അയ്യന് കാണിക്കയായി ജമ്നാപ്യാരി
ശബരിമല ചവിട്ടുന്ന ഭക്തർ അയ്യപ്പന് കാണിക്കയായി വ്യത്യസ്ത വസ്തുക്കൾ കൊണ്ട് വരിക മണ്ഡലകാലത്തു നിത്യമാണ്. അത്തരത്തിൽ വ്യത്യസ്‍തമായ ഒരു കാണിക്കയാണ് മണ്ഡലകാലാരംഭത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കൊടുങ്ങലൂർ നിന്ന് വന്ന വേലായി സ്വാമിയാണ് അയ്യപ്പന് കാണിക്കയായി ‘ജമ്നാപ്യാരി ‘ വർഗ്ഗത്തിൽപ്പെട്ട ആടിനെ നൽകിയത്. കാനന പാത താണ്ടി ആടുമായി എത്തിയ വേലായി സ്വാമി എല്ലാവർക്കും കൗതുകം പകർന്നു .
പതിനെട്ടാം പടിക്ക് താഴെ ആടിനെ കെട്ടിയ ശേഷം അയ്യപ്പ ദർശനത്തിനു സ്വാമി പോയി വരുന്നത് വരെ സുരക്ഷയ്ക് നിന്ന പോലീസുകാരോട് പോലും ഇണങ്ങാതെ പിണങ്ങി നിന്ന ആട് വേറിട്ട കാഴ്ചയായി.
അയ്യപ്പന് കാണിക്കയായി സമർപ്പിച്ച ആടിനെ പിന്നീട് ഗോ ശാലയിൽ നിന്ന് ചുമതലക്കാർ എത്തി കൂട്ടികൊണ്ട് പോയി
മണ്ഡലകാലം ലഹരിവിമുക്തമാക്കാൻ എക്‌സൈസ് ;49 കോട്പാ കേസുകൾ രജിസ്റ്റർ ചെയ്തു
ശബരിമല തീർത്ഥാടന കാലം ആരംഭിച്ച പശ്ചാത്തലത്തിൽ പരിശോധനകൾ ഊർജിതമാക്കി എക്‌സൈസ് വകുപ്പ്. പുകയില ഉത്പന്നങ്ങൾ മദ്യം എന്നിവയുടെ ഉപയോഗം ശബരിമലയിൽ നിരോധിച്ചിട്ടുള്ളതാണ്. നിയമവിരുദ്ധമായി ഈ വക വസ്തുക്കൾ കൈവശം വയ്ക്കുന്നവരെ കണ്ടെത്തുകയും സിഗരെറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ടസ് ആക്ട് (കോട്പാ) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പിഴ ഈടാക്കുകയും ചെയ്യുന്നു.
മണ്ഡലകാലാരംഭം മുതൽ വിവിധ കച്ചവട സ്ഥാപനങ്ങളിലും തൊഴിലാളി ക്യാമ്പുകളിലും നടത്തിയ പരിശോധനകളിൽ 32 പായ്ക്കറ്റ് ബീഡി, അഞ്ച് സിഗരറ്റ് , മൂന്നു പായ്ക്കറ്റ് ഹാൻസ് എന്നിവ കണ്ടെത്തി. 49 കോട്പാ കേസുകളിലായി 9800 രൂപ പിഴ ഇടാക്കി. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജെ.എസ്. ബിനുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മദ്യം, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങൾ എന്നിവ സംബന്ധിച്ചിട്ടുള്ള വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 04735 202303 എന്ന നമ്പരിൽ വിവരങ്ങൾ കൈമാറണം എന്ന് സന്നിധാനം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു. പുകയില ലഹരി ഉത്പന്നങ്ങൾ ശബരിമലയിൽ ഇല്ലാതെ ആക്കുവാൻ ആയി 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം സജ്ജമാണ്.
