കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം ലോക നിലവാരത്തിലേക്കുയർത്തും: മുഖ്യമന്ത്രി
സംസ്ഥാന തല പ്രവേശനോൽസവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
അടിസ്ഥാന സൗകര്യങ്ങളൊരുക്കി കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്കുയർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മലയിൻകീഴ് ജിഎൽപിബി സ്‌കൂളിൽ നടന്ന ചടങ്ങിൽ നവാഗതർക്ക് മുഖ്യമന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്യുകയും സ്‌കൂളിലെ പുതിയ മന്ദിരം നാടിന് സമർപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഏഴ് വർഷമായി നടത്തിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം കേരളത്തിലാകെയുള്ള വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റമുണ്ടാക്കിയതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഒന്നാം ക്ലാസിൽ പ്രവേശിക്കുന്നവർക്ക് പുതിയ അന്തരീക്ഷവുമായി ഇണങ്ങുന്നതിന് താമസം നേരിടുക സ്വാഭാവികമാണ്. എന്നാൽ ഇന്ന് വിശിഷ്ട വ്യക്തികളായാണ് നവാഗതർ എത്തുന്നത്. ഈ പ്രവേശനോത്സവത്തിൽ ആഹ്ലാദകരമായ ചുറ്റുപാടിൽ കൈ നിറയെ സമ്മാനങ്ങളുമായി എത്തുന്ന വിദ്യാർഥികളിൽ മനോവിഷമം കാണുന്നില്ല. പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം കുഞ്ഞു മനസിലടക്കം സന്തോഷവും ഉണർവും സൃഷ്ടിച്ചത് കാണാൻ കഴിയും. ഇത് കേരളത്തിന്റെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പല പ്രയാസങ്ങൾ അനുഭവിച്ച വിദ്യാലയങ്ങൾ സംസ്ഥാനത്തുടനീളമുണ്ടായിരുന്നു. കാലപ്പഴക്കം മൂലവും അറ്റകുറ്റപ്പണി നടത്താതെയും അപകടാവസ്ഥയിലായിരുന്ന വിദ്യാലയങ്ങളായിരുന്നു പലതും. എന്നാൽ ഈ സർക്കാർ അധികാരമേറ്റതിനു ശേഷം മികച്ച കെട്ടിടങ്ങളും ഇരിപ്പിടങ്ങളും സജ്ജീകരിച്ചു. ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചാണ് പദ്ധതികൾ പൂർത്തിയാക്കിയത്. ഈ നാടും നാട്ടുകാരും പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും എസ്.എം.സി. യും ഈ പ്രവർത്തനത്തിൽ സർക്കാരിനൊപ്പം അണിനിരന്നു. 5 ലക്ഷം പേർ കൊഴിഞ്ഞു പോയ പൊതു വിദ്യാലയങ്ങൾ വല്ലാത്ത നീറ്റലായിനിന്ന കാലത്തുനിന്നു വിദ്യാർത്ഥികൾ പൊതു വിദ്യാലയങ്ങളിലേക്ക് തിരികെയെത്തുന്ന സാഹചര്യം കഴിഞ്ഞ ഏഴ് വർഷം കൊണ്ടുണ്ടായി. അവർക്കെല്ലാം പാഠ പുസ്തകങ്ങളും യൂണിഫോമും കൃത്യമായി വിതരണം ചെയ്യാനും സാധിക്കുന്നു. കരുതലോടെയാണ് വിദ്യാഭ്യാസ മേഖലയെ സംസ്ഥാന ഗവൺമെന്റ് കാണുന്നത്. അക്കാദമിക തലത്തിലും ഈ മാറ്റം നമുക്ക് കാണാൻ കഴിയും. ലാബ്, ലൈബ്രറി, സ്മാർട്ട് റൂം എന്നിവ സജ്ജമാക്കി.
കോവിഡ്കാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിനു യോജ്യമായ സൗകര്യങ്ങളും അക്കാദമിക സാഹചര്യവും സൃഷ്ടിച്ചു. മലയോര ആദിവാസിമേഖലകളിലടക്കം ഈ സൗകര്യം ലഭ്യമാക്കി പ്രതിബന്ധങ്ങളിലും പൊതുവിദ്യാഭ്യാസ രംഗത്തെ സംരക്ഷിച്ചു.
