Trending Now

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 18/11/2023)

ശുചീകരണ യജ്ഞവുമായി  പവിത്രം ശബരിമല പ്രോജക്ട്

മണ്ഡല-മകരവിളക്ക് സമയത്തെ സന്നിധാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിച്ച പവിത്രം ശബരിമല പ്രോജക്റ്റിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഇന്നുമുതല്‍  ആരംഭിച്ചു. മണ്ഡല മകരവിളക്ക് സമയത്തും മാസ പൂജ ദിവസങ്ങളിലും സന്നിധാനത്തെ പരിസര പ്രദേശങ്ങള്‍  വൃത്തിയാക്കി പ്ലാസ്റ്റിക് വിമുക്തമാക്കുകയാണ് ഇതിന്റെ  പ്രധാന ലക്ഷ്യം. ദേവസ്വം ബോര്‍ഡിലെ ദിവസവേതനക്കാര്‍ ഉല്‍പ്പടെയുള്ള എല്ലാ ഉദ്യോഗസ്ഥരും, ക്ഷേത്ര ജീവനക്കാര്‍, വൈദിക സേവന ജീവനക്കാര്‍ എന്നിവര്‍ ഈ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.

ആരോഗ്യസേവനം സുസജ്ജമാക്കി ആരോഗ്യവകുപ്പ്

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് ആരോഗ്യവകുപ്പ്. ചികിത്സാ സേവനങ്ങള്‍  കൂടാതെ പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും പ്രാധാന്യം നല്‍കി പരാതിരഹിതമായാണ് പ്രവര്‍ത്തിക്കുന്നത്.

മണ്ഡല കാലം ആരംഭിച്ച് ഒരു ദിവസത്തിനുള്ളില്‍ 1042 പേര്‍ അലോപ്പതിയില്‍ ചികിത്സ തേടിയപ്പോള്‍ 1317 പേര്‍ ആയുര്‍വേദ ചികിത്സയ്ക്കായി എത്തി. ഇപ്പോള്‍ ബാംഗ്ലൂരില്‍ സ്ഥിര താമസമുള്ള കോട്ടയം സ്വദേശിയായ മുരളി(59)എന്ന ഭക്തന്‍ മരണപ്പെട്ടത് ഒഴികെ അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു, ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം  തുടര്‍ ചികിത്സയ്ക്കായി    വിട്ടു.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും ഡോക്ടര്‍മാരുടെ സേവനവുമാണ് അധികൃതര്‍ ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

അയ്യപ്പന്മാര്‍ക്കായി സൗജന്യ ഫിസിയോതെറാപ്പി ക്ലിനിക്

മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന അയ്യപ്പന്മാര്‍ക്കായി  ശബരീപീഠത്തിന് സമീപത്തായി സജ്ജീകരിച്ച സൗജന്യ ഫിസിയോതെറാപ്പി ക്ലിനിക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നിര്‍വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റും, പത്തനംതിട്ട റിഹാബിലിറ്റേഷന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററും (പി ആര്‍ പി സി ) സംയുക്തമാണ് സൗജന്യ ക്ലിനിക്ക് നടത്തുന്നത്.പി ആര്‍ പി സി പ്രസിഡന്റ്  ഹര്‍ഷകുമാര്‍, ചെയര്‍മാന്‍  കെ പി ഉദയഭാനു,ഗവേണിങ് മെമ്പര്‍ അഡ്വ.എസ്.മനോജ്,ജനറല്‍ സെക്രട്ടറി അഡ്വ.എസ്. ഷാജഹാന്‍,ഐ എ പി സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ ശ്രീജിത്ത് നമ്പൂതിരി, പത്തനംതിട്ട കണ്‍വീനര്‍ ഡോ. നിഷാദ് എസ്,
അഡ്വ.എസ്. ഷാജഹാന്‍,ഡോ.ഹരി,ഡോ.വിശാല്‍ജോണ്‍സണ്‍,ഡോ.ജിം ഗോപാലകൃഷ്ണന്‍, ഡോ.ബൈജു ജയകുമാര്‍,ഡോ.വിനോദ്,വി പി രാജശേഖരന്‍ നായര്‍,നാഗരാജു, എന്നിവര്‍ പങ്കെടുത്തു.

മല കയറിവരുന്ന അയ്യപ്പഭക്തര്‍ക്ക് കൂടുതലായി അനുഭവപ്പെടുന്ന പേശി വേദന, സന്ധി വേദന, പേശി വലിവ് തുടങ്ങിയ വിവിധ ശാരീരിക പ്രശ്‌നങ്ങള്‍ പെട്ടെന്ന് തന്നെ സുഖപ്പെടുത്തുന്ന രീതിയിലുള്ള സൗകര്യങ്ങളാണുള്ളത്.8 മുതല്‍ വൈകുന്നേരം 5 വരെയാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്.നിലവില്‍ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ ഉള്‍പ്പെടെ ആറ് ഫിസിയോതെറാപ്പിസ്റ്റുകളാണ് ഇവിടെ ഉള്ളത്.

