ഗതാഗത നിയന്ത്രണം
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ മേലുകര-റാന്നി റോഡില്‍ സ്ഥിതി ചെയ്യുന്ന 70 വര്‍ഷത്തോളം പഴക്കമുള്ള പുതമണ്‍ പാലത്തിന്റെ ബീമുകള്‍ക്ക് കാലപ്പഴക്കം മൂലം അപകടകരമാംവിധം കേടുപാടുകള്‍ സംഭവിച്ചതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും കരിങ്കല്‍ ഭിത്തി കെട്ടി ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രം കടന്നു പോകും വിധം നിരോധിച്ചിട്ടുള്ളതാണ്.
പല ഘട്ടങ്ങളിലായി കല്‍ക്കെട്ടിന്റെ വശങ്ങള്‍ വലിയ വാഹനങ്ങള്‍ കടന്നു പോകുന്ന വിധത്തില്‍ സാമൂഹിക വിരുദ്ധര്‍ പൊളിച്ച് മാറ്റി. ഇതുകാരണം പാലത്തിന്റെ അപകടാവസ്ഥ അറിയാതെ യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും ഉള്‍പ്പടെയുള്ളവ പാലത്തിലൂടെ കടന്നു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഭാരവാഹനങ്ങള്‍ കയറിയാല്‍ ഏത് നിമിഷവും നിലം പൊത്താവുന്ന വിധത്തില്‍ പാലത്തിന്റെ ബീമുകള്‍ ഒടിഞ്ഞ അവസ്ഥയാണുള്ളത്. അതിനാല്‍ ഇത് വഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുള്ളതാണ്. സ്വന്തം ജീവനും യാത്രക്കാരുടെ ജീവനും അപകടം ഉണ്ടാകും എന്ന ബോധ്യം ഓരോ വാഹനയാത്രക്കാരും മനസിലാക്കി പാലത്തില്‍ക്കൂടിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം ഉപവിഭാഗം തിരുവല്ല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുബാഷ് കുമാര്‍ അറിയിച്ചു.
കയ്യംതടം പട്ടികജാതി കോളനിയിലെ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് പത്തനംതിട്ട ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന കുളനട ഡിവിഷനിലെ മെഴുവേലി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട കയ്യംതടം പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍.അജയകുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മുന്‍ എംഎല്‍എ കെ.സി രാജഗോപാലന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് മെമ്പറായ വിനോദ്, പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസര്‍ പി.എസ് കോശികുഞ്ഞ്, മണ്ണ് സംരക്ഷണ ഓഫീസ് ജീവനക്കാരായ സുര്‍ജിത് തങ്കന്‍, ജെ.എസ് ബെന്‍സി, ആര്‍.ജിന്‍സി, ഐ.നൗഷാദ്, പ്രദേശവാസികള്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവരും പങ്കെടുത്തു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പ്രത്യേക ഘടക പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി പദ്ധതി പരിമിതപ്പെടുത്തിയിരിക്കുന്നു.
വസ്തു നികുതി നിരക്ക് പരിഷ്‌കരണം:കരട് വിജ്ഞാപനം പുറപ്പെടുവിച്ചു
തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് വസ്തു നികുതി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസ്, പഞ്ചായത്ത് ഘടകസ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും പുതുക്കിയ വസ്തു നികുതി സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭിക്കും. നിരക്കുകള്‍ അന്തിമമായി നിശ്ചയിക്കുന്നത് സംബന്ധിച്ച് ആര്‍ക്കെങ്കിലും ആക്ഷേപമുളള പക്ഷം ആയത് നോട്ടീസ് തീയതി മുതല്‍ 30 ദിവസത്തിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം അറിയിക്കണം. ഫോണ്‍ :9496042689
സ്പോട്ട് അഡ്മിഷന്‍
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സിഎഫ്ആര്‍ഡി) കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സിഎഫ്റ്റികെ) നടത്തുന്ന ബിഎസ്സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലെ 2023-26 ബാച്ചിലേക്ക് (എംജി യൂണിവേഴ്‌സിറ്റി അഫിലിയേഷന്‍) മാനേജ്മെന്റ് ക്വോട്ടയില്‍ ഒഴിവുളള സീറ്റിലേക്ക് ജൂലൈ മൂന്നിന് രാവിലെ 10 ന് സ്പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം നടത്തുന്നു. ഫോണ്‍ :0468 2240047, 9846585609.
വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ അക്കാദമിക് വിഭാഗം നടത്തിവരുന്ന കോഴ്സുകളില്‍ ദ്വിവത്സര ചുമര്‍ചിത്ര ഡിപ്ലോമ കോഴ്സ്, പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഡിപ്ലോമ-കറസ്പോണ്ടന്‍സ് കോഴ്സ് എന്നിവയുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി ജൂലൈ 10.
