konnivarha.com: പൈറസി മൂലം സിനിമാ വ്യവസായം പ്രതിവർഷം 20,000 കോടി രൂപ നഷ്ടം നേരിടുന്ന സാഹചര്യത്തിൽ, രാജ്യത്തെ സിനിമാ പൈറസി തടയാൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ശക്തമായ നടപടികൾ സ്വീകരിച്ചു. ഈ വർഷത്തെ വർഷകാല സമ്മേളനത്തിൽ പാർലമെന്റ് 1952ലെ സിനിമാറ്റോഗ്രാഫ് (ഭേദഗതി) നിയമം പാസാക്കിയതിന് ശേഷം, പൈറസിക്കെതിരായ പരാതികൾ സ്വീകരിക്കുന്നതിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ പൈറേറ്റഡ് ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഇടനിലക്കാർക്ക് നിർദേശം നൽകുന്നതിനുമായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നോഡൽ ഓഫീസർമാരുടെ വ്യവസ്ഥാപിത സംവിധാനം സ്ഥാപിച്ചു.
പകർപ്പവകാശ നിയമത്തിനും ഐപിസിക്കും കീഴിലുള്ള നിയമനടപടിയല്ലാതെ പൈറേറ്റഡ് ഫിലിം ഉള്ളടക്കത്തിൽ നേരിട്ട് നടപടിയെടുക്കാൻ നിലവിൽ വ്യവസ്ഥാപിത സംവിധാനമേതുമില്ല. ഇന്റർനെറ്റിന്റെ വ്യാപനവും മിക്കവാറും എല്ലാവരും സൗജന്യമായി സിനിമാ ഉള്ളടക്കം കാണാൻ താൽപ്പര്യപ്പെടുന്നതിനാലും സിനിമാ പൈറസിയും കുതിച്ചുയർന്നു. മേൽപ്പറഞ്ഞ നടപടി പൈറസിയുടെ കാര്യത്തിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെ ഉടനടി നടപടി സ്വീകരിക്കാൻ അനുവദിക്കുകയും സിനിമാവ്യവസായത്തിന് ആശ്വാസം പകരുകയും ചെയ്യും.
പൈറസി മൂലം പ്രതിവർഷം ഇരുപതിനായിരം കോടിയിലധികം രൂപയുടെ നഷ്ടമാണ് സിനിമാ-വിനോദ വ്യവസായ മേഖലയ്ക്ക് ഉണ്ടാകുന്നതെന്ന് ബില്ലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു സിനിമ നിർമ്മിക്കാനുള്ള വർഷങ്ങളുടെ പരിശ്രമം പൈറസി മൂലം പാഴാകുന്നു. ഈ വിപത്തിനെതിരെ പ്രവർത്തിക്കാനാണ് ഗവണ്മെന്റ് ഈ നിയമം പാസാക്കിയത്. ഈ നീക്കത്തെ സിനിമാമേഖല പരക്കെ സ്വാഗതം ചെയ്തു. സിനിമാ പൈറസി തടയാൻ ലക്ഷ്യമിട്ടുള്ള നിയമം, സിനിമാ വ്യവസായത്തിന്റെ ദീർഘകാലമായുള്ള ആവശ്യമാണ്, നോഡൽ ഓഫീസർമാരെ നിയമിക്കുന്നതും ആ ദിശയിലുള്ള പ്രധാന ചുവടുവയ്പ്പാണ്.
1984-ൽ അവസാനമായി സുപ്രധാനമായ ഭേദഗതികൾ വരുത്തിയതിന് ശേഷം ഡിജിറ്റൽ പൈറസി ഉൾപ്പെടെയുള്ള സിനിമാ പൈറസിക്കെതിരെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തുന്നതിനായി 40 വർഷത്തിന് ശേഷം നിയമം ഭേദഗതി ചെയ്തു എന്നത് ശ്രദ്ധേയമാണ്. കുറഞ്ഞത് 3 മാസം തടവും 3 ലക്ഷം രൂപ പിഴയും 3 വർഷം വരെ തടവും ഓഡിറ്റ് ചെയ്ത മൊത്ത ഉൽപ്പാദന ചെലവിന്റെ 5% വരെ പിഴയും ഭേദഗതിയിൽ ഉൾപ്പെടുന്നു.
ആർക്കൊക്കെ അപേക്ഷിക്കാം? : യഥാർഥ പകർപ്പവകാശ ഉടമയ്‌ക്കോ ഈ ആവശ്യത്തിനായി അവർ അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും വ്യക്തിക്കോ പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി നോഡൽ ഓഫീസർക്ക് അപേക്ഷ നൽകാം. പകർപ്പവകാശം കൈവശമില്ലാത്ത, അല്ലെങ്കിൽ, പകർപ്പവകാശ ഉടമയുടെ അംഗീകാരമില്ലാത്തതോ ആയ വ്യക്തിയാണ് പരാതി ഉന്നയിക്കുന്നതെങ്കിൽ, നിർദേശങ്ങൾ പുറപ്പെടുവിക്കുന്നതിന് മുമ്പ് പരാതിയുടെ സത്യാവസ്ഥ തീരുമാനിക്കുന്നതിന്, നോഡൽ ഓഫീസർക്ക് ഓരോ കേസിന്റെയും അടിസ്ഥാനത്തിൽ വാദം കേൾക്കാവുന്നതാണ്.
നിയമപ്രകാരം നോഡൽ ഓഫീസറിൽനിന്ന് നിർദേശങ്ങൾ ലഭിച്ച ശേഷം, 48 മണിക്കൂറിനുള്ളിൽ പൈറേറ്റഡ് ഉള്ളടക്കം ഹോസ്റ്റുചെയ്യുന്ന അത്തരം ഇന്റർനെറ്റ് ലിങ്കുകൾ നീക്കം ചെയ്യാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ബാധ്യസ്ഥമാണ്.
2023ലെ വർഷകാല സമ്മേളനത്തിൽ പാർലമെന്റ് പാസാക്കിയ സിനിമാറ്റോഗ്രാഫ് (ഭേദഗതി) നിയമം, 2023 (2023 ലെ 12-ാമത്) ഫിലിം സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുകയും, ഇന്റർനെറ്റിൽ അനധികൃത പകർപ്പുകൾ കൈമാറുന്നതിലൂടെ സിനിമകളുടെ അനധികൃത റെക്കോർഡിങ്ങും പ്രദർശനവും ഫിലിം പൈറസിയും ഉൾപ്പെടെ പരിഹരിക്കുകയും പൈറസിക്ക് കർശനമായ പിഴ ചുമത്തുകയും ചെയ്യുന്നു. ഈ ഭേദഗതികൾ സിനിമാ പൈറസി പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്ന നിലവിലുള്ള നിയമങ്ങളുമായി (1957ലെ പകർപ്പവകാശ നിയമവും 2000ലെ വിവരസാങ്കേതിക (ഐടി) നിയമവും) പൊരുത്തപ്പെടുന്നതാണ്.
1952-ലെ സിനിമാട്ടോഗ്രാഫ് നിയമത്തിൽ പുതുതായി ചേർത്ത ഭാഗം 6AB പ്രകാരം, ഈ നിയമപ്രകാരമോ അതിനു കീഴിലുള്ള നിയമങ്ങളിലോ ലൈസൻസ് നേടിയിട്ടില്ലാത്ത പ്രദർശനസ്ഥലത്ത്, ലാഭത്തിനായി പൊതുജനങ്ങൾക്കുവേണ്ടി പ്രദർശിപ്പിക്കുന്നതിന് ഏതെങ്കിലും സിനിമയുടെ നിയമം ലംഘിച്ചുള്ള പകർപ്പ് ഉപയോഗിക്കുകയോ അതിനായി പ്രേരിപ്പിക്കുകയോ ചെയ്യരുത്. 1957-ലെ പകർപ്പവകാശ നിയമം അല്ലെങ്കിൽ തൽക്കാലം നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം പകർപ്പവകാശ ലംഘനത്തിന് തുല്യമായ രീതിയിൽ ഉപയോഗിക്കരുത്. കൂടാതെ, സിനിമാറ്റോഗ്രാഫ് നിയമത്തിൽ പുതുതായി ചേർത്ത സെക്ഷൻ 7(1B)(ii) വകുപ്പിന് വിരുദ്ധമായ രീതിയിൽ ഇടനില പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിച്ച/ഹോസ്‌റ്റ് ചെയ്‌ത ലംഘനപ്പകർപ്പിലേക്കുള്ള പ്രാപ്യത നീക്കം ചെയ്യാനോ/പ്രവർത്തനരഹിതമാക്കാനോമുകളിൽ സൂചിപ്പിച്ച സെക്ഷൻ 6ABക്ക് വിരുദ്ധമായി ഗവൺമെന്റിന് ഉചിതമായ നടപടിയെടുക്കാം.