അധ്യാപകർക്ക് കൂടുതൽ ഉത്തരവാദിത്തമുള്ള കാലത്തു കൂടിയാണ് നാം കടന്നു പോകുന്നത്. അക്കാദമിക നിലവാരത്തോടൊപ്പം വിദ്യാർത്ഥികളുമായി ആത്മബന്ധം നിലനിർത്താനും അധ്യാപകർ ശ്രദ്ധിക്കണം. വിദ്യാർത്ഥികളിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് അതിനനുസൃതമായ പരിഹാരങ്ങൾ നിർദേശിക്കാൻ അധ്യാപകർക്ക് കഴിയണം. മെന്റർഷിപ്പ് അടക്കമുള്ള പരിപാടികൾ നടപ്പിലാക്കുന്നത് ഇതിന്റെ ഭാഗമാണ്.
അറിവ് സമ്പാദിക്കാനുള്ള എല്ലാ സൗകര്യവും ഗവൺമെന്റ് ഉറപ്പ് നൽകുന്ന ഈ സാഹചര്യത്തിൽ നല്ല രീതിയിൽ വിദ്യാഭ്യാസ കാലഘട്ടത്തെ വിദ്യാർത്ഥികൾ ഉപയോഗിക്കണം. നല്ലതിനൊപ്പം ചേരാനും നല്ലതല്ലാത്തത് തിരിച്ചറിയാനും വിദ്യാർത്ഥികൾക്ക് കഴിയണം. ലഹരിയടക്കമുളള സാമൂഹിക തിന്മകളെ ജീവിതത്തിൽ നിന്നൊഴിവാക്കി സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളർന്നു വരാൻ കഴിയണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
അറിവും കഴിവും ആത്മവിശ്വാസവും കുട്ടികളിൽ വളർത്തുന്നതോടൊപ്പം പരസ്പര സഹകരണവും സഹവർത്തിത്തവും നീതിയും ജനാധിപത്യവും മതനിരപേക്ഷതയും ജീവിത രീതിയാക്കുന്ന സമൂഹത്തെ വളർത്തി എടുക്കാനുള്ള വിദ്യാഭ്യാസമാകണം നാം ലക്ഷ്യമിടേണ്ടതെന്ന് അധ്യക്ഷ പ്രസംഗത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. പ്ലാൻ ഫണ്ടും, ഇതര ഫണ്ടുകളും പ്രയോജനപ്പെടുത്തി 1500 കോടി രൂപ ചെലവിൽ ആയിരത്തി മുന്നൂറോളം സ്‌കൂളുകൾക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കാൻ സംസ്ഥാന ഗവൺമെന്റിനായെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ 2023 – 24 അദ്ധ്യയന വർഷത്തെ കലണ്ടർ മന്ത്രി വി ശിവൻ കുട്ടി പ്രകാശനം ചെയ്തു. മധുരം മലയാളം, ഗണിതം രസം കുട്ടിക്കൂട്ടം കൈപ്പുസ്തക പ്രകാശനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ഹലോ ഇംഗ്ലീഷ് – കിഡ്‌സ് ലൈബ്രറി ബുക് സീരീസ് ഐ.ബി. സതീഷ് എം.എൽ.എ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ വിശിഷ്ടാതിഥിയായി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതം ആശംസിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എ ഷാനവാസ്, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജ, മലയൻകീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ വൽസല കുമാരി എന്നിവർ സംബന്ധിച്ചു. മന്ത്രി വി ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ സ്‌കൂളിലെത്തിയ വിദ്യാർത്ഥികൾക്ക് മധുരം നൽകിയാണ് സ്വീകരിച്ചത്.
ഉദ്ഘാടന ചടങ്ങുകൾക്ക് മുൻപ് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരം അരങ്ങേറി. ഇതിന് പുറമെ സ്‌കൂൾ തലത്തിലും ജില്ലാ തലത്തിലും പ്രത്യേകം പ്രവേശനോത്സവങ്ങൾ സംഘടിപ്പിച്ചു.
