കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : പുണ്യദര്‍ശനം
KONNIVARTHA.COM: ആര്യങ്കാവ് അയ്യപ്പക്ഷേത്രത്തിന്‍റെ പേരില്‍ പ്രസിദ്ധമാണ്. കേരളത്തില്‍ സ്വാമി അയ്യപ്പന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള അഞ്ചു ക്ഷേത്രങ്ങളില്‍ ഒന്നാണ് കൊല്ലം ജില്ലയിലെ ആര്യങ്കാവ് അയ്യപ്പക്ഷേത്രം. ആര്യങ്കാവ് ശാസ്താക്ഷേത്രം എന്ന പേരിലും ഇത് അറിയപ്പെടുന്നു. സ്വമി അയ്യപ്പന്‍ കുമാരന്‍റെ രൂപത്തില്‍ ഇവിടെ പ്രതിഷ്ഠകൊള്ളുന്നു. അയ്യപ്പന്‍ ഇവിടെ തിരു ആര്യന്‍ എന്ന പേരില്‍ അറിയപ്പെടുന്നതുകൊണ്ടാണ് ആര്യങ്കാവ് എന്ന പേര് സ്ഥലത്തിന് ലഭിച്ചത്.പശ്ചിമഘട്ടത്തിന്‍റെ ചെരിവുകളിൽ കാടും വെള്ളച്ചാട്ടങ്ങളും റബർ തോട്ടങ്ങളും ഒക്കെയുള്ള ആര്യങ്കാവ്, ക്ഷേത്രങ്ങൾക്കും ചന്ദനക്കാടുകൾക്കും കൂടി അറിയപ്പെടുന്ന സ്ഥലമാണ്. കുന്നുകളാൽ ചുറ്റപ്പെട്ടു നിൽക്കുന്ന ഇവിടുത്തെ കാഴ്ചകൾ ആരെയും ആകർഷിക്കുന്നതാണ് എന്ന കാര്യത്തിൽ സംശയമില്ല. പാലരുവിയും കടമൻപാറ ചന്ദനക്കാടും ആര്യങ്കാവ് ശാസ്താ ക്ഷേത്രവും ഒക്കെ കഥപറയുന്നു.
ആര്യങ്കാവിന് ആ പേര് വന്നതിനു പിന്നിൽ പല കഥകളും പ്രചാരത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കാവുകളുമായി ബന്ധപ്പെട്ടതാണ്. ഇവിടെ ഒരുകാലത്ത് ആയിരം കാവുകൾ ഉണ്ടായിരുന്നുവത്രെ. അതിനാലാണ് ഇവിടം ആര്യങ്കാവ് എന്നറിയപ്പെടുന്നതെന്നാണ് ആ കഥ. ആര്യൻമാരുടെ ഇവിടേക്കുള്ള കടന്നു വരവുമായി ബന്ധപ്പെട്ടാണ് ആര്യങ്കാവ് എന്ന പേരുണ്ടായതെന്നും പറയപ്പെടുന്നു. മറ്റൊന്ന്, അയ്യന്റെ കാവ് സ്ഥിതി ചെയ്യുന്ന ഇടം എന്നതിൽ നിന്നുമാണ് ആര്യങ്കാവ് എന്ന സ്ഥലനാമം രൂപപ്പെട്ടതെന്നാണ്.
തിരുവനന്തപുരം- തെങ്കാശി ദേശിയപാതയില്‍ വനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശബരിമലയിലെപ്പോലെ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കാറില്ല. ഇവിടത്തെ ആചാരക്രമങ്ങളും പൂജാവിധികളും തമിഴ് പാമ്പര്യം അനുസരിച്ചുള്ളവയാണ്. ശ്രീകോവിലിനുള്ളില്‍ ദേവി, ശിവന്‍, ശാസ്താവ് എന്നിവരെ പ്രതിഷ്ഠിച്ചിരിക്കുന്നു. യുവാവായ അയ്യപ്പന്‍ മധ്യത്തിലും ദേവി ഇടതു വശത്തും ശിവന്‍ വലതുവശത്തായുമാണ് ഇരിക്കുന്നത്.
ശബരിമല മണ്ഡലകാലത്തിന്റെ അവസാന നാളുകളിലാണ് ഇവിടെ ഉത്സവം നടത്തിവരുന്നത്. പാണ്ഡ്യന്‍ മുടിപ്പ്, തൃക്കല്യാണം, കുഭാഭിഷേകം എന്നിവയാണ് ഇവിടത്തെ പ്രധാന ഉത്സവങ്ങള്‍. കൊല്ലം- പുനലൂര്‍- തെങ്കാശി റോഡിയൂടെയോ തിരുവനന്തപുരം- തെങ്കാശി റോഡിലൂടെയോ ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍ കഴിയും.
പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്നു വിശ്വസിക്കപ്പെടുന്ന ആര്യങ്കാവ് ധർമ്മ ശാസ്താ ക്ഷേത്രം കൊല്ലം തെങ്കാശി ദേശീയ പാതയുടെ സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. കൗമാര ശാസ്താവിലെ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം റോഡിൽ നിന്നും 35 അടി താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നത്. പരശുരാമൻ പ്രതിഷ്ഠിച്ച അഞ്ച് ധർമ്മ ശാസ്താ ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.
ക്ഷേത്രത്തിലെ നാലമ്പലത്തിൽ പത്തു വയസ്സിനും അൻപത് വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനമില്ല. കേരള-തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാൽ രണ്ടു തരത്തിലുള്ള ആചാരങ്ങളും ഇവിടെ കാണാൻ സാധിക്കും. നാലമ്പലത്തിനുള്ളിൽ മലയാള ആചാരങ്ങൾ പിന്തുടരുമ്പോൾ ഉത്സവത്തിന് തമിഴ് ആചാരമാണ് ഉള്ളത്. ശാസ്താവിന്റെ വിവാഹമാണ് ഇവിടുത്തെ ഏറ്റവും വലിയ ഉത്സം. അപൂര്‍വ്വ ചടങ്ങായ ഇത് തൃക്കല്യാണം എന്ന പേരിലാണ് അറിയപ്പെടുന്നത്.