കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം തീവ്രവാദ ശക്തികളുടെ കേന്ദ്രമാണെന്ന മന്ത്രിയുടെ നിലപാടിനെയാണ് മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചത്. രാജീവ് ചന്ദ്രശേഖർ കൊടും വിഷമാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ഒരു വിടുവായൻ പറയുന്ന കാര്യമാണ് മന്ത്രി പറഞ്ഞത് എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിമർശിച്ചു.
സാധാരണ നിലയ്ക്ക് ഒരു വിടുവായൻ പറയുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞത്. അത് ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട കാര്യമല്ല. ഒരു വിഭാഗത്തെപ്പറ്റി പ്രചാരണം നടത്തി. പക്ഷേ കേരളം അങ്ങനെയല്ല. ഒരു വർഗീയതയോടും കേരളം വിട്ടുവീഴ്ച ചെയ്യില്ല. ഇന്ത്യ രാജ്യത്ത് തന്നെ ഒരു തുരുത്താണ് കേരളം. അത് ലോകവും രാജ്യവും അംഗീകരിച്ചതാണ്. അത് അദ്ദേഹത്തിന് മനസിലാകില്ല. കേരളത്തിൻ്റെ തനിമ കളയാൻ ആരെയും അനുവദിക്കില്ല. അദ്ദേഹം വെറും വിഷമല്ല, കൊടും വിഷം. അത് അദ്ദേഹത്തിന് ഒരു അലങ്കാരമാണ് എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
മാർട്ടിൻ സമ്മതിച്ച കാര്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മറ്റു മാനം ഉണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കും. കേരളത്തിന്‍റെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. ചികിത്സയിൽ കഴിയുന്നവരുടെ ചിലവ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ല. ഇത്തരം കാര്യങ്ങളിൽ സംസ്ഥാനം മാതൃകാപരമായ രീതിയാണ് സ്വീകരിച്ചു വരുന്നത് എന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകത സൗഹാർദവും സാഹോദര്യവും ആണ്.
സ്ഫോടനം നടന്ന കളമശ്ശേരി സമ്ര കൺവെൻഷൻ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു സ്ഥിതിഗതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിലയിരുത്തി. മരിച്ച കുമാരിയുടെയും ലിയോണ പൗലോസിന്റെയും ബന്ധുക്കളെ നേരിൽ കണ്ടു സംസാരിക്കുകയും അവരുടെ ദു:ഖത്തിൽ പങ്കു ചേരുകയും ചെയ്തു. തുടർന്നു മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുകയും അവർക്കാവശ്യമായ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അന്വേഷണം കുറ്റമറ്റ രീതിയിൽ മുന്നോട്ടു നീങ്ങുകയാണ്. അപകടകരമായ പ്രചരണങ്ങളും അനാവശ്യമായ വിവാദങ്ങളും ഒഴിവാക്കി സംയമനത്തോടെ ഈ സാഹചര്യത്തെ നേരിടാൻ എല്ലാവരോടും മുഖ്യമന്ത്രി പിണറായി വിജയൻഅഭ്യർത്ഥിച്ചു