Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 04/08/2023)

ഒറ്റത്തവണ തീര്‍പ്പാക്കലിന് അവസരം
സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ പത്തനംതിട്ട ജില്ലാ കാര്യാലയത്തില്‍ നിന്നും  വിവിധയിനം വായ്പകള്‍ എടുത്ത്  കുടിശികയാകുകയും റവന്യൂ റിക്കവറി നടപടി നേരിടുകയും  ചെയ്ത ഗുണഭോക്താക്കള്‍ക്ക് കോര്‍പ്പറേഷന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് പലിശയിളവോടെ ഒറ്റത്തവണ തീര്‍പ്പാക്കലിന് അവസരം. ഒറ്റത്തവണ തീര്‍പ്പാക്കലിന് തയ്യാറാകുന്ന ഗുണഭോക്താക്കള്‍ക്ക് കോര്‍പറേഷന്‍ നല്‍കുന്ന പലിശയിളവിന് പുറമേ നാല് ശതമാനം റവന്യൂ കളക്ഷന്‍ ചാര്‍ജ് ഇളവും ലഭിക്കും. അടൂര്‍ താലൂക്ക് കാര്യാലയത്തില്‍ ആഗസ്റ്റ് 18 ന് രാവിലെ 11 ന് റവന്യൂ റിക്കവറി അദാലത്ത് നടത്തും. ഫോണ്‍ : 04734 253381, 9400068503, 9847035868.

അക്ഷയ സെന്ററുകളില്‍ മിന്നല്‍ പരിശോധന
അക്ഷയ സെന്ററുകളില്‍ നടക്കുന്ന ക്രമക്കേടുകള്‍ കണ്ടെത്തുന്നതിലേക്കായി വിജിലന്‍സ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഇ-സേവ എന്ന പേരില്‍ നടത്തിയ പരിശോധനയുടെ ഭാഗമായി ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.  സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് നിരക്ക് പട്ടിക പ്രദര്‍ശിപ്പിക്കാതെ അമിത ഫീസ് ഈടാക്കുന്നതായും ഉപഭോക്താക്കള്‍ക്ക് രസീത് നല്‍കാറില്ലായെന്നും ലൈസന്‍സ് ഇല്ലാത്ത സെന്റര്‍ പ്രവര്‍ത്തിക്കുന്നതായും സൗജന്യ സേവനങ്ങള്‍ക്ക് പണം ഈടാക്കുന്നതായും കണ്ടെത്തി. തുടന്നു വരുന്ന ദിവസങ്ങളിലും പരിശോധനകള്‍ നടത്തുകയും ക്രമക്കേടുകള്‍ കണ്ടെത്തുന്ന സെന്ററുകള്‍ക്കെതിരെ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്യുന്നതുമാണെന്നും പത്തനംതിട്ട വിജിലന്‍സ് ആന്റ് ആന്റീ കറപ്ഷന്‍ ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു.

ഗതാഗത നിയന്ത്രണം
അരുവാപ്പുലം വകയാര്‍ റോഡില്‍ കലുങ്ക് പണി നടക്കുന്നതിനാല്‍ ആഗസ്റ്റ് അഞ്ച് മുതല്‍ ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതം നിയന്ത്രിച്ചു. ഈ റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ പുളിഞ്ചാണി രാധപ്പടി റോഡ്, ഭുവനേശ്വരിപ്പടി -മൈലാടുംപാറ റേഷന്‍ കട റോഡുകളിലൂടെ തിരിഞ്ഞു പോകണമെന്ന് കോന്നി പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ഡിസൈനുകള്‍ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സമാപന ഘോഷയാത്രയില്‍ ഹരിതകേരളം മിഷനുവേണ്ടി ഫ്ളോട്ട് അവതരിപ്പിക്കുന്നതിന് ഏജന്‍സികളില്‍ നിന്നും ഡിസൈനുകള്‍ ക്ഷണിച്ചു. ഒരു ഏജന്‍സിയ്ക്ക് ഒന്നിലധികം ഡിസൈനുകള്‍ സമര്‍പ്പിക്കാം. വിനോദസഞ്ചാര വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ക്കനുസരിച്ച് ഹരിതകേരളം മിഷന്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയുള്ളതാകണം ഡിസൈനുകള്‍. ഡിസൈന്‍ ആശയം സംബന്ധിച്ച കുറിപ്പും ചെലവാകുന്ന തുക സംബന്ധിച്ച കുറിപ്പും ഇതോടൊപ്പം നല്‍കണം. അവസാന തീയതി ആഗസ്റ്റ് എട്ട്.  . അയയ്‌ക്കേണ്ട വിലാസം :അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, നവകേരളം കര്‍മപദ്ധതി, ഹരിതകേരളം മിഷന്‍, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം-1. ഇമെയില്‍: [email protected]

പുതമണ്‍ പാത: ടെന്‍ഡര്‍ ക്ഷണിച്ചു
പുതമണ്‍ താല്‍ക്കാലിക പാതയുടെ നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. 30.38 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. പെരുന്തോടിന് ഇരുവശത്തും ഉള്ള സ്വകാര്യ വ്യക്തികള്‍ താല്‍ക്കാലികമായി വിട്ടു നല്‍കിയ വസ്തുവില്‍ അപ്രോച്ച് റോഡ് നിര്‍മ്മിച്ച് പെരുന്തോടിന് കുറുകെ കോണ്‍ക്രീറ്റ് റിംഗ് സ്ഥാപിച്ചായിരിക്കും താല്‍ക്കാലിക പാത നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല.

