Trending Now

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 07/10/2023)

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത്
കേരളോത്സവത്തിന് തുടക്കമായി

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങളുടെ ഉദ്ഘാടനം എ.എം.എം.റ്റി.റ്റി.എം മാരാമണില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എസ് ബിനോയ് നിര്‍വഹിച്ചു.  യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറിന്‍ റോയ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  സിസിലി തോമസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  ജെസി മാത്യു, ജനപ്രതിനിധികളായ റെന്‍സിന്‍ കെ. രാജന്‍, അനിത ആര്‍ നായര്‍, അജിത റ്റി ജോര്‍ജ്ജ്, ലതാ ചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുമേഷ് കുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ ഗോഡ്വിന്‍ മാത്യു, ഗ്രാമ പഞ്ചായത്ത് ജീവനക്കാരായ ലെനി വില്‍സണ്‍, പി.വി പ്രദീപ് കുമാര്‍,  പി.വി പ്രതീഷ് കുമാര്‍ , അനീഷ് കോശി, പി.വൈ റിയാസ് അഹമ്മദ് , എം.സതീശന്‍ , മാത്യു യോഹനന്‍ എന്നിവര്‍ പങ്കെടുത്തു.
എട്ട്, 14  തീയതികളില്‍ കായിക മത്സരങ്ങള്‍ എ.എം.എം.റ്റി.റ്റി.ഐ, കോയിപ്രം ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം,കര്‍ഷക സംഘം ഗ്രൗണ്ട്, വൈ.എം.സി.എ, എം.ടി.എച്ച്.എസ് എന്നിവിടങ്ങളിലും കലാമത്സരങ്ങള്‍ ഒക്ടോബര്‍ 15 ന് എം.ടി.എച്ച്.എസ് കുറിയന്നൂരിലും നടക്കും.

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.  കോഴഞ്ചേരി സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. കലാ മത്സരങ്ങള്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടത്തും. സമാപന സമ്മേളനം ഒക്ടോബര്‍ ഒന്‍പതിന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടത്തും.  വൈസ് പ്രസിഡന്റ് മിനി സുരേഷ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജോ പി മാത്യു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമിത ഉദയകുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി കൊച്ചുതുണ്ടിയില്‍, വാര്‍ഡ്  അംഗങ്ങളായ ബിജിലി പി ഈശോ, സാലി ഫിലിപ്പ്, ഗീതു മുരളി, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.വി പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.

 

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 49.91 കോടിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നു; നിര്‍മ്മാണോദ്ഘാടനം നവംബര്‍ ആദ്യം

കാഷ്വാല്‍റ്റി ബ്ലോക്ക് പൊളിക്കും; കാഷ്വാല്‍റ്റി മാറ്റി ക്രമീകരിക്കും

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 49.91 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 23.75 കോടിയുടെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, 22.16 കോടിയുടെ പുതിയ ഒപി ബ്ലോക്ക് എന്നിവയുടെ നിര്‍മാണമാണ് ആരംഭിക്കുന്നത്. ഇതുകൂടാതെ 4 കോടി രൂപയുടെ ബി ആന്റ് സി ബ്ലോക്ക് നവീകരണവും നടക്കും.

 

ഇവയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. എത്രയും വേഗം നിര്‍മാണം ആരംഭിച്ച് സമയബന്ധിതമായി പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
മികച്ച അത്യാഹിത ചികിത്സ ഉറപ്പ് വരുത്താനാണ് ജനറല്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് യാഥാര്‍ത്ഥ്യമാക്കുന്നത്. ട്രയാജ് സംവിധാനം, നഴ്സിംഗ് സ്റ്റേഷന്‍, പരിശോധനാ മുറി, ഐസിയു, ട്രോമകെയര്‍ ഓപ്പറേഷന്‍ തീയറ്റര്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളുണ്ടാകും. വിവിധ ഒപി വിഭാഗങ്ങള്‍, വെയിറ്റിംഗ് ഏരിയ, ഫാര്‍മസി, നഴ്സിംഗ് സ്റ്റേഷന്‍, ലാബുകള്‍, ഇ ഹെല്‍ത്ത് എന്നിവയാണ് ഒപി ബ്ലോക്കില്‍ ഉണ്ടാകുക.

