Trending Now

കേരളീയം വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 29/10/2023)

 

കേരളീയം മാധ്യമസെമിനാർ; രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകരെത്തും

കേരളീയത്തിന്റെ ഭാഗമായുള്ള മാധ്യമ സെമിനാറിൽ രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകർ പാനലിസ്റ്റുകളാകും. കേരളത്തിലെ മാധ്യമങ്ങൾ എന്ന വിഷയത്തിൽ നവംബർ ആറിന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ സെൻട്രൽ സ്റ്റേഡിയത്തിലാണ് സെമിനാർ നടക്കുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് സംഘാടനം.

മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യൻ സ്‌കൂൾ ഓഫ് ജേണലിസം ചെയർമാനുമായ ശശികുമാർ, മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ്, ടെലിഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ. രാജഗോപാൽ, ഓപ്പൺ മാഗസിൻ എക്‌സിക്യൂട്ടീവ് എഡിറ്റർ എൻ.പി. ഉല്ലേഖ്, ദ് വയർ എഡിറ്റർ സീമ ചിസ്തി എന്നിങ്ങനെ രാജ്യത്തെ മാധ്യമമേഖലയിലെ പ്രമുഖരാണ് സെമിനാറിൽ പങ്കെടുക്കുന്നത്. മാധ്യമപ്രവർത്തകനും എം.പിയുമായ ജോൺ ബ്രിട്ടാസ് വിഷയാവതരണം നടത്തും.
മാധ്യമപ്രവർത്തകർ,മാധ്യമവിദ്യാർഥികൾ തുടങ്ങി മാധ്യമങ്ങളുമായി ബന്ധപ്പെട്ട സെമിനാറിൽ താൽപര്യമുള്ള പൊതുജനങ്ങൾക്കും സെമിനാറിൽ പങ്കാളികളാകാം.രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകരുമായി സംവദിക്കാനും പൊതുജനങ്ങൾക്ക് അവസരമുണ്ട്.

കേരളീയം ചലച്ചിത്രമേളയിൽ അഞ്ചു ക്ളാസിക് ചിത്രങ്ങളുടെ പുനരുദ്ധരിച്ച പതിപ്പുകൾ

കേരളീയത്തിന്റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മലയാള ചലച്ചിത്രമേളയിൽ അഞ്ച് ക്ളാസിക് ചിത്രങ്ങളുടെ പുനരുദ്ധരിച്ച പതിപ്പുകൾ പ്രദർശിപ്പിക്കും.ഓളവും തീരവും,യവനിക,വാസ്തുഹാര എന്നീ ചിത്രങ്ങളുടെ ടു കെ ഡിജിറ്റൽ റെസ്റ്ററേഷൻ ചെയ്ത പതിപ്പുകളും കുമ്മാട്ടി,തമ്പ് എന്നീ ചിത്രങ്ങളുടെ ഫോർ കെ പതിപ്പുകളുമാണ് പ്രദർശിപ്പിക്കുക.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചലച്ചിത്ര പൈതൃകസംരക്ഷണപദ്ധതിയുടെ ഭാഗമായി പുനരുദ്ധരിച്ച സിനിമകളാണ് പി.എൻ.മേനോന്റെ ‘ഓളവും തീരവും’,കെ.ജി ജോർജിന്റെ ‘യവനിക’,ജി.അരവിന്ദന്റെ ‘വാസ്തുഹാര’ എന്നീ ചിത്രങ്ങൾ.

മലയാള സിനിമയെ ആദ്യമായി വാതിൽപ്പുറങ്ങളിലേക്കു കൊണ്ടുപോയ ചിത്രം,നവതരംഗത്തിന് അടിത്തറ പാകിയ ചിത്രം എന്നീ നിലകളിൽ ചലച്ചിത്ര ചരിത്രത്തിൽ നിർണായപ്രാധാന്യമുള്ള ‘ഓളവും തീരവും’ അക്കാദമിയുടെ ഡിജിറ്റൽ റെസ്റ്ററേഷൻ പദ്ധതിയിലെ ആദ്യസംരംഭമാണ്.മലയാളത്തിലെ ലക്ഷണമൊത്ത കുറ്റാന്വേഷണ ചിത്രം എന്ന ഖ്യാതിയുള്ള സിനിമയാണ് ‘യവനിക’.മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും നേടിയ ചിത്രമാണ് ‘വാസ്തുഹാര’.ഓളവും തീരവും നവംബർ നാലിനും വാസ്തുഹാര അഞ്ചിനും യവനിക ആറിനും ശ്രീ തിയേറ്ററിൽ പ്രദർശിപ്പിക്കും.