റാന്നിയില്‍ നിന്നും കോഴഞ്ചേരിക്ക് ഉള്ള പ്രധാന പാതയായ മേലുകര – റാന്നി റോഡില്‍ പുതമണ്ണില്‍ പെരുന്തോടിന് കുറുകെയുണ്ടായിരുന്ന പാലം കാലപ്പഴക്ക മൂലം അപകടാവസ്ഥയില്‍ ആയതിനേ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 25നാണ് വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് പാലം അപകടാവസ്ഥയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം സ്ഥിരീകരിച്ചത്.
പാലം അടച്ചതോടെ റാന്നിയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഒന്നുകില്‍ പേരൂ ച്ചാല്‍ പാലം വഴി ചെറുകോല്‍പ്പുഴ – റാന്നി റോഡില്‍ എത്തി വേണം കോഴഞ്ചേരിക്ക് പോകാന്‍ . അല്ലെങ്കില്‍ പുതമണ്ണില്‍ നിന്നും തിരിഞ്ഞ് അന്ത്യാളന്‍ കാവ് വഴി തിരിഞ്ഞ് വേണം പാലത്തിന്റെ മറുകരയിലെത്താന്‍.

പുതിയ പാലം നിര്‍മ്മിക്കുന്നത് വരെ ജനങ്ങള്‍ നേരിടുന്ന ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ താത്കാലിക പാത അനുവദിച്ചിരിക്കുന്നത്. പുതിയ സ്ഥിരം പാലത്തിന്റെ മണ്ണ് പരിശോധന പൂര്‍ത്തീകരിച്ച് എസ്റ്റിമേറ്റും ഡിസൈനും സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ് 2.5 കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് സര്‍ക്കാരില്‍ പുതിയ പാലത്തിന് സമര്‍പ്പിച്ചിരിക്കുന്നത്.

സംരംഭക ശില്പശാലയുടെ ഉദ്ഘാടനം ഓഗസ്റ്റ് എട്ടിന്
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും ജില്ല വ്യവസായ കേന്ദ്രം കോഴഞ്ചേരി താലൂക്ക് വ്യവസായ ഓഫീസും പെരുനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭക ശില്പശാലയുടെ ഉദ്ഘാടനം ആഗസ്റ്റ് എട്ടിന് (ചൊവ്വാഴ്ച ) മടത്തുമൂഴി ഇടത്താവളം ഹാളില്‍ പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ നിര്‍വഹിക്കും. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഡി.ശ്രീകല അധ്യക്ഷത വഹിക്കും. കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പ് മുഖേന നടപ്പാക്കുന്ന ഊര്‍ജ്ജിത വ്യവസായവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി 2022 – 23 സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷമായി ആചരിക്കുകയും, ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു. 2023 – 24 സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷം 2.0 നടപ്പിലാക്കുന്നതിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരംഭിച്ച സംരംഭങ്ങളുടെ സുസ്ഥിരത സ്‌കെയില്‍ അപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. സംരംഭകര്‍ക്ക് വിപണി പ്രയോജനം ലഭിക്കുന്നതിന് കേരള ബ്രാന്‍ഡ് സംവിധാനവും നടപ്പിലാക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍േദേശങ്ങളും സാദ്ധ്യത സംരംഭകളെപ്പറ്റിയുള്ള അവബോധവും സര്‍ക്കാര്‍ അനുകൂല്യങ്ങളെപ്പറ്റിയുള്ള സംരംഭകത്വ ബോധവല്‍കരണ പ്രോഗ്രാമും നടത്തും. സംരംഭകര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ ക്ലാസുകള്‍ നയിക്കും.
റാന്നി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ജെ.എല്‍.ലിജു,വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ് സുകുമാരന്‍,പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തീയതി നീട്ടി
എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിലും പി ആന്‍ഡ് ഇ യിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷി വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ഥികളില്‍  പി എസ് സി മുഖേനയോ/എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അനധ്യാപക തസ്തികയില്‍ സ്ഥിരം ജോലി ലഭിക്കുകയും  വിവരം രേഖാമൂലം  എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ അറിയിച്ചവരും/സ്ഥിരം ജോലി ലഭിച്ചതിനാല്‍ പിന്നീട് പുതുക്കാതെ ലാപ്‌സ്ആയിട്ടുള്ളതുമായ യോഗ്യരായ ഭിന്നശേഷി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ലാപ്‌സായ രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നതിനുള്ള തീയതി സെപ്തംബര്‍ 30 വരെ നീട്ടി. പുതുക്കുന്നതിന് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ജില്ലയിലെ എല്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിലും അപേക്ഷ സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.