 

നിലവിലെ കാഷ്വാലിറ്റി കെട്ടിടം പൊളിച്ചാണ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് നിര്‍മിക്കുന്നത്. കാഷ്വാല്‍റ്റി മാറ്റി ക്രമീകരിക്കും. സ്ഥലപരിമിധി കാരണം കാഷ്വാലിറ്റി, കാര്‍ഡിയോളജി, കാത്ത് ലാബ് തുടങ്ങിയ അത്യാഹിത സേവനങ്ങളായിരിക്കും ജനറല്‍ ആശുപത്രിയില്‍ മറ്റൊരു സ്ഥലത്ത് പ്രവര്‍ത്തിക്കുക. മറ്റുള്ള ചികിത്സയ്ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തും. ശബരിമല സീസണില്‍ കാര്‍ഡിയോളജി, കാത്ത് ലാബ് സേവനം ലഭ്യമാക്കും. ശബരിമല വാര്‍ഡ് കോന്നി മെഡിക്കല്‍ കോളേജിലായിരിക്കും പ്രവര്‍ത്തിക്കുക. ബി ആന്റ് സി ബ്ലോക്ക് അടിയന്തര അറ്റകുറ്റപണികള്‍ക്കായി 4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ കെട്ടിടം നവീകരിച്ച ശേഷം ഈ കെട്ടിടത്തില്‍ പരമാവധി സൗകര്യങ്ങളൊരുക്കും

 

പി.എം.ജി.എസ്.വൈ അവലോകന യോഗം ചേര്‍ന്നു
പ്രധാന്‍ മന്ത്രി ഗ്രാമ സഡക് യോജനയുടെ (പി.എം.ജി.എസ്.വൈ) പത്തനംതിട്ട ജില്ലാതല അവലോകന യോഗം ചേര്‍ന്നു.  ജലജീവന്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും റോഡ് പ്രവൃത്തികളുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും യോഗത്തില്‍ ആന്റോ ആന്റണി എം.പി പറഞ്ഞു. ജില്ലയിലെ ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനം സംബന്ധിച്ച അവലോകന യോഗം ഈ മാസം ഒന്‍പതിനും  പി.എം.ജി.എസ്.വൈ റോഡുകളിലെ ജലജീവന്‍ പ്രവൃത്തികള്‍ സംബന്ധിച്ച വകുപ്പുകളുടെ സംയുക്തയോഗം 11നും നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.

 

പി.എം.ജി.എസ്.വൈ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 78 പ്രവൃത്തികളില്‍ 75 എണ്ണവും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 10 പ്രവൃത്തികള്‍ മുഴുവനും പൂര്‍ത്തിയായതായി പി.ഐ.യു പത്തനംതിട്ട എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മൂന്നാം ഘട്ടത്തിലെ പ്രവൃത്തികളായ പറക്കോട് ബ്ലോക്കിലെ തട്ടാരുപടി കൊയ്പ്പള്ളിമല റോഡ്, മാങ്കോട് എച്ച്എസ് – തിടി നിരത്തുപാറ റോഡ്, കോയിപ്രം ബ്ലോക്കിലെ ചെട്ടിമുക്ക് തടിയൂര്‍ വാളക്കുഴി നാരകത്താനി  റോഡ്, തേക്കുംകല്‍ ചിറപ്പുറം ഇലപ്പുങ്കല്‍ റോഡ്, റാന്നി ബ്ലോക്കിലെ വെണ്‍കുറിഞ്ഞി മാറാടം കവല മടത്തുംപടി റോഡ് എന്നിവയുടെ പുരോഗതിയും പുതിയ പ്രവൃത്തികളായ പറക്കോട് ബ്ലോക്കിലെ ആലുംമൂട് തെങ്ങമം റോഡ്, കോയിപ്രം ബ്ലോക്കിലെ പ്ലാങ്കമണ്‍ പൂവന്മല റോഡ്, പന്തളം ബ്ലോക്കിലെ വാഴ്‌വേലിപ്പടി കവലപ്ലാക്കല്‍ റോഡ്, മാലക്കര ആല്‍ത്തറപ്പടി ഏറാംകട റോഡ് എന്നിവയുടെ വിശദാംശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

 

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പിഐയു ജില്ലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ. സജിത, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

അദാലത്ത് 10 ന്
പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ  ഓഫീസില്‍  നിന്നും  സി.ബി.സി, പാറ്റേണ്‍  പദ്ധതികള്‍  പ്രകാരം  വായ്പയെടുത്തു  കുടിശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും  സ്ഥാപനങ്ങള്‍ക്കും  കുടിശിക തീര്‍പ്പാക്കുന്നതിനായി ഒക്ടോബര്‍  10 ന് കുടിശിക നിര്‍മാര്‍ജന അദാലത്ത് നടത്തും.  പത്തനംതിട്ട, കൊല്ലം ജില്ലകളിലുള്ളവര്‍ക്കായി  കൊല്ലം ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ രാവിലെ  11 മുതല്‍ നാലുവരെയാണ്  അദാലത്ത് നടത്തുന്നത്.
പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവര്‍  അദാലത്തില്‍  പങ്കെടുത്ത് പലിശ/പിഴപലിശ  എന്നിവയില്‍  ലഭിക്കുന്ന  ഇളവുകള്‍  ഉപയോഗപ്പെടുത്തി  വായ്പ തീര്‍പ്പാക്കുന്നതിനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തി  റവന്യൂ റിക്കവറി നടപടികളില്‍ നിന്ന്  ഒഴിവാകണമെന്ന്  പ്രോജക്ട് ഓഫീസര്‍ എം.വി  മനോജ്കുമാര്‍  അറിയിച്ചു.  ഫോണ്‍ :0468 2362070, ഇ.മെയില്‍ : [email protected]
(പിഎന്‍പി 3371/23)

ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ  സിഎച്ച്സി കാഞ്ഞീറ്റുകര, ബ്ലോക്ക് പിഎച്ച്സി വല്ലന എന്നിവിടങ്ങളില്‍ ആരംഭിച്ച പകല്‍ വീടുകളിലെ 20 രോഗികള്‍ക്ക് (ഒരു സെന്ററില്‍) ഭക്ഷണം നല്‍കുന്നതിന് താത്പര്യമുളള കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 16. ഫോണ്‍ : 0468 2214108.     (പിഎന്‍പി 3372/23)

ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി വല്ലന പകല്‍ വീട്ടിലെ  ഉപയോഗത്തിനായി ടാക്സി /ടൂറിസ്റ്റ് പെര്‍മിറ്റുളള ഒരു വാഹനം ഒക്ടോബര്‍ 19 മുതല്‍ 2024 മാര്‍ച്ച് 31 വരെ വാടകയ്ക്ക് നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 17 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 0468 2214108.     (പിഎന്‍പി 3373/23)

നെല്‍കൃഷി നടീല്‍ ഉദ്ഘാടനം നടന്നു
വളളിക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ 2023-24 വര്‍ഷത്തെ നെല്‍കൃഷി നടീല്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ കൈപ്പട്ടൂര്‍ കീകുളം ഏലായില്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ചാര്‍ളി,ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്ന രാജന്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ജോസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി  അംഗങ്ങളായ ജി.സുഭാഷ് എന്‍.ഗീതാകുമാരി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പത്മബാലന്‍, എം.വി സുധാകരന്‍, അഡ്വ. തോമസ് ജോസ് അയ്യനേത്ത്, ജി.ലക്ഷ്മി, കൃഷി ഓഫീസര്‍ രഞ്ജിത്ത് കുമാര്‍, കുടുംബശ്രീ വൈസ് ചെയര്‍പേഴ്സണ്‍ വിജയലക്ഷ്മി സുരേഷ്, പാടശേഖര സമിതി ഭാരവാഹികളായ പ്രമോദ് ചന്ദ്രന്‍, ടി.എസ് തോമസ്, രവീന്ദ്രന്‍ പിളള, കെ. വി ഫിലിപ്പ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഡ്രൈവര്‍ നിയമനം
റാന്നി പെരുനാട്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹന ഡ്രൈവര്‍ തസ്തികയിലേക്ക് ദിവസ വേതന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് 18 നും 41 നും ഇടയില്‍ പ്രായമുളളതും മതിയായ യോഗ്യതയും പ്രവൃത്തി പരിചയവുമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധരേഖകളും പഞ്ചായത്ത് ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 16. ഫോണ്‍ : 9496042659.     (പിഎന്‍പി 3375/23)

ജില്ലാതല സഹകാരി സംഗമം; യോഗം ചേര്‍ന്നു
പത്തനംതിട്ട ജില്ലയിലെ വായ്പാ സഹകരണ സംഘങ്ങള്‍, ബാങ്കുകളുടെ പ്രസിഡന്റുമാര്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍മാര്‍, പ്രമുഖ സഹകാരികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത യോഗം പത്തനംതിട്ട കേരള ബാങ്കിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.

