Trending Now

റാന്നി മേജര്‍ കുടിവെള്ള വിതരണ പദ്ധതി: ഗാര്‍ഹിക കണക്ഷനുകളുടെ നിര്‍മാണം ആരംഭിക്കുന്നതിന് നടപടിയായി

 

konnivartha.com: റാന്നി മേജര്‍ കുടിവെള്ള വിതരണ പദ്ധതിയുടെ കീഴിലെ ഗാര്‍ഹിക കണക്ഷനുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ടെന്‍ഡര്‍ ചെയ്തു നിര്‍മാണം ആരംഭിക്കുന്നതിന് നടപടിയായതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു.

റാന്നി, പഴവങ്ങാടി, വടശേരിക്കര എന്നീ പഞ്ചായത്തുകളില്‍ ആണ് മേജര്‍ കുടിവെള്ള പദ്ധതിയുടെ പ്രയോജനം ചെയ്യുക. ജല്‍ജീവന്‍ വഴിയാണ് മൂന്നു പഞ്ചായത്തുകളിലായി 5190 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നത്. ഇതിനായി 36.45 കോടി രൂപയാണ് ചെലവഴിക്കുക.

റാന്നി പഞ്ചായത്തില്‍ 2483 ഉം വടശേരിക്കരയില്‍ 2607 ഉം പഴവങ്ങാടിയില്‍ നൂറും ഗാര്‍ഹിക കണക്ഷനുകള്‍ വീതമാണ് നല്‍കുന്നത്. 155.24 കിലോമീറ്റര്‍ പുതിയ പൈപ്പിട്ടാണ് ജലവിതരണം ഉറപ്പാക്കുന്നത്. ആകെ 35,498 അംഗങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ചെയ്യുക. പുതുശേരിമല ബോട്ടം, പുതുശേരിമല ടോപ്പ്, തട്ടേക്കാട് എന്നിവിടങ്ങളില്‍ പുതിയ ടാങ്കുകള്‍ നിര്‍മിച്ചാണ് ജലവിതരണം സുഗമമാക്കുക.

നേരത്തെ 35 കോടി രൂപ മുതല്‍ മുടക്കി നിര്‍മിച്ച റാന്നി മേജര്‍ കുടിവെള്ള പദ്ധതിയില്‍ നിന്നാണ് ഇവിടങ്ങളിലെല്ലാം ശുദ്ധജലം എത്തിക്കുന്നത്. ഇതിനു പുറമെയാണ് 36.45 കോടി രൂപ ഇപ്പോള്‍ ജലവിതരണത്തിനായി ചിലവഴിക്കുന്നത്. ഇതോടെ എല്ലാ വീടുകളിലും മിനറല്‍ വാട്ടര്‍ നിലവാരത്തിലുള്ള ശുദ്ധമായ കുടിവെള്ളം എത്തിക്കാനാകും. റാന്നി പഞ്ചായത്തിന്റെ 80 ശതമാനം പ്രദേശങ്ങളിലും മേജര്‍ കുടിവെള്ള പദ്ധതി വഴിയാണ് കുടിവെള്ളം എത്തുന്നത്. വടശേരിക്കര പഞ്ചായത്തിന്റെ ഉയര്‍ന്ന മേഖലകളായ മുക്കുഴി, തലച്ചിറ, ഇടക്കുളം, നരിക്കുഴി ഭാഗങ്ങളിലാണ് മേജര്‍ കുടിവെള്ള പദ്ധതി വഴി വെള്ളം എത്തുന്നത്. ഇതോടെ വടശേരിക്കര പഞ്ചായത്തില്‍ ഏറ്റവും അധികം കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഉയര്‍ന്ന മേഖലകളില്‍ ജലക്ഷാമം ശാശ്വതമായി പരിഹരിക്കാന്‍ ആകും. പഴവങ്ങാടി പഞ്ചായത്തിലെ ഉയര്‍ന്ന മേഖലകളായ ആനത്തടം, പൂഴിക്കുന്ന് മേഖലകളിലും മന്ദമരുതി വരെയുള്ള ഭാഗങ്ങളിലെയും കുടിവെള്ളക്ഷാമത്തിന് ഇതോടെ പരിഹാരമാകും. ഈ മാസം അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാകും.