konnivartha.com/കോന്നി:കോന്നി കരിയാട്ടം സംഘാടക സമിതി ആഫീസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 മണിക്ക് (ജൂലൈ 27) നടക്കും.സുപ്രസിദ്ധ സിനിമാ താരം അജയകുമാർ ( ഗിന്നസ് പക്രു) ഉദ്ഘാടനം ചെയ്യും .
കെ.എസ്.ആർ.ടി.സി മൈതാനിയിലായിരിക്കും സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുക. കോന്നിയിലെ കലാ-സാഹിത്യ – സാംസ്കാരിക-കായിക രംഗത്തെ പ്രശസ്തർ ഒന്നിച്ചു ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്.
ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 3 വരെ 15 ദിവസക്കാലമാണ് കോന്നി കരിയാട്ടം സംഘടിപ്പിച്ചിരിക്കുന്നത്. ആനയെ മുഖ്യ ആകർഷണ കേന്ദ്രമാക്കിയാണ് കരിയാട്ടം നടക്കുക. കോന്നിയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കുന്നതിനും കരിയാട്ടം സഹായകമാകും.
വിവിധ സർക്കാർ ഡിപ്പാർട്ട്മെൻറുകളുമായി സഹകരിച്ച് നടത്തുന്ന കോന്നി കരിയാട്ടം ഓണക്കാലത്ത് കോന്നിയ്ക്ക് ശ്രദ്ധ നേടിയെടുക്കത്തക്ക നിലയിലാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കോന്നിയുടെ സാംസ്കാരിക തനിമ നിലനിർത്തി സംഘടിപ്പിക്കുന്ന കോന്നി കരിയാട്ടം വിജയിപ്പിക്കാൻ എല്ലാവരുടെയും പിൻതുണയുണ്ടാകണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.