 

ശബരിമല തീര്‍ഥാടനം:ബാലവേലയും ബാലഭിക്ഷാടവും തടയാന്‍
സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍

ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ബാലവേലയും ബാലഭിക്ഷാടനവും കണ്ടെത്തുന്നതിനും തടയുന്നതിനുമായി സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു നിര്‍ദ്ദേശം നല്‍കി.

 

1986 ലെ ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് ലേബര്‍ ആക്ട് പ്രകാരം രൂപീകരിച്ചിട്ടുള്ള ജില്ലാതല ടാസ്‌ക്ഫോഴ്സിന്റെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലഭിക്ഷാടനത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനും, കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള പദ്ധതി നടപ്പിലാക്കണം.

അതിഥി തൊഴിലാളികളുടെ കുടുംബങ്ങളെയും കുട്ടികളെയും പരിശോധനയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണം. ബാലവേലയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുകയും സത്വരമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. പഴുതുകള്‍ സൃഷ്ടിച്ച് കുറ്റവാളികള്‍ പുറത്ത് പോകാതിരിക്കാന്‍ കൃത്യമായും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ദേശീയ ബാലാവകാശകമ്മിഷന്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 10 വരെ നടത്തുന്ന പാന്‍ ഇന്ത്യ റെസ്‌ക്യു ആന്‍ഡ് റീഹാബിലിറ്റേഷന്‍ കാമ്പയിന്‍ കാര്യക്ഷമമായി ജില്ലയില്‍ സംഘടിപ്പിക്കണമെന്നും പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിപ്പിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

അഡിഷണല്‍ ജില്ലാ പൊലീസ് മേധാവി ആര്‍. പ്രദീപ് കുമാര്‍,  ജില്ലാ ലേബര്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് എസ്.സുരാജ്, ജില്ലാ ചൈല്‍ഡ് ഓഫീസര്‍ ലതാകുമാരി, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതം
തൊഴില്‍ വകുപ്പ്, എക്സൈസ്, പൊലീസ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നീ വകുപ്പുകള്‍ സംയുക്തമായി തിരുവല്ല താലൂക്ക്, പമ്പ, തുലാപ്പള്ളി, കണമല, നിലയ്ക്കല്‍, ളാഹ എന്നീ സ്ഥലങ്ങില്‍ എല്ലാ ഹോട്ടലുകളിലും പരിശോധന നടത്തുകയും ബാലവേല സംബന്ധിച്ചുള്ള പോസ്റ്ററുകള്‍ പതിപ്പിക്കുകയും തൊഴിലുടമകള്‍ക്ക് നല്‍കുകയും ചെയ്തു. ശബരിമല മണ്ഡലകാലത്ത് ബാലവേല കണ്ടെത്തിയിട്ടില്ല. ജില്ലയിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, തഹസില്‍ദാര്‍മാര്‍, താലൂക്കാഫീസിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹകരണത്തോടെ ജില്ലയില്‍ ബാലവേല സംബന്ധിച്ച് സംയുക്ത പരിശോധനയും ജോയിന്റ് ഡ്രൈവും നടത്തി.

മിഷന്‍ ഗ്രീന്‍ ശബരിമല പ്രവര്‍ത്തനങ്ങളുമായി ശുചിത്വമിഷന്‍
ശബരിമലയും പരിസരപ്രദേശങ്ങളും പ്ലാസ്റ്റിക് മുക്തമാക്കുന്നതിനും മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനുമായി നടപ്പിലാക്കുന്ന മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിക്ക് വിവിധ പരിപാടികളൊരുക്കി ശുചിത്വമിഷന്‍. തുണിസഞ്ചി വിതരണം, പ്ലാസ്റ്റിക് ക്യാരിബാഗ് എക്‌സേഞ്ച് കൗണ്ടര്‍, ഗ്രീന്‍ ഗാര്‍ഡ്‌സ്, പ്ലാസ്റ്റിക് വേസ്റ്റ് കളക്ഷന്‍, ബോധവത്കരണ പരിപാടികള്‍ എന്നിവ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.

