konnivartha.com: സെൻട്രൽ ജംഗ്ഷനിലെ ഹൈ മാസ്റ്റ് ലൈറ്റും ഡിവയിഡറും, കെ എസ് ടി പി റോഡ് പണിയുടെ മറവിൽ മാറ്റുവാനുള്ള നീക്കം രാഷ്ട്രീയ പകപോക്കലാണെന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി ആരോപിച്ചു.
2017 ൽ അടൂർ പ്രകാശ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്, ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളും കോളേജുകളും, നിരവധി സർക്കാർ സ്ഥാപനങ്ങളും, വ്യാപാരസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഗതാഗത കുരുക്ക് രൂക്ഷമായ കോന്നി, തണ്ണിത്തോട് റോഡിൽ അപകടങ്ങൾ കുറക്കുന്നതിനു വേണ്ടി സ്ഥാപിച്ച ഡിവയിഡറും, ഹൈ മാസ്റ്റ് ലൈറ്റുംകെ എസ് ടി പി റോഡിന്റെ പരിധിയിൽ അല്ല സ്ഥിതി ചെയ്യുന്നത്.
കെ എസ് ടി പി റോഡിന്റെ ഭാഗമായി സ്ഥാപിക്കണം എന്ന് അധികാരികൾ വാശി പിടിക്കുന്ന ഹൈ മാസ്റ്റ് ലൈറ്റ് റോഡിന്‍റെ പരിധിയിൽ വീതിയുള്ള ഭാഗമായ ആനക്കൂട് റോഡ് സൈഡിൽ സ്ഥാപിക്കാമെന്നിരിക്കെ പി ഡബ്ലിയു ഡി റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഹൈ മാസ്റ്റ് ലൈറ്റും ഡിവയിഡറും മാറ്റണം എന്ന് വാശി പിടിക്കുന്ന ഭരണ നേതൃത്വത്തിന്‍റെ നിലപാട് രാഷ്ട്രീയ പക പോക്കലാണെന്നും ഇത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും, മാറ്റുവാൻ ശ്രമം ഉണ്ടായാൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും മണ്ഡലം പ്രസിഡന്റ് റോജി എബ്രഹാം അറിയിച്ചു