konnivartha.com/ കോന്നി : പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ റവന്യൂ ജില്ലാ സർഗോത്സവം നീയെൻ സർഗ സൗന്ദര്യമേ- 2023 നാളെ കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.
ഏഴ് വേദികളിലായി ഏഴ് ശിൽപശാലകളാണ് നടക്കുക. കോന്നിയുടെ കലാ സാഹിത്യ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഏഴ് വ്യക്തികളുടെ പേരിലാണ് ഹാളുകൾ ക്രമീകരിച്ചിട്ടുള്ളത്.
കോന്നിയൂർ മീനാക്ഷിയമ്മ ഹാളിൽ ചിത്രരചന, കോന്നിയൂർ രാധാകൃഷ്ണൻ (മാധവശേരിൽ) ഹാളിൽ കവിതാ രചന, കോന്നിയൂർ ഭാസ് ഹാളിൽ അഭിനയം, ഗുരു നിത്യചൈതന്യയതി ഹാളിൽ പുസ്തകാസ്വാദന ശിൽപശാല, കോന്നിയൂർ ആർ നരേന്ദ്രനാഥ് ഹാളിൽ കഥാ രചന, കോന്നിയൂർ രാധാകൃഷ്ണൻ ഹാളിൽ കാവ്യാലാപനശിൽപശാല, കോന്നിയൂർ രാഘവൻ നായർ ഹാളിൽ നാടൻ പാട്ട് ശിൽപശാല എന്നിവയാണ് നടക്കുക. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും വിജയികളായ 308 കുട്ടികളാണ് വിവിധ ശിൽപശാലകളിൽ മാറ്റുരയ്ക്കുന്നത്.
രാവിലെ 10 ന് അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ സർഗോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. അജയകുമാർ അധ്യക്ഷത വഹിക്കും. യുവ സാഹിത്യകാരി കുമാരി മിസ്രിയ നൗഷാദ് വിശിഷ്ടാതിഥിയായിരിക്കുമെന്നും സംഘാടക സമിതി ജനറൽ കൺവീനർ കോന്നി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ എസ്. സന്ധ്യ, വിദ്യാരംഗം ജില്ലാ കോർഡിനേറ്റർ ജി.ശ്രീരഞ്ജു, ഉപജില്ലാ കോർഡിനേറ്റർ വിനോദ് കുമാർ , സ്കൂൾ ഹെഡ് മാസ്റ്റർ ആർ.ശ്രീകുമാർ , ശൈലജ കുമാരി എന്നിവർ അറിയിച്ചു.