ശബരിമലയും പരിസര പ്രദേശങ്ങളും പ്ലാസ്റ്റിക് മുക്തമാക്കുന്നതിനായി തീര്‍ഥാടകര്‍ക്ക് പ്ലാസ്റ്റിക് ക്യാരിബാഗിനു പകരമായി ബോധവത്കരണ സന്ദേശങ്ങള്‍ അടങ്ങിയ അരലക്ഷത്തോളം തുണിസഞ്ചികള്‍ വിതരണം ചെയ്യുന്നു. നിലയ്ക്കല്‍ ബേസ് ക്യാമ്പ്, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ തീര്‍ഥാടകരില്‍ നിന്നും പ്ലാസ്റ്റിക് ക്യാരിബാഗ് വാങ്ങുകയും പകരം സൗജന്യമായി തുണിസഞ്ചി നല്‍കുകയും ചെയ്യുന്ന കിയോസ്‌ക് പ്രവര്‍ത്തിക്കുന്നു. പമ്പാ നദിയിലേക്ക് വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നത് തടയുന്നതിനായി പമ്പാ സ്‌നാനഘട്ടത്തില്‍ ഗ്രീന്‍ ഗാര്‍ഡ്‌സ് ആയി 20 യുവാക്കളെ നിയോഗിച്ചു. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂറും ഇവര്‍ പ്രവര്‍ത്തിക്കും.

ളാഹ മുതല്‍ പമ്പ വരേയും കണമല മുതല്‍ ളാഹ വരേയുമുള്ള റോഡരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എക്കോ ഗാര്‍ഡുകളുടെ സഹായത്തോടെയും നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിന്നുമുള്ള അജൈവമാലിന്യങ്ങളും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ശേഖരിക്കുന്നുണ്ട്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ തിരുവല്ല ആസ്ഥാനമായ ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്‌സ് എന്ന അംഗീകൃത സ്ഥാപനമാണ് സംസ്‌കരണത്തിനായി കൊണ്ടുപോകുന്നത്.

ശബരിമലയും കാനനപാതയും പ്ലാസ്റ്റിക് വിമുക്തമായി സംരക്ഷിക്കണമെന്നും പമ്പയില്‍ വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് നിരുത്സാഹപ്പെടുത്തുന്നതിനുമുള്ള സന്ദേശങ്ങളടങ്ങിയ ബഹുഭാഷാ ബാനറുകളും വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.
ശബരിമലയില്‍  പ്ലാസ്റ്റികിന്റെ ഉപയോഗം കുറക്കുന്നതിനും പമ്പാ നദിയെ മാലിന്യമുക്തമാക്കുന്നതിനും ദേവസ്വംബോര്‍ഡ്, റവന്യൂ, വനംവകുപ്പ്, പോലീസ് വകുപ്പുകള്‍ മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.


ശബരിമല ഇടത്താവളം സജ്ജമാക്കി

ശബരിമല മണ്ഡലകാല-മകരവിളക്കിനോട് അനുബന്ധിച്ച് തീര്‍ഥാടകര്‍ക്ക് വേണ്ടി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഇടത്താവളം സജ്ജമാക്കി. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഇടത്താവളത്തില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമിത ഉദയകുമാര്‍, സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിജോ പി മാത്യു, സോണി കൊച്ചുതുണ്ടിയില്‍, പഞ്ചായത്ത് അംഗങ്ങളായ ടി.ടി വാസു, ജിജി വര്‍ഗീസ് ജോണ്‍, ബിജിലി പി ഈശോ, സുനിത ഫിലിപ്പ്, ഗീതു മുരളി എന്നിവര്‍ പങ്കെടുത്തു.


പില്‍ഗ്രിം സര്‍വീസ് ശാഖ പ്രവര്‍ത്തനം ആരംഭിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശബരിമല സന്നിധാനത്തുള്ള പില്‍ഗ്രിം സര്‍വീസ് ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചു.ബാങ്കുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നടപ്പന്തലിലുള്ള ശാഖയില്‍ ലഭ്യമാണ്.

ശശികുമാര്‍ നമ്പൂതിരി ഭദ്ര ദീപം തെളിയിച്ചു. കൗണ്ടറിന്റെ പ്രവര്‍ത്തന ഉദ്ഘാടനം അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സ്വപ്നരാജ് നിര്‍വഹിച്ചു. രവിവര്‍മ്മ തമ്പുരാന്‍, ചീഫ് മാനേജര്‍ പി എസ് ജലജ, ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ ശ്രീ സിറിയക് തോമസ്, ബ്രാഞ്ച് മാനേജര്‍ ശ്രീ സാദ്ദിഖ് എം, ഓഫീസര്‍സ് അസോസിയേഷന്‍ റീജിയണല്‍ സെക്രട്ടറി ടി ആര്‍ പ്രശാന്ത്, സ്റ്റാഫ് യൂണിയന്‍ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ആര്‍ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!