പത്തനംതിട്ട ജില്ലാതല അറിയിപ്പുകള്‍ ( 20/07/2023)

ശിശുക്ഷേമ സമിതി പത്തനംതിട്ട ജില്ലാ വാർഷിക ജനറൽ ബോഡി ജൂലൈ 22ന്

ശിശുക്ഷേമ സമിതി പത്തനംതിട്ട ജില്ലാ വാർഷിക ജനറൽ ബോഡി ജൂലൈ 22 ന് ഉച്ച കഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ എഡിഎം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേരുമെന്ന് സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു.

അബാന്‍ മേല്‍പ്പാലം ഡിസംബറില്‍ പൂര്‍ത്തിയാക്കണമെന്ന് കരാറുകാരന് നിര്‍ദേശം നല്‍കി
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം കിഫ്ബിയുടെ ഉന്നത വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ചു. ചീഫ് പ്രോജക്റ്റ് എക്സാമിനറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധന നടത്തി. പദ്ധതിയുടെ നിര്‍മ്മാണ ഗുണനിലവാരവും അനുബന്ധ രേഖകളും സംഘം വിലയിരുത്തി. അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ഡിസംബര്‍ മാസത്തോടു കൂടി പൂര്‍ത്തിയാക്കണമെന്ന് കരാറുകാരന് നിര്‍ദേശം നല്‍കി.  സ്ഥലമേറ്റെടുപ്പ് നടപടികള്‍ ത്വരിതപെടുത്തുന്നതിന് പ്രത്യേക മീറ്റിംഗ് വിളിച്ച് ചേര്‍ക്കണമെന്ന് റവന്യു വകുപ്പ് മന്ത്രിയോട് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടിട്ടുണ്ട്.
അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണച്ചുമതല. 84 പൈല്‍ പൂര്‍ത്തിയായി. 18 പൈല്‍ ക്യാപ്പുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. തൂണുകളുടെ നിര്‍മാണം നടന്നു വരുന്നു. 5.5 മീറ്റര്‍ വീതിയില്‍ ഇരു വശത്തും സര്‍വീസ് റോഡുകളും ഉണ്ടാകും. ഇതിന്റെ സ്ഥലമെറ്റെടുപ്പിന് വേണ്ടി അലൈയ്മെന്റ് കല്ലുകള്‍ സ്ഥാപിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുവാനുള്ള നടപടികള്‍ നടന്നു വരുന്നു.
പത്തനംതിട്ടയുടെ മുഖഛായ മാറുന്നതാണ് അബാന്‍ മേല്‍പ്പാലം. ഗതാഗത ക്ലേശം ഒഴിവാക്കാന്‍ ഈ മേല്‍പ്പാലം ഏറെ സഹായിക്കും. പ്രൈവറ്റ് ബസ് സ്റ്റാന്റിനടുത്തുള്ള പെട്രോള്‍ പമ്പിന് സമീപത്തു നിന്ന് ആരംഭിച്ച് മൂത്തൂറ്റ് ആശുപത്രി ഭാഗം വരെ എത്തുന്നതാണ് മേല്‍പ്പാലം. ജില്ലാ ആസ്ഥാനത്തെ ആദ്യ മേല്‍പ്പാലം കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 46.50 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മിക്കുന്നത്.
കിഫ്ബി ചീഫ് പ്രോജക്ട് എക്സാമിനര്‍ വിജയ ദാസ്, കെ ആര്‍ എഫ് ബി ടീം ലീഡര്‍ മഞ്ജുഷ, ഇന്‍സ്പെക്ഷന്‍ എഞ്ചിനീയര്‍മാരായ ശ്രീജിത്ത്, ഗോകുല്‍, അരുണ്‍, കെആര്‍എഫ്ബി എക്സി. എഞ്ചിനീയര്‍ എം. ബിന്ദു, അസി. എക്സി. എഞ്ചിനീയര്‍മാരായ ബിജി, അനൂപ് ജോയ്, എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

 

 

 

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍  ഒഴിവുള്ള  അസിസ്റ്റന്റ് പ്രൊഫസര്‍  തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ  25 ന്  രാവിലെ 10 ന് കോളജില്‍ അഭിമുഖത്തിന് എത്തണം.  ഫോണ്‍: 9446382096, 9846399026.

തെങ്ങിന്‍ തൈകള്‍ വിതരണത്തിന്
വളളിക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ ഡബ്ല്യൂസിറ്റി ഇനത്തില്‍പെട്ട തെങ്ങിന്‍ തൈകള്‍ 50 രൂപ നിരക്കില്‍ വിതരണത്തിന് എത്തിയിട്ടുണ്ട്. ആവശ്യമുളള കര്‍ഷകര്‍ കരം അടച്ച രസീതിന്റെ പകര്‍പ്പുമായി കൃഷിഭവനില്‍ എത്തണമെന്ന് വളളിക്കോട് കൃഷി ഓഫീസര്‍ അറിയിച്ചു.

