Trending Now

ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥാനമാറ്റം: പത്തനംതിട്ടയ്ക്ക് പുതിയ കലക്ടര്‍

 

konnivartha.com: ആറു ജില്ലകളിൽ പുതിയ കലക്ടർമാരെ നിയമിച്ചു കൊണ്ട് ഉത്തരവ് ഇറങ്ങി . കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂർ കലക്ടർമാർക്കാണ് മാറ്റം.കേരള സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എ.ഷിബുവാണ് പുതിയ പത്തനംതിട്ട കലക്ടർ.മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ എൻ.ദേവിദാസിനെ കൊല്ലത്തും ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി.സാമുവലിനെ ആലപ്പുഴയിലും കലക്ടർമാരായി നിയമിച്ചു.ഭക്ഷ്യ സുരക്ഷാ കമ്മിഷണർ വി.ആർ.വിനോദിനെ മലപ്പുറം കലക്ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസർ സ്‌നേഹിൽ കുമാർ സിങ്ങിനെ കോഴിക്കോട് കലക്ടറും പ്രവേശന പരീക്ഷാ കമ്മിഷണർ അരുൺ കെ.വിജയനെ കണ്ണൂർ കലക്ടറുമായി നിയമിച്ചു ഉത്തരവ് ഇറങ്ങി .

വിഴിഞ്ഞം രാജ്യാന്തര തുറമുഖ മാനേജിങ് ഡയറക്ടറായി അദീല അബ്ദുല്ലയ്ക്കു പകരം ദിവ്യ എസ്.അയ്യർക്കു ചുമതല നൽകി. തുറമുഖത്ത് ആദ്യ കപ്പൽ അടുത്തതിനു തൊട്ടു പിന്നാലെയാണു മാറ്റം. വിഴിഞ്ഞത്തിനു പുറമേ 3 ചുമതല കൂടി വഹിച്ചിരുന്ന അദീലയെ, ജോലി ഭാരം ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണു മാറ്റിയത്. കപ്പലിനു സ്വീകരണം നൽകുന്ന നാളത്തെ പരിപാടിക്കു ശേഷമേ അവർ ചുമതല ഒഴിയുകയുള്ളൂ=

പത്തനംതിട്ട കലക്ടർ ദിവ്യ എസ്.അയ്യരെ കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് ഡയറക്ടറാക്കി.പുറമേയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ അധികച്ചുമതല ദിവ്യയ്ക്കു നൽകിയിരിക്കുന്നത്

മലപ്പുറം കലക്ടർ വി.ആർ.പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറാക്കി. ന്യൂഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മിഷണർ സൗരഭ് ജെയിനിനെ തൊഴിൽ വകുപ്പു സെക്രട്ടറിയായി നിയമിച്ചു.സൈനിക ക്ഷേമം,വ്യവസായം (കശുവണ്ടി, കയർ, കൈത്തറി) സെക്രട്ടറിയുടെ അധികച്ചുമതലയുമുണ്ട്. തൊഴിൽ സെക്രട്ടറി അജിത് കുമാറിനെ കേരള ഹൗസ് റസിഡന്റ് കമ്മിഷണറാക്കി.ഭക്ഷ്യ,പൊതുവിതരണ സെക്രട്ടറിയുടെയും കാപ്പിറ്റൽ റീജൻ ഡവലപ്മെന്റ് പ്രോജക്ട്- 2 സ്പെഷൽ ഓഫിസറുടെയും അധികച്ചുമതല വഹിക്കും.കോളജ് വിദ്യാഭ്യാസ ഡയറക്ടർ കെ.സുധീറിനു പ്രവേശന പരീക്ഷാ കമ്മിഷണറുടെ അധികച്ചുമതല നൽകി.കൊല്ലം കലക്ടർ അഫ്‌സാന പർവീണാണു പുതിയ ഭക്ഷ്യ സുരക്ഷാ കമ്മിഷണർ. തിരുവനന്തപുരം സ്മാർട് സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ അധികച്ചുമതലയുമുണ്ട്. ആലപ്പുഴ കലക്ടർ ഹരിത വി.കുമാറിനെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറാക്കി.പൊതുഭരണ അഡീഷനൽ സെക്രട്ടറി എം.അഞ്ജനയ്ക്ക് പിന്നാക്ക വിഭാഗ വികസന കോർപറേഷൻ, പോട്ടറി മാനുഫാക്ചറിങ്,മാർക്കറ്റിങ് ആൻഡ് വെൽഫെയർ ഡവലപ്മെന്റ് കോർപറേഷൻ എംഡിമാരുടെ അധികച്ചുമതല നൽകി.പഞ്ചായത്ത് ഡയറക്ടർ എച്ച്.ദിനേശനെ വനിത, ശിശുവികസന വകുപ്പ് ഡയറക്ടറാക്കി.വനിതാ, ശിശു വികസന ഡയറക്ടർ ജി.പ്രിയങ്കയെ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാല്യുവേഷൻ ആൻഡ് മോണിറ്ററിങ് വകുപ്പ് ഡപ്യൂട്ടി സെക്രട്ടറിയും ഡയറക്ടറുമായി നിയമിച്ചു.

ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ അർജുൻ പാണ്ഡ്യനു ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറുടെ അധികച്ചുമതല നല്‍കി .കെടിഡിസി മാനേജിങ് ഡയറക്ടർ ശിഖ സുരേന്ദ്രനെ ആരോഗ്യ വകുപ്പു ഡപ്യൂട്ടി സെക്രട്ടറിയാക്കി. കെടിഡിസി എംഡിയുടെ അധികച്ചുമതലയും ഉണ്ട്. സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ചേതൻകുമാർ മീണയെ ഡൽഹി കേരള ഹൗസ് അഡീഷനൽ റസിഡന്റ് കമ്മിഷണറായി നിയമിച്ചു.ജല അതോറിറ്റി ജോയിന്റ് മാനേജിങ് ഡയറക്ടർ ഡോ.ദിനേശൻ ചെറുവത്തിനു ഭൂജല വകുപ്പു ഡയറക്ടറുടെ അധികച്ചുമതല നല്‍കി .

വ്യവസായ വകുപ്പിലെ ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി ആനി ജൂല തോമസിനു വ്യവസായ വികസന കോർപറേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെയും കയർ വകുപ്പ് ഡയറക്ടറുടെയും അധികച്ചുമതല നൽകി.