വര്‍ണാഭമായി ജില്ലാതല പ്രവേശനോത്സവം വിദ്യാര്‍ത്ഥികള്‍ ആരോഗ്യത്തിന്റെ അംബാസഡര്‍മാരാകണം: മന്ത്രി വീണാജോര്‍ജ്
വിദ്യാര്‍ത്ഥികള്‍ ആരോഗ്യത്തിന്റെ അംബാസഡര്‍മാരാകണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കടമ്മനിട്ട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ സമര്‍പ്പണവും ജില്ലാതലപ്രവേശനോത്സവം ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് പൊതുവിദ്യാഭ്യാസവകുപ്പുമായി കൈകോര്‍ത്ത് സ്‌കൂള്‍ ആരോഗ്യ പരിപാടി ആവിഷ്‌ക്കരിക്കുകയാണ്. എല്ലാ കുട്ടികള്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന ഇതിലൂടെ ഉറപ്പാക്കും. ശാരീരിക മാനസിക വളര്‍ച്ച ഉറപ്പാക്കുന്നതിനോടൊപ്പം പഠന പരിമിതികള്‍, കാഴ്ച പരിമിതികള്‍ എന്നിവ നേരത്തെ തന്നെ കണ്ടെത്തി ഇതിലൂടെ ഇടപെടല്‍ നടത്തും.
കേരളം മുഴുവന്‍ പ്രവേശനോത്സവദിനത്തില്‍ ഉത്സവപ്രതീതിയാണ്. കടമ്മനിട്ട സ്‌കൂളിനെ സംബന്ധിച്ചിടത്തോളം ഇത് സ്വപ്നസാക്ഷാത്ക്കാരത്തിന്റെ നിമിഷമാണ്. വിദ്യാര്‍ത്ഥികളുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുകയെന്ന വലിയ ആവശ്യമാണ് സാക്ഷാത്ക്കരിച്ചത്. ഇതിനായി മുന്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റേയും ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടേയും മികച്ച ഇടപെടലുകള്‍ ഉണ്ടായി. കടമ്മനിട്ട ഒന്നടങ്കം ഈ പ്രവര്‍ത്തനത്തില്‍ ഒറ്റക്കെട്ടായി അണിനിരന്നു. കടമ്മനിട്ടയെ സംബന്ധിച്ചിടത്തോളം അടിസ്ഥാനസൗകര്യമേഖലയില്‍ വികസനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.
ആശുപത്രി നിര്‍മിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത് സമയബന്ധിതമായി പൂര്‍ത്തിയാക്കും. ജില്ലയില്‍ ഇനിയും സ്മാര്‍ട്ട്ക്ലാസ് റൂമുകള്‍ നിര്‍മിക്കാനുള്ള സ്‌കൂളുകളിലും അത് വേഗത്തില്‍ പൂര്‍ത്തിയാക്കും.
പുതുതായി സ്‌കൂളിലെത്തിയ കുട്ടികള്‍ക്ക് ജീവിതകാലയളവില്‍ നന്നായി ചിന്തിക്കാനും, പഠിക്കാനും നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കിയെടുക്കുവാനും വിദ്യാലയത്തിലെ അന്തരീക്ഷം അവസരമൊരുക്കണം. അതിനായി രക്ഷകര്‍ത്താക്കളും അധ്യാപകരും പങ്കാളികളാകണമെന്നും ഓരോ കുട്ടികളും വ്യത്യസ്തരാണെന്നും അവര്‍ക്ക് വ്യത്യസ്തമായ കഴിവുകളാണുള്ളതെന്നും തിരിച്ചറിഞ്ഞ് പിന്തുണ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ഊര്‍ജത്തെ അടിച്ചമര്‍ത്തുന്ന വിദ്യാഭ്യാസരീതിയല്ല അതിനെ ഉണര്‍ത്തുന്ന വിദ്യാഭ്യാസരീതിയാണ് വേണ്ടതെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. അവരുടെ നിലപാടുകളും അഭിപ്രായങ്ങളും ഉറച്ച ശബ്ദത്തോടെ ലോകത്തോട് പറയാനുള്ള തരത്തില്‍ അവരുടെ ശക്തിയെ ഉണര്‍ത്തേണ്ടത് അധ്യാപകരാണ്. ‘പുറംകണ്ണ് തുറപ്പിപ്പൂ പുലര്‍വേളയില്‍ അംശുമാന്‍, അകം കണ്ണ് തുറപ്പിക്കാന്‍ ആശാന്‍ ബാല്യത്തിലെത്തണം എന്ന ഉള്ളൂരിന്റെ വരികള്‍ പോലെ അധ്യാപകര്‍ പ്രവര്‍ത്തിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് അകക്കണ്ണ് തുറക്കാനുള്ള അവസരമാണ് വിദ്യാലയജീവിതത്തില്‍ അവര്‍ക്കുണ്ടാകേണ്ടത്. മുഖ്യമന്ത്രിയുടെ സന്ദേശം പോലെ പുസ്തകങ്ങളും പാട്ടുകളും കളികളും കഥകളുമായി പഠനം പാല്‍പായസം പോലെ ആസ്വദിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിക്കും കഴിയണമെന്നും പ്രവേശനോത്സവം സ്‌നേഹത്തിന്റെ ഉത്സവമായി ഓരോ വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലും നിറഞ്ഞ് കവിയണമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ കെട്ടിടത്തിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ. അശോക് കുമാര്‍, എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി തോമസ്, മലങ്കര കത്തോലിക്കാസഭ പത്തനംതിട്ട ഭദ്രാസനാധിപന്‍ സാമുവല്‍ മാര്‍ ഐറേനിയോസ്, ജില്ലാപഞ്ചായത്തംഗം ജോര്‍ജ് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍, വൈസ്പ്രസിഡന്റ് പ്രകാശ് കുമാര്‍ തടത്തില്‍, ബ്ലോക്ക് പഞ്ചായത്തംഗം വി.