Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന വാര്‍ത്തകള്‍ /അറിയിപ്പുകള്‍ /തൊഴില്‍ അവസര വാര്‍ത്തകള്‍ ( 01/08/2023)

മെഗാ തൊഴില്‍ മേള  സംഘാടക സമിതി

കോന്നി ടൂറിസം എക്‌സ്‌പോ കരിയാട്ടത്തിന്റെ ഭാഗമായി നടത്തുന്ന മെഗാ തൊഴില്‍ മേളയുടെ സംഘാടക സമിതി രൂപീകരണയോഗം അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഓഗസ്റ്റ് 21 ന് രാവിലെ 9 മണി മുതല്‍ മേള ആരംഭിക്കും.

കേരളത്തിന് അകത്തും പുറത്തുമുള്ള നൂറില്‍ അധികം കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. കേരള നോളഡ്ജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിസ് (സിഐഐ) എന്നിവരാണ് മേളക്ക് നേതൃത്വം നല്‍കുന്നത്.

ഏനാദിമംഗലം  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  രാജഗോപാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംഘാടക സമിതി ചെയര്‍പേഴ്‌സണായി കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍  ആദില എസിനെയും കണ്‍വീനറായി ജില്ലാ പ്രോഗ്രാം മാനേജര്‍  ഷിജു എം സാംസണിനേയും തിരഞ്ഞെടുത്തു.

സിഐഐ മാനേജര്‍ ആദര്‍ശ് മോഹന്‍, ജനപ്രതിനിധികള്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഉദ്യോഗസ്ഥര്‍, കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. തൊഴില്‍ അന്വേഷകര്‍ക്ക് കേരള സര്‍ക്കാര്‍ തൊഴില്‍ പോര്‍ട്ടല്‍ ആയ ഡിഡബ്ല്യുഎംഎസില്‍   രജിസ്റ്റര്‍ ചെയ്യാം. വെബ് സൈറ്റ് : https://knowledgemission.kerala.gov.in

എല്‍ഇഡി ബള്‍ബ് നിര്‍മാണ- റിപ്പയറിംഗ് യൂണിറ്റ് ആരംഭിച്ചു

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ കാര്‍ബണ്‍ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും  നേതൃത്വത്തില്‍ എല്‍ഇഡി ബള്‍ബ് നിര്‍മാണ- റിപ്പയറിംഗ് യൂണിറ്റ് ആരംഭിച്ചു. യൂണിറ്റിന്റെ  ഉദ്ഘാടനം മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.പി. വിദ്യധരപണിക്കര്‍, എന്‍.കെ. ശ്രീകുമാര്‍, പ്രിയ ജ്യോതികുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീവിദ്യ, കെ.ആര്‍. രഞ്ജിത്ത്,  പൊന്നമ്മ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില മുഖ്യപ്രഭാഷണം നടത്തി. നവകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എസ്. കൃഷ്ണകുമാര്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ രാജി പ്രസാദ്, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി അജിത് കുമാര്‍, കുടുംബശ്രീ സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍

തൊഴിലിടങ്ങളില്‍  സ്ത്രീ സുരക്ഷയും പരാതി പരിഹാര സംവിധാനങ്ങളും ഉറപ്പ് വരുത്താന്‍ തൊഴിലുടമകള്‍ തയാറാവണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. പത്തനംതിട്ട ഗവ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍.

തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമത്തിന്റെ പരിരക്ഷ നല്‍കണം. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഒരു മോണിറ്ററിങ് സംവിധാനം ഉറപ്പ് വരുത്തണമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. കൗമാരം കരുത്താക്കൂ പ്രത്യേക കാമ്പയിന്റെ ഭാഗമായി കൗമാരപ്രായക്കാര്‍ അഭിമുഖീകരിക്കുന്ന സങ്കീര്‍ണമായ മാനസികപ്രശ്നങ്ങള്‍ സംബന്ധിച്ച് വിദ്യാലയങ്ങള്‍ക്ക് അകത്തും പുറത്ത് മാതാപിതാക്കള്‍ക്കും ബോധവത്ക്കരണം നല്‍കി വരികയാണ്. ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്തിട്ടുള്ള 21 സ്‌കൂളുകളിലായാണ് കാമ്പയിന്‍ നടത്തിവരുന്നത്.

വിവിധയിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തിരിച്ചറിയാനും കാമ്പയിനുകള്‍ സംഘടിപ്പിക്കും. ആദിവാസി മേഖലകളിലെയും തീരദേശ പ്രദേശങ്ങളിലെയും സീരിയല്‍ മേഖലകളിലെയും സ്ത്രീകളുടെ പ്രശ്നങ്ങള്‍ നേരിട്ടറിയുവാനും പരിഹാര നിര്‍ദേശങ്ങള്‍ കണ്ടെത്തി സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിനുമായാണ് കാമ്പയിന്‍ സംഘടിപ്പിക്കുകയെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.

സ്ത്രീകളുടെ പരാതികള്‍ യഥായോഗ്യം കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും എല്ലാ ജില്ലകളിലും ത്രിതല പഞ്ചായത്ത് ഭരണ സംവിധാനത്തിന്റെ ഭാഗമായുള്ള ജാഗ്രതാ സമിതി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടി പരിശീലന പരിപാടികളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും  ചെയര്‍പേഴ്സണ്‍ പറഞ്ഞു.
അദാലത്തില്‍ 40 പരാതികള്‍ പരിഗണിച്ചു. അഞ്ച് കേസുകള്‍ തീര്‍പ്പാക്കുകയും രണ്ട് പരാതികളില്‍  പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിനായി അയയ്ക്കുകയും ചെയ്തു.

 

ഒരു പരാതിയില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായത്തോടെ കേസ് നടത്തുന്നതിന് പരാതിക്കാരിക്ക് സൗകര്യം ഒരുക്കുകയും ചെയ്തു. ബാക്കി 32 കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കുന്നതിനായി മാറ്റി. കുടുംബ പ്രശ്‌നങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, കുടുംബ ഓഹരി വീതം വയ്ക്കുന്നത് സംബന്ധിച്ച പരാതികള്‍ തുടങ്ങിയവയാണ് അദാലത്തില്‍ പരിഗണിച്ചത്.
പാനല്‍ അംഗങ്ങളായ അഡ്വ. കെ.ജെ. സിനി, ആര്‍. രേഖ, സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍ നീമ ജോസ്, വനിതാ സെല്‍ പോലീസ് ഉദ്യോഗസ്ഥ ഇ.കെ. കുഞ്ഞമ്മ എന്നിവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ഹോമിയോ ഡിസ്‌പെന്‍സറിയിലേക്ക് അറ്റന്‍ഡര്‍ തസ്തികയിലേക്ക് താല്കാലിക നിയമനം നടത്തുന്നതിനായി 10-ാം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു എ-ക്ലാസ് ഹോമിയോ പ്രാക്ടീഷണറോടൊപ്പം രണ്ട് വര്‍ഷത്തില്‍ കുറയാതെ സേവനം അനുഷ്ടിച്ചിരിക്കണം. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ആഗസ്റ്റ് 16ന് മുന്‍പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍
അടൂര്‍ പോളിടെക്നിക് കോളജിലെ പോളിമെര്‍ ടെക്നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിഗ് എന്നീ ബ്രാഞ്ചുകളിലേക്ക് ഒഴിവുളള സീറ്റുകളിലേക്ക് ആഗസ്റ്റ് മൂന്നിന് ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍ നടക്കും.  റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും സ്പോട്ട് അഡ്മനിഷനില്‍ പങ്കെടുക്കാം. രജിസ്ട്രേഷന്‍ സമയം രാവിലെ 9.30 മുതല്‍ 11 വരെ. അഡ്മിഷന്‍ ലഭിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ടിസി, കോണ്‍ടക്ട് സര്‍ട്ടിഫിക്കിറ്റ് എന്നിവ അഡ്മിഷന്‍ സമയത്ത് ഹാജരാക്കണം. പ്രോസ്‌പെക്ടസില്‍ നിര്‍ദേശിച്ചിട്ടുള്ള മുഴുവന്‍ ഫീസും പിടിഎ ഫണ്ടും അടയ്‌ക്കേണ്ടതാണ്. വെബ്‌സൈറ്റ് : www.polyadmission.org. ഫോണ്‍ : 04734 231776.

