പട്ടികവര്‍ഗ ഹെല്‍ത്ത് പ്രൊമോട്ടര്‍ ഒഴിവ്
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐറ്റിഡി പ്രോജക്ട് ഓഫീസുകള്‍ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുകളുടെ കീഴില്‍ നിലവിലുള്ള പട്ടികവര്‍ഗ ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ 1182 ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിക്കുന്നതിനും, സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും, സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപതികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി സേവനസന്നദ്ധതയുള്ളവരും 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പി.വി.റ്റി.ജി / അടിയ / പണിയ/ മലപണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാവും. പ്രായപരിധി 20നും 40നും മധ്യേ. ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിച്ചവര്‍ക്കും, ആയുര്‍വേദം പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന നല്‍കും. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ അതത് ജില്ലകളിലെ പ്രോജക്ട് ഓഫീസ്, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് മുഖന സമര്‍പ്പിക്കണം. സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകരുടെ താമസ പരിധിയില്‍പ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തിരഞ്ഞെടുക്കണം. ഒരാള്‍ ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കാന്‍ പാടില്ല. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 20ന് വൈകുന്നേരം അഞ്ചു വരെ. നിയമന കാലാവധി രണ്ടു വര്‍ഷമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് റാന്നി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസിലോ, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ പട്ടികവര്‍ഗ വികസന ഡയറക്ടര്‍ ഓഫീസിലോ ബന്ധപ്പെടണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ടിഎ ഉള്‍പ്പെടെ 13,500 രൂപ ഓണറേറിയത്തിന് അര്‍ഹതയുണ്ടായിരിക്കും. ഫോണ്‍:04735 227703.
വായനപക്ഷാചരണം: സംഘാടക സമിതി യോഗം ജൂണ്‍ 13ന്
വായനപക്ഷാചരണവുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം ജൂണ്‍ 13ന് ഉച്ചയ്ക്ക് 12.30ന് എഡിഎം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ പത്തനംതിട്ട കളക്ടറേറ്റിലെ ചേംബറില്‍ ചേരും.
ദേശീയ ലോക് അദാലത്തില്‍ ജില്ലയില്‍ 9940 കേസുകള്‍ തീര്‍പ്പാക്കി
ജില്ലാ നിയമ സേവന അതോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നടന്ന ദേശീയ ലോക് അദാലത്തില്‍ ജില്ലയിലെ വിവിധ കോടതികളിലായി 9940 കേസുകള്‍ തീര്‍പ്പാക്കി.
മജിസ്‌ട്രേറ്റ് കോടതിയില്‍ പിഴ ഒടുക്കിത്തീര്‍ക്കാവുന്നവ, എം.എ.സി.റ്റി, ബാങ്ക്, ആര്‍. റ്റി. ഒ, രജിസ്‌ട്രേഷന്‍, ബി.എസ്.എന്‍.എല്‍, സിവില്‍ വ്യവഹാരങ്ങള്‍, കുടുംബ തര്‍ക്കങ്ങള്‍ മുതലായ കേസുകളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്. വിവിധ കേസുകളിലായി അഞ്ചു കോടി 70 ലക്ഷം രൂപയോളം നഷ്ടപരിഹാരമായി വിധിക്കുകയും 53 ലക്ഷത്തോളം രൂപ വിവിധ ക്രിമിനല്‍ കേസുകളില്‍ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു.
ജില്ലാ നിയമ സേവന അതോറിറ്റിയുടെ ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ പി.പി. സൈദലവി, താലൂക്ക് നിയമ സേവന കമ്മിറ്റി ചെയര്‍മാനും അഡീഷണല്‍ ജില്ലാ ജഡ്ജിയുമായ എസ്. ജയകുമാര്‍ ജോണ്‍, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി/ സബ് ജഡ്ജായ സി.ആര്‍. രാജശ്രീ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. അഡീഷണല്‍ ജില്ലാ ജഡ്ജിമാരായ പി.എസ്. ബിനു, എസ്. ശ്രീരാഗ്, ജി.പി. ജയകൃഷ്ണന്‍,
ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ലൈജുമോള്‍ ഷെറീഫ്, മുന്‍സിഫ് ലെനി തോമസ് കുരക്കാര്‍ എന്നിവര്‍ പത്തനംതിട്ട കോടതി സമുച്ചയത്തിലെ അദാലത്തില്‍ പങ്കെടുത്ത് കേസുകള്‍ തീര്‍പ്പാക്കി.
മിനി ജോബ് ഫെസ്റ്റ്
അടൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 16ന് അടൂര്‍ റവന്യൂ ടവറില്‍ മിനി ജോബ് ഫെസ്റ്റ് നടത്തും.
ഈ തൊഴില്‍ മേളയില്‍ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. തൊഴില്‍ മേളയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ പരിഗണന ലഭിക്കും വിധം എസ്എസ്എല്‍സി, പ്ലസ്ടു, ഐടിഐ/ഐടിസി മുതല്‍ ഡിപ്ലോമ, ബിടെക്, ബിരുദം, ബിരുദാനന്തരബിരുദം, പാരാമെഡിക്കല്‍, ബാങ്കിംഗ് മേഖല, ഇ-കൊമേഴ്സ് മേഖല, മാനേജ്മെന്റ് മേഖല, ഐടി മേഖല തുടങ്ങിയവയില്‍ യോഗ്യതകളും പ്രാവീണ്യവും ഉള്ളവര്‍ക്കും പങ്കെടുക്കാം.
തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും, ഉദ്യോഗാര്‍ഥികളും www.ncs.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷന്‍ ചെയ്യണം. ഉദ്യോഗാര്‍ഥികള്‍ തൊഴില്‍ മേളയ്ക്ക് ഹാജരാകുമ്പോള്‍ അഞ്ചു സെറ്റ് സിവി (കരിക്കുലം വിറ്റേ) കൈയില്‍ കരുതണം. വ്യത്യസ്ത തസ്തികകളിലായി എഴുനൂറോളം അവസരങ്ങള്‍ മേളയില്‍ ഉണ്ടാകും.പ
ജില്ലാതല അപ്രന്റീസ് മേള
പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ് മേളയോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാതല അപ്രന്റീസ് മേള 2023 ജൂണ്‍ 19ന് ചെന്നീര്‍ക്കര ഗവ ഐടിഐയില്‍ വച്ച് നടത്തും. വിവിധ സര്‍ക്കാര്‍ / അര്‍ധ സര്‍ക്കാര്‍ / സ്വകാര്യ മേഖലകളിലെ നിരവധി സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്ത് അപ്രന്റീസ് ട്രെയിനികളെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കുന്നവരെ ഒരു വര്‍ഷത്തേക്ക് അപ്രന്റീസ് ആയി നിയമിക്കും. ഐ.ടി.ഐ പാസായ ട്രെയിനികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള ട്രെയിനികള്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഫോട്ടോ, മറ്റ് അനുബന്ധ രേഖകളുമായി ജൂണ്‍ 19ന് രാവിലെ ചെന്നീര്‍ക്കര ഗവ ഐടിഐയില്‍ എത്തിച്ചേരണം.
ഫോണ്‍: 0468 2258710.
അംഗത്വം പുന:സ്ഥാപിക്കാന്‍ അവസരം
കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രകാരം യഥാസമയം അംശദായം ഒടുക്കുവാന്‍ സാധിക്കാത്ത ക്ഷേമപദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്കും, റബര്‍ ബോര്‍ഡ് മുഖേന സ്‌കീമില്‍ ഉള്‍പ്പെട്ടിട്ടുള്ള തൊളിലാളികള്‍ക്കും അംഗത്വം പുന:സ്ഥാപിക്കുന്നതിന് നാളിതുവരെയുള്ള പിഴപ്പലിശ ഒഴിവാക്കി 31.07.2023 വരെയുള്ള കാലയളവില്‍ മൂന്നു ഗഡുക്കളായി അടയ്ക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഈ അവസരം എല്ലാ തൊഴിലാളികളും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ (പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍, പത്തനംതിട്ട) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0468 2223069, 8547655319.
അഭിമുഖം
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്. 2 (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് പട്ടികവര്‍ഗം മാത്രം) (കാറ്റഗറി നമ്പര്‍. 421/22) തസ്തികയ്ക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കായി ജൂണ്‍ 14ന് രാവിലെ 9.30 ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്.
ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് യഥാസമയം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍: 0468 2222665.
ക്വട്ടേഷന്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ എച്ച്.എം.സി വാര്‍ഷിക കണക്ക് ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ ചുമതലപെടുത്തുന്നതിന് നിരക്കുകള്‍ രേഖപ്പെടുത്തിയ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാനതീയതി ജൂണ്‍ 23 രാവിലെ 11 മണി. ഫോണ്‍ : 0468 2222364
തീയതി നീട്ടി
വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ നിന്ന് വ്യക്തിഗത ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോം സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ജൂണ്‍ 19 വൈകിട്ട് നാലുവരെ നീട്ടിയതായി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2350229
സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വീടിന്റെ വയറിംഗ്, ഹോസ്പിറ്റല്‍ വയറിംഗ്, തീയറ്റര്‍ വയറിംഗ്, ലോഡ്ജ് വയറിംഗ്, ടു വേ സ്വിച് വയറിംഗ്, ത്രീ ഫേസ് വയറിംഗ് എന്നിവയുടെ സൗജന്യ സര്‍ട്ടിഫിക്കേറ്റ് അധിഷ്ഠിത പരിശീലനം ഉടന്‍ ആരംഭിക്കും. കാലാവധി 30 ദിവസം. 18നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468 2270243, 8330010232 എന്നീ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേണലിസം ഡിപ്ളോമ ജൂണ്‍ 25 വരെ അപേക്ഷിക്കാം
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ളോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. തിരുവനന്തപുരത്ത് രാവിലെ 10.30 മുതല്‍ 12.00 വരെയും കൊച്ചിയില്‍ വൈകിട്ട് ആറ് മുതല്‍ എട്ട് വരെയുമാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്ലൈനിലും ക്ലാസുകള്‍ ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല.
മൊബൈല്‍ ജേണലിസം, വെബ് ജേണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. സര്‍വീസില്‍ നിന്നു വിരമിച്ചവര്‍ക്കും മറ്റു ജോലികളിലുള്ളവര്‍ക്കും അപേക്ഷിക്കാം. ജോലിചെയ്യുന്നവര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, പബ്ലിക് റിലേഷന്‍സ് ചുമതലകള്‍ ഏറ്റെടുക്കാന്‍ സഹായിക്കുന്നതാണു കോഴ്‌സ്.
അപേക്ഷകള്‍ ഓണ്‍ലൈനായി www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9388959192 (കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍, കൊച്ചി ), 9447225524 (കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍, തിരുവനന്തപുരം) അവസാന തീയതി ജൂണ്‍ 25.