Trending Now

ജി20 ഉച്ചകോടി( സെപ്തംബർ 9, 10 ): ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി

 

ജി20 ഉച്ചകോടി സമ്മേളനത്തിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യ. വിവിധ രാജ്യങ്ങളുടെ തലവൻമാർ ഉൾപ്പെടെയുള്ള ആഗോള പ്രതിനിധികളുടെ സാന്നിധ്യം ഉള്ളതിനാൽ തന്നെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ കർശന സുരക്ഷാ നടപടികളാണ് തലസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്. ജി 20 എന്നത് ലോകത്തിലെ പ്രധാന വികസിതവും വികസ്വരവുമായ സമ്പദ്‌വ്യവസ്ഥകളുള്ള രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുടെ വാർഷിക യോഗമാണ്. അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, തുർക്കി, യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളാണ് ജി 20 ഉച്ചകോടിയിലെ അംഗങ്ങൾ.

സുരക്ഷക്കായി ഡൽഹി പോലീസിനെയും മറ്റ് അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചു കഴിഞ്ഞു. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്‌ഠിത ക്യാമറകൾ, സോഫ്‌റ്റ്‌വെയർ അലാറങ്ങൾ, ഡ്രോണുകൾ എന്നിവയിലൂടെ ഉച്ചകോടിയുടെ വേദിയിലെ ഓരോ ചലനങ്ങളും നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ബഹുനില കെട്ടിടങ്ങളിൽ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) കമാൻഡോകളെയും ആർമി സ്നൈപ്പർമാരെയും വിന്യസിക്കും. കൂടാതെ യുഎസ്, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളുടെ സുരക്ഷയ്ക്കായി, അതാത് രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളിലെ ഉദ്യോഗസ്ഥരും ഡൽഹിയിൽ എത്തി ചേർന്നിട്ടുണ്ട്. അമേരിക്കയുടെ സിഐഎ, യുകെയുടെ എംഐ-6, ചൈനയുടെ എംഎസ്എസ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യൻ എയർഫോഴ്‌സ്, എയർ ട്രാഫിക് കൺട്രോൾ (എടിസി), മറ്റ് ഏജൻസികൾ എന്നിവയുമായി ചേർന്ന് ദേശീയ സുരക്ഷാ ഗാർഡുകളും പ്രവർത്തിക്കും. കൂടാതെ 50 സിആര്‍പിഎഫ് ടീമുകളെയും ഡല്‍ഹിയില്‍ സുരക്ഷയ്ക്കായി ഒരുക്കും.ലോക നേതാക്കൾ പങ്കെടുക്കുന്ന ജി20 ഉച്ചകോടി സെപ്തംബർ 9, 10 തീയതികളിൽ ആണ്ഡല്‍ഹിയില്‍ നടക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന ലോക നേതാക്കളുടെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നായിരിക്കും ഉച്ചകോടി. 2022 ഡിസംബർ 1- ന് ഇന്തോനേഷ്യയിൽ നിന്നാണ് ഇന്ത്യ ജി- 20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.