മണിക്കൂര്‍ ഷൂട്ട് എന്നിവയ്ക്കുള്ള നിരക്ക് സംബന്ധിച്ച വിശദമായ പ്രൊപ്പോസലും ഉണ്ടായിരിക്കണം. അപേക്ഷകള്‍ ഡിസംബര്‍ 11ന് വൈകീട്ട് അഞ്ചിനകം  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട  എന്ന വിലാസത്താല്‍ നേരിട്ടോ തപാല്‍ വഴിയോ ലഭിക്കണം. ഫോണ്‍ : 0468 2222657

ഊര്‍ജ്ജസംരക്ഷണത്തില്‍ കുട്ടികളുടെ പങ്ക് വളരെ വലുത്:  എ.എ റഹീം എം.പി.

ഊര്‍ജ്ജസംരക്ഷണത്തില്‍ കുട്ടികളുടെ പങ്ക് വളരെ വലുതാണെന്ന് രാജ്യസഭ എം. പി. എ.എ റഹീം പറഞ്ഞു. ദേശീയ ഊര്‍ജ്ജസംരക്ഷണപ്രചാരണപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതലപെയിന്റിംഗ് മത്സരത്തിലെ വിജയികള്‍ക്കു സമ്മാനദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ക്കും അവരുടെ സ്വപ്നങ്ങള്‍ക്കും ചിറകു നല്‍കുന്നവരായിരിക്കണം രക്ഷകര്‍ത്താക്കളും അദ്ധ്യാപകരുമെന്നും  എം.പി പറഞ്ഞു.
അഞ്ച്,ആറ്,ഏഴ് ക്ലാസ്സിലെ കുട്ടികള്‍ പങ്കെടുത്ത ഗ്രൂപ്പ് എ യില്‍ കണ്ണൂര്‍ കാടാച്ചിറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി ആര്‍ ശ്രീഹരി  ഒന്നാം സ്ഥാനവും കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഥര്‍വ്വ് ശ്രീജിത് രണ്ടാം സ്ഥാനവും  എറണാകുളം കേന്ദ്രീയവിദ്യാലയത്തിലെ എം എസ് അമന്‍ജിത് മൂന്നാം സ്ഥാനവും നേടി.
എട്ട്, ഒന്‍പത്, 10 ക്ലാസ്സിലെ കുട്ടികള്‍ പങ്കെടുത്ത ഗ്രൂപ്പ് ബി യില്‍ തിരുവനന്തപുരം അമൃത വിദ്യാലയത്തിലെ എസ് വര്‍ഷ  ഒന്നാം സ്ഥാനവും, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡി സ്‌കൂളിലെ പി എം സാധിക രണ്ടാം സ്ഥാനവും, ഹരിപ്പാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എം മാനസ മീര  മൂന്നാം സ്ഥാനവും നേടി. സ്‌കൂള്‍ തലത്തില്‍  വിജയികളായവരാണ് മത്സരത്തില്‍ പങ്കെടുത്തത്.
ലൈഫ് സ്റ്റൈല്‍ ഫോര്‍ എന്‍വയോണ്‍മെന്റ്, വണ്‍ പ്ളാനറ്റ് മെനി എഫര്‍ട്ട് എന്നിവയായിരുന്നു ചിത്രരചനയ്ക്കുള്ള വിഷയങ്ങള്‍.ഇ എം സി, എന്‍ ടി പി സി, ബി ഇ ഇ. എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇ എംസി യില്‍ നടന്ന സമ്മാനദാനച്ചടങ്ങില്‍ ഇ എം സി. ഡയറക്ടര്‍ ഡോ. ആര്‍ ഹരികുമാര്‍, രജിസ്ട്രാര്‍  ബി വി സുഭാഷ് ബാബു, എന്‍ ടി പി സി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം ബാലസുന്ദരം എന്നിവര്‍  പങ്കെടുത്തു.

 


അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ അടൂര്‍ നോളേജ് സെന്റെറില്‍ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കു സൗജന്യ അഡ്മിഷന്‍ നേടുന്നതിനായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ്, ഗവ ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ – 8547632016.

ശബരിമല തീര്‍ഥാടകര്‍ക്കു ഖാദികിറ്റ്
ഖാദി  പ്രദര്‍ശന-വിപണനമേളയ്ക്കും ശബരിമല ഖാദികിറ്റിന്റെ  വില്‍പനയ്ക്കും  നിലയ്ക്കലില്‍  തുടക്കമായി.  മണ്ഡല-മകരവിളക്ക്  തീര്‍ഥാടനവുമായി ബന്ധപ്പെട്ടു  കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്    തീര്‍ഥാടകര്‍ക്ക്   ആവശ്യമായ  ഇരുമുടി, തോര്‍ത്ത്, കറുത്ത മുണ്ട് മുതലായവ  ഉള്‍പ്പെടുത്തിയാണ്  ഖാദി കിറ്റ്  അവതരിപ്പിക്കുന്നത്.   കേരള ഖാദി  ഗ്രാമവ്യവസായ ബോര്‍ഡ്  വൈസ്  ചെയര്‍മാന്‍  പി ജയരാജന്‍  പദ്ധതി  ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ്  അഡ്വ. ഓമല്ലൂര്‍  ശങ്കരന്‍ അധ്യക്ഷനായി. കിറ്റിന്റെ ആദ്യവില്പന തിരുവിതാംകൂര്‍ ദേവസ്വം  ബോര്‍ഡ്  പ്രസിഡന്റ്  പി എസ് പ്രശാന്ത് നടത്തി.  ഖാദി ബോര്‍ഡ്  അംഗം  സാജന്‍  തോമസ്, റാന്നി    ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ എസ് ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത്  അംഗം കോമളം അനിരുദ്ധന്‍, പെരുനാട്  പഞ്ചായത്ത്  അംഗം   മഞ്ജു പ്രമോദ്, ജില്ലാ ഖാദി  ഗ്രാമവ്യവസായ  പ്രോജക്ട്  ഓഫീസര്‍ എം. വി. മനോജ് കുമാര്‍  എന്നിവര്‍  സംസാരിച്ചു.    ഫോണ്‍. 0468 2362070.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേന്ദ്രസര്‍ക്കാര്‍ പിന്നാക്കവിഭാഗവികസന വകുപ്പു മുഖേന നടപ്പാക്കുന്ന പിഎം വൈ എ എസ്എ എസ് വി ഐ ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാം. സംസ്ഥാനത്തിനകത്തും പുറത്തും  വിവിധ പോസ്റ്റ്‌മെട്രിക് കോഴ്‌സുകള്‍ക്കു പഠിക്കുന്ന ഒബിസി /ഇബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്കു ഇ-ഗ്രാന്റ്‌സ് 3.0 എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന അപേക്ഷ ഡിസംബര്‍ 15 വരെ സമര്‍പ്പിക്കാം. വെബ്‌സൈറ്റ് : www.bcddkerala.gov.inwww.egratnz.kerala.in  ഫോണ്‍ : 0474 2914417.

സെല്‍ഫ് ഡിഫന്‍സ് ട്രെയിനിങ് സംഘടിപ്പിച്ചു
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍  തടയുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനും പ്രതിരോധിക്കുന്നതിനും  ഡിസംബര്‍ 10 വരെ രണ്ടാഴ്ച നീണ്ടുനില്ക്കുന്ന ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ വിപുലമായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ വനിതാ-ശിശുവികസന,സംരക്ഷണ ഓഫീസുകളുടെ നേതൃത്വത്തില്‍ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഓപ്പണ്‍ സ്റ്റേജില്‍ കാതോലിക്കേറ്റ് കോളജ് വിദ്യാര്‍ഥിനികളുടെ ഫ്‌ളാഷ് മോബും പോലീസ് വുമണ്‍ സെല്‍ ടീമിന്റെ നേതൃത്വത്തില്‍ സെല്‍ഫ് ഡിഫന്‍സ് (മോക്ക് ഡ്രില്‍) ട്രെയിനിംങ്ങും നടത്തി.

ടെന്‍ഡര്‍
പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ 2023-24 സേഫ് സോണ്‍ പ്രൊജക്ടുമായി ബന്ധപ്പെട്ടു പ്രൊമോ വീഡിയോ , ഡിജിറ്റല്‍ ഡോക്യുമെന്റ് വീഡിയോ, സുവനീര്‍ എന്നിവ തയ്യാറാക്കുന്നതിനു ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡര്‍  സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ ഏഴിനു ഉച്ചകഴിഞ്ഞ് 2.30 വരെ. ഫോണ്‍ : 0468 2222426.

റാങ്ക് ലിസ്റ്റ് റദ്ദായി

പത്തനംതിട്ട ജില്ലയിലെ വിവിധ വകുപ്പുകളിലെ എല്‍ഡി ടൈപ്പിസ്റ്റ് (കാറ്റഗറി നം. 280/18) തസ്തികയിലേക്കു 10.11.2020 ല്‍ പ്രാബല്യത്തില്‍ വന്ന 319/2020/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക നിശ്ചിത കാലാവധിയായ മൂന്ന് വര്‍ഷം 09.11.2023 ല്‍ പൂര്‍ത്തിയായതിനാല്‍  10.11.2023 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 09.11.2023 തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദായതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസവകുപ്പിലെ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം) (കാറ്റഗറി നം.272/2017) തസ്തികയിലേക്ക് 17/10/2019 ല്‍ പ്രാബല്യത്തില്‍ വന്ന 551/19/എസ്എസ് 3 നമ്പര്‍ റാങ്ക് പട്ടിക 16.10.2022 ല്‍ നിശ്ചിത കാലാവധിയായ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുകയും 16.10.2023 ല്‍ ദീര്‍ഘിപ്പിച്ച കാലാവധിയായ ഒരു വര്‍ഷം പൂര്‍ത്തിയായതിനാല്‍  17.10.2023 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 16.10.2023 അര്‍ദ്ധരാത്രി മുതല്‍ റദ്ദായതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
error: Content is protected !!