konnivartha.com: കൂട്ടായ്മകള്‍ പ്രദേശത്തിന്റെ വികസനം ലക്ഷ്യം വെച്ചുള്ളതാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം പെരുമ്പുളിയ്ക്കല്‍ തണല്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രദേശത്തെ സാംസ്‌കാരികരംഗത്തും സന്നദ്ധരംഗത്തും പുതിയ മാറ്റങ്ങള്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തണല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചടങ്ങില്‍ കേരളസര്‍ക്കാരിന്റെ നേത്രചികിത്സാ ക്യാമ്പില്‍ അര്‍ഹരായ മുപ്പത്തിരണ്ട് പേര്‍ക്ക് സൗജന്യമായി കണ്ണടകളും വിതരണം ചെയ്തു.
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷനായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എല്‍. അനിതകുമാരി , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ കെ സുരേഷ്, പ്രിയ ജ്യോതികുമാര്‍, വരിക്കോലില്‍ ദേവസ്വം പ്രസിഡന്റ് സുധീര്‍കുമാര്‍, ആര്‍ എന്‍ കുറുപ്പ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.