ദ്വിവത്സര ചുമര്‍ചിത്ര ഡിപ്ലോമ കോഴ്സ്:
കോഴ്സ് ദൈര്‍ഘ്യം രണ്ടു വര്‍ഷം. സീറ്റുകളുടെ എണ്ണം – 25
കോഴ്സ് ഫീസ് – 40000 + ജി.എസ്.ടി (ഒരു വര്‍ഷം- 20000 + ജി.എസ്.ടി). പ്രായപരിധി- ഇല്ല.
യോഗ്യത – എസ്.എസ്.എല്‍.സി.
പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഡിപ്ലോമ-കറസ്പോണ്ടന്‍സ് കോഴ്സ്:
കോഴ്സ് ദൈര്‍ഘ്യം- ഒരു വര്‍ഷം.സീറ്റുകളുടെ എണ്ണം-300. കോഴ്സ് ഫീസ്- 20000+ 18 ശതമാനം ജി.എസ്.ടി. പ്രായപരിധി – ഇല്ല
പ്രവേശന യോഗ്യത -അംഗീകൃത ബിരുദം/ത്രിവത്സര പോളിടെക്നിക്ക് ഡിപ്ലോമ.
എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള,പത്തനംതിട്ട ജില്ല, പിന്‍ 689533
എന്ന മേല്‍ വിലാസത്തിലോ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റില്‍ കൂടി ഓണ്‍ലൈനായോ അപേക്ഷകള്‍ ലഭ്യമാക്കാം. ഫോണ്‍ :0468 2319740, 9847053294, 9847053293, 9947739442.
ഐടിഐ അഡ്മിഷന്‍
പട്ടികജാതി വികസന വകുപ്പിന്റെ പന്തളം ചേരിക്കല്‍ ഐടിഐ യില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ (രണ്ടു വര്‍ഷം), ഇലക്ട്രീഷ്യന്‍ (രണ്ട് വര്‍ഷം), പ്ലംബര്‍ (ഒരു വര്‍ഷം) എന്നീ ട്രേഡുകളിലേക്ക് 2023 വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. രെററശശേമറാശശൈീി.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. പട്ടികജാതി 80 ശതമാനം, പട്ടികവര്‍ഗം 10 ശതമാനം, പൊതുവിഭാഗം 10 ശതമാനം എന്നിങ്ങനെയാണ് സീറ്റ് സംവരണം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം, ഉച്ചഭക്ഷണം, പോഷകാഹാരം, പാഠപുസ്തകം, യൂണിഫോം അലവന്‍സ്, പഠനയാത്ര, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് പ്രതിമാസ സ്‌റ്റൈപെന്‍ഡ്, ലംസംഗ്രാന്റ് എന്നിവ ലഭിക്കും. ഫോണ്‍ : 04734 292829.
നാഷണല്‍ ആയുഷ് മിഷന്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍ (ബിഎന്‍വൈഎസ്), യോഗ ഇന്‍സ്ട്രക്ടര്‍, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ എന്നീ തസ്തികകളിലേക്കുള്ള ഇന്റര്‍വ്യൂ നടത്തുന്നു. അപേക്ഷകള്‍ ജൂലൈ നാലിന് മുമ്പായി പത്തനംതിട്ട, അടൂര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്(ഹോമിയോ) യില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്റെ ഓഫീസില്‍ എത്തിക്കണം. പ്രായം 40 വയസില്‍ കവിയരുത്. ഫോണ്‍ 9072650492, 9447453850 വെബ്സൈറ്റ് : www.arogyakeralam.gov.in
പബ്ലിക് ഹിയറിംഗ് നടത്തി
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പബ്ലിക് ഹിയറിംഗ് നടത്തി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള 85 പ്രവര്‍ത്തികള്‍ ഓഡിറ്റിനു വിധേയമാക്കി. ഫയല്‍ പരിശോധനയും ഫീല്‍ഡ് പരിശോധനയും പൂര്‍ത്തിയാക്കി എല്ലാ വാര്‍ഡിലും തൊഴില്‍ ഗ്രാമസഭകള്‍ ചേര്‍ന്നതിനു ശേഷമാണു പബ്ലിക് ഹിയറിംഗ് നടത്തിയത് . തൊഴിലുറപ്പ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ തൊഴിലാളികളില്‍ നിന്നും ശേഖരിച്ചു. ഇലന്തൂര്‍ ബ്ലോക്ക് റിസോര്‍സ് പേഴ്‌സണ്‍ വീണ വിശ്വനാഥ് ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.