ഇന്ത്യയുടെ ചലച്ചിത്ര പൈതൃക സംരക്ഷണത്തിനായി ഡോക്യുമെന്ററി സംവിധായകൻ ശിവേന്ദ്രസിംഗ് ദുംഗാർപുർ സ്ഥാപിച്ച ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് തമ്പ്,കുമ്മാട്ടി എന്നീ ചിത്രങ്ങൾ ഫോർകെ റെസലൂഷനിൽ പുനരുദ്ധരിച്ചിരിക്കുന്നത്.ഈയിടെ അന്തരിച്ച ചലച്ചിത്രനിർമ്മാതാവ് ജനറൽ പിക്ചേഴ്സ് രവിക്കുള്ള ആദരമെന്ന നിലയിൽ ‘കുമ്മാട്ടി’ നവംബർ രണ്ടിന് നിളയിലും ‘തമ്പ്’ മൂന്നിന് ശ്രീയിലും പ്രദർശിപ്പിക്കും.

ഏഴു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ആകെ 100 ചിത്രങ്ങൾ പ്രദർശിപ്പിക്കും.ക്ളാസിക് ചിത്രങ്ങൾ, കുട്ടികളുടെ ചിത്രങ്ങൾ,സ്ത്രീപക്ഷ സിനിമകൾ,ജനപ്രിയ ചിത്രങ്ങൾ,ഡോക്യുമെന്ററികൾ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം.തിയേറ്ററിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

കേരളീയത്തിന്റെ ആകാശവിളംബരവുമായി ഫ്‌ളൈ പാസ്റ്റ്

മലയാളത്തിന്റെ മഹോത്സവമായെത്തുന്ന കേരളീയത്തിന്റെ വരവറിയിച്ച് (ഒക്‌ടോബർ 29) തിരുവനന്തപുരം നഗരത്തിനു മുകളിലൂടെ എൻ.സി.സി. വിമാനത്തിന്റെ ഫ്‌ളൈ പാസ്റ്റ്.നാളെ വൈകിട്ട് നാലരയ്ക്കാണ് ആദ്യ ഫ്‌ളൈ പാസ്റ്റ്.കേരളീയത്തിനു തിരശീല വീഴുന്ന നവംബർ ഏഴുവരെ നഗരത്തിൽ എൻ.സി.സി.പരിശീലനവിമാനത്തിലുള്ള ഫ്‌ളൈ പാസ്റ്റ് നടക്കും.കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ട് മുതൽ കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനം വരെയുള്ള നഗരപ്രദേശത്തിലൂടെ എൻ.സി.സി.വിമാനം താഴ്ന്നുപറന്നായിരിക്കും കേരളീയത്തിന്റെ ആകാശവിളംബരം നടത്തുന്നത്.

പൂക്കാലം വന്നൂ …. പൂക്കാലം…..

ആറുവേദികളിലായി നഗരം നിറഞ്ഞ് പൂക്കാലം
ആറിടത്ത് പുഷ്പ ഇന്‍സ്റ്റലേഷനുകള്‍,ഏഴിടത്ത് പുഷ്പം കൊണ്ടുള്ള വിളംബരസ്തംഭങ്ങള്‍

നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയം 2023 ആഘോഷ പരിപാടികളുടെ ഭാഗമായി ആറുവേദികളിലായി പുഷ്പോത്സവം ഉണ്ടാകുമെന്നു കാര്‍ഷികവികസന-കര്‍ഷകക്ഷേമവകുപ്പുമന്ത്രി പി.പ്രസാദ്.കേരളീയത്തിലെ പുഷ്പമേളയുമായി ബന്ധപ്പെട്ട് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പുത്തരിക്കണ്ടം,സെന്‍ട്രല്‍ സ്റ്റേഡിയം,കനകക്കുന്ന്,അയ്യങ്കാളി ഹാള്‍, എല്‍.എം.എസ്.കോമ്പൗണ്ട്,ജവഹര്‍ ബാലഭവന്‍ എന്നീ വേദികളിലാണ് പുഷ്പോത്സവം.

നഗരത്തിലെ അഞ്ചുവേദികളിലെ പ്രധാനകേന്ദ്രങ്ങളില്‍ കേരളത്തിന്റെ തനിമയും സംസ്‌ക്കാരവും വിളിച്ചോതുന്ന ആറു പുഷ്പ ഇന്‍സ്റ്റലേഷനുകളും ഉണ്ടാകും. കേരളീയത്തിന്റെ ഉദ്ഘാടനചടങ്ങിനു മുന്നോടിയായി ഒക്ടോബര്‍ 29 മുതല്‍ നഗരത്തിലെ ഏഴു പ്രധാന ജങ്ഷനുകളില്‍ പൂക്കള്‍ കൊണ്ടുള്ള വിളംബരസ്തംഭംങ്ങളും സ്ഥാപിക്കും.

ഒരു ലക്ഷത്തോളം ചെടികളാണ് കനകക്കുന്നിലും മറ്റ് അഞ്ചുവേദികളിലുമായി എത്തുന്നത്.ഇതോടൊപ്പം പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മ്യൂസിയം, സൂ, സെക്രട്ടേറിയറ്റ്, വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, കാര്‍ഷിക സര്‍വകലാശാല, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, പൂജപ്പുര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങള്‍ അവരുടെ പ്രദര്‍ശനവുമായി കേരളീയം പുഷ്പമേളയില്‍ എത്തുന്നുണ്ട്.

റോസ്,ഓര്‍ക്കിഡ് എന്നിവയുടെ പ്രത്യേക പവലിയന്‍ പുഷ്പമേളയ്ക്ക് മാറ്റുകൂട്ടും.കനകക്കുന്നില്‍ പുഷ്പങ്ങളുടെ അലങ്കാരവും ഫ്‌ളോറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരുടെ മത്സരങ്ങളും ഉണ്ടാകും.കേരളീയം പുഷ്പോത്സവ കമ്മിറ്റ ചെയര്‍മാനായ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു,കണ്‍വീനര്‍ ഡോ.എസ്. പ്രദീപ്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പുഷ്പമേള വേദികള്‍
1.പുത്തരിക്കണ്ടം ഇ.കെ.നായനാര്‍ പാര്‍ക്ക്:
സസ്യ പുഷ്പ പ്രദര്‍ശനം
2.എല്‍.എം.എസ് കോമ്പൗണ്ടിന്റെ താഴത്തെ ഭാഗം:
പഴവര്‍ഗ്ഗ ചെടികള്‍
3.സെന്‍ട്രല്‍ സ്റ്റേഡിയം ഗേറ്റിനടുത്തും വശങ്ങളിലും:
സസ്യ പുഷ്പ പ്രദര്‍ശനം

4.കനകക്കുന്ന്:
ഇടതു വശത്തെ പ്രവേശന കവാടത്തില്‍ നിന്ന് ടാര്‍ റോഡിലൂടെ,ഇന്റര്‍ലോക്ക് പാത വഴി ഫ്‌ളാഗ് പോസ്റ്റിലെത്തുന്നത് വരെ സസ്യ പുഷ്പ പ്രദര്‍ശനം, പുഷ്പ അലങ്കാരം,വെജിറ്റബിള്‍ കാര്‍വിങ്,മത്സരങ്ങള്‍ മുതലായവ.
സൂര്യകാന്തി ഗേറ്റിനു സമീപം സസ്യ പുഷ്പ പ്രദര്‍ശനവും വില്‍പ്പനയും.
5.അയ്യങ്കാളി ഹാള്‍:ഹാളിനു പുറത്ത് ബോണ്‍സായ് ചെടികള്‍,സസ്യ പുഷ്പ പ്രദര്‍ശനം
6.ജവഹര്‍ ബാലഭവന്‍:പ്രധാന കവാടത്തില്‍ നിന്ന് സെക്യൂരിറ്റി ഓഫീസിലേക്കുള്ള വഴിയില്‍ ഔഷധസസ്യങ്ങള്‍.

