konnivartha.com: സംസ്ഥാനത്ത് കുറഞ്ഞ ചെലവില്‍ വൈദ്യുതി നല്‍കുന്നതിന് ഉത്പാദനമേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. മല്ലപ്പള്ളി ഇലക്ട്രിക്കല്‍ സബ് ഡിവിഷന്റെയും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെയും ഉദ്ഘാടനം മല്ലപ്പള്ളി ഈസ്റ്റ് ഹോളി ഇമ്മാനുവേല്‍ സിഎസ്ഐ ചര്‍ച്ച് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആകെ വൈദ്യുതിയുടെ 30% മാത്രമേ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉത്പാദന മേഖലയില്‍ ശ്രദ്ധേയമായ നീക്കം നടത്തി. 555 മെഗാവാട്ടിന്റെ അധിക ഉത്പാദനശേഷി കൈവരിക്കാന്‍ സാധിച്ചു. ഇതില്‍ ജലവൈദ്യുതി പദ്ധതികള്‍ 38.5 മെഗാവാട്ടും ബാക്കി പാരമ്പരേതര ഊര്‍ജ പദ്ധതികളുമാണ്. 106 മെഗാ വാട്ട് പദ്ധതികള്‍ ഡിസംബറിനു മുമ്പ് പൂര്‍ത്തിയാക്കും. ജലവൈദ്യുത പദ്ധതികള്‍ക്ക് ധാരാളം സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. ജലവൈദ്യുതിയില്‍ 1569 മെഗാവാട്ട് പുതിയ പദ്ധതി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പമ്പ്ഡ് സ്റ്റോറേജ്
സാധ്യതയും ഉപയോഗിക്കാന്‍ ശ്രമം നടക്കുന്നു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രണ്ടു വൈദ്യുതി കരാറില്‍ ഒപ്പിട്ടു. വൈദ്യുതി തടസം ഒഴിവാക്കാന്‍ 87 ലക്ഷം സ്പേസറുകള്‍ സ്ഥാപിച്ചത് നല്ല രീതിയില്‍ ഗുണം ചെയ്തു. പ്രസരണ മേഖലയില്‍ 17 സബ്സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കി. 1534 കോടി രൂപയുടെ പ്രവര്‍ത്തനമാണ് പ്രസരണ മേഖലയില്‍ നടക്കുന്നത്.
സമൂഹത്തിലെ സാധാരണക്കാര്‍ക്ക് ഗുണം ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് പണം ചെലവഴിക്കുന്നത്. വൈദ്യുതി ചെലവില്‍ വലിയ മാറ്റം ഉണ്ടാകുന്നതിന് സോളാര്‍ പദ്ധതി കൂടുതല്‍ പ്രയോജനപ്പെടുത്തണം.
ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ തീരുമാനമെടുക്കാന്‍ പൊതുമേഖലയില്‍ നില്‍ക്കുമ്പോള്‍ മാത്രമേ സാധിക്കുകയുള്ളു. ഇതിനാല്‍ മേഖലയെ സ്വകാര്യവല്‍ക്കരിക്കാന്‍ ഉള്ള ശ്രമത്തെ ഒന്നിച്ച് എതിര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ഇബി സിവില്‍ വിംഗിനെ നിര്‍മാണ ചുമതല ഏല്‍പ്പിച്ചിരിക്കുന്ന മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടനിര്‍മാണം 30 മാസം കൊണ്ട് പൂര്‍ത്തിയാക്കും. എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് ഡാഷ്ബോര്‍ഡ് വയ്ക്കണമെന്നും കെഎസ്ഇബി ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദേശിച്ചു.
സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം വൈദ്യുതി വിതരണ രംഗത്ത് വലിയ മാറ്റമാണ് ഉണ്ടായതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ. മാത്യൂ ടി തോമസ് എംഎല്‍എ പറഞ്ഞു. ഉത്പാദന – ഉപഭോഗത്തിലെ വിടവ് നികത്താനാണ് വൈദ്യുതി മറ്റ് സ്ഥലങ്ങളില്‍ നിന്നും വാങ്ങേണ്ടി വരുന്നത്. നിരവധി സോളര്‍ പദ്ധതികള്‍ നിലവിലുണ്ട്. അവ പരമാവധി ഉപയോഗിക്കാന്‍ സാധിക്കണം. വൈദ്യുതി മുടക്കമില്ലാതെ എപ്പോഴും ലഭ്യമാകുന്ന ഊര്‍ജമായി നിലനിര്‍ത്തി ഈ മേഖലയില്‍ വിപ്ലവകരമായമാറ്റം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തിരുവല്ല മണ്ഡലത്തില്‍ എവിടെ എങ്കിലും വോള്‍ട്ടേജ് ക്ഷാമം അനുഭവിക്കുന്നുണ്ടെങ്കില്‍ പരിഹരിക്കുന്നതിനായി പ്രവര്‍ത്തനം നടത്തും. മല്ലപ്പള്ളി ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍- ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെ നിര്‍മ്മാണം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നും എംഎല്‍എ പറഞ്ഞു. കെഎസ്ഇബി സിവില്‍ വിംഗിനെ നിര്‍മാണ ചുമതല ഏല്‍പ്പിച്ചിരിക്കുന്ന മല്ലപ്പള്ളി ആശുപത്രി പുതിയ കെട്ടിടനിര്‍മാണം ഉടന്‍ ആരംഭിച്ചു സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് എംഎല്‍എ മന്ത്രിയോട് ആഭ്യര്‍ഥിച്ചു.
മല്ലപ്പള്ളി 110 കെവി സബ് സ്റ്റേഷനോടു ചേര്‍ന്ന് കെഎസ്ഇബി പ്രസരണ വിഭാഗത്തിന്റെ 11.5 സെന്റ് സ്ഥലത്താണ് രണ്ടു നിലകളിലായി 2567 ചതുരശ്ര അടി വിസ്തൃതിയുള്ള സമുച്ചയം നിര്‍മിച്ചിരിക്കുന്നത്. അഡ്വ. മാത്യു ടി തോമസ് എംഎല്‍എയുടെ ശ്രമഫലമായി നിര്‍മാണത്തിനായി 90 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. അന്‍പതിലേറെ വര്‍ഷങ്ങളായി മല്ലപ്പള്ളി ടൗണിലുള്ള വിവിധ വാടക കെട്ടിടങ്ങളിലാണ് സബ് ഡിവിഷന്‍ ഓഫീസും സെക്ഷന്‍ ഓഫീസും പ്രവര്‍ത്തിച്ചിരുന്നത്. 19110 ഉപഭോക്താക്കളാണ് ഈ സെക്ഷന്‍ ഓഫീസിനും സബ് ഡിവിഷന്‍ ഓഫീസിനും കീഴിലുള്ളത്.
ദക്ഷിണ മേഖല വിതരണ വിഭാഗം ചീഫ് എഞ്ചിനീയര്‍ എം. ഗീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ്, കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, ആനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിന്‍സിമോള്‍ തോമസ്, കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ലതാകുമാരി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ് , മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം എസ്. വിദ്യാമോള്‍, ഓട്ടോകാസ്റ്റ് ലിമിറ്റഡ് കേരള ചെയര്‍മാന്‍ അലക്സ് കണ്ണമല , കെഎസ്ഇബി ചീഫ്എഞ്ചിനീയര്‍(എസ്സിഎം) ഇന്‍ ചാര്‍ജ് ഓഫ് ഡയറക്ടര്‍ പി.സുരേന്ദ്ര, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വി.എന്‍. പ്രസാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബിനു വര്‍ഗീസ്, ബാബു പാലയ്ക്കല്‍, അലക്സാണ്ടര്‍ കെ. ശമുവേല്‍, എബി മേക്കരിങ്ങാട്ട്, കെ. ഇ അബ്ദുള്‍ റഹ്‌മാന്‍, ജോസഫ് ഇമ്മാനുവല്‍, ജോസ് കുറഞ്ഞൂര്‍, ബെന്നി പാറയില്‍, രാജന്‍ എം. ഈപ്പന്‍, സാംകുട്ടി ചെറുകര പാലയ്ക്കാമണ്ണില്‍, വാളകം ജോണ്‍, വ്യാപാരി വ്യവസായി സമിതി മല്ലപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ആന്റണി കെ. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.