പി. ഏബ്രഹാം, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അബിദാ ബായി, ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബെന്നി ദേവസ്യ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റസിയ സണ്ണി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷീലാകുമാരിയമ്മ, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വകുപ്പുദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രവേശനോത്സവം കൂട്ടായ്മയുടെ ഉത്സവം: ഡെപ്യൂട്ടി സ്പീക്കര്‍
സ്‌കൂള്‍ പ്രവേശനോത്സവം കൂട്ടായ്മയുടെയും കൂടിച്ചേരലിന്റെയും ഉത്സവമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സബ് ജില്ലാ തല പ്രവേശനോത്സവം പഴകുളം ഗവണ്‍മെന്റ് എല്‍പിഎസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പള്ളിക്കൂടക്കാലത്ത് വിദ്യാഭ്യാസത്തിനൊപ്പം പലവിധമായ കഴിവുകളും ശേഷികളും കുട്ടിക്ക് ലഭിക്കുമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.
ചടങ്ങില്‍ പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മകുറുപ്പ് അധ്യക്ഷയായിരുന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തി. പള്ളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനു, വാര്‍ഡ് മെമ്പര്‍ സാജിത റഷീദ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സീമാ ദാസ്, സ്വാഗതസംഘം ചെയര്‍മാന്‍ എസ്. രാജീവ്, ബിപിസി സൗദാമിനി, യമുന, ആര്‍. സുരേഷ്, മീരാസാഹിബ്, നൗഷാദ്, റ്റി. മിനിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കോന്നി ജി ച്ച് എസ് എസ് പ്രവേശനോത്സവം എം എൽ എ അഡ്വ. കെ യു ജിനീഷ് കുമാർ ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അജോമോൻ വി ടി,ഗ്രാമ പഞ്ചായത്ത് അധ്യക്ഷ സുലേഖ വി നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസീമണിയമ്മ , പി ടി എ അധ്യക്ഷന്‍ കെ ജി ഉദയകുമാർ, വൈസ് പ്രസിഡണ്ട് കെ സന്തോഷ് കുമാർ , എസ് എം സി അംഗങ്ങളായ ജി രാജു, പി എൻ സന്തോഷ്,പ്രിൻസിപ്പൽ ജി സന്തോഷ്, പ്രഥമ അധ്യാപികയുടെ ചാർജ് വഹിക്കുന്ന എസ് ബിന്ദു , സീനിയർ അസിസ്റ്റണ്ട് എം എസ് പ്രസന്ന കോന്നി എസ് എച് ഒ സി ദേവരാജൻ എന്നിവർ സംസാരിച്ചു
പ്രവേശനോത്സവത്തെ പുസ്തകോത്സവമാക്കി പ്രമോദ് നാരായണ്‍ എംഎല്‍എ
അക്ഷരമുറ്റത്ത് നിന്നും പഠനയാത്ര ആരംഭിക്കുന്ന പ്രവേശനോത്സവ ദിനത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ സ്‌കൂളുകളില്‍ എത്തിയത് കുട്ടികള്‍ക്കുള്ള പുസ്തകങ്ങളുമായി. സംസ്ഥാനത്ത് ആദ്യമായി കുട്ടികളുടെ വായനയെ വികസിപ്പിക്കാന്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ക്ലാസ് റൂം ലൈബ്രറികള്‍ എന്ന നൂതന പദ്ധതിയുടെ ഭാഗമായാണ് പുസ്തകങ്ങള്‍ സമ്മാനങ്ങളാക്കി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചത്. മിക്ക സ്‌കൂളുകളിലും ലൈബ്രറികള്‍ ഉണ്ടെങ്കിലും അലമാരകളില്‍ പുസ്തകങ്ങള്‍ ഭദ്രമായി സൂക്ഷിക്കപ്പെടുകയാണ്.
