
konnivartha.com: സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന ഹിന്ദി ഭാഷ പഠന പരിപോഷണ പരിപാടിക്ക് റാന്നിയിൽ തുടക്കമായി. പരിപാടിയുടെ ഉപജില്ലാതല ഉദ്ഘാടനം റാന്നി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷിജിത വി. ജെ നിർവഹിച്ചു. റാന്നി ബി.പി.സി ഷാജി എ.സലാം അധ്യക്ഷത വഹിച്ചു. ജില്ലാ ഹിന്ദി റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളായ ബിന്ദു ജി നായർ , ദീപ കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു.
അഞ്ചു മുതൽ എട്ട് വരെ ക്ലാസുകളിലെ പാഠഭാഗവുമായി ബന്ധപ്പെടുത്തി ഡിജിറ്റൽ കണ്ടൻറുകളുടെയും വർക്ക് ഷീറ്റുകളുടെയും ഉപയോഗം, ഹിന്ദി പാക്ഷാചരണവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടപ്പിലാക്കേണ്ട വിവിധ പരിപാടികൾ ആയ സുരീലി പത്രിക,സുരീലി വാണി ,സുരീലി സഭ എന്നീ പ്രവർത്തനങ്ങൾക്കും ലക്ഷ്യമിടുന്നു.
ഹിന്ദി പ്രവർത്തനങ്ങളിലൂടെ ഹിന്ദി ഭാഷാ പഠനം മികവിലേക്ക് എത്തിക്കുന്നതിനായി അഞ്ചു മുതൽ എട്ടു വരെ ക്ലാസ്സുകൾക്ക് മോഡ്യൂളുകളും പ്രവർത്തന പാക്കേജുകളും തയ്യാറാക്കി അധ്യാപകരെ പരിചയപ്പെടുത്തി ഘട്ടംഘട്ടമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് റാന്നി ബിപിസി ഷാജി എ.സലാം പറഞ്ഞു.