ലക്ചറര്‍, ലൈബ്രറിയന്‍, ട്രേഡ്സ്മാന്‍ അഭിമുഖം

പന്തളം എന്‍എസ് എസ് പോളിടെക്നിക് കോളജില്‍ വിവിധ വിഭാഗങ്ങളിലേക്ക് ലക്ചറര്‍, ലൈബ്രറിയന്‍, ട്രേഡ്സ്മാന്‍ എന്നീ തസ്തികകളിലേക്ക് താത്കാലിക ജീവനക്കാരെ ആവശ്യമുണ്ട്. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി കോളജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം.
യോഗ്യതകള്‍ : ഇംഗ്ലീഷ്, മാത്തമാറ്റിക്സ് (ലക്ചറര്‍)- പി.ജി വിത്ത് ഫസ്റ്റ് ക്ലാസ്.എഞ്ചിനീയറിംഗ് സബ്ജക്ട്സ് (ലക്ചറര്‍)- ബി ടെക് വിത്ത് ഫസ്റ്റ് ക്ലാസ്.ട്രേഡ്സ്മാന്‍-ഐടിഐ.ലൈബ്രറിയന്‍-മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്.

തീയതിയും സമയവും ചുവടെ.
ആഗസ്റ്റ് ഒന്‍പതിന് രാവിലെ 10 ന് ലക്ചറര്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഉച്ചയ്ക്ക് ഒന്നിന് ലക്ചറര്‍ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്.
ആഗസ്റ്റ് 10 ന് രാവിലെ 10 ന് ലക്ചറര്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഉച്ചയ്ക്ക് ഒന്നിന് ലക്ചറര്‍ സിവില്‍ എഞ്ചിനീയറിംഗ്.
ആഗസ്റ്റ് 11 ന് രാവിലെ 10 ന് ലക്ചറര്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഉച്ചയ്ക്ക് ഒന്നിന് ലൈബ്രേറിയന്‍ ഗ്രേഡ് രണ്ട്്.
ആഗസ്റ്റ് 14 ന് രാവിലെ 10 ന് ലക്ചറര്‍ ഇംഗ്ലീഷ് ഉച്ചയ്ക്ക് ഒന്നിന്  ലക്ചറര്‍ മാത്തമാറ്റിക്സ്.
ആഗസ്റ്റ് 16 ന് രാവിലെ 10 ന് ട്രേഡ്സ്മാന്‍ സിവില്‍ എഞ്ചിനീയറിംഗ് ഉച്ചയ്ക്ക് ഒന്നിന് ട്രേഡ്സ്മാന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്.


ലൈസന്‍സ് എടുക്കണം

കേരള ഹൈക്കോടതിയുടെ  ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേരള പഞ്ചായത്ത് രാജ് ആക്ട് (പട്ടികള്‍ക്കും പന്നികള്‍ക്കും ലൈസന്‍സ് നല്‍കല്‍)പ്രകാരം  പഞ്ചായത്തിന്റെ പരിധിയിലുളള വളര്‍ത്തുനായ്ക്കളുടെ  വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് എടുക്കണമെന്ന് മെഴുവേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 30 ദിവസത്തിനകം ആവശ്യമായ രേഖകള്‍ ഹാജരാക്കി ലൈസന്‍സ് എടുക്കണം.ഫോണ്‍ : 0468 2257228.

അപേക്ഷ ക്ഷണിച്ചു
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2024-25 അധ്യയന വര്‍ഷത്തിലെ ആറാം ക്ലാസ് പ്രവേശനത്തിന്  സെലക്ഷന്‍ ടെസ്റ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. 1.5.2012 നും 31.7.14 നും ഇടയില്‍ ജനിച്ച പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരും ഈ അധ്യയന വര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരും ആയിരിക്കണം. പ്രവേശന പരീക്ഷാ തീയതി 2024 ജനുവരി 20. അപേക്ഷിക്കാനുളള അവസാന തീയതി ആഗസ്റ്റ് 10. ഫോണ്‍ : 9591196535, 9446456355.

പരിശോധന നടത്തി
ഓപ്പറേഷന്‍ ഫോസ്‌കോസിന്റെ ഭാഗമായി  ആറന്മുള, അടൂര്‍, തിരുവല്ല, റാന്നി,കോന്നി എന്നീ നിയോജക മണ്ഡലങ്ങളിലെ ഭക്ഷണ വിതരണ/ നിര്‍മാണ സ്ഥാപനങ്ങളില്‍  ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

അപേക്ഷാ തീയതി നീട്ടി
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് കോഴ്സിന്റെ അപേക്ഷാ തീയതി ആഗസ്റ്റ് 10 വരെ നീട്ടി. https:/srcc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. ഫോണ്‍ : 9961090979.

യോഗ ടീച്ചര്‍ യെിനിംഗില്‍ ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന  ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യയോഗ്യതയുളളവര്‍ക്ക്  അപേക്ഷിക്കാം. 18 വയസ് പൂര്‍ത്തിയായിരിക്കണം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ നിന്നും ലഭിക്കും. https://app.srccc.in/register എന്ന ലിങ്കില്‍ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10. ഫോണ്‍: 0471 2325101,8281114464,9961090979. വെബ്‌സൈറ്റ് : www.srccc.in.