വായനയ്ക്കായി പുസ്തകങ്ങള്‍ ഫലപ്രദമായി എല്ലാ സ്‌കൂളുകളിലും ഒരുപോലെ ഉപയോഗിക്കപ്പെടുന്നില്ല എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ ആശയം റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി എംഎല്‍എയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയത്. പതിനായിരം രൂപയുടെ പുസ്തകങ്ങളാണ് ഒരു സ്‌കൂളിലെ ക്ലാസ് റൂം ലൈബ്രറികള്‍ക്കായി എംഎല്‍എ ഫണ്ടില്‍ നിന്നും തുക ചിലവഴിച്ച് വാങ്ങി നല്‍കുന്നത്. വിവിധ പുസ്തകോത്സവങ്ങളില്‍ നിന്നും എംഎല്‍എ തന്നെ നേരിട്ട് തെരഞ്ഞെടുത്ത പുസ്തകങ്ങളും സ്വന്തം പുസ്തക ശേഖരത്തിനുള്ള പുസ്തകങ്ങളും ഇതിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ക്ക് നല്‍കി. സ്‌കൂളില്‍ ഏതെങ്കിലും ഒരു സ്ഥലത്ത് സൂക്ഷിക്കുകയല്ല ഓരോ കുട്ടിയില്‍ നിന്നും പുസ്തകങ്ങള്‍ പരസ്പരം കൈമാറി എല്ലാ കുട്ടികള്‍ക്കും വായനയുടെ മധുരം എത്തിക്കലാണ് പദ്ധതിയുടെ ലക്ഷ്യം.
മലയാളത്തിലെ പ്രഗല്‍ഭരായ എഴുത്തുകാര്‍ ഒഎന്‍വിയും വൈക്കം മുഹമ്മദ് ബഷീറും സുഗതകുമാരിയും കുഞ്ഞുണ്ണി മാഷിനും ഒപ്പം ലോക സാഹിത്യത്തിലെ ക്ലാസിക്കുകളും കുഞ്ഞുകൈകളിലേക്ക് എത്തും. ചാള്‍സ് ഡിക്കന്‍സും, ചെക്കോവും ഷേക്സ്പിയറും എല്ലാം ഇനി കുട്ടികളുടെ കൂട്ടുകാരാകും. അഗ്നി ചിറകുകളും മാക്ബത്തും, മൊബഡിക്കും എല്ലാം ഇനി കുട്ടികളുടെ വായനയുടെ ലോകത്തെ അനുഭവങ്ങളായി മാറും. ഈ പദ്ധതി കുട്ടികളുടെ വായനയെ നിത്യശീലമാക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് എംഎല്‍എ പറഞ്ഞു.
റാന്നി എംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ കൈമാറി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ജോജോ കോവൂര്‍ അധ്യക്ഷനായി. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, സ്‌കൂള്‍ മാനേജര്‍ സക്കറിയ, ഹെഡ്മാസ്റ്റര്‍ ബിനോയ് കെ എബ്രഹാം, ഫാ. റജീഷ് സ്‌കറിയ മധുരം കോട്ട് എന്നിവര്‍ സംസാരിച്ചു
കുട്ടികളെ വിശ്വപൗരന്മാരായി വളര്‍ത്തി എടുക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്
കുട്ടികളെ വിശ്വപൗരന്മാരായി വളര്‍ത്തി എടുക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇരവിപേരൂര്‍ ഗവ. എല്‍ പി സ്‌കൂളില്‍ (മുരിങ്ങശേരി) നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികള്‍ ഇന്ന് കണ്ടും കേട്ടും അനുഭവിച്ചുമാണ് പഠിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ ഏഴ് വര്‍ഷം സ്‌കൂള്‍ അടച്ചുപൂട്ടേണ്ടതോ, ഡിവിഷന്‍ കുറവ് മൂലം അധ്യാപകരെ മാറ്റേണ്ട സാഹചര്യമോ ഉണ്ടായില്ല. പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി എല്ലാ ക്ലാസുകളും സ്മാര്‍ട്ട് ക്ലാസ് റൂം ആക്കിയിരുന്നു. കൂടുതല്‍ കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ എത്തുന്നുണ്ട്.
