പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 20/10/2023)

 

വിദ്യാഭ്യാസ അവാര്‍ഡ്- 23 ജില്ലാതല വിതരണ ഉദ്ഘാടനം (21/10/2023)

2022-23 അധ്യയന വര്‍ഷം ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ ഉന്നത വിജയം കരസ്തമാക്കിയ ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യ പ്രഭാഷണം നടത്തും. നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. നഗരസഭാ കൗണ്‍സിലര്‍ സിന്ധു അനില്‍ , ബോര്‍ഡ് ഡയറക്ടര്‍മാരായ ടി.കെ ജേക്കബ്, വര്‍ഗീസ് ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

കേരള ബാങ്ക് റവന്യൂ റിക്കവറി അദാലത്ത് നടത്തി

കേരളാ ബാങ്ക്, റവന്യൂ വകുപ്പുമായി ചേര്‍ന്ന് കോഴഞ്ചേരി താലൂക്കിലെ റവന്യൂ റിക്കവറി കേസുകള്‍ തീര്‍പ്പാക്കുന്നതിന് വായ്പാ കുടിശിക നിവാരണമേള നടത്തി. പത്തനംതിട്ടയില്‍ നടത്തിയ അദാലത്തില്‍ 120 കുടിശിക വായ്പകളിലായി 3.50 കോടി രൂപയുടെ വായ്പകള്‍ തീര്‍പ്പാക്കുന്നതിന് തീരുമാനമായി. റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ ബി ജ്യോതി, പത്തനംതിട്ട റവന്യൂ റിക്കവറി തഹസില്‍ദാര്‍ ടി ബിനുരാജ്, കേരളാ ബാങ്ക് ഭരണസമിതി അംഗം എസ്. നിര്‍മ്മലാദേവി, കേരളാ ബാങ്ക് ഡി.ജി.എം എസ് ശ്രീദേവി എന്നിവര്‍ റിക്കവറി മേളക്ക് നേതൃത്വം നല്‍കി.

പരമാവധി ഇളവു നല്‍കി തീര്‍പ്പാക്കുന്ന കുടിശിക നിവാരണ മേളയുടെ കോന്നി താലൂക്കിലെ അദാലത്ത് 26നു രാവിലെ 10.30 മുതല്‍ കോന്നി പ്രിയദര്‍ശിനി ഹാളില്‍ നടക്കും. കേരള ബാങ്കില്‍ നിന്നും കുടിശിക വരുത്തിയിട്ടുള്ളവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

 

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ ( മലയാളം മീഡിയം ) (ബൈ ട്രാന്‍സ്ഫര്‍ ) (കാറ്റഗറി നം. 706/2022) തസ്തികയുടെ 29/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്ക പട്ടിക 18.10.23 ല്‍ പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ( അറബിക് ) ( എല്‍ പി എസ് – എന്‍ സി എ – ഇ/ബി/ടി ) കാറ്റഗറി നം. 690/2021) തസ്തികയുടെ 25/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്ക പട്ടിക 17.10.23 ല്‍ പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ഗതാഗത നിയന്ത്രണം

പയ്യനാമണ്‍- കപ്പക്കര റോഡില്‍ ടാറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ഇന്നു (21) മുതല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. വാഹനങ്ങള്‍ കുമ്പഴ വെട്ടൂര്‍ വഴി കോന്നി റോഡ് തിരിഞ്ഞു പോകേണ്ടതാണെന്നു പൊതുമരാമത്ത് കോന്നി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 7594975252.

ടെന്റര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള റാന്നി ഐ സി ഡി എസ് പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് നവംബര്‍ ഒന്നുമുതല്‍ 2024 ഒക്ടോബര്‍ 31 വരെയുള്ള കാലയളവിലേക്ക് നാലു ചക്രവാഹനം (കാര്‍ / ജീപ്പ് എസി ) മാസവാടകയ്ക്ക് നല്‍കുവാന്‍ താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്റര്‍ ക്ഷണിച്ചു. ടെന്റര്‍ സ്വീകരിക്കുന്ന അവസാന തീയതി 31 നു രണ്ടു വരെ. ഫോണ്‍: 04735 221568

സമപ്രായക്കാര്‍ക്കായി 400 കുട്ടിഡോക്ടര്‍മാര്‍ തയ്യാര്‍

കൗമാരക്കാരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വളര്‍ച്ചയും വികാസവും ലക്ഷ്യമാക്കി പിയര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം (കുട്ടിഡോക്ടര്‍ പരിപാടി) ജില്ലയില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 10 ആരോഗ്യ ബ്ലോക്കുകളില്‍ നിന്നും തെരഞ്ഞെടുത്ത 400 സ്‌കൂള്‍ കുട്ടികളുടെ പരിശീലനം പൂര്‍ത്തിയായി. കൗമാരക്കാരുടെ അടുക്കലേക്ക് പരിശീലനം ലഭിച്ച സമപ്രായക്കാരായ കുട്ടികളിലൂടെ സൗഹാര്‍ദ്ദപരമായി എത്തിച്ചേരുന്നതിനുളള പ്രത്യേക പദ്ധതിയാണ് പിയര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാം.

ആസൂത്രിതവും അല്ലാതെയുമുളള ആരോഗ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കൗമാരക്കാര്‍ക്കിടയില്‍ നടത്തുകയാണ് ഇതിന്റെ ലക്ഷ്യം. സ്‌കുളുകളില്‍ നിന്ന് നിശ്ചിത എണ്ണം ആണ്‍കുട്ടികളേയും, പെണ്‍കുട്ടികളേയും തെരഞ്ഞെടുക്കയാണ് ആദ്യ നടപടി. കൗമാരക്കാരെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളില്‍ ഈ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു.

മുതിര്‍ന്നവരോടോ, ആരോഗ്യപ്രവര്‍ത്തകരോടോ പങ്കുവെയ്ക്കാന്‍ മടിക്കുന്ന കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ നന്നായി മനസിലാക്കി അവരെ സഹായിക്കുന്ന വിശ്വസ്ത സുഹൃത്തായി ഈ കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു. അവരുടെ പ്രശ്‌നങ്ങളുടെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിച്ചുകൊണ്ടുതന്നെ വേണ്ട നിയമ-വൈദ്യ സഹായവും പിയര്‍ എഡ്യൂക്കേറ്റര്‍മാര്‍ ലഭ്യമാക്കുന്നു. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ആഫീസും, ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്നാണ് ജില്ലയില്‍ പരിപാടി നടപ്പാക്കുന്നത്. പരിപാടിയുടെ ഏകോപന ചുമതല രാഷ്ട്രീയ കിഷോര്‍ സ്വാസ്ഥ്യ കാര്യക്രം ജില്ലാ നോഡല്‍ ആഫീസര്‍ ഡോ.ബിബിന്‍ സാജനാണ്.

ക്വിസ് മത്സരം മാറ്റി വച്ചു

ജലജന്യരോഗം, പാനീയ ചികിത്സ, ഭക്ഷ്യസുരക്ഷ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ആഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ (21) നടത്താനിരുന്ന ക്വിസ് മത്സരം 28 നു രാവിലെ 11 നു നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) അറിയിച്ചു.

ഒന്നും, രണ്ടും, മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും നല്‍കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 9497709645, 9496109189 എന്നീ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

പ്രവേശനം തുടങ്ങുന്നു

പത്തനംതിട്ട എസ് ബി ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (ആര്‍ എസ് ഇ ടി ഐ) ആരംഭിക്കുന്ന സൗജന്യ സി സി റ്റി വി, സെക്യൂരിറ്റി അലാറം, സ്‌മോക്ക് ഡിറ്റെക്ടര്‍ എന്നിവയുടെ ഇന്‍സ്റ്റാലേഷന്‍, സര്‍വീസിംഗ് കോഴ്്‌സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8330010232, 04682 270243.

ശുചിത്വമിഷന്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം

മാലിന്യമുക്തംനവകേരളം, സ്വച്ഛതാഹിസേവ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശുചിത്വശീലങ്ങള്‍ വളര്‍ത്തുന്നതിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശുചിത്വമിഷന്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മാലിന്യമുക്തം നവകേരളം യാഥാര്‍ത്ഥ്യമാക്കുവാന്‍ പാഴ്‌വസ്തുക്കളുടെ ഉറവിടത്തിലുള്ള തരംതിരിവ്, ഉറവിടത്തില്‍ ജൈവമാലിന്യ സംസ്‌കരണം, ഹരിതചട്ട പാലനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും വലിച്ചെറിയല്‍, കത്തിക്കല്‍ എന്നിവ നിരുത്സാഹപ്പെടുത്തുന്നതിനും പൊതുഇടങ്ങളും ജലസ്രോതസുകളും വൃത്തിയായി പരിപാലിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് ഉതകുന്നതുമായ ആശയങ്ങള്‍ ശുചിത്വമിഷനുമായി പങ്കുവയ്ക്കുവാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നതിനും അവയില്‍ മികച്ചത് ശുചിത്വമിഷന്‍ നടത്തിവരുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനുമാണ് മത്സരം.

യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററിവിഭാഗത്തില്‍ സ്ലോഗന്‍(മുദ്രാവാക്യരചന), ലഘുലേഖ, രണ്ട് മിനിട്ട്‌വീഡിയോ, പോസ്റ്റര്‍ ഡിസൈന്‍, ഉപന്യാസം, ചിത്രരചന എന്നീമത്സരങ്ങളും എല്‍.പി വിഭാഗത്തില്‍ സ്ലോഗന്‍, ചിത്രരചന മത്സരങ്ങളുമാണ് നടക്കുന്നത്. ഓഫീസുകള്‍, പൊതുസ്ഥാപനങ്ങള്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങി പൊതുജനങ്ങള്‍ കൂടുന്ന എല്ലായിടത്തും മാലിന്യങ്ങള്‍ തരംതിരിച്ച്‌സൂക്ഷിക്കണം എന്ന ആശയത്തിന് പ്രചാരം നല്‍കുന്ന പോസ്റ്റര്‍ ഡിസൈനുകള്‍, മാലിന്യത്തിന്റെ അളവ് കുറക്കേണ്ടതിന്റെ പ്രാധാന്യം, ഹരിതചട്ടപാലനം ഇതിനെ എങ്ങനെ സഹായകമാകും എന്ന വിഷയത്തില്‍ ഉപന്യാസം, പാഴ്‌വസ്തുക്കള്‍ ഉറവിടത്തില്‍ തരംതിരിക്കുക, ജൈവമാലിന്യം സ്വന്തം നിലയില്‍ സംസ്‌കരിക്കുക, അജൈവമാലിന്യം ഹരിതകര്‍മ്മസേനക്ക് കൈമാറുകഅതുവഴി നമ്മുടെ പരിസരവും ജലാശയവും മനോഹരമായി നിലനിര്‍ത്തുക എന്ന വിഷയത്തില്‍ ചിത്രരചന എന്നിവയാണ് മത്സരങ്ങള്‍.
ആറു മത്സരങ്ങളിലും എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി എന്നിങ്ങനെ ഓരോ ഇനത്തിലുംആദ്യമൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 5000, 3500, 2000 രൂപ വീതം ജില്ലാതലത്തിലും സംസ്ഥാനതലത്തില്‍ ആദ്യമൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 10000, 7000, 4000 രൂപ വീതവും പാരിതോഷികം നല്‍കും.
മത്സരാര്‍ഥികള്‍ എന്‍ട്രികള്‍ https://contest.suchitwamission.org/ എന്ന പോര്‍ട്ടലില്‍ 30 ന് മുമ്പായി സമര്‍പ്പിക്കാം. ഫോണ്‍ : 8129557741, 0468 2322014

അഭിമുഖം നടത്തുന്നു

വനിതാ ശിശു വികസന വകുപ്പ് – പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് (സ്ത്രീകള്‍ക്കു മാത്രം) അഭിമുഖം നടത്തുന്നു. നവംബര്‍ മൂന്നിന് രാവിലെ 10:30 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അഭിമുഖം . ഒഴിവുകളുടെ എണ്ണം മൂന്ന്. പ്രായപരിധി 25 മുതല്‍ 45 വരെ. ഹോണറേറിയം 12000 രൂപ. പ്രവര്‍ത്തി സമയം 24 മണിക്കൂര്‍ ( ഷിഫ്റ്റ് അടിസ്ഥാനത്തില്‍).

യോഗ്യത: പത്താം ക്ലാസ് പാസ്/തത്തുല്യം. ഹോസ്റ്റല്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ കുക്ക്, ക്ലീനിംഗ് സ്റ്റാഫ് , ആശുപത്രി എന്നിവയിലുള്ള രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, ആധാര്‍ കാര്‍ഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും കൊണ്ടുവരണം. ഫോണ്‍: 0468 2329053

 

ഇന്റര്‍വ്യൂ

വനിതാ ശിശു വികസന വകുപ്പ് – പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് (സ്ത്രീകള്‍ക്കു മാത്രം) അഭിമുഖം നടത്തുന്നു. നവംബര്‍ മൂന്നിന് രാവിലെ 11: 30 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അഭിമുഖം .

ഒഴിവുകളുടെ എണ്ണം മൂന്ന്. പ്രായപരിധി 35 മുതല്‍ 55 വരെ. ഹോണറേറിയം 12000 രൂപ. പ്രവര്‍ത്തി സമയം 24 മണിക്കൂര്‍ ( ഷിഫ്റ്റ് അടിസ്ഥാനത്തില്‍).യോഗ്യത: പത്താം ക്ലാസ് പാസ്/തത്തുല്യം. സെക്യൂരിറ്റി ജോലിയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, കായിക ക്ഷമത അഭിലഷണീയം. ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, ആധാര്‍ കാര്‍ഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും കൊണ്ടുവരണം. ഫോണ്‍: 0468 2329053.

error: Content is protected !!