എഴുമറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്‍റെ പുതിയ കെട്ടിടത്തിന്‍റെ നിർമ്മാണോദ്ഘാടനം 26 ന്

 

konnivartha.com/ റാന്നി : എഴുമറ്റൂരുകാർക്ക് ഇത് ആഘോഷത്തിന്റെ നാളുകൾ.എഴുമറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രം യാഥാർത്ഥ്യമാവുകയാണ്. ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം 26 ന് രാവിലെ 9.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും എന്ന് റാന്നി എം എല്‍ എ അഡ്വ . പ്രമോദ് നാരായണ്‍ അറിയിച്ചു . 8 കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി വകയിരിക്കുന്നത്. ഇതിൽ 6.8 കോടി രൂപ നബാർഡ് ആർ ഐ ഡി എഫും ബാക്കി തുക സംസ്ഥാന സർക്കാരുമാണ് ചിലവഴിക്കുക.

7 പതിറ്റാണ്ടായി ജനങ്ങളുടെ നീണ്ട സ്വപ്നമായിരുന്നു എഴുമറ്റൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിന് പുതിയ കെട്ടിടം എന്നത് . നിലവിൽ ജില്ലാ പഞ്ചായത്തിൻറെ വൃദ്ധസദനത്തിൽ പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കുന്ന ആശുപത്രിയുടെ സ്ഥിതി അതീവ ദയനീയമായിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും സഹായത്തോടെയാണ് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 8 കോടി രൂപയുടെ അനുമതി ലഭിച്ചത്. എന്നാൽ അനുമതി ലഭിച്ചപ്പോഴും ആശുപത്രി കെട്ടിടം നിർമ്മിക്കേണ്ട സ്ഥലത്തെ പഴയ കെട്ടിടം പൊളിച്ച് മാറ്റുന്നതിനുള്ള നടപടികളുടെ സങ്കീർണത തുടർന്നു.

ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ഉൾപ്പെടെ കോർത്തിണക്കി കൂട്ടായ പ്രവർത്തനത്തിലൂടെ സങ്കീർണ്ണതകൾ പരിഹരിച്ചാണ് പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമ്മിക്കുവാൻ സ്ഥലം ഒരുക്കിയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നതോടെ എഴുമറ്റൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് അത്യാധുനിക രീതിയിലുള്ള ചികിത്സ സൗജന്യം ഇവിടെ ഉറപ്പാക്കാനാകും .

error: Content is protected !!