സഹകരണ മേഖലയെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ നിക്ഷേപകരെ നേരില്‍ കണ്ട് ഈ മേഖല സുരക്ഷിതമാണെന്ന് ബോധ്യപ്പെടുത്തുന്നതിന് രാഷ്ട്രീയ കക്ഷിഭേദമന്യേ സഹകാരികളുടെയും ജീവനക്കാരുടെയും ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ഭവന സന്ദര്‍ശനം ഉള്‍പ്പെടയുളള  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇതിനായി ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ സഹകരണ സംരക്ഷണ മാസങ്ങളായി ആചരിക്കുന്നതിന് തീരുമാനിച്ചു.
ചടങ്ങില്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.പി ഹിരണ്‍, ഇ.എം.എസ് സഹകരണ ആശുപത്രി ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കെ.പി ഉദയഭാനു, മല്ലപ്പളളി- കോഴഞ്ചേരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍മാരായ പ്രൊഫ.ഡോ.ജേക്കബ് ജോര്‍ജ്,  പി.ജെ അജയകുമാര്‍, സംസ്ഥാന സഹകരണ യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഗോപകുമാര്‍, കേരളാ ബാങ്ക് ഡയറക്ടര്‍ നിര്‍മലാ ദേവി, ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, ഭരണസമിതി അംഗങ്ങള്‍, സെക്രട്ടറിമാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം) വി.ജി അജയകുമാര്‍, കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍  എ.എസ്. സജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളോത്സവം
പ്രമാടം ഗ്രാമപഞ്ചായത്ത് കേരളോത്സവം 21, 22 തീയതികളില്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി സഹിതം ഫോട്ടോ പതിപ്പിച്ച  നിര്‍ദ്ദിഷ്ട ഫോറത്തില്‍ 16 ന് വൈകുന്നേരം അഞ്ചിന് മുമ്പ് പഞ്ചായത്തില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0468 2242215, 2240175
പുതിയ അക്ഷയകേന്ദ്രത്തിന് അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍  ഒഴിവുള്ള  നാലു ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്ഥലങ്ങളുടെ പേര് ചുവടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പേര് ബ്രായ്ക്കറ്റില്‍. കരിയിലമുക്ക് ജംഗ്ഷന്‍ (കോയിപ്രം), ചേര്‍തോട്  ജംഗ്ഷന്‍ (മല്ലപ്പളളി), മഞ്ഞാടി ജംഗ്ഷന്‍ (തിരുവല്ല നഗരസഭ), പാലച്ചുവട് ജംഗ്ഷന്‍ (റാന്നി) എന്നീ ലൊക്കേഷനുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സാമൂഹ്യ പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുളള പ്ലസ് ടു /പ്രീ ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള 18 മുതല്‍  50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം http://akshayaexam.kerala.gov.in/aes/registration എന്ന ലിങ്കിലൂടെയും akshaya.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയും ഒക്ടോബര്‍ 20  വരെ അപേക്ഷിക്കാം.  ഡയറക്ടര്‍, അക്ഷയ, തിരുവനന്തപുരം എന്ന പേരില്‍ മാറാവുന്ന 750 രൂപയുടെ ഡി.ഡി സഹിതം ഓണ്‍ലൈനിലൂടെ അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ഡിഡിയും ഒക്ടോബര്‍ 28 ന് വൈകിട്ട് അഞ്ചിനകം പത്തനംതിട്ട ഹെലന്‍ പാര്‍ക്കില്‍  പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ (ജില്ലാ പ്രൊജക്ട് മാനേജര്‍, അക്ഷയ ജില്ലാ ഓഫീസ്, ഹെലന്‍ പാര്‍ക്ക്,പത്തനംതിട്ട-689645) തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍: 0468 2322706.

ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ വിദ്യാരംഭം
ഒക്ടോബര്‍ 24 വിജയദശമി ദിവസം രാവിലെ ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നു. പ്രശസ്തകവി ഏഴാച്ചേരി  രാമചന്ദ്രന്‍, റവ.ഫാദര്‍ കെ.സി. ഏബ്രഹാം കോട്ടാ മഠത്തില്‍, ഡോ. ബൈജു ഗംഗാധരന്‍ (ഡയറക്ടര്‍, കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ), ഡോ.കെ.ജി.സുരേഷ് പരുമല (കാര്‍ഡിയോളജിസ്റ്റ്) എന്നിവര്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. വിദ്യാരംഭ ചടങ്ങുകള്‍ക്കു ശേഷം കവിയരങ്ങും ഉണ്ടായിരിക്കും. കുട്ടികളുടെ പേരുകള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9447017264 ( സെക്രട്ടറി മൂലൂര്‍ സ്മാരകം )

error: Content is protected !!