ആസാദി കാ അമൃത് മഹോത്സവം:സ്വാതന്ത്ര്യസമര സേനാനിക്ക് ആദരവ്
സ്വാതന്ത്ര്യസമര സേനാനി കോഴഞ്ചേരി ഈസ്റ്റ് ശ്യാം നിവാസില്‍ ടി.എസ്. പൊന്നമ്മയെ(94) ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ആദരിച്ചു. ആസാദി കാ അമൃത് മഹോത്സവത്തോട് അനുബന്ധിച്ചാണ് സ്വാതന്ത്ര്യ സമര സേനാനികളെയും കുടുംബത്തെയും ആദരിക്കുന്നതിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. പത്തനംതിട്ട ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയെയും മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ ഭാര്യമാരായ അഞ്ച് പേരേയുമാണ് ആദരിക്കുന്നത്.

 

കോഴഞ്ചേരി താലൂക്ക് ഡിവിഷനു കീഴില്‍ വരുന്ന കരിങ്ങനംപള്ളി തെക്കേതില്‍ വീട്ടിലെത്തിയാണ് സ്വാതന്ത്ര്യസമര സേനാനി കോഴഞ്ചേരി ഈസ്റ്റ് ശ്യാം നിവാസില്‍ ടി.എസ്. പൊന്നമ്മയെ പൊന്നാട അണിയിച്ചും മൊമെന്റോ നല്‍കിയും ജില്ലാ കളക്ടര്‍ ആദരിച്ചത്. ടി.എസ്. പൊന്നമ്മ എഴുതിയ കേരള്‍ പ്രസൂണ്‍ എന്ന പുസ്തകം കളക്ടര്‍ക്ക് നല്‍കി.  കോഴഞ്ചേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍ മരുമകളാണ്.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട്  14-ാം വയസില്‍ രാഷ്ട്രഭാഷാ പഠനം ടി.എസ്. പൊന്നമ്മ ആരംഭിച്ചു.

 

അന്നുമുതല്‍ പഠനത്തോടൊപ്പം ഹിന്ദി അധ്യാപനവും നിര്‍വഹിച്ചു തുടങ്ങി. ഹിന്ദി അധ്യയനവും അധ്യാപനവും അക്കാലത്ത് രാജ്യദ്രോഹമായി പരിഗണിക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി രേഖാമൂലം ആവശ്യപ്പെട്ടതുകൊണ്ട് കേരളത്തിലെ ഹിന്ദിപ്രചാരകരും അധ്യാപകരും ജയില്‍ വാസത്തിനൊരുങ്ങാതെ രാഷ്ട്രഭാഷാ പ്രചാരണത്തില്‍ ഉറച്ചുനിന്നു. രാഷ്ട്രഭാഷാ പ്രചരണത്തിനുള്ള സേവനങ്ങള്‍ പരിഗണിച്ച് കേരളസര്‍ക്കാര്‍ സ്വാതന്ത്ര്യ സമര സേനാനിയായി അംഗീകരിച്ച് പെന്‍ഷന്‍ അനുവദിച്ച് ഉത്തരവായിരുന്നു.

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ്, മുന്‍ എംഎല്‍എ എ.പത്മകുമാര്‍, പഞ്ചായത്ത് അംഗം ബിജിലി പി ഈശോ, കോഴഞ്ചേരി തഹസില്‍ദാര്‍ കെ. ജയദീപ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കുര്യന്‍ വടക്കന്‍, കോഴഞ്ചേരി സെന്റ് തോമസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മാത്യു പി ജോണ്‍, കോഴഞ്ചേരി മാര്‍ത്തോമപള്ളി അസിസ്റ്റന്റ് വികാരി റവ. ജോണ്‍ മാത്യു, കോഴഞ്ചേരി ഈസ്റ്റ് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ബാബു വടക്കേല്‍, ബാബു കോയിക്കലേത്ത് തുടങ്ങിയവര്‍ പങ്കെടുത്തു

ഐപിആര്‍ഡി ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിനായി ഫോട്ടോ കവറേജ് നടത്തുന്നതിനായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു.
അപേക്ഷകര്‍ക്ക് ഡിജിറ്റല്‍ എസ്.എല്‍.ആര്‍./മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസലൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുവേണം. വൈഫൈ കാമറകള്‍ കൈവശമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫറായും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫറായും സേവനം അനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ക്രിമിനല്‍ കേസുകളില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. ഇതുസംബന്ധിച്ച രേഖ അപേക്ഷകന്‍ താമസിക്കുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറില്‍ നിന്നു ലഭ്യമാക്കി അഭിമുഖ സമയത്ത് നല്‍കണം.

കരാര്‍ ഒപ്പിടുന്ന തീയതി മുതല്‍ 2024 മാര്‍ച്ച് 31 വരെയായിരിക്കും പാനലിന്റെ കാലാവധി. ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് എട്ടിനു വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ സ്വീകരിക്കും. തപാലിലോ നേരിട്ടോ അപേക്ഷയും അനുബന്ധരേഖകളും നല്‍കാം. ഇ-മെയിലില്‍ അയയ്ക്കുന്നവ സ്വീകരിക്കില്ല.അസല്‍ രേഖകളുടെയും ഉപകരണങ്ങളുടെയും പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരം പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468-2222657.

സ്‌പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ  പത്തനംതിട്ട സിപാസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കോമേഴ്‌സില്‍ ബി. കോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍, ബി. കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ പ്രോഗ്രാമുകളില്‍  സീറ്റുകള്‍ ഒഴിവ്.ഫോണ്‍  : 9400863277.

ക്വട്ടേഷന്‍ ക്ഷണിച്ചു
കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ആശുപത്രിവളപ്പില്‍  നില്‍ക്കുന്ന മരങ്ങള്‍ വില്‍ക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് ഒന്നു വരെ. ഫോണ്‍ : 04734 270796.

ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനം
പട്ടികവര്‍ഗ വികസന വകുപ്പ് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള നേഴ്സിംഗ് ഉള്‍പ്പെടെയുള്ള വിവിധ പാരാമെഡിക്കല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവരെ  പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയായ ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനത്തിനായി അര്‍ഹരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
നിയമന യോഗ്യതകള്‍ :
ഉദ്യോഗാര്‍ഥികള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുമുള്ളവര്‍ ആയിരിക്കണം. ആകെ ഒഴിവുകള്‍- 250 (നേഴ്സിംഗ്/ഫാര്‍മസി/മറ്റു പാരാമെഡിക്കല്‍ കോഴ്സ് ബിരുദ യോഗ്യത – 150, നേഴ്സിംഗ്/ഫാര്‍മസി/ മറ്റു പാരാമെഡിക്കല്‍ കോഴ്സ് ഡിപ്ലോമ – 100).വിദ്യാഭ്യാസയോഗ്യത – നേഴ്സിംഗ്, ഫാര്‍മസി, മറ്റു പാരാമെഡിക്കല്‍ കോഴ്സ്ബിരുദം/ഡിപ്ലോമ.
പ്രായപരിധി – 21-35 വയസ്.ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളില്‍ ആയിരിക്കും നിയമനം.
നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ മാത്രം അപേക്ഷ സമര്‍പ്പിക്കണം.(കോഴ്സ് വിജയിച്ചവര്‍ മാത്രം).
ട്രൈബല്‍ പാരാമെഡിക്സ് നിയമനം ലഭിക്കുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് യാതൊരുവിധ അര്‍ഹതയും ഉണ്ടായിരിക്കുന്നതല്ല.നിയമന കാലാവധി – ഒരു വര്‍ഷം

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലയിലെ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം. ഒരാള്‍ ഒന്നിലധികം ജില്ലകളില്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടുള്ളതല്ല.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 16ന് വൈകുന്നേരം അഞ്ചു വരെ.
പ്രതിമാസ ഹോണറേറിയം: നേഴ്സിംഗ്/ഫാര്‍മസി (മറ്റു പാരാമെഡിക്കല്‍ കോഴ്സ് ബിരുദ യോഗ്യത – 18,000. നേഴ്‌സിംഗ്/ഫാര്‍മസി മറ്റു പാരാമെഡിക്കല്‍ കോഴ്സ് ഡിപ്ലോമ യോഗ്യത : 15,000.
വെബ്സൈറ്റ് : www.stdkerala.gov.in

ലാറ്ററല്‍ എന്‍ട്രി:പ്രവേശനം നടക്കും
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ 2023- 24 അദ്ധ്യയന വര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രി പ്രകാരമുളള ഒഴിവുളള സീറ്റുകളിലേക്ക് പ്രവേശനം ആഗസ്റ്റ് 4 (വെള്ളിയാഴ്ച) നടക്കും.  അന്നേ ദിവസം രാവിലെ 9.30 മുതല്‍ 11.00 മണിവരെയാണ് രജിസ്‌ട്രേഷന്‍ സമയം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതിയതായി ലാറ്ററല്‍ എന്‍ട്രി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും കൗണ്‍സിലിംഗില്‍ പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിനെത്തി ചേരണം. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org/let എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04735 266671

അപേക്ഷ ക്ഷണിച്ചു
പന്തളം 2 ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള മെഴുവേലി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലെ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ മെഴുവേലി ഗ്രാമ പഞ്ചായത്തിലെ സ്ഥിര താമസക്കാരായവരും 01/01/2023 തീയതിയില്‍ 18 നും 46 നും മദ്ധ്യേ പ്രായമുള്ള യോഗ്യരായ വനിതകള്‍ ആയിരിക്കണം.  അപേക്ഷയുടെ മാതൃക മെഴുവേലി ഗ്രാമ പഞ്ചായത്ത് ഓഫീസ്, പന്തളം-2 ശിശു വികസന പദ്ധതി ഓഫീസ്, മെഴുവേലി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്റ്റ് 16 വൈകുന്നേരം 5 മണിക്ക് മുമ്പായി ശിശു വികസന പദ്ധതി ഓഫീസര്‍,  ഐസിഡിഎസ് പ്രോജക്ട് ഓഫീസ് പന്തളം-2, ബ്ലോക്ക് പഞ്ചായത്ത് കോമ്പൌണ്ട്, കുളനട പി.ഒ എന്ന വിലാസത്തില്‍ നേരിട്ടോ സാധാരണ തപാലിലോ ലഭ്യമാക്കേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം.  ഫോണ്‍: 04734 292620.


ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ്  ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യയോഗ്യതയുളളവര്‍ക്ക്  അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ നിന്നും ലഭിക്കും. https://app.srccc.in/register എന്ന ലിങ്കില്‍ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 10. ഫോണ്‍: 0471 2570471, 9846033009. വെബ്‌സൈറ്റ് : www.srccc.in

ഗതാഗത നിയന്ത്രണം
ചിറക്കാല -ഇലന്തൂര്‍ റോഡില്‍ മുളംകുന്ന് എംടിഎല്‍പി സ്‌കൂളിന് സമീപമുളള കലുങ്കിന്റെ പുനര്‍ നിര്‍മാണം നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതത്തിന്  ഇന്നു മുതല്‍ (ആഗസ്റ്റ് 2) ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണമായ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇലന്തൂര്‍ മാര്‍ക്കറ്റിലേക്ക് പോകേണ്ട വാഹനങ്ങള്‍  തോട്ടുപുറം കത്തോലിക്കാ പളളിക്ക് സമീപം വെളിയത്തുപടി വിക്ടറി ജംഗ്ഷന്‍ വഴി തിരിഞ്ഞുപോകണം.  ചിറക്കാല മില്‍മ ജംഗ്ഷനിലേക്കുളള വാഹനങ്ങള്‍ ഭഗവതി കുന്ന് ക്ഷേത്രം-പാലചുവട് റോഡ്, ചെളിക്കുഴിപടി ശാലോം ജംഗ്ഷന്‍ റോഡ് വികട്റി ജംഗ്ഷന്‍-ഐപിസി പുറത്തോട്ടുപടി വഴി യാത്ര ചെയ്യണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ലാറ്ററല്‍ എന്‍ട്രി:പ്രവേശനം നടക്കും
വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജിലെ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി മൂന്നാം സെമസ്റ്ററിലെ ഒഴിവുള്ള സീറ്റ്കളിലേക്കുള്ള സ്‌പോട്ട്അഡ്മിഷന്‍ പ്രവേശനം ആഗസ്റ്റ് 4 (വെള്ളിയാഴ്ച) വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ നടക്കും.

രജിസ്‌ട്രേഷന്‍സമയം: രാവിലെ 9 മണിമുതല്‍ 10 മണിവരെ.
ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരും, വെണ്ണിക്കുളം പോളിടെക്‌നിക്ക് കോളേജില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അഡ്മിഷന്‍ ആവശ്യമുള്ളവരുമായ വിദ്യാര്‍ഥികള്‍ മാത്രം,യോഗ്യത തെളിയിക്കുന്നതിനുള്ള എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷകര്‍ത്താവിനൊപ്പം എത്തിച്ചേരണം.പട്ടികജാതി / പട്ടിക വര്‍ഗ്ഗം / ഒ.ഇ.സി വിഭാഗത്തില്‍ പെടാത്ത എല്ലാ വിദ്യാര്‍ഥികളും സാധാരണ ഫീസിനു പുറമേ സ്‌പെഷ്യല്‍ ഫീസ് 10,000/ രൂപ (പതിനായിരം രൂപ) കൂടി അടയ്‌ക്കേണ്ടതാണ്.കോഷന്‍ ഡിപ്പോസിറ്റ് 1000/ രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ (ഏകദേശം 4000/ രൂപയും) ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടയ്‌ക്കേണ്ടതാണ്.  പി.ടി.എ ഫണ്ട് ക്യാഷ് ആയി നല്‍കേണ്ടതാണ്.

ഒഴിവ് വിവരങ്ങള്‍

സിവില്‍ എഞ്ചിനിയറിംഗ് – 8 ഒഴിവുകള്‍,ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് -8 ഒഴിവുകള്‍,
ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ് 4 ഒഴിവുകള്‍,കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് – 6 ഒഴിവുകള്‍,
വെബ്‌സൈറ്റ്: www.polyadmission.org/lte

ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം ആഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് ശേഷം രണ്ടിന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

സൗജന്യപരിശീലനം
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം പത്തനംതിട്ടയില്‍  10 ദിവസത്തെ സൗജന്യ ഫാസ്റ്റ്ഫുഡ്,  കേക്ക്, ബേക്കറി പ്രൊഡക്ട്സ് എന്നിവയില്‍ പരിശീലനം ആരംഭിക്കുന്നു. താത്പര്യമുള്ളവര്‍ 04682270243, 8330010232   എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

 

error: Content is protected !!