സീറ്റൊഴിവ്
സര്‍ക്കാര്‍ സ്ഥാപനമായ സീപാസ് ന്റെ കീഴില്‍ പത്തനംതിട്ട ചുട്ടിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സില്‍ എംഎസ്‌സി  ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ ( എംഎസ്‌സി. സുവോളജിക്ക് തുല്യം ) നു സീറ്റൊഴിവുണ്ട്. ബയോളജിക്കല്‍ സയന്‍സില്‍ ഏതെങ്കിലുമുള്ള ബിരുദമാണ് യോഗ്യത.  ഫോണ്‍. 9497816632, 9447012027.

സ്പോട്ട് ലേലം
പമ്പാനദിയില്‍ നിന്നും നീക്കം ചെയ്തതും പത്തനംതിട്ട ജില്ലയിലെ വിവിധ യാര്‍ഡുകളില്‍ ശേഖരിച്ചിരിക്കുന്നതുമായ  മണലും എക്കലും കലര്‍ന്ന മിശ്രിതം ജൂലൈ 29,31, ആഗസ്റ്റ് രണ്ട്, അഞ്ച് തീയതികളില്‍ വിവിധ യാര്‍ഡുകളില്‍ സ്പോട്ട് ലേലം നടത്തും. ലേലം ആരംഭിക്കുന്നതുവരെ നിരതദ്രവ്യം പണമായോ ഡിഡി ആയോ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ കൊല്ലം എന്ന പേരില്‍ സ്വീകരിക്കും.ഫോണ്‍ : 9447103453, 9995919950, 9446845051

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
കേരളാ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് 2022-23 അധ്യയനവര്‍ഷത്തില്‍ എസ്എസ്എല്‍സി , പ്ലസ് ടു  സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസും , സിബിഎസ്ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്ണും ഐസിഎസ്ഇ  സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കും, ബിരുദ/ബിരുദാനന്തര പ്രെഫഷണല്‍ കോഴ്സുകള്‍ക്ക് 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി വിജയികളായവര്‍ക്കും ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ കലാകായിക സാംസ്‌കാരികരംഗങ്ങളില്‍ പ്രാഗല്‍ഭ്യംതെളിയിച്ചവര്‍ക്കും ക്യാഷ് അവാര്‍ഡ് അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍, മാര്‍ക്ക് ലിസ്റ്റുകളുടേയും, സര്‍ട്ടിഫിക്കേറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ക്ഷേമനിധി അംഗത്വ കാര്‍ഡ് , ആധാര്‍കാര്‍ഡ്, പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പും വിദ്യാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ എന്നിവ സഹിതവും  സെപ്റ്റംബര്‍ 30 ന് അകം അപേക്ഷ ജില്ലാ എക്സിക്യട്ടീവ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468-2223169.
പ്രവേശന പരീക്ഷ
കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് 2023-24 ബാച്ചിന്റെ പ്രവേശന പരീക്ഷ ജൂലൈ 22-ന്  ഓണ്‍ലൈനായി നടത്തും. പോര്‍ട്ടല്‍ ലിങ്കും, അഡ്മിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട  മറ്റു നിര്‍ദ്ദേശങ്ങളും  അപേക്ഷകര്‍ക്ക് ഇ-മെയിലായി അയച്ചിട്ടുണ്ട്. ഇ-മെയില്‍ ലഭിക്കാത്തവര്‍ ജൂലൈ 21 വൈകിട്ട് അഞ്ചിന് മുമ്പ് അക്കാദമിയുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2422275, 9645090664.

യുവസാഹിത്യ ക്യാമ്പ് 2023

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ തങ്ങളുടെ രചനകള്‍    (കഥ, കവിത -മലയാളത്തില്‍) ജൂലൈ 31 നു മുമ്പ് sahithyacamp2023@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ തപാല്‍ മുഖേനയോ അയക്കണം.  മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകള്‍ ഡി.റ്റി.പി ചെയ്ത് , വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ആധാര്‍/വോട്ടര്‍ ഐ.ഡി ഇവയില്‍ ഏതെങ്കിലും ഒരെണ്ണം) ബയോഡാറ്റ, വാട്സ്ആപ്പ് നമ്പര്‍ എന്നിവ സഹിതം നല്‍കണം.  കവിത 60 വരിയിലും കഥ എട്ട് ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്.  തപാല്‍ വിലാസം: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദന്‍ യൂത്ത് ഭവന്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം-695043. ഫോണ്‍: 0471 -2733139.

അഭിമുഖം മാറ്റിവെച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജൂലൈ 24 ന് നടത്താനിരുന്ന എക്കോ ആന്റ് ടിഎംടി ടെക്നീഷ്യന്‍ അഭിമുഖം മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.  ഫോണ്‍ ; 0468 2222364.

