Trending Now

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുൾപ്പെടെ 3 പേരെ കൊടുമൺ പോലീസ് പിടികൂടി

 

konnivartha.com/പത്തനംതിട്ട : മോഷണം, ദേഹോപദ്രമേൽപ്പിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുൾപ്പെടെ മൂന്നുപേരെ കൊടുമൺ പോലീസ് പിടികൂടി .

കഴിഞ്ഞവർഷം ജൂൺ 13 ന് കൊടുമൺ ബീവറേജസ് ഷോപ്പിന് സമീപം ഒരാളെ കഠിനദേഹോപദ്രവം ഏൽപ്പിച്ച കേസിലാണ് അറസ്റ്റ്. കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് കിഴക്കേചരിവ് വിഷ്ണു ഭവനം വീട്ടിൽ തമ്പിയുടെ മകൻ വിഷ്ണു തമ്പി (27), തൃശൂർ കൊടുങ്ങല്ലൂർ മേത്തല വയലമ്പലം കൂളിയാട്ട് നിന്നും കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് കിഴക്കേചരിവ് മിഥുനത്തേതിൽ താമസിക്കുന്ന ബിജീഷിന്റെ മകൻ വൈഷ്ണവ് (26), ഇടത്തിട്ട ഐക്കരേത്ത് കിഴക്കേചരുവിൽ മിഥുനത്തേതിൽ അജയന്റെ മകൻ അഭിലാഷ് (23) എന്നിവരാണ് അറസ്റ്റിലായത്.

ഇതിൽ ഒന്നാം പ്രതി വിഷ്ണു കൊടുമൺ പോലീസ് സ്റ്റേഷനിലെ മോഷണം, ദേഹോപദ്രവം ഉൾപ്പെടെ 9 കേസുകളിൽ പ്രതിയാണ്. കൂടാതെ, 2019 ലെ കഠിന ദേഹോപദ്രവക്കേസിൽ അടൂർ ജെ എഫ് എം കോടതിയിൽ നിന്നും ജാമ്യത്തിൽ കഴിഞ്ഞുവരികയായിരുന്നു. 2021 ൽ അടൂർ ആർ ഡി ഓ കോടതി ഒരുവർഷത്തെ ബോണ്ടിൽ ഇയാളെ നല്ലനടപ്പിന് ഉത്തരവാകുകയും ചെയ്തിരുന്നു. എന്നാൽ, ഇയാൾ ബോണ്ട്‌ വ്യവസ്ഥ ലംഘിച്ച് കഴിഞ്ഞവർഷം കേസിൽ പ്രതിയായി.

സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ നിയമം ( കാപ്പ ) വകുപ്പ് 15 പ്രകാരം 6 മാസത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. രണ്ടും മൂന്നും പ്രതികൾ മറ്റൊരു ദേഹോപദ്രവക്കേസിൽ പ്രതികളാണ്. കൂടാതെ, വിഷ്ണു തമ്പിക്കൊപ്പം ചേർന്ന് സ്ഥിരമായി നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും, ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തുവരികയാണ്. വിഷ്ണുവിനെതിരെ സ്റ്റേഷനിൽ 2020 മുതൽ റൗഡി ഹിസ്റ്ററി ഷീറ്റും നിലവിലുണ്ട്.

കൊടുമൺ വലിയമാംവിളയിൽ ഗോപിയുടെ മകൻ ശ്രീജിത്തിനെ ഉപദ്രവിച്ച കേസിൽ പ്രതികൾ ഒളിവിൽ പോകുകയും, തുടർന്ന് ഹൈക്കോടതിയിൽ ജാമ്യത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പോലീസ് വീട്ടിൽ നിന്നും ഇവരെ ഇന്നലെ പിടികൂടി. കഴിഞ്ഞ ജൂൺ 13 വൈകിട്ട് 7.30 ന് കൊടുമൺ ബീവറേജസ് ഷോപ്പിന് മുന്നിൽ റോഡിൽ വച്ച് സുഹൃത്തിന്റെ ഒപ്പം നിന്ന ശ്രീജിത്തിനെ സ്ക്വയർ പൈപ്പ് കൊണ്ട്
അടിക്കുകയായിരുന്നു. നെറ്റിയുടെ ഇടതുവശം മുകൾ ഭാഗത്ത് മുറിവേൽക്കുകയും,
തലയോട്ടിക്ക് പൊട്ടലുണ്ടാവുകയും ചെയ്തു. മറ്റ് പ്രതികളും തടഞ്ഞുനിർത്തി ശ്രീജിത്തിനെ മർദ്ദിച്ചു.

അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ മൊഴിവാങ്ങി എസ് ഐ അനൂപ് ചന്ദ്രനാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പ്രതികൾ ഒളിവിൽപ്പോകുകയും ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യത്തിന് ശ്രമിക്കുകയുമായിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി, എഫ് ഐ ആർ റദ്ദാക്കാനുള്ള അപേക്ഷയും അനുവദിച്ചില്ല. തുടർന്നാണ് കൊടുമൺ പോലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത്. എസ് ഐ രതീഷ് കുമാർ, എസ് സി പി ഓ പ്രമോദ്, സി പി ഓമാരായ ജിതിൻ, മനോജ്‌,ബിജു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.