പുഷ്പ ഇന്‍സ്റ്റലേഷനുകള്‍
1.കനകക്കുന്ന്:കടുവ
2.കനകക്കുന്ന്:ആഞ്ഞിലി മരത്തിനു താഴെ,ഫ്‌ളാഗ് പോസ്റ്റിന് സമീപത്തായി ഗാന്ധിജി.
3.പുത്തരിക്കണ്ടം(ഇ.കെ.നായനാര്‍ പാര്‍ക്ക്)ആര്‍ച്ചിനു പുറത്ത്:ചുണ്ടന്‍ വള്ളം
4.ടാഗോര്‍ തിയറ്റര്‍:പ്രധാന കവാടത്തിന് അകത്ത് തെയ്യം
5.എല്‍.എം.എസ്:പള്ളിയുടെ മുന്‍പില്‍;വേഴാമ്പല്‍
6.സെന്‍ട്രല്‍ സ്റ്റേഡിയം:മുഖ്യ വേദിക്കു സമീപം:കേരളീയം ലോഗോ.

വിളംബരസ്തംഭങ്ങള്‍
1.വെള്ളയമ്പലം:കെല്‍ട്രോണ്‍ പ്രധാന കവാടത്തിനു സമീപം.
2.കനകക്കുന്ന്: റോഡരികില്‍,കൊട്ടാര ഗേറ്റിന്റെ വലതുവശം.
3.എല്‍.എം.എസ്:രാമറാവു ലാംപ്
4.പി.എം.ജി സ്റ്റേഡിയത്തിനു മുന്നില്‍
5.പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം
6.സ്റ്റാച്യു മാധവറാവു പ്രതിമയ്ക്ക് സമീപം
7.തമ്പാനൂര്‍:പൊന്നറ ശ്രീധര്‍ പാര്‍ക്ക്

അനന്തപുരിയുടെ രാവുകള്‍ക്കിനി ദീപാലങ്കാരത്തിന്റെ നിറച്ചാര്‍ത്ത്

ലേസര്‍ മാന്‍ ഷോ,അള്‍ട്രാ വലയറ്റ് ഷോ,ട്രോണ്‍സ് ഡാന്‍സ് എന്നിവ നഗരത്തിലാദ്യം
പ്രത്യേക തീമുകളിലൊരുക്കിയ സെല്‍ഫി കോര്‍ണറുകള്‍

കേരളത്തിന്റെ നേട്ടങ്ങള്‍ നിറയുന്ന ആഘോഷമായി നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമായി കാഴ്ചയുടെ എണ്ണമറ്റ കൗതുകങ്ങള്‍ക്ക് സ്വിച്ചിടുന്നതാകും വൈദ്യുതദീപാലങ്കാര പ്രദര്‍ശനമെന്ന് വൈദ്യുതി വകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടി. കേരളീയത്തിന്റെ മുഖ്യആകര്‍ഷണങ്ങളിലൊന്നായ ഇല്യൂമിനേഷനുമായി ബന്ധപ്പെട്ട് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നഗരം ഇന്നേ വരെ സാക്ഷ്യം വഹിക്കാത്ത നിരവധി വിസ്മയകാഴ്ചകളുമായാണ് കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ കേരളീയം വൈദ്യുത ദീപാലങ്കാരം ഒരുങ്ങുന്നത്.കനകക്കുന്ന്,സെന്‍ട്രല്‍ സ്റ്റേഡിയം, മ്യൂസിയം കോമ്പൗണ്ട്, ടാഗോര്‍ തിയറ്റര്‍, സെക്രട്ടേറിയറ്റും അനക്സുകളും, പുത്തരിക്കണ്ടം മൈതാനം, ഗാന്ധി പാര്‍ക്ക്, നായനാര്‍ പാര്‍ക്ക് എന്നീ വേദികള്‍ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുതദീപങ്ങളാല്‍ അലംകൃതമാകും. കേരളീയത്തിന്റെ പ്രധാന വേദികളിലൊന്നായ കനകക്കുന്നില്‍ പ്രത്യേകമായ തയ്യാറാക്കിയ ദീപാലങ്കാരമാകും സ്ഥാപിക്കുക.കേരളീയത്തിന്റെ കൂറ്റന്‍ ലോഗോയുടെ പ്രകാശിതരൂപമായിരിക്കും കനകക്കുന്നിലെ പ്രധാന ആകര്‍ഷണം.ലേസര്‍ മാന്‍ ഷോ കേരളീയത്തിലെത്തുന്നവരുടെ മനം കവരും.ഡി.ജെ സംഗീതത്തിന്റെ അകമ്പടിയോടെ ലേസര്‍ രശ്മികള്‍ക്കൊപ്പം നൃത്തം വയ്ക്കുന്ന ഷോ തിരുവനന്തപുരത്തിന് നവ്യനുഭമാകും.

അള്‍ട്രാ വയലറ്റ് രശ്മികള്‍ കൊണ്ടലങ്കരിച്ച വേദിയില്‍ കലാകാരന്മാര്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന യു.വി സ്റ്റേജ് ഷോ,എല്‍.ഇ.ഡി ബള്‍ബുകളാല്‍ പ്രകാശിതമായ പ്രത്യേക വസ്ത്രം ധരിച്ചെത്തുന്ന നര്‍ത്തകര്‍ സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ട്രോണ്‍സ് ഡാന്‍സ് എന്നിവയും ഒരുക്കിയിട്ടുണ്ട്.പ്രധാന പരിപാടികളുടെ ഇടവേളകളില്‍ കനകക്കുന്നില്‍ തയാറാക്കിയ പ്രത്യേകവേദിയിലാണ് ട്രോണ്‍സ് ഡാന്‍സ് അവതരിപ്പിക്കുക.

ഇതിനു പുറമെ പ്രത്യേക ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ദീപക്കാഴ്ചകളാല്‍ കനകക്കുന്നില്‍ തയ്യാറാക്കിയ വിവിധ സെല്‍ഫി പോയിന്റുകളും സന്ദര്‍ശകരുടെ ഫേവറിറ്റ് സ്പോട്ടായി മാറും.പ്രശസ്ത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ കോര്‍ത്തിണക്കിയ ഇന്‍സ്റ്റലേഷനൊപ്പം അദ്ദേഹത്തിന്റെ പ്രധാന കൃതികളിലൊന്നായ നീലവെളിച്ചം പ്രമേയമാക്കി ഒരുക്കുന്ന സെല്‍ഫി പോയിന്റാണ് ഇതിലൊന്ന്.വടക്കന്‍ കേരളത്തിലെ തെയ്യം പ്രമേയമാക്കി കണ്ണൂരില്‍ നിന്നുള്ള ‘കാവി’ന്റെ തീമും ഒരുക്കും.

ടാഗോര്‍ തിയറ്ററില്‍ മൂണ്‍ ലൈറ്റുകള്‍ നിലാ നടത്തത്തിന് വഴിയൊരുക്കും.മ്യൂസിയത്തില്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിനായി മൃഗങ്ങളുടെയും ചിത്രലഭങ്ങളുടെയും രൂപത്തിലുള്ള വൈദ്യുതാലങ്കാരങ്ങള്‍ തീര്‍ക്കും.നിര്‍മാണ ചാരുതയെ എടുത്തറിയിക്കുന്ന വിധത്തിലുള്ള നിറങ്ങളും വെളിച്ചവും അണിനിരത്തിയാണ് സെക്രട്ടേറിയറ്റിലെ ദീപാലങ്കാരം.

കേരളം സമസ്ത മേഖലകളിലും കൈവരിച്ച നേട്ടങ്ങളെ പ്രദര്‍ശിപ്പിക്കുന്ന കൂറ്റന്‍ ബലൂണുകളാല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ രാത്രിക്കാഴ്ച നവ്യാനുഭൂതിയാകും. വിവിധ തല ത്തിലുള്ള പൂക്കളുടെ ആകൃതിയില്‍ തയ്യാറാക്കുന്ന ദീപാലങ്കാരമാണ് പുത്തരിക്കണ്ടത്തെ നായനാര്‍ പാര്‍ക്കിലെത്തുന്ന സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