കര്‍ഷകരെ ആദരിക്കുന്നു
പളളിക്കല്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ കര്‍ഷക ദിനത്തിന്റെ ഭാഗമായി പളളിക്കല്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിക്കുന്നു. മികച്ച ജൈവ കര്‍ഷക/കര്‍ഷകന്‍, മികച്ച വനിത കര്‍ഷക, മികച്ച വിദ്യാര്‍ഥി  കര്‍ഷക/കര്‍ഷകന്‍, മുതിര്‍ന്ന കര്‍ഷക/കര്‍ഷകന്‍, എസ്സി /എസ്ടി വിഭാഗത്തില്‍ നിന്നുളള കര്‍ഷക/കര്‍ഷകന്‍, മികച്ച ഏത്തവാഴ കര്‍ഷക/കര്‍ഷകന്‍, മികച്ച പച്ചക്കറി കര്‍ഷക/കര്‍ഷകന്‍, മികച്ച വെറ്റില കര്‍ഷക/കര്‍ഷകന്‍, മികച്ച കേര കര്‍ഷക/കര്‍ഷകന്‍, സമ്മിശ്ര കൃഷികര്‍ഷക/കര്‍ഷകന്‍,  മികച്ച നെല്‍ കര്‍ഷക/കര്‍ഷകന്‍, യുവ കര്‍ഷക/കര്‍ഷകന്‍,  മികച്ച സംഘകൃഷി തുടങ്ങി 13 വിഭാഗത്തില്‍പെട്ട മികച്ച കര്‍ഷകരെയാണ് ആദരിക്കുന്നത്. താത്പര്യമുളളവര്‍ ജൂലൈ 21 മുതല്‍ 27 വരെ പളളിക്കല്‍ കൃഷി ഭവനില്‍  അപേക്ഷ സമര്‍പ്പിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ അവാര്‍ഡിന് അര്‍ഹരായ കര്‍ഷകരെ പരിഗണിക്കില്ല. ഫോണ്‍ : 9496042703

 

കെഎസ്ആര്‍ടിസി ഗ്രാമവണ്ടി പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം 22ന്
കെഎസ്ആര്‍ടിസിയും റാന്നി പെരുനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി ആരംഭിക്കുന്ന ഗ്രാമവണ്ടിയുടെ  ജില്ലാതല ഉദ്ഘാടനം ജൂലൈ 22ന് രാവിലെ 11ന് തുലാപ്പള്ളിയില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. ബസിന്റെ ഡീസല്‍ ചെലവ് മാത്രം പഞ്ചായത്ത് വഹിച്ച് റൂട്ടുകളും സമയക്രമങ്ങളും പഞ്ചായത്ത് നിര്‍ദേശിക്കുന്നതിന് അനുസൃതമായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന പദ്ധതിയാണ് ഗ്രാമവണ്ടി. ഗ്രാമവണ്ടി പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പെരുനാട്ടിലെ യാത്രാ ക്ലേശത്തിന് പരിഹാരമാകും.

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍, രാഷ് ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കെഎസ്ആര്‍ടിസി ഡയറക്ടര്‍മാര്‍, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തിലേക്ക് ഔദ്യോഗികാവശ്യത്തിനായി  ഒരു വാഹനം വാടകയ്ക്കെടുക്കുന്നതിനായി സ്ഥാപനങ്ങള്‍/ സ്വകാര്യ വ്യക്തികള്‍ എന്നിവരില്‍ നിന്നും  ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട വിലാസം. ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കോഴഞ്ചേരി, പത്തനംതിട്ട. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 ന് പകല്‍ മൂന്നു വരെ. ഫോണ്‍ : 0468 2214639

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന അടൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ടില്‍ നില്‍ക്കുന്ന ആഞ്ഞിലി, പ്ലാവ് തുടങ്ങിയ മരങ്ങള്‍ ജൂലൈ 24 ന്  രാവിലെ 11 ന് അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ലേലം ചെയ്ത് വില്‍ക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി  ജൂലൈ 24 ന് രാവിലെ 10 വരെ. ഫോണ്‍ : 9447107085

പ്രീ പ്രൈമറി അധ്യാപക നിയമനം
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ 2023-24 വര്‍ഷത്തേക്ക് പ്രീ പ്രൈമറി അധ്യാപകരെ (ബാലവാടിക) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുളള കൂടിക്കാഴ്ച ജൂലൈ 24 ന് രാവിലെ ഒന്‍പത് മുതല്‍ സ്‌കൂള്‍ ഓഫീസില്‍ നടക്കും.അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.വെബ് സൈറ്റ് : https://chenneerkara.kvs.ac.in
ഫോണ്‍ : 0468 2256000

യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ സ്പില്‍ ഓവര്‍ പ്രോജക്ടായ വനിതകള്‍ക്കുള്ള യോഗ പരിശീലനത്തിന്  (യോഗ ഇന്‍സ്ട്രക്ടര്‍) ആളെ തെരഞ്ഞെടുക്കുന്നു.
അംഗീകൃത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ  ഒറിജിനലും പകര്‍പ്പും സഹിതം ജൂലൈ 31ന് രാവിലെ 11 ന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം.പ്രവൃത്തി പരിചയം അഭികാമ്യം.
ഫോണ്‍: 8848680084, 0468 2362129

ആര്‍ ബി ഐ  ക്വിസ് സംഘടിപ്പിച്ചു

ഗവണ്‍മെന്റ് സ്‌കൂളുകളിലെ എട്ട്, ഒന്‍പത്, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഭാരതീയ റിസര്‍വ് ബാങ്ക് സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച സാമ്പത്തിക സാക്ഷരതാ ക്വിസിന്റെ സംസ്ഥാന തല മത്സരത്തില്‍ പത്തനംതിട്ട ജില്ലയിലെ  ജി എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കലഞ്ഞൂര്‍-നെ പ്രതിനിധീകരിച്ചു പങ്കെടുത്ത അര്‍ജുന്‍ എസ് കുമാര്‍, വി.നിരഞ്ജന്‍  എന്നിവര്‍ ജേതാക്കളായി. ഉപജില്ലാ ജില്ലാ തല ക്വിസ് മത്സരങ്ങള്‍ക്കൊടുവില്‍  തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തല മത്സരത്തില്‍ വിജയിച്ച ടീമിന് സൗത്ത് സോണ്‍ മത്സരത്തില്‍ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഗവ. ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങല്‍(തിരുവനന്തപുരം ജില്ല), ജി എച്ച് എസ് എസ് പാട്യം (കണ്ണൂര്‍ ജില്ല) എന്നീ സ്‌കൂളുകള്‍ രണ്ടും മൂന്നും സ്ഥാനം യഥാക്രമം കരസ്ഥമാക്കി.
മത്സരത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍  പങ്കെടുത്ത ആര്‍ ബി ഐ റീജിയണല്‍ ഡയറക്ടര്‍ തോമസ് മാത്യു, ആര്‍ ബി ഐ ഇന്റഗ്രേറ്റഡ് ബാങ്കിങ് ഓംബുഡ്സ്മാന്‍ ആര്‍ കമലക്കണ്ണന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അഡിഷണല്‍ ഡയറക്ടര്‍  സന്തോഷ് കുമാര്‍, എസ് എല്‍ ബി സി കണ്‍വീനര്‍  എസ് പ്രേംകുമാര്‍ , ആര്‍ ബി ഐ ജനറല്‍ മാനേജര്‍ ഡോ. സെഡ്രിക് ലോറന്‍സ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ ബി ശ്രീകുമാര്‍ എന്നിവര്‍ വിജയികള്‍ക്കും പങ്കെടുത്ത ടീമുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു.
സംസ്ഥാന തല ക്വിസില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ ടീമുകള്‍ക്ക് 20,000 രൂപ , 15,000 രൂപ, 10,000 രൂപ എന്ന ക്രമത്തില്‍ സമ്മാനത്തുക ലഭിച്ചു.
ഫോട്ടോ അടിക്കുറിപ്പ്-ആര്‍ബിഐ ക്വിസ് –
ഭാരതീയ റിസര്‍വ് ബാങ്ക് സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച സാമ്പത്തിക സാക്ഷരതാ ക്വിസിന്റെ സംസ്ഥാന തല മത്സരത്തില്‍ ജേതാക്കളായ അര്‍ജുന്‍ എസ് കുമാര്‍, വി.നിരഞ്ജന്‍ (ജി എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കലഞ്ഞൂര്‍, പത്തനംതിട്ട)
സീറ്റ് ഒഴിവ്
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിന്‍ കീഴിലുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പാസായവര്‍ക്കായി നാല് മാസം ദൈര്‍ഘ്യമുള്ള ഡേറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  എസ്.സി/എസ്.റ്റി/ഒ.ഇ.സി കുട്ടികള്‍ ഫീസ് അടക്കേണ്ടതില്ല. www.lbscentre.kerala.gov.in  എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
ഫോണ്‍ :9947123177

തീയതി ദീര്‍ഘിപ്പിച്ചു

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാഎക്സിക്യൂട്ടീവ് ഓഫീസില്‍ എസ്.എസ്.എല്‍.സി./ടി.എച്ച്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി വിദ്യാഭ്യാസ ധനസഹായ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.അപേക്ഷാഫോമിന്റെ മാതൃക www.agriworkersfund.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.
ഫോണ്‍ : 0468-2327415
error: Content is protected !!