Trending Now

കോന്നി മെഡിക്കല്‍ കോളജില്‍ സിടി സ്‌കാന്‍ മെഷീന്‍റെ  ഉദ്ഘാടനം നടന്നു

konnivartha.com: കോന്നി മെഡിക്കല്‍ കോളജിനെ എത്രയും വേഗം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജില്‍ അഞ്ച് കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച പുതിയ സിടി സ്‌കാന്‍ മെഷീന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് വളരെ കുറച്ച് മെഡിക്കല്‍ കോളജുകളില്‍ മാത്രമുള്ള 128 സ്ലൈസ് സിടി സ്‌കാനര്‍ ആണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. വിവിധ രോഗനിര്‍ണയങ്ങള്‍ക്കുള്ള സിടി സ്‌കാന്‍ സൗകര്യം സാധാരണക്കാര്‍ക്ക്  ഇനി സൗജന്യമായോ വളരെ കുറഞ്ഞ ചെലവിലോ ലഭ്യമാകും.
മൂന്നു കോടി 30 ലക്ഷം രൂപ ചെലവഴിച്ച് ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂമിന്റെ നിര്‍മാണം പുരോഗമിക്കുന്നു.  ബ്ലഡ് ബാങ്കിനായി 85 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ എത്തിച്ചിട്ടുണ്ട്. 15 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ഉടന്‍ എത്തും. ബ്ലഡ് ബാങ്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 8.5 ലക്ഷം രൂപയും അനുവദിച്ചു. പീഡിയാട്രിക് ഐസിയു 15 ലക്ഷം രൂപ ചെലവാക്കി പണി പൂര്‍ത്തീകരിച്ചു. 200 കിടക്കുകളുള്ള കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു. നിലവിലെ 300 കിടക്കുകയുള്ള കെട്ടിടമായി ഇതിനെ ബന്ധിപ്പിക്കുമ്പോള്‍ 500 കിടക്കകളുള്ള ആശുപത്രിയായി മെഡിക്കല്‍ കോളജ് മാറും.
കോളജില്‍ ഒന്നാംവര്‍ഷ എംബിബിഎസ് പഠനം ആരംഭിച്ചു. രണ്ടാം വര്‍ഷത്തേക്കുള്ള അനുമതി ലഭിച്ചിട്ടുണ്ട്.  മൂന്നാം വര്‍ഷത്തേക്ക് എന്‍എച്ച്സി  അംഗീകാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
മെഡിക്കല്‍ കോളജിലേക്കുള്ള റോഡ് നിര്‍മാണം സാങ്കേതിക അനുമതി ലഭിക്കുന്നതിനുള്ള  അവസാന ഘട്ടത്തിലാണ്. കേരളത്തിന്റെ ആരോഗ്യമേഖലയ്ക്കായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 3200 കോടി രൂപ അനുവദിച്ചിട്ടുള്ളതായും  മന്ത്രി പറഞ്ഞു.
അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന കോന്നി മെഡിക്കല്‍ കോളജ് പ്രധാനപ്പെട്ട മറ്റൊരു നേട്ടം കൂടിയാണ് കൈവരിച്ചിട്ടുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ചു സംസാരിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.  സമീപഭാവിയില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച മെഡിക്കല്‍ കോളജുകളില്‍ ഒന്നായി കോന്നി മെഡിക്കല്‍ കോളജിനെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് സാന്ത്വന സ്പര്‍ശമേകാന്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്ന് വിശിഷ്ടാതിഥിയായിരുന്ന ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ 128 സ്ലൈസ് സിടി സ്‌കാനര്‍ ആണ് കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അഞ്ചു കോടി രൂപ മുതല്‍ മുടക്കില്‍ ജി.ഇ റവലൂഷന്‍ ഇവോ എന്ന കമ്പനിയുടെ അത്യാധുനിക സിടി സ്‌കാന്‍ സംവിധാനമാണ് മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കാന്‍ മുറി, പ്രിപ്പറേഷന്‍ മുറി, സിടി കണ്‍സോള്‍, റിപ്പോര്‍ട്ടിംഗ് മുറി, റേഡിയോളജി സ്റ്റോര്‍, യു.പി.എസ് മുറി, ഡോക്ടര്‍മാര്‍ക്കും റേഡിയോഗ്രാഫര്‍മാര്‍ക്കും നഴ്സിംഗ് ഓഫീസര്‍മാര്‍ക്കുമുളള മുറികള്‍ തുടങ്ങിയ സംവിധാനങ്ങളും അനുബന്ധമായി ഒരുക്കിയിട്ടുണ്ട്. വിവിധ രോഗ നിര്‍ണയത്തിന് അത്യന്താപേക്ഷിതമായ ഈ രോഗ നിര്‍ണയ സംവിധാനം ഏതു തരത്തിലുളള രോഗികള്‍ക്കും ഉപയോഗിക്കുവാന്‍ പര്യാപ്തമാണ്. കാര്‍ഡിയാക് സിടി, വിവിധ തരത്തിലുളള സിടി ആന്‍ജിയോഗ്രാം, ഹൈ റസല്യൂഷന്‍ സിടി(എച്ച്.ആര്‍സി.ടി) എന്നീ രോഗ നിര്‍ണയ സംവിധാനങ്ങള്‍ ചുരുങ്ങിയ ചെലവില്‍ സാധാരണക്കാരിലേക്ക് എത്തിക്കുവാന്‍ സാധിക്കും.
ചടങ്ങില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജിജി സജി, മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയം ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി, കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍.എസ്. നിഷ,  മെഡിക്കല്‍ കോളേജ് സൂപ്രണ്ട്  ഡോ. എ. ഷാജി, റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവി ഡോ. രുമാ മധു ശ്രീധരന്‍, കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
error: Content is protected !!