നിയോജക മണ്ഡലങ്ങളിലെ സ്‌കൂളുകളുടെ വികസനത്തിന് പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപയിലാണ് ദേശവാസികള്‍ക്ക് ആത്മബന്ധം ഉള്ളതും അനേകം പേര്‍ പഠിച്ചതുമായ ഇരവിപേരൂര്‍ ഗവ. എല്‍ പി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയ സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ആക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും ഫണ്ട് കണ്ടെത്തി നടത്തും. ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതുള്‍പ്പെടെ റോഡ്, കുടിവെള്ളം തുടങ്ങി ഓരോ പ്രവര്‍ത്തനവും മണ്ഡലത്തില്‍ പൂര്‍ത്തിയാക്കി വരുന്നുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചാണ് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ 115 വര്‍ഷത്തെ പാരമ്പര്യമുള്ള ഗവ.എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടം നിര്‍മിച്ചത്. 375.29 ച.മീ.വിസ്തൃതിയില്‍ ഇരു നിലകളിലായാണ് സ്‌കൂള്‍ കെട്ടിടം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍പിള്ള അധ്യക്ഷനായ ചടങ്ങില്‍
പി ഡബ്ല്യു ഡി ബില്‍ഡിംഗ് സബ്ഡിവിഷന്‍ തിരുവല്ല അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എല്‍. രാഗിണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ടീച്ചര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, പുല്ലാട് എഇഒ ബി.ആര്‍. അനില, ഇരവിപേരൂര്‍ ജിഎല്‍പിഎസ് പ്രധാന അധ്യാപിക എസ്. ആശ, കോയിപ്രം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സ തോമസ്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് മാത്യു, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. ജയശ്രീ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമിത രാജേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിനീഷ് കുമാര്‍, ത്രേസ്യാമ്മ കുരുവിള, പ്രിയ വര്‍ഗീസ്, ജിന്‍സണ്‍ വര്‍ഗീസ്, ബിജി ബെന്നി, എം.എസ് മോഹന്‍, അനില്‍ ബാബു, കെ.കെ. വിജയമ്മ ടീച്ചര്‍, ഷേര്‍ളി ജയിംസ്, സി പി ഐ (എം) ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, കേരള കോണ്‍ഗ്രസ് എം പ്രതിനിധി തമ്പു പനോടില്‍, പി ഡബ്ല്യു ഡി ബില്‍ഡിംഗ്് സെക്ഷന്‍ തിരുവല്ല അസി എന്‍ജിനീയര്‍ എം.ഒ. മിനിമോള്‍, എസ്‌കെജെകെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധി ജാക്സണ്‍ ജോണ്‍സണ്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ സജിനി കെ.രാജന്‍, പിറ്റിഎ പ്രസിഡന്റ് റ്റി.ജി. ശന്തനു, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ റെജി കാക്കനാട്ടില്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിന്നി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഊരു വിദ്യാലയം ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി ദത്തെടുത്തു
കോന്നി കൊക്കാത്തോട് കോട്ടാംപാറ ഊരു വിദ്യാലയം ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി ദത്തെടുത്തു. ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങളും മധുരപലഘാരങ്ങളും നൽകി.
ബ്ലോക്ക് സെക്രട്ടറി സി സുമേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ വിപിൻ വേണു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം വി ശിവകുമാർ ,സിപിഐ എംകൊക്കാത്തോട് ലോക്കൽ സെക്രട്ടറി എം ജി മോഹനൻ, ഡിവൈഎഫ്ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിഷാദ് ലത്തീഫ് ,സിനീഷ് കുമാർ, സജീന യൂസഫ്, ആർ ശ്രീഹരി, വിഷ്ണുദാസ്, മേഖല വൈസ് പ്രസിഡൻ്റ് യദു കൃഷ്ണൻ, മേഖല കമ്മിറ്റി അംഗം ഹരികൃഷ്ണൻ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ദിനേശൻ, അധ്യാപിക ലിൻസി ഷാജി, ഊരുമൂപ്പത്തി മണി എന്നിവർ സംസാരിച്ചു.സ്കൂളിൽ ഈ അധ്യയന വർഷം മുഴുവൻ ഉച്ചഭക്ഷ്ണം ഡിവൈഎഫ്ഐ നൽകുമെന്ന് ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.
വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായ പ്രവേശനോത്സവം
കലഞ്ഞൂർ : കലഞ്ഞൂർ ഗവ. എൽ പി സ്ക്കൂളിൽ ഒന്നാം ക്ലാസ്സുകാർക്കൊപ്പം ഒരു തൊണ്ണൂറ്റൊന്നുകാരനും അക്ഷരകിരീടം ചൂടി പ്രവേശനോത്സവത്തിൽ പങ്കെടുത്തു. 85 വർഷങ്ങൾക്കുമുമ്പത്തെ ആ കുട്ടി പിന്നീട് അധ്യാപകനും പ്രഫസറുമെല്ലാമായി മാറി. റിട്ട . പ്രഫ.ആർ ബാലകൃഷ്ണപിള്ളയാണ് ഇന്ന് അഞ്ചു വയസ്സുകാർക്കൊപ്പം തന്റെ ആദ്യവിദ്യാലയത്തിലെ മുഖ്യാതിഥിയായെത്തി ചടങ്ങ് വേറിട്ട അനുഭവമാക്കിയത്. വർണ്ണബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച് ഉത്സവാന്തരീക്ഷത്തിലായിരുന്നു കുട്ടികളെ ചെണ്ടമേളത്തോടെ എതിരേറ്റത്. തുടർന്ന് എം എൽ എ കെ യു ജനീഷ്കുമാർ പ്രവേശനോത്സവസന്ദേശം നൽകി.
മുഖ്യമന്ത്രിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനു ശേഷം യൂണിഫോം , പുസ്തകം എന്നിവ വിതരണം ചെയ്തു. ഗീത അടൂരും സംഘവും അവതരിപ്പിച്ച നാടൻ പാട്ടും പരിപാടിക്ക് കൊഴുപ്പേകി. പ്രഥമാധ്യാപകൻ അനിൽ വി , ബിനോയി ഡാനിയേൽ , ഭാസ്കരൻ നായർ , ബിനിത കെ പി , സിന്ധു എസ് കെ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി .
കോന്നിയിലെ 19 പൊതുവിദ്യാലയങ്ങൾക്ക് സ്കൂൾ ബസ് വാങ്ങുന്നതിനും, ആധുനിക പാചകപുരയ്ക്കും, ടോയ്‌ലറ്റ് കോംപ്ലക്സിനുമായി 3.09 കോടി രൂപ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ചു
കോന്നിയിലെ 19 പൊതുവിദ്യാലയങ്ങൾക്ക് സ്കൂൾ ബസ് വാങ്ങുന്നതിനും, ആധുനിക പാചകപുരയ്ക്കും, ടോയ്‌ലറ്റ് കോംപ്ലക്സിനുമായി 3.09 കോടി രൂപ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.
കോന്നി നിയോജക മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് ഉയരെ.പദ്ധതിയുടെ ഭാഗമായി അംഗൻവാടി മുതൽ സിവിൽ സർവീസ് അക്കാദമി വരെ ആധുനികവും മികവുറ്റമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.ഉയരെ പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ അധ്യയന വർഷാരംഭത്തിൽ മണ്ഡലത്തിലെ 19 പൊതു വിദ്യാലയങ്ങൾക്ക് പുതിയ സ്കൂൾ ബസ് വാങ്ങുന്നതിനും ആധുനിക പാചകപ്പുരയ്ക്കും ടോയ്ലറ്റ് കോംപ്ലക്സിനുമായി 3.09 കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചത്. 12 സ്കൂളുകൾക്ക് ബസ് വാങ്ങുന്നതിനായി 2.10 കോടി രൂപയും ആധുനിക പാചകപ്പുരയ്ക്കും ടോയ്ലറ്റ് കോംപ്ലക്സിനുമായി 99 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
ദീർഘ നാളുകളായി മലയോര മേഖലയിലെ പൊതുവിദ്യാലയങ്ങളുടെ പ്രധാനപ്പെട്ട ആവശ്യമായിരുന്നു സ്വന്തമായി സ്കൂൾ ബസ്.അഡ്വ. കെ യു.ജനീഷ് കുമാർ എംഎൽഎ ആയതിനു ശേഷം സ്കൂൾ അധികൃതരും രക്ഷകർത്യ സമിതികളും എം എൽ എ യ്ക്ക് നേരിട്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചത്.