24 മണിക്കൂറും കർമനിരതമായി സന്നിധാനം സർക്കാർ ആശുപത്രി
സന്നിധാനത്ത് എത്തുന്ന ഭക്തന്മാർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കി 24 മണിക്കൂറും കർമനിരതമായി സന്നിധാനം സർക്കാർ ആശുപത്രി. മണ്ഡലകാലം ആരംഭിച്ചത് മുതൽ ഇതുവരെ 7937 ഓ പി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 138 പേർ എമർജൻസി വിഭാഗം നിരീക്ഷണത്തിലേക്കാണ് മാറ്റിയത്. സന്നിധാനം ആശുപത്രിയിൽ എത്തിച്ച കേസുകളിൽ 17 എണ്ണം പമ്പ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ച രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . എൻ ഡി ആർ എഫ് ന്റെ പ്രവർത്തകരുടെ ഉൾപ്പടെ ഉള്ള സഹകരണം ഏകോപിപ്പിച്ചു സന്നിധാനത്തും നടപന്തലിലും വച്ച് ശാരീരിക അസ്വാസ്ഥ്യം നേരിടുന്ന അയ്യപ്പന്മാർക്ക് ഉടനടി വൈദ്യസഹായം ലഭ്യമാക്കാൻ സാധിക്കുന്നു.മണ്ഡലകാലതിരക്കും കാലാവസ്ഥയും കണക്കിലെടുത്തു ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ തക്ക സംവിധാനങ്ങൾ ആശുപത്രിയിൽ ലഭ്യമാണ്. ഇത് കൂടാതെ പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള വഴിയിൽ അയ്യപ്പന്മാർക്ക് ആവശ്യമായ വൈദ്യസഹായം നൽകുവാൻ എമർജൻസി മെഡിക്കൽ സെന്ററുകളും ഉണ്ട്.
മണ്ഡലകാല ഉണർവിൽ സന്നിധാനം : നവംബർ 24 നു മാത്രം വെർച്വൽ ക്യു വഴി ദർശനത്തിനു എത്തിയത് 68, 241ഭക്തന്മാർ
ശബരിമല ദർശനത്തിന് വെർച്ച്വൽ ക്യു വഴി മാത്രം ഇന്ന് എത്തിയത് 68, 241 അയ്യപ്പ ഭക്തന്മാർ. മണ്ഡലകാലം പുരോഗമിക്കവേ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ട ദിവസമാണ് ഇത്.അയ്യപ്പ ദർശനത്തിനായി മണ്ഡലകാലം ആരംഭിച്ചത് മുതൽ നവംബർ 24 വരെ 4,60, 184 പേരാണ് എത്തിയത്. നിലവിലെ അനുകൂലമായ കാലാവസ്ഥ അയ്യപ്പന്മാരുടെ മല കയറ്റം ആയാസരഹിതമാക്കുന്നു. പുൽമേട് വഴി 1060 അയ്യപ്പന്മാരും അഴുത വഴി 2637അയ്യപ്പന്മാരും ആണ് ദർശനത്തിന് സന്നിധാനത്ത് എത്തിയത്.
വെർച്ച്വൽ ക്യു സംവിധാനം കൃത്യമായി അയ്യപ്പന്മാരുടെ കണക്കുകൾ ലഭ്യമാക്കുന്നതിനു വിവരങ്ങൾ സൂക്ഷിക്കുന്നതിനും സഹായകരമാണ്. കാനനപാതയിലും സ്വാമി അയ്യപ്പൻ റോഡിലും ഷിഫ്റ്റ് അടിസ്ഥാനത്തിൽ 24 മണിക്കൂറും ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടാണ് വനംവകുപ്പ് സുരക്ഷ ഒരുക്കിയിരിക്കുന്നതെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു.സുഗമമായ മണ്ഡലകാലത്തിനു അയ്യപ്പന്മാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ പമ്പയിലും സന്നിധാനത്തും നടപ്പിലാക്കിയിട്ടുണ്ട്
ശബരിമലയിലെ 25.11.2023 – ലെ ചടങ്ങുകൾ.. വൃശ്ചികം ഒൻപത്
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.