
ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾ യാഥാർത്ഥ്യത്തിലേക്ക്
ആന്റിബയോട്ടിക്കുകൾ കുറയ്ക്കുന്നതിന് കുറിപ്പടികൾ ഓഡിറ്റ് ചെയ്യും
konnivartha.com : സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് രാജ്യത്ത് ആദ്യ ബ്ലോക്ക്തല ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് കമ്മിറ്റികൾക്കുള്ള എസ്.ഒ.പി. പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബ്ലോക്ക്തല എ.എം.ആർ. കമ്മിറ്റികളുടെ രൂപീകരണം, ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ, നിരീക്ഷണം എന്നിവ സംബന്ധിച്ച സമഗ്ര മാർഗരേഖയാണ് പുറത്തിറക്കിയത്. ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കാൻ ബ്ലോക്ക്തല എ.എം.ആർ. കമ്മിറ്റികളുടെ പ്രവർത്തനം വളരെ പ്രധാനമാണ്. പ്രധാന സ്വകാര്യ ആശുപത്രികളെക്കൂടി കാർസാപ് (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) നെറ്റുവർക്കിന്റെ ഭാഗമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബ്ലോക്ക് മെഡിക്കൽ ഓഫീസർ ചെയർമാനായുള്ള ബ്ലോക്കുതല എ.എം.ആർ. കമ്മിറ്റിയിൽ ആരോഗ്യ വകുപ്പ്, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, അക്വാകൾച്ചർ, ഭക്ഷ്യസുരക്ഷ, മലിനീകരണ നിയന്ത്രണം തുടങ്ങിയ വകുപ്പുകളിലേയും ഐഎംഎ, ഐഎപി, എപിഐ, എഎഫ്പിഐ തുടങ്ങിയവയുടെയും പ്രതിനിധികളുണ്ടാകും.
ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും ആന്റിബയോട്ടിക്കുകളുടെ ശരിയായ ഉപയോഗം സംബന്ധിച്ചും അണുബാധനിയന്ത്രണ രീതികളെക്കുറിച്ചും സാർവത്രിക അവബോധം നൽകുക എന്നതാണ് ബ്ലോക്ക്തല എ.എം.ആർ. കമ്മിറ്റികളുടെ പ്രധാന ലക്ഷ്യം.
പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, സാമൂഹ്യാരോഗ്യ കേന്ദ്രം തുടങ്ങിയവയെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളിൽ എ.എം.ആർ. അവബോധ പോസ്റ്ററുകൾ പ്രദർശിപ്പിക്കും. എല്ലാ ആരോഗ്യ പ്രവർത്തകരും അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും പരിശീലനം നേടിയിരിക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകൾ ശരിയായ രീതിയിൽ നീക്കം ചെയ്യും.
ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം വിലയിരുത്തുന്നതിനും കുറയ്ക്കുന്നതിനും വേണ്ടി കുറിപ്പടികൾ ഓഡിറ്റ് ചെയ്യും. ജനറിക് മരുന്നുകളെ പ്രോത്സാഹിപ്പിക്കാനും പോളിഫാർമസി കുറയ്ക്കാനും സാധിക്കും. മൂന്ന് മാസത്തിലൊരിക്കൽ 100 കുറിപ്പടികളെങ്കിലും പരിശോധിക്കണം. എല്ലാ സ്ഥാപനങ്ങളിലും പ്രതിമാസം കുറഞ്ഞത് 50 കുറിപ്പടികൾ റാൻഡമായും പരിശോധിക്കണം. സർക്കാർ നിർദേശ പ്രകാരം അംഗീകൃത ഡോക്ടറുടെ കുറുപ്പടിയിൽ മാത്രമേ ആന്റിബയോട്ടിക് നൽകുകയുള്ളു എന്ന ബോർഡ് എല്ലാ ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും പ്രദർശിപ്പിക്കാനുള്ള നടപടി സ്വീകരിക്കാൻ ഡ്രഗ്സ് കൺട്രോളർക്ക് നിർദേശം നൽകിയിട്ടുണ്ട്.