
കോന്നി :പിതൃ പരമ്പരകളെ വിളിച്ചുണർത്തി 999 മലകളെ വന്ദിച്ച് നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം, നവാഭിഷേക പൂജ, മലക്കൊടി ദർശനം, പൊങ്കാല സമർപ്പണം, ഉപ സ്വരൂപ പൂജകൾ,പ്രഭാത പൂജ, നിത്യ അന്നദാനം,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ,നാഗരൂട്ട്,നാഗപ്പാട്ട്,മീനൂട്ട്, വാനര ഊട്ട്, ആന ഊട്ട്, ആശാൻ പൂജ, പിതൃ പൂജ,ശക്തി സ്വരൂപ പൂജ,1001കരിക്കിന്റെ മഹത്തായ മലയ്ക്ക് പടേനി,1001 താംബൂല സമർപ്പണം, ദീപാരാധന ദീപക്കാഴ്ച, ചെണ്ട മേളം വാവൂട്ട് എന്നിവ നടന്നു.
ആചാരവും അനുഷ്ടാനവും പഴമയും കൊണ്ട് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസത്തില്‍ ഊന്നിയ കാവ് പ്രമാണങ്ങളെ പ്രകൃതിപൂജകള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചു കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കര്‍ക്കിടക വാവ് ഊട്ടും ,വാവ് ബലികര്‍മ്മവും പിതൃ പൂജയും നടന്നു .
പേരറിഞ്ഞിട്ടും നാള് അറിയാത്ത ആത്മാക്കളുടെ മോഷ പ്രാപ്തിക്ക് വേണ്ടി ബന്ധുക്കള്‍ എള്ളും പൂവും സമര്‍പിച്ചു കൊണ്ട് പിണ്ട ദര്‍പ്പണം ചെയ്തു . അനേകായിരം വ്രത നിഷ്ടക്കാര്‍ കര്‍ക്കിടക വാവ് ദിനത്തില്‍ കല്ലേലി കാവില്‍ എത്തി വഴിപാടുകള്‍ സമര്‍പ്പിച്ചു . അച്ചന്‍കോവില്‍ നദിയില്‍ സ്നാനം ചെയ്തു കൊണ്ട് വാവ് ബലിയുടെ കര്‍മ്മം പൂര്‍ത്തിയാക്കി . പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയില്‍ വാവ് ബലി പൂജകള്‍ നടന്നു.
ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ , ജല സംരക്ഷണ പൂജ ,വന്യ ജീവി സംരക്ഷണ പൂജ തുടർന്ന് കര്‍ക്കടക വാവ് ബലി കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ച് കളരി ആശാന്‍മാര്‍ക്കും ഗുരുക്കന്‍മാര്‍ക്കും പിതൃക്കള്‍ക്കും പർണ്ണ ശാലയില്‍ വിശേഷാല്‍ പൂജകള്‍ നടത്തി . തുടര്‍ന്ന് കര്‍ക്കടക വാവ് ബലി കര്‍മ്മവും അച്ചൻ കോവിൽ നദിയിൽ സ്നാനവും നടന്നു.പൂജകൾക്ക് കാവ് മുഖ്യ ഊരാളി ഭാസ്കരൻ കാർമികത്വം വഹിച്ചു.