കേരള പോലീസിന് കോടതിയുടെ രൂക്ഷ വിമർശനം: അന്വേഷണ ഉദ്യോഗസ്ഥൻ അനാവശ്യ തിടുക്കം കാട്ടി

 

konnivartha.com/കൊച്ചി :പോലീസ് എടുത്ത വ്യാജരേഖ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് എറണാകുളം ജില്ലാ കോടതി. മുൻകൂർ ജാമ്യ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ നിലമ്പൂരിൽ വെച്ച് അറസ്റ്റ് ചെയ്ത നടപടിയാണ് കോടതി വിമർശനത്തിന് കാരണം. അന്വേഷണ ഉദ്യോഗസ്ഥൻ അനാവശ്യ തിടുക്കം കാട്ടിയെന്ന് പറഞ്ഞ കോടതി ഷാജൻ സ്കറിയയെ ചോദ്യം ചെയ്ത് ഇന്ന് തന്നെ ജാമ്യത്തിൽ വിട്ടയക്കാനും നിർദ്ദേശിച്ചു.അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ഗുരുതര കുറ്റം തൃക്കാക്കരപോലീസ് എടുത്ത വ്യാജ രേഖ കേസിൽ ഇല്ലെന്ന് നിരീക്ഷിച്ചാണ് ഷാജൻ സ്കറിയെ ഇന്ന് തന്നെ വിട്ടയക്കാൻ കോടതി ഉത്തരവിട്ടത്.ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് എതിരെ ഉള്ള കേരള സര്‍ക്കാരിന്‍റെ നര നായാട്ട് അവസാനിപ്പിക്കണം എന്നാണ് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്‍റെ ആവശ്യം .

ഇന്ന് രാവിലെ നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നാണ് കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക സംഘം ഷാജന്‍ സ്കറിയായെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വൈകുന്നേരത്തോടെ തൃക്കാക്കരയില്‍ എത്തിച്ചു, നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇന്ന് മുതല്‍ തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ ആയതിനാല്‍ പോലീസ് വളരെ കരുതിക്കൂട്ടിയാണ് ഇന്ന് ഷാജന്‍ സ്കറിയായെ അറസ്റ്റ് ചെയ്തത്. ഓണം കാക്കനാട് ജയിലില്‍ ആക്കാനാണ് പോലീസ് ലക്ഷ്യമിട്ടത്. എന്നാല്‍ നീതിന്യായ കോടതി സത്യം തിരിച്ചറിഞ്ഞു. ഒപ്പം പോലീസിന്റെ കുശാഗ്ര ബുദ്ധിയും. എതെങ്കിലും കേസില്‍ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യണമെങ്കില്‍ 10 ദിവസം മുമ്പ് രേഖാമൂലം നോട്ടീസ് നല്‍കി വേണമെന്നുള്ള സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് പോലീസിന്റെ കിരാതമായ നടപടി. ഷാജൻ സ്കറിയ കമ്പനി രജിസ്ട്രേഷന്‍ സമയത്ത് തെറ്റായ വിവരം നല്‍കിയെന്ന കേസിലാണ് അറസ്റ്റ്.

സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം കേരളത്തില്‍ അസാധ്യമായിരിക്കുകയാണെന്ന് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രതികരിച്ചു. സര്‍ക്കാരിനെ വിമര്‍ശിക്കുവാന്‍ ആര്‍ക്കും അവകാശമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തിട്ടൂരം കേരളത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും. അഴിമതിയും കള്ളത്തരങ്ങളും കണ്ടാല്‍ നിശബ്ദമായിരിക്കുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിയില്ല. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ പോലീസിനെ ഉപയോഗിച്ച് തങ്ങള്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെ ഇല്ലാതാക്കുവാനുള്ള ശ്രമം ഏകാധിപതിയായ ഹിറ്റ് ലറിന്റെ ഭരണകാലമാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയാണ് മിക്ക ഓണ്‍ലൈന്‍ ചാനലുകളും പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഓണ്‍ലൈന്‍ ചാനലുകളെ നിയന്ത്രിക്കുവാന്‍ കഴിയില്ല. അതുകൊണ്ടാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളെ കള്ളക്കേസില്‍ കുടുക്കി ഇല്ലായ്മ ചെയ്യുവാനുള്ള നടപടിയുമായി കേരള സര്‍ക്കാര്‍ നീങ്ങുന്നത്‌. ഇതിനെ നിയമപരമായിത്തന്നെ നേരിടുമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യുസ്), ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍ (വി.സ്കയര്‍ ടി.വി), വൈസ് പ്രസിഡന്റ്, അഡ്വ.സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌), എമില്‍ ജോണ്‍ (കേരളാ പൊളിറ്റിക്സ്), സെക്രട്ടറി രവീന്ദ്രന്‍ ബി.വി (കവര്‍സ്റ്റോറി), എസ്‌.ശ്രീജിത്ത്‌ (റൌണ്ടപ്പ് കേരള), എക്സിക്യുട്ടീവ്‌ അംഗങ്ങളായ സജിത്ത് ഹിലാരി (സജിത്ത് ഹിലാരി (ന്യുസ് ലൈന്‍ കേരളാ 24), അജിത ജെയ്ഷോര്‍ (മിഷന്‍ ന്യൂസ്) എന്നിവര്‍ പറഞ്ഞു.

error: Content is protected !!