Trending Now

ഓര്‍മകളുടെ വീണ്ടെടുപ്പിന്റെ ഉത്സവമാണ് ഓണം : മന്ത്രി പി. പ്രസാദ്

 

ഓര്‍മകളുടെ വീണ്ടെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഓണാഘോഷ പരിപാടി അടൂര്‍ ഓണം 2023 ന്റെ ഉദ്ഘാടനം അടൂര്‍ ഗാന്ധി സ്മൃതി മൈതാനിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗൃഹാതുരത്വം സമ്മാനിക്കുന്ന ഓര്‍മകളായ ഓണം വേര്‍തിരിവുകളില്ലാതെ ഒരുമയോടെ ആഘോഷിക്കുന്ന ഉത്സവം കൂടിയാണ്.എല്ലാ ആഘോഷങ്ങള്‍ക്കും വരുമാനം പ്രധാനപെട്ടതാണ്. വരുമാനത്തിന്റെ പ്രധാനഘടകം കൃഷിയുമാണ്. കാര്‍ഷികസമൃദ്ധി വിളിച്ചോതുന്ന വിളവെടുപ്പിന്റെ കൂടി കാലമാണ് ഓണമെന്നും മന്ത്രി പറഞ്ഞു.

മലയാളികളുടെ ദേശീയ ഉത്സവമാണ് ഓണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പ്രതിസന്ധികള്‍ അതിജീവിച്ചുകൊണ്ട് ജാതിമത വര്‍ണ വ്യത്യാസമില്ലാതെയാണ് ഓണം ആഘോഷിക്കുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
കാര്‍ഷിക സമൃദ്ധിയുടെ ആഘോഷം കൂടിയാണ് ഓണം. കേരളത്തിന്റെ കാര്‍ഷിക രംഗത്ത് വിജയ പടവുകള്‍ കയറാന്‍ മികച്ച രീതിയിലുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്.
അടൂര്‍ പത്തനംതിട്ടയുടെ സാംസ്‌കാരിക കേന്ദ്രം കൂടിയാണെന്ന് ചടങ്ങില്‍ സ്വാഗതം അര്‍പ്പിച്ച് സംസാരിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ ശിങ്കാരിമേളം, മുത്തുക്കുടകള്‍, തെയ്യം, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ അണിനിരന്നു. അടൂര്‍ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര അടൂര്‍ നഗരം ചുറ്റി ഗാന്ധി സ്മൃതി മൈതാനിയില്‍ എത്തിചേരുകയായിരുന്നു.
അടൂര്‍ നഗരസഭാ ചെര്‍പേഴ്‌സണ്‍ ദിവ്യാ റെജി മുഹമ്മദ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസിധരന്‍ പിള്ള, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, അടൂര്‍ ആര്‍ഡിഒ എ. തുളസിധരന്‍പിള്ള, ഡിടിപിസി സെക്രട്ടറി സതീഷ് മിറാന്‍ഡ, ഡിടിപിസി അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു