Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 29/07/2023)

2023-ഓണം സ്പെഷ്യല്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്‌ ഡ്രൈവ്
2023-ഓണം ആഘോഷങ്ങളോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പ്പാദനവും, വിപണനവും കൂടാനുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.  ആഗസ്റ്റ്  ആറ്  മുതല്‍  സെപ്റ്റംബര്‍ അഞ്ച്   വരെ ജാഗ്രതാ ദിനങ്ങളായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചു.   ഡെപ്യൂട്ടി  എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച്  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു.   ജില്ലയിലെ രണ്ട്  ഓഫീസുകള്‍ കേന്ദ്രമാക്കി രണ്ട്  സ്ട്രൈക്കിംഗ് ഫോഴ്സ് പ്രത്യേകമായി രൂപീകരിച്ചിട്ടുളളതും, പരാതികളിലും, രഹസ്യവിവരങ്ങളിലും അടിയന്തിര നടപടി എടുക്കുന്നതുമാണ്.  സംശയാസ്പദമായ സാഹചര്യങ്ങളില്‍ അടിയന്തിരമായി ഇടപെടുന്നതിന് ഡെപ്യൂട്ടി  എക്സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമിനേയും സജ്ജമാക്കി. മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കുന്നതിനും, റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഷാഡോ എക്സൈസ് ടീമിനെ നിയോഗിച്ചു.   മദ്യ ഉല്പാദന വിപണനകേന്ദ്രങ്ങളിലും, വനപ്രദേശങ്ങളിലും പോലീസ്, ഫോറസ്റ്റ്, റവന്യൂ എന്നീ വകുപ്പുകളുമായി സഹകരിച്ച് സംയുക്ത റെയ്ഡുകള്‍ ആരംഭിച്ചു.
രാത്രികാലങ്ങളില്‍ വാഹനപരിശോധനകള്‍ കര്‍ശനമാക്കിയിട്ടുള്ളതും, വാഹന പരിശോധനകള്‍ക്കായി പ്രത്യേക ടീമിനെ സജ്ജമാക്കിയിട്ടുള്ളതുമാണ്. ജില്ലയിലെ പ്രധാന പാതകളെല്ലാം തന്നെ എക്സൈസ് ഫോഴ്സിന്റെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി.  സംശയാസ്പദമായ സാഹചര്യത്തിലുള്ള വാഹനങ്ങള്‍, കടകള്‍, തുറസായ സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ കര്‍ശനമായും പരിശോധിക്കും.  കള്ളുഷാപ്പുകള്‍, ബാറുകള്‍, മറ്റ് ലൈസന്‍സ് സ്ഥാപനങ്ങള്‍ എന്നിവ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കി  പരിശോധനകള്‍ നടത്തി സാമ്പിളുകള്‍ എടുക്കും.  വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പാന്‍മസാല, പാന്‍പരാഗ്, മറ്റ് ലഹരിവസ്തുക്കളുടെ വില്‍പ്പന കര്‍ശനമായി തടയുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
മദ്യമയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ചുവടെയുളള നമ്പരുകളില്‍ അറിയിക്കണമെന്ന് ഡെപ്യൂട്ടി  എക്സൈസ് കമ്മീഷണര്‍  വി.എ .സലീം  അറിയിച്ചു.

ജില്ലാ കണ്‍ട്രോള്‍റൂം പത്തനംതിട്ട 0468 2222873. ടോള്‍ഫ്രീ നമ്പര്‍ 1055.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പത്തനംതിട്ട 9447178055.
അസി. എക്സൈസ് കമ്മീഷണര്‍ പത്തനംതിട്ട 9496002863.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ്
ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് പത്തനംതിട്ട 9400069473.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പത്തനംതിട്ട 9400069466.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടൂര്‍ 9400069464.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റാന്നി 9400069468.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മല്ലപ്പള്ളി 9400069470.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍  തിരുവല്ല 9400069472.
എക്സൈസ് ഇന്‍സ്പെക്ടര്‍ എക്സൈസ് റേഞ്ച് ഓഫീസ് പത്തനംതിട്ട 9400069476.
എക്സൈസ് ഇന്‍സ്പെക്ടര്‍  എക്സൈസ് റേഞ്ച് ഓഫീസ് കോന്നി 9400069477.
എക്സൈസ് ഇന്‍സ്പെക്ടര്‍  എക്സൈസ് റേഞ്ച് ഓഫീസ് റാന്നി  9400069478.
എക്സൈസ് ഇന്‍സ്പെക്ടര്‍ എക്സൈസ് റേഞ്ച് ഓഫീസ് ചിറ്റാര്‍ 9400069479.
എക്സൈസ് റേഞ്ച് ഓഫീസ് അടൂര്‍  9400069475.
എക്സൈസ് ഇന്‍സ്പെക്ടര്‍ എക്സൈസ് റേഞ്ച് ഓഫീസ് മല്ലപ്പള്ളി 9400069480.
എക്സൈസ് ഇന്‍സ്പെക്ടര്‍  എക്സൈസ് റേഞ്ച് ഓഫീസ് തിരുവല്ല  9400069481.

 

 

കര്‍ഷകരെ ആദരിക്കുന്നു
കര്‍ഷകദിനാചരണത്തോട് അനുബന്ധിച്ച് പത്തനംതിട്ട നഗരസഭ കൃഷി ഭവന്‍ ചിങ്ങം ഒന്നിന് മികച്ച കര്‍ഷകരെ ആദരിക്കുന്നു. ജൈവകൃഷി വനിതാ കര്‍ഷക, എസ്സി കര്‍ഷകന്‍/കര്‍ഷക, കുട്ടി കര്‍ഷകന്‍, മുതിര്‍ന്ന കര്‍ഷകന്‍ തുടങ്ങിയ  മേഖലയിലുളളവരെയാണ് തെരഞ്ഞെടുക്കുന്നത്.  കര്‍ഷകര്‍ ആഗസ്റ്റ് രണ്ടിന് മുമ്പ് പത്തനംതിട്ട കൃഷിഭവനില്‍ അപേക്ഷ നല്‍കണം.

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ആഗസ്റ്റ് ഒന്നിന്

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ആഗസ്റ്റ് ഒന്നിന് പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ ഹാളില്‍ രാവിലെ 10 മുതല്‍ നടത്തും.


അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കടുത്തുരുത്തി (04829 264177, 8547005049),  മല്ലപ്പള്ളി (8547005033),  പയ്യപ്പാടി (പുതുപ്പള്ളി 8547005040), പീരുമേട് (04869 299373, 8547005041), അയിരൂര്‍ (04735 296833, 8921379224) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന  അപ്ലൈഡ് സയന്‍സ് കോളജുകളിലേക്ക് 2023-24 അധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച ഡിഗ്രി കോഴ്സുകളിലേക്കു കോളജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍  നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം.  ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി,എസ്.റ്റി 250രൂപ) രജിസ്ട്രേഷന്‍ ഫീസ്  ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ ലഭിക്കണം. വെബ്സൈറ്റ് : www.ihrd.ac.in.

അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള   തൊടുപുഴ അപ്ലൈഡ് സയന്‍സ് കോളജില്‍ (04862  257447, 257811, 8547005047) പുതുതായി അനുവദിച്ച ബിരുദാനന്തര ബിരുദ  കോഴ്സില്‍ 2023-24 അധ്യയന വര്‍ഷത്തില്‍  കോളജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപ (എസ്.സി,എസ്.റ്റി 350 രൂപ) രജിസ്ട്രേഷന്‍ ഫീസ്  ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ ലഭിക്കണം. വെബ്സൈറ്റ് :  www.ihrd.ac.in.
ഡിപ്ലോമ പ്രവേശനം

കേരളസര്‍ക്കാരിന്റെ സഹകരണ വകുപ്പിന് കീഴിലുള്ള ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് ആന്‍ഡ് ബിഗ്ഡേറ്റ, സൈബര്‍ ഫോറന്‍സിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്സ്‌കളിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു, വിഎച്ച്എസ്സി, ഐടിഐ ,കെജിസിഇ കഴിഞ്ഞവര്‍ക്ക് രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടാം. ഫോണ്‍ : 9496231647, 8589068086.
ഫോട്ടോഗ്രഫി മത്സരം
കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) വ്യവസായ കേരളം എന്ന വിഷയത്തില്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. വ്യവസായ വകുപ്പിന്റെ നേട്ടങ്ങള്‍, നടപ്പാക്കിയ മാതൃകാപദ്ധതികള്‍, വിജയകരമായി മുന്നേറുന്ന സംരംഭങ്ങള്‍ തുടങ്ങി കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് കൂടുതല്‍ പ്രചോദനമേകുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രായപരിധിയില്ല. മത്സരാര്‍ഥി സ്വന്തമായി മൊബൈല്‍ ഫോണിലോ ഡിഎസ്എല്‍ആര്‍ ക്യാമറകളിലോ പകര്‍ത്തിയ ചിത്രങ്ങള്‍ അടിക്കുറിപ്പോടെ അയക്കണം. ഒരാള്‍ക്ക്  ഒരു ഫോട്ടോ അയക്കാം. വാട്ടര്‍മാര്‍ക്കുള്ള ഫോട്ടോ പരിഗണിക്കില്ല. കളറിലോ/ബ്ലാക്ക് ആന്‍ഡ് വൈറ്റിലോ ഫോട്ടോകള്‍ അയക്കാം. വിദഗ്ധ ജൂറി തെരഞ്ഞെടുത്ത മികച്ച 10 ഫോട്ടോകള്‍ കെഎസ്‌ഐഡിസിയുടെ ഫേസ്ബുക്ക്/ഇന്‍സ്റ്റാഗ്രാം പേജില്‍ പബ്ലിഷ് ചെയ്യും. അതില്‍ കൂടൂതല്‍ ലൈക്ക് ആന്റ് ഷെയര്‍ ലഭിക്കുന്ന മൂന്ന് ഫോട്ടോകളാണ് വിജയികളെ തെരഞ്ഞെടുക്കുന്നതിന് പരിഗണിക്കുക.

കെഎസ്ഐഡിസിയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകള്‍ ഫോളോ ചെയ്യുന്നവരെയാണ് മത്സരത്തിന് പരിഗണിക്കുന്നത്. തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 7,000 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും മികച്ച രണ്ടാമത്തെ ചിത്രത്തിന് 5,000 രൂപയും പ്രശസ്തി പത്രവും മൂന്നാമത്തെ ചിത്രത്തിന് 3,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും.  മികച്ച ഏഴ് ഫോട്ടോകള്‍ക്ക് പ്രോത്സാഹന സമ്മാനമായി 1,000 രൂപ വീതം ലഭിക്കും. ഫോട്ടോകള്‍ സെപ്റ്റംബര്‍ അഞ്ചിനകം [email protected] എന്ന ഇ-മെയിലേക്ക് അയക്കണം. ഫോട്ടോയോടൊപ്പം  മത്സരാര്‍ഥിയുടെ പേര്, സ്ഥലം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. വിവരങ്ങള്‍ക്ക് കെഎസ്ഐഡിസി ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജ് എന്നിവ സന്ദര്‍ശിക്കുക. ഫോണ്‍: 0471-2318922.

യൂത്ത്ഫെസ്റ്റ് 2023: എന്‍ട്രികള്‍ ക്ഷണിച്ചു
വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്‌ഐവി/എയ്ഡ്സിനെക്കുറിച്ച് അവബോധം ഉണ്ടാകുക എന്ന ലക്ഷ്യത്തോടെ  കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംസ്ഥാന  ആരോഗ്യ കുടുംബക്ഷേമവകുപ്പും വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12 ന് ആചരിക്കുന്ന അന്താരാഷട്ര യുവജന ദിനത്തിന് മുന്നോടിയായി ജില്ലാതലമത്സരങ്ങള്‍ നടത്തുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി (എട്ട്, ഒന്‍പത്, 11, ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക്) ക്വിസ് മത്സരവും കോളജ് വിദ്യാര്‍ഥികള്‍ക്കായി (17നും 25നും ഇടയില്‍ പ്രായമുള്ളവര്‍) നാടകം, റീല്‍സ് എന്നീ ഇനങ്ങളിലും മത്സരം നടത്തുന്നു. ക്വിസ് മത്സരത്തിന് ഒരു സ്‌കൂളില്‍ നിന്നും ഒരു ടീമിന് പങ്കെടുക്കാം. ഐടിഐ, പോളിടെക്നിക്, ആര്‍ട്സ് ആന്‍ഡ് സയന്‍സ്, പ്രൊഫഷണല്‍ കോളജ് തുടങ്ങി എല്ലാ കോളജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപയും നാടക മസരത്തിന് 8000, 5000, 3000 രൂപയും, റീല്‍സിന് 1000 ,750, 500 രൂപയുമാണ് സമ്മാന തുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ [email protected] എന്ന മെയിലിലേക്കോ 9496109189 എന്ന വാട്സാപ്പ് നമ്പരിലേക്കോ പേര്, വയസ്, പഠിക്കുന്ന കോഴ്സ്, സ്ഥാപനത്തിന്റെ പേര്, പങ്കെടുക്കുന്ന ഇനം, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ആഗസ്റ്റ് രണ്ടിന് വൈകുന്നേരം അഞ്ചിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. മത്സരങ്ങള്‍ നടത്തുന്ന തീയതി, സ്ഥലം, സമയം എന്നിവ പിന്നീട് അറിയിക്കുമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ ചെങ്ങന്നൂരില്‍ ഉളള കെല്‍ട്രോണ്‍ നോളജ് സെന്ററിലൂടെ എല്ലാ  വിദ്യാര്‍ഥികള്‍ക്കും ഫീസ് ഇളവോടുകൂടി സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വെയര്‍ഹൗസ് ആന്റ് ഇന്‍വെന്റ്‌ററി മാനേജ്മെന്റ് (യോഗ്യത: എസ്എസ്എല്‍സി), തൊഴിലധിഷ്ഠിത കോഴ്സ് ആയ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്(യോഗ്യത:പ്ലസ് ടു) കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെങ്ങന്നൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററുമായോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടുക.

ടെന്‍ഡര്‍

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഉപയോഗശൂന്യമായതും  കാലാവധി കഴിഞ്ഞതുമായ ആശുപത്രി ഉപകരണങ്ങളും  മറ്റ് ബയോ മെഡിക്കല്‍ ഉപകരണങ്ങളും ആശുപത്രിയില്‍ നിന്നും നീക്കം ചെയ്യുന്നതിന് തത്പരരായ വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് ഏഴിന് പകല്‍ 2.30 വരെ. ഫോണ്‍ : 9497713258.

എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം
പട്ടികജാതി വികസന വകുപ്പ് പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനം നേടുന്നതിനാവശ്യമായ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയ 2023-24 വര്‍ഷം  പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കുടുംബവാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കൂടരുത്. നിശ്ചിത മാതൃകയിലുളള അപേക്ഷ, കുട്ടിയുടെ ജാതി, രക്ഷകര്‍ത്താവിന്റെ കുടുംബവാര്‍ഷിക വരുമാനം, എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , പ്ലസ് വണ്‍ ന് പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പലില്‍ നിന്നും സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥിയാണെന്ന സര്‍ട്ടിഫിക്കറ്റ് സഹിതം  ആഗസ്റ്റ് ഏഴിന് മുന്‍പ് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 0468 2322712.
വെബിനാര്‍
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ) സംരംഭങ്ങള്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു.  ജൂലൈ 31 ന് പകല്‍ മൂന്നു മുതല്‍ നാലുവരെ ഓണ്‍ലൈനായി സൂം പ്ലാറ്റ് ഫോമിലൂടെ വെബിനാര്‍ നടത്തും. താല്പര്യമുള്ളവര്‍ കീഡിന്റെ വെബ്‌സൈറ്റായ www.kied.info ല്‍  ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:  0484 2532890, 2550322 
ക്വട്ടേഷന്‍

ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ മുറിച്ചിട്ടിരിക്കുന്ന ആഞ്ഞിലി, മാവ് തുടങ്ങിയ വൃക്ഷതടികള്‍ വാങ്ങാന്‍ താത്പര്യമുളള  വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് പത്തിന് രാവിലെ 11 വരെ. ഫോണ്‍ :9447427702.
എബിസിഡി ക്യാമ്പ് രണ്ടാം ഘട്ടം ഓഗസ്റ്റ് ഒന്ന് മുതല്‍ 17 വരെ  
സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്‍കി വരുന്ന എബിസിഡി പദ്ധതി(അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍)യുടെ  രണ്ടാം ഘട്ടം ഓഗസ്റ്റ് ഒന്ന് മുതല്‍ 17 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഒന്നിന് മഞ്ഞത്തോട്, പ്ലാപ്പള്ളി, ളാഹ, വേലംപ്ലാവ് കോളനികളില്‍ ഉള്ളവര്‍ക്ക് പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലും, മൂന്നിന് വലിയ പതാല്‍, കുടമുരുട്ടി, ചൊള്ളനാവയല്‍ വനംകുടി കോളനികളില്‍ ഉള്ളവര്‍ക്ക് അത്തിക്കയം ഔവര്‍ കോളജിലും ക്യാമ്പ് നടക്കും. എഴിനു പാമ്പിനി, വേളിമല പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് പാമ്പിനി കമ്മ്യൂണിറ്റി ഹാളിലും, ഒന്‍പതിനു കൊടുമുടി കോളനിയില്‍ ഉള്ളവര്‍ക്ക് കൊടുമുടി കമ്മ്യൂണിറ്റി ഹാളിലും, 17 ന് മൂഴിയാര്‍ സങ്കേതങ്ങളില്‍ ഉള്ളവര്‍ക്ക് മൂഴിയാര്‍ നാല്‍പ്പത് കെ.എസ്.ഇ.ബി ക്ലബിലും ക്യാമ്പ് നടക്കും. സാങ്കേതിക തടസങ്ങളാലും, മറ്റ് അസൗകര്യങ്ങളാലും ആദ്യം ക്യാമ്പ് പ്രേയോജനപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് രണ്ടാം ഘട്ട ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇതിലൂടെ പദ്ധതി നൂറു ശതമാനം പൂര്‍ണതയില്‍ എത്തിക്കുകയാണ് ലക്ഷ്യം.

ഭിന്നശേഷി അവാര്‍ഡ് 2023 നോമിനേഷന്‍ ക്ഷണിച്ചു
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാമൂഹ്യനീതി വകുപ്പ് നല്‍കി വരുന്ന സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് 2023 നുളള  നോമിനേഷന്‍ ക്ഷണിച്ചു.
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാരന്‍, തൊഴില്‍ ദായകര്‍, എന്‍ജിഒ, മാതൃക വ്യക്തി, സര്‍ഗാത്മക കഴിവുളള കുട്ടി, കായികതാരം, ദേശീയ അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,  ജില്ലാ ഭരണകൂടം, എന്‍ജിഒകള്‍ നടത്തി വരുന്ന പുനരധിവാസ കേന്ദ്രങ്ങള്‍, സാമൂഹ്യനീതി വകുപ്പിലെ മികച്ച ഭിന്നശേഷി സ്ഥാപനം, ഭിന്നശേഷി സൗഹൃദ സ്ഥാപനം, ഭിന്നശേഷി സൗഹൃദ വെബ്സൈറ്റ്, ഭിന്നശേഷി സൗഹൃദ റിക്രിയേഷേന്‍ സെന്ററുകള്‍, ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പുതിയ പദ്ധതികള്‍, ഗവേഷണങ്ങള്‍ സംരംഭങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലേക്ക് നോമിനേഷന്‍ സമര്‍പ്പിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 15. വെബ്സൈറ്റ് :  [email protected],  ഫോണ്‍ : 0468 2325168.
തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്തു
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി 2023 (ബിആര്‍-93) ടിക്കറ്റിന്റെ ജില്ലാ തല പ്രകാശന കര്‍മം പത്തനംതിട്ട കളക്ടറേറ്റില്‍ എഡിഎം ബി.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.  എ.ഡി.എം-ന്റെ ചേമ്പറില്‍ നടന്ന  ചടങ്ങില്‍ പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എന്‍.ആര്‍. ജിജി, ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ്. ഹനീഫ് ജില്ലയിലെ പ്രമുഖ ഏജന്റുമാരായ കെ. എസ് സന്തോഷ്, സയ്യിദ് മീരാന്‍,  അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഒന്നാം സമ്മാനമായി 25 കോടി രൂപയും രണ്ടാം സമ്മാനമായി 20 കോടി രൂപയും (ഒരു കോടി വീതം 20 പേര്‍ക്ക്) മൂന്നാം സമ്മാനമായി 10 കോടി രൂപയും  (50 ലക്ഷം വീതം 20 പേര്‍ക്ക്) കൂടാതെ മറ്റ് നിരവധി ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കുന്ന ടിക്കറ്റിന്റെ വില 500 രൂപയാണ്. നറുക്കെടുപ്പ് സെപ്റ്റംബര്‍ 20 ന് നടത്തും
പൈപ്പ് ലൈന്‍ മാറ്റുന്ന പ്രവര്‍ത്തി സ്പെഷല്‍ ടീമിന്റെ മേല്‍നോട്ടത്തില്‍ വേഗം പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട നഗരത്തിലെ പൈപ്പ് ലൈന്‍ മാറ്റുന്ന പ്രവര്‍ത്തി സ്പെഷല്‍ ടീം രൂപീകരിച്ച് മേല്‍നോട്ടത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസനസമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ട നഗരത്തില്‍ നാല്‍പ്പത്തിയാറ് വര്‍ഷം മുന്‍പ് സ്ഥാപിച്ച പൈപ്പ് ലൈനുകള്‍ മാറ്റി പുതിയതു സ്ഥാപിക്കാനുള്ള പ്രവര്‍ത്തി ഏറെ സദുദ്ദേശ്യത്തോടെയാണ് നടപ്പിലാക്കിയത്. എന്നാല്‍, പല കാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിച്ച് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. ജനോപകാരപ്രദമാകണമെന്ന് ലക്ഷ്യമിട്ട് മുന്നോട്ട് കൊണ്ടുവരുന്ന പദ്ധതികള്‍ ജനദ്രോഹപരമാക്കരുത്. ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ല.
സര്‍വേയര്‍മാരുടെ ഒഴിവുകള്‍ നികത്തേണ്ടത് അത്യാവശ്യമാണ്. ഒഴിവുകള്‍ പരിശോധിച്ച് ജില്ലാ കളക്ടര്‍ പട്ടിക നല്‍കണം. അടൂര്‍- തുമ്പണ്‍- കോഴഞ്ചേരി റോഡിന്റെ അലൈന്‍മെന്റ് കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയില്‍ 12 മീറ്റര്‍ വീതിയില്ലാത്ത ഇടങ്ങളിലെ ഭൂമി ഏറ്റെടുക്കേണ്ട സ്ഥലങ്ങളിലെ ഉടമസ്ഥര്‍ ഭൂമി വിട്ടുതരാന്‍ തയാറാണ്. അക്കാര്യം കെആര്‍എഫ്ബിയെ അറിയിക്കണം. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി ആറന്മുള മണ്ഡലത്തില്‍ കോഴഞ്ചേരി സി കേശവന്‍ സ്‌ക്വയര്‍ നിര്‍മാണ പ്രവര്‍ത്തി പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കണം. കോഴിപ്പാലം-കാരയ്ക്കാട് റോഡിലെ ബിസി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് റോഡ് ഉദ്ഘാടനത്തിന് തയാറായി കഴിഞ്ഞു. പെരുനാട് ആശുപത്രിയിലെ കിടത്തിചികിത്സ അട്ടിമറിക്കാന്‍ നടത്തുന്ന പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ കഴിയില്ല. ശബരിമല ഉള്‍പ്പെടുന്ന ആദിവാസി സങ്കേതമുള്ള പ്രദേശമാണ് പെരുനാട്. അതുകൊണ്ട് തന്നെ പെരുനാട് ആശുപത്രി ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഈ ആഴ്ച തന്നെ ഇതുവരെയുള്ള ഐപികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കണം. ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പുതിയ പാലത്തിന് താഴെയുള്ള മണല്‍ ചാക്കുകള്‍ മാറ്റുന്ന പ്രവര്‍ത്തി പൂര്‍ത്തിയാക്കണം. പള്ളിയോടങ്ങള്‍ക്ക് മാര്‍ഗതടസമുണ്ടാക്കുന്ന എല്ലാം എത്രയും വേഗം നീക്കം ചെയ്യണം. വള്ളംകളിയുമായി ബന്ധപ്പെട്ടുള്ള എല്ലാ സുരക്ഷയും ഒരുക്കണമെന്നും മെഡിക്കല്‍ ടീം വള്ളംകളി സ്ഥലത്ത് സജ്ജമായിരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ അരയാഞ്ഞിലിമണ്‍-കുരുമ്പന്‍മൂഴി പ്രദേശത്തേക്കുള്ള നടപ്പാല നിര്‍മാണത്തിനായുള്ള അനുമതി ലഭിച്ചിരിക്കുകയാണെന്നും കുരുമ്പന്‍മൂഴിയിലേക്കുള്ള നടപ്പാല നിര്‍മാണം എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പാലത്തിന്റെ നിര്‍മാണത്തിനായി പട്ടികജാതിവികസന ഓഫീസറുടെ നേതൃത്വത്തില്‍ താത്പര്യപത്രം ക്ഷണിക്കുന്ന നടപടികള്‍ ആരംഭിക്കണം. അതിനോടൊപ്പം തന്നെ നദിക്ക് കുറുകെ നടപ്പാലം നിര്‍മിക്കുന്നതിനായി ഇറിഗേഷന്‍ വകുപ്പിന്റെ എന്‍ഒസി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തികളും പൂര്‍ത്തിയാക്കണം. അതിവേഗം പാലത്തിന്റെ നിര്‍മാണം ആരംഭിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ശബരിമല ദേശീയ പാതയുടെ നിര്‍മാണം സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് പൂര്‍ത്തിയാക്കണം. എംഎല്‍എ ഫണ്ടില്‍ നിന്നുള്ള പ്രവര്‍ത്തികള്‍ക്ക് സാങ്കേതിക അനുമതി ലഭ്യമാക്കി അത് വേഗത്തില്‍ ആരംഭിക്കണം. പുതമണ്‍ താത്കാലിക പാലത്തിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ക്രമങ്ങള്‍ വേഗത്തിലാക്കണം. കെഎസ്ആര്‍ടിസി ജില്ലയിലെ ആദ്യഗ്രാമവണ്ടി റാന്നി മണ്ഡലത്തില്‍ ആരംഭിച്ചതും കോഴഞ്ചേരി -പുതമണ്‍ സര്‍വീസ് ആരംഭിച്ചതും അഭിനന്ദനാര്‍ഹമാണ്. കോവിഡ് സമയത്ത് നിര്‍ത്തിയ റാന്നി -മണ്ണടിശാല സര്‍വീസ് പുനരാരംഭിക്കണം. കാലങ്ങളായി കാത്തിരുന്ന എഴുമറ്റൂര്‍ ആശുപത്രിയുടെ തറക്കല്ലിടില്‍ ഓഗസ്റ്റ് 26 ന് നടക്കും.
റാന്നി താലൂക്ക് ആശുപത്രിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കണം. പെരുനാട് ആശുപത്രിയിലെ കിടത്തി ചികിത്സ അട്ടിമറിക്കാനുള്ള പ്രവര്‍ത്തി അനുവദിക്കാന്‍ കഴിയില്ല. ശബരിമല തീര്‍ത്ഥാടനകേന്ദ്രവും ആദിവാസി സങ്കേതവും ഉള്‍പ്പെടുന്ന പെരുനാട്ടില്‍ ആശുപത്രിയുടെ പ്രാധാന്യം അത്രത്തോളം വലുതാണ്. വകുപ്പിന്റെ ഇടപെടല്‍ അടിയന്തിരമായി വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. അത്തിക്കയം- കടുമീന്‍ചിറ റോഡിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. റാന്നി പാലത്തിന്റെ അപ്രോച്ച് റോഡിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നിശ്ചയിച്ച് നല്‍കുന്ന പ്രവര്‍ത്തികള്‍ വേഗത്തിലാക്കണം. ജലജീവന്‍ മിഷന്‍ പദ്ധതിയിലുള്‍പ്പെട്ട ചെറുകോല്‍- നാരങ്ങാനം പദ്ധതിയില്‍ ജലശുദ്ധീകരണ ശാലയ്ക്കായുള്ള ഭൂമി ലഭ്യമാക്കുന്നതിന് സംയുക്തയോഗം വിളിച്ച് ചേര്‍ക്കണം.
ഒളികല്ല് ഭാഗത്ത് കുമ്പളത്താമണ്ണില്‍ ആന എത്തിയിരുന്നു. അവിടെയും സൗരോര്‍ജവേലി കെട്ടി സുരക്ഷിതമാക്കുന്ന കാര്യം പരിശോധിക്കണം. പെരുന്തേനരുവി ഡാമില്‍ പ്രളയത്തില്‍ അടിഞ്ഞ് കൂടിയ ചെളിയും മണലും നീക്കാന്‍ സ്ഥിരമായ സംവിധാനം വേണം. അതിനായി സംസ്ഥാനതലത്തില്‍ വിദഗ്ധസംഘം സന്ദര്‍ശനം നടത്തേണ്ടതുണ്ടെന്നും എംഎല്‍എ പറഞ്ഞു.
വിദ്യാലയങ്ങളില്‍ നിന്ന് ലഹരിമാഫിയയെ തുടച്ച് നീക്കുന്നതിനായി എക്‌സൈസ്, വിദ്യാഭ്യാസം പോലീസ് വകുപ്പുകള്‍ അതിശക്തമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. വിദ്യാലയങ്ങളിലേക്ക് ലഹരി എത്തുന്ന മാര്‍ഗം കണ്ടുപിടിക്കണം. വിജിലന്‍സ് സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കണം.
അധ്യാപക-രക്ഷകര്‍ത്തൃസമിതിയെ ഇതില്‍ പങ്കാളികളാക്കണം. മഞ്ഞനിക്കര- ഇലവുംതിട്ട- മുളക്കുഴ റോഡില്‍ ഓമല്ലൂര്‍ ഭാഗത്തെ കലുങ്ക് നിര്‍മാണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. വെള്ളം ഒഴുകിപോകാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കലുങ്കിന് വേണ്ടി മാത്രം എസ്റ്റിമേറ്റ് പരിശോധിക്കേണ്ടതുണ്ട്. ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മാണം അടിയന്തിരപ്രാധാന്യം നല്‍കി പൂര്‍ത്തിയാക്കണം. റിംഗ് റോഡില്‍ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ വരെയുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ഓടയ്ക്ക് മുകളില്‍ കടകള്‍ നിര്‍മിച്ചിരിക്കുന്നത് ട്രാഫിക് ബ്ലോക്കിന് കാരണമാകുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പത്തനംതിട്ട നഗരത്തിലെ തെരുവുനായ ശല്യത്തിന് ശാശ്വതപരിഹാരം വേണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ്മ പറഞ്ഞു. ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട് ചെളി നീക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. എത്രയും വേഗത്തില്‍ അത് നീക്കം ചെയ്യണം. മഴയില്‍ പന്തളം, തിരുവല്ല ഭാഗത്തെ കര്‍ഷകരുടെ 718 ഏക്കര്‍ സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യണം. തിരുവല്ല-മാവേലിക്കര റോഡിലെ പുളിക്കീഴ് ജംഗ്ഷനില്‍ വെള്ളക്കെട്ട് ബുദ്ധിമുട്ടുണ്ടാക്കുന്നു. എത്രയും വേഗം ഓടനിര്‍മാണം നടത്തണം. കോട്ടാങ്ങല്‍-ആലപ്രക്കാട്- ചുങ്കപ്പാറ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. എസ്റ്റിമേറ്റ് എടുത്ത് ടൈല്‍ പാകണം. പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഏഴ് മണിക്ക് ശേഷം സുരക്ഷ ഒരുക്കേണ്ടത് അത്യാവശ്യമാണ്. ജീവനക്കാരെ കൈയേറ്റം ചെയ്യുന്ന രീതിയുണ്ട്. മോഷണവും പതിവായ സ്ഥിതിക്ക് പോലീസ് എയ്ഡ്‌പോസ്റ്റ് വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓണക്കാലവുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരത്തില്‍ തിരക്ക് കൂടുന്ന സാഹചര്യത്തില്‍ ട്രാഫിക് ക്രമീകരണം വേണമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ജില്ലാ ആശുപത്രിയുടെ മുന്‍വശത്തെ റോഡുകളില്‍ ആംബുലന്‍സുകള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിക്കണം. മറ്റ് സംസ്ഥാനത്തേക്ക് പോകുന്ന ബസുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നല്‍കിയിട്ടും മറ്റ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന രീതി അനുവദിക്കില്ല. വാഹനം പിടിച്ചെടുക്കുമെന്നും നഗരത്തിന്റെ മധ്യഭാഗത്തെ പൈപ്പ് ലൈനുകള്‍ ഇടുന്ന പ്രവര്‍ത്തി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു.
വിദ്യാലയങ്ങളില്‍ ലഹരിവസ്തുക്കള്‍ എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
ലഹരി വസ്തുക്കള്‍ കണ്ടെത്തുന്നതിനായി കടകളില്‍ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. അബാന്‍ ജംഗ്ഷന്‍ മുതല്‍ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ വരെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജും, ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നിര്‍ദേശം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ബി.രാധാകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഐ-പി.ആര്‍.ഡി. ഫോട്ടോഗ്രാഫര്‍
പാനലിലേക്ക് അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിനായി ഫോട്ടോ കവറേജ് നടത്തുന്നതിനായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു.
അപേക്ഷകര്‍ക്ക് ഡിജിറ്റല്‍ എസ്.എല്‍.ആര്‍./മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസലൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുവേണം. വൈഫൈ കാമറകള്‍ കൈവശമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫറായും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫറായും സേവനം അനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ക്രിമിനല്‍ കേസുകളില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. ഇതുസംബന്ധിച്ച രേഖ അപേക്ഷകന്‍ താമസിക്കുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറില്‍ നിന്നു ലഭ്യമാക്കി അഭിമുഖ സമയത്ത് നല്‍കണം.
കരാര്‍ ഒപ്പിടുന്ന തീയതി മുതല്‍ 2024 മാര്‍ച്ച് 31 വരെയായിരിക്കും പാനലിന്റെ കാലാവധി. ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് എട്ടിനു വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ സ്വീകരിക്കും. തപാലിലോ നേരിട്ടോ അപേക്ഷയും അനുബന്ധരേഖകളും നല്‍കാം. ഇ-മെയിലില്‍ അയയ്ക്കുന്നവ സ്വീകരിക്കില്ല.
പേര്, വീട്ടുവിലാസം, ഏറ്റവും പുതിയ ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍  വിലാസം, കൈവശമുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തിയാണ് അപേക്ഷ തയാറാക്കേണ്ടത്. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെ (എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്/ആധാര്‍/തിരഞ്ഞെടുപ്പ് ഐഡന്റിറ്റി കാര്‍ഡ്/പാന്‍ കാര്‍ഡ്/ഡ്രൈവിംഗ് ലൈസന്‍സ്/ പാസ്പോര്‍ട്ട്) പകര്‍പ്പ്, മുന്‍പ് എടുത്ത അഥവാ പ്രസിദ്ധീകരിച്ച മൂന്ന് ഫോട്ടോകളുടെ പ്രിന്റ് അല്ലെങ്കില്‍ അവ പ്രസിദ്ധീകരിച്ച പത്രഭാഗത്തിന്റെ ഫോട്ടോ കോപ്പി എന്നിവയും ഉള്ളടക്കം ചെയ്യണം. എല്ലാ രേഖകളും പേരും ഒപ്പും തീയതിയും ചേര്‍ത്ത് സ്വയംസാക്ഷ്യപ്പെടുത്തണം.
അസല്‍ രേഖകളുടെയും ഉപകരണങ്ങളുടെയും പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരം പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468-2222657
എഴുമറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 26ന്
റാന്നിയുടെ പടിഞ്ഞാറന്‍  മേഖലയ്ക്ക് ആശ്വാസമായി എഴുമറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിന് തുടക്കമാവുകയാണ്. പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 26ന് രാവിലെ 11ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. എഴുമറ്റൂര്‍, കൊറ്റനാട്, കോട്ടാങ്ങല്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ഇതുവഴി കഴിയും.
നബാര്‍ഡ് ഫണ്ടില്‍ നിന്നും 6.80 കോടി രൂപയും സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഫണ്ടില്‍ നിന്നും 1.20 കോടി രൂപയും ഉള്‍പ്പെടെ എട്ടു കോടിരൂപ ചിലവഴിച്ചാണ്  17000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ മൂന്നുനില കെട്ടിടം നിര്‍മിക്കുന്നത്.
1944 ല്‍ ഇംഗ്ലീഷ് ഡിസ്പെന്‍സറിയായി ആണ് 55 സെന്റ് സ്ഥലത്ത് എഴുമറ്റൂര്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഇത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയിരുന്നു. എന്നാല്‍, കാലപ്പഴക്കം ചെന്ന പഴയ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വൃദ്ധസദനത്തിലേക്ക് ആശുപത്രി താത്ക്കാലികമായി മാറ്റിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് ആശുപത്രിയുടെ ദുരാവസ്ഥ നേരില്‍ കണ്ട് മനസിലാക്കിയ എംഎല്‍എ പുതിയ കെട്ടിടം നിര്‍മിക്കുവാന്‍ ഫണ്ട് അനുവദിക്കുന്ന നടപടികള്‍ ധ്രുതഗതിയിലാക്കി. എന്നാല്‍, പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിന് നേരിട്ട സാങ്കേതിക തടസങ്ങളാണ് നിര്‍മാണം വൈകിക്കാന്‍ ഇടയാക്കിയത്.
കുട്ടികള്‍ക്ക് ചികിത്സയ്ക്ക് പ്രത്യേക വിഭാഗവും രോഗികള്‍ക്ക് ഒപ്പം എത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള വിശ്രമകേന്ദ്രവും മുകള്‍ നിലകളിലേക്ക് പോകാന്‍ ലിഫ്റ്റ് ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളും പുതിയ കെട്ടിടത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിര്‍മാണ ചുമതല. പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ റാന്നിയുടെ പടിഞ്ഞാറന്‍ മേഖലയിലെ ഗ്രാമവാസികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനാകും.
വാര്യാപുരം – പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ റോഡിന് 6.5 കോടി രൂപ അനുവദിച്ചു

** ഫണ്ട് അനുവദിച്ചത് ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന്
** പൈപ്പ് മാറ്റിയിടുന്നതിനുള്ള പ്രവൃത്തിയില്‍ തകര്‍ന്ന റോഡ് നവീകരിക്കും
** നിര്‍മാണം ഉന്നതനിലവാരത്തില്‍; ചുമതല പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്
** റോഡ് അപകടങ്ങള്‍ ഒഴിവാക്കാനായി 350 മീറ്റര്‍ നീളത്തില്‍ മെറ്റല്‍ ക്രാഷ് ബാരിയര്‍
ആറന്മുള മണ്ഡലത്തിലെ വാര്യാപുരം – പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ റോഡ് നിര്‍മാണത്തിനായി 6.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പഴയ കുടിവെള്ള പൈപ്പുകള്‍ മാറ്റി പുതിയതു സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ കാരണം റോഡിന് വലിയ തകരാര്‍ സംഭവിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് വാര്യാപുരം – മിനി സിവില്‍ സ്റ്റേഷന്‍ റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനോട് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചിരുന്നു. പരിയാരം മുതല്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ (മിനി സിവില്‍ സ്റ്റേഷന്‍)  വരെയുള്ള 40 എംഎം ബിസി ഓവര്‍ ലേ  പ്രവൃത്തിക്കാണ് അനുമതി ലഭിച്ചത്. വെള്ളക്കെട്ടുകള്‍ വരുന്ന റോഡിന്റെ  ഭാഗങ്ങളില്‍ ജിഎസ്ബി ഇട്ട് ഉയര്‍ത്തി ബിഎമ്മും അതിന് മുകളില്‍ ബിസിയും ചെയ്ത് ഉന്നത നിലവാരത്തിലാണ് റോഡ് നിര്‍മിക്കുന്നത്.

പൊതുമരാമത്ത് നിരത്തു വിഭാഗത്തിനാണ് നിര്‍മാണ ചുമതല. റോഡ് അപകടങ്ങള്‍ ഒഴിവാക്കാനായി 350 മീറ്റര്‍  നീളത്തില്‍ മെറ്റല്‍ ക്രാഷ് ബാരിയറും നിര്‍മിക്കും. ടെന്‍ഡര്‍ ഉള്‍പ്പടെയുള്ള  നടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍  തന്നെ പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് നിരത്തു വിഭാഗം റോഡിന്റെ പുനര്‍നിര്‍മാണം ആരംഭിക്കുന്നതിനു മുന്‍പ് കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തിയും പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
പഴകിയ 200 കിലോഗ്രാം മത്സ്യം പരിശോധനയില്‍ കണ്ടെത്തി 
ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി ശനിയാഴ്ച പുലര്‍ച്ചെ പത്തനംതിട്ട കുമ്പഴ മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന 200 കിലോഗ്രാം പഴകിയ മത്സ്യം കണ്ടെത്തി. മതിയായ അളവില്‍ ഐസ് ഇടാതെയാണ് കേര ചൂര മത്സ്യം സൂക്ഷിച്ചിരുന്നത്. ഇവ നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
ഒരു കിലോഗ്രാം മത്സ്യത്തിന് ഒരു കിലോഗ്രാം ഐസ് എന്ന അനുപാദത്തില്‍ ഐസ് ഇട്ടാണ് സൂക്ഷിക്കേണ്ടത്. പുലര്‍ച്ചെ രണ്ടിന് തുടങ്ങിയ പരിശോധനയില്‍ ഐസ്, മത്സ്യം എന്നിവ ഉള്‍പ്പെടെ ആകെ 24 സാമ്പിളുകള്‍ ശേഖരിച്ച് മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ പരിശോധന നടത്തി. രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം പരിശോധന നടത്തിയ സാമ്പിളുകളില്‍ കണ്ടെത്തിയിട്ടില്ല.
ആറന്മുള ഭക്ഷ്യസുരക്ഷാ ഓഫീസര്‍, ഫിഷറീസ് ഓഫീസര്‍, ഫിഷറീസ് വകുപ്പിലെ ജീവനക്കാര്‍, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
error: Content is protected !!