കവടിയാര്‍- തൈക്കാട്,വെള്ളയമ്പലം-എല്‍.എം.എസ്, യൂണിവേഴ്സിറ്റി-പാളയം,എല്‍.എം.എസ്-സ്റ്റാച്യൂ- കിഴക്കേകോട്ട എന്നീ റോഡുകളില്‍ ആറു വ്യത്യസ്ത തീമുകളിലുള്ള ദീപാലങ്കാരമാണ് ഒരുക്കുന്നത്. ഓണം വാരാഘോഷങ്ങളുടേതില്‍ നിന്നു വ്യത്യസ്തമായി പ്രധാന ജംഗ്ഷനുകളില്‍ കൂടുതല്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിച്ച് നഗരസൗന്ദര്യം കൂടുതല്‍ എടുത്തുകാണിക്കുന്ന രീതിയിലാണ് ഇത്തവണത്തെ സജ്ജീകരണങ്ങള്‍.ഇതിനുപുറമേ സ്മാര്‍ട്ട് സിറ്റി, കെ.എസ്.ഇ.ബി,തിരുവനന്തപുരം കോര്‍പറേഷന്‍ തുടങ്ങിയവരുടെ സഹകരണത്തോടെ നഗരത്തിലെ എല്ലാ പ്രതിമകളിലും ദീപാലങ്കാരം നടത്തും. കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന വൈദ്യുത ദീപാലങ്കാരത്തിന്റെ അവസാന മിനുക്കുപണികളാണ് നിലവില്‍ നടക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ ആരാധാനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പൗരാണിക കെട്ടിടങ്ങളില്‍ രാത്രിയില്‍ പ്രത്യേക ദീപാലങ്കാരം നടത്തി ആകര്‍ഷകമാകുന്ന വിനോദസഞ്ചാര വകുപ്പിന്റെ തിരുവിതാംകൂര്‍ ഹെറിറ്റേജ് സര്‍ക്യൂട് പദ്ധതിയും കേരളീയം മഹോത്സവത്തിന് മുമ്പ് പൂര്‍ത്തിയാകും.

ഇല്യൂമിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ, കണ്‍വീനര്‍ ഡി.ടി.പി.സി.സെക്രട്ടറി ഷാരോണ്‍ വീട്ടില്‍, കെ.എസ്.ഇ.ബി സിവില്‍ ജനറേഷന്‍ ഡയറക്ടര്‍ സി. രാധാകൃഷ്ണന്‍, കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍ ആര്‍.ആര്‍. ബിജു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കേരളീയത്തിൽ ‘അടയാളം’ ഫോട്ടോ മത്സരം

കേരളീയം പരിപാടിയോടനുബന്ധിച്ച് കേരളത്തിലെ ചരിത്ര സ്മാരകങ്ങളുടെ ചിത്രങ്ങൾ എന്ന വിഷയത്തിൽ പൊതുജനങ്ങൾക്കായി അടയാളം എന്ന പേരിൽ ഫോട്ടോ മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് ഒന്നാംസമ്മാനമായി 15,000 രൂപ, രണ്ടാം സമ്മാനമായി 10,000 രൂപ, മൂന്നാം സമ്മാനമായി 5000 രൂപ, മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവയും ലഭിക്കും.

keraleeyam.kerala.gov.inൽ രജിസ്റ്റർ ചെയ്ത് അടയാളം ഫോട്ടോ മത്സരത്തിൽ പങ്കെടുക്കാം. ചിത്രങ്ങൾ വെബ്‌സൈറ്റിലാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ലാൻഡ്‌സ്‌കേപ്പ് മോഡിലുളള ചിത്രങ്ങളാണ് അയക്കേണ്ടത്. ജെപെഗ് ഫോർമാറ്റാകണം.15 എം ബിയിൽ കൂടരുത്. ചിത്രത്തിനൊപ്പം ചരിത്രസ്ഥലത്തെ സംബന്ധിച്ച ഒരു കുറിപ്പും രേഖപ്പെടുത്തണം. മൊബൈലിലോ ക്യാമറയിലോ എടുത്ത ചിത്രങ്ങൾ മത്സരത്തിനായി അയക്കാം. യാതൊരു തരത്തിലുളള എഡിറ്റിങ്ങും പാടില്ല. പ്രസിദ്ധീകരിച്ചിട്ടുള്ള ചിത്രങ്ങൾ പരിഗണിക്കില്ല. ഫോട്ടോ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ മൂന്ന്.

 

error: Content is protected !!