Trending Now

മത്തിയുടെ ജനിതകരഹസ്യം സ്വന്തമാക്കി സിഎംഎഫ്ആർഐ

Spread the love

 

konnivartha.com: സമുദ്രമത്സ്യ ജനിതക പഠനത്തിൽ നിർണായക ചുവടുവെയ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ജനിതകഘടനയുടെ (ജീനോം) സമ്പൂർണ ശ്രേണീകരണമെന്ന അപൂർവനേട്ടമാണ് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലാദ്യമായാണ് ഒരു കടൽമത്സ്യത്തിന്റെ ജനിതകഘടന കണ്ടെത്തുന്നത്.

ഇന്ത്യൻ സമുദ്രമത്സ്യ മേഖലയിലെ നാഴികക്കല്ലാണിതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. മത്തിയുടെ ഫലപ്രദമായ പരിപാലനത്തിന് ഏറെ സഹായകരമാകുന്നതാണ് ഈ ജനിതകരഹസ്യം. അവയുടെ പൂർണമായ ജീവശാസ്ത്രം, പരിണാമം എന്നിവ കൃത്യമായി മനസ്സിലാക്കാനാകും. ഇത് മത്തിയുടെ പരിപാലനവും സംരക്ഷണവും കൂടുതൽ എളുപ്പമാക്കും. കാലാവസ്ഥാപഠനം എളുപ്പമാകുകയും കടലിലെ ഏതൊക്കെതരം പ്രത്യേകതകളാണ് മത്തിയെ സ്വാധീനിക്കുന്നതെന്ന് തിരിച്ചറിയാനാകുകയും ചെയ്യും. ഇതുവഴി, ഇടയ്ക്കിടെയുണ്ടാകുന്ന മത്തിയുടെ ഏറ്റക്കുറച്ചിലുകൾക്ക് പിന്നിലെ കാരണങ്ങളറിയാനും സഹായകരം ആകും. കാലാവസ്ഥാവ്യതിയാനത്തെ തുടർന്ന് കടലിലുണ്ടാകുന്ന മാറ്റങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്ന മത്സ്യമാണ് മത്തി. ജനിതകരഹസ്യം സ്വന്തമായതോടെ കാലാവസ്ഥാവ്യതിയാനം ഏതൊക്കെ രീതിയിലാണ് സമുദ്രസമ്പത്തിന് ഭീഷണിയാകുന്നതെന്ന് കണ്ടെത്താനാകും.

സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘമാണ് പുതുതലമുറ ശ്രേണീകരണ സാങ്കേതിവിദ്യകളുപയോഗിച്ച് ഈ നേട്ടം സ്വന്തമാക്കിയത്.

അതിർത്തികൾകടന്നു സഞ്ചരിക്കുന്ന മീനായതിനാൽ സർട്ടിഫിക്കേഷൻ പോലുള്ളവയക്ക് മത്തിയുടെ ഉറവിടസ്ഥലമേതെന്ന് കണ്ടെത്താനും എവിടെനിന്ന് പിടിച്ചതാണെന്ന് തിരിച്ചറിയാനും ജനിതകവിവരങ്ങൾ സഹാകരമാകും. മത്തിയെന്ന് പൊതുവെ വിളിക്കപ്പെടുന്ന ഇന്ത്യൻ ഓയിൽ സാർഡിന്റെ രണ്ട് പ്രധാന സ്റ്റോക്കുകളാണ് (വംശം) ശാസ്ത്രജ്ഞർ ഈ പഠനത്തിലൂടെ കണ്ടെത്തിയത്. ഇന്ത്യ, ഒമാൻ തീരങ്ങളിലുളളവയാണ് ഈ രണ്ട് സ്റ്റോക്കുകൾ.

error: Content is protected !!