നിയോജക മണ്ഡലത്തിലെ സ്കൂൾ കെട്ടിടങ്ങൾ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ആധുനികവൽക്കരിക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
GHSS-കലഞ്ഞൂർ,GHSS-കോന്നി,GHSS-ചിറ്റാർ,GHSS-കൈപ്പട്ടൂർ,GHSS മാരൂർ,GVHSS-കൂടൽ,GHSS-മാങ്കോട്,JMPHS-മലയാലപ്പുഴ,GHSS-തേക്കുതോട്,GLPS-കോന്നി,GLPS-വി. കോട്ടയം,ഗവ.ട്രൈബൽ യു.പി.എസ്, മുണ്ടൻപാറഎന്നീ സ്കൂളുകൾക്കാണ് പുതിയ സ്കൂൾ ബസ് അനുവദിച്ചത്.പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ആവശ്യമായ നിർദേശം നൽകുമെന്ന് എം എൽ എ അറിയിച്ചു.
വാഴമുട്ടം യു പി സ്‌കൂളിന് പുതിയ കെട്ടിടം സാധ്യമാക്കും : മന്ത്രി വീണാ ജോര്‍ജ്
വാഴമുട്ടം യു പി സ്‌കൂളിന് പുതിയ കെട്ടിടം സാധ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വാഴമുട്ടം ഗവ. യു പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിന് ഒരു പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കും. എംഎല്‍എ ഫണ്ടും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടും ഉപയോഗിച്ച് നിര്‍മാണം സാധ്യമാക്കും. അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് സ്‌കൂള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും.
വിദ്യാഭ്യാസ രംഗത്ത് വികസനപരമായ മുന്നേറ്റം കൊണ്ടുവന്നിട്ടുള്ള സംസ്ഥാനമാണ് കേരളം. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നത്തിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവയ്ക്കുകയും നിലവില്‍ തുടരുകയും ചെയ്യുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമായ വിദ്യാ കിരണത്തിലൂടെ കുട്ടികളില്‍ ജിജ്ജാസ ഉണര്‍ത്തുന്നതിനോടൊപ്പം അറിവ് നേടാനും കാര്യങ്ങളെ അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കുകയുമാണ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ സര്‍ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് അധ്യാപകരും രക്ഷാകര്‍ത്താക്കളും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനസര്‍ക്കാരിന്റെ കിഫ്ബി ഫണ്ടും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടും എം എല്‍ എ ഫണ്ടും ഉപയോഗിച്ച് നിരവധി സ്‌കൂളുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവരികയാണ്. നൂറ് വര്‍ഷം പഴക്കമുള്ള വാഴമുട്ടം ഗവ.യുപി സ്‌കൂള്‍ നാടിന്റെ സാമൂഹിക -സാമ്പത്തിക പുരോഗതിക്ക് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മികച്ച രീതിയിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വിദ്യാലയമാണ് വാഴമുട്ടം ഗവണ്‍മെന്റ് യു പി സ്‌കൂളെന്നും മന്ത്രി പറഞ്ഞു.
മികച്ച അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതിന്റെ തുടര്‍ച്ചയായി ജില്ലയില്‍ രണ്ടാം വര്‍ഷവും മികച്ച സ്‌കൂളായി വാഴമുട്ടം ഗവ.യുപി സ്‌കൂളിനെ തിരഞ്ഞെടുത്തിരുന്നു. 1924ല്‍ സ്ഥാപിതമായ സ്‌കൂള്‍ നാല് തലമുറകള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കി. പ്രീ പ്രൈമറി ഉള്‍പ്പെടെ ഏഴാം ക്ലാസ് വരെയാണ് ഇവിടെയുള്ളത്.
ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിതാ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ജി. ശ്രീവിദ്യ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എസ്. മനോജ് കുമാര്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി തോമസ്, എ ഇ ഒ പത്തനംതിട്ട എസ്. സന്തോഷ് കുമാര്‍, വാര്‍ഡ് അംഗങ്ങളായ മിനി വര്‍ഗീസ്, സുജാത, അന്നമ്മ, ജി. സുരേഷ് കുമാര്‍, എന്‍. മിഥുന്‍, അമ്പിളി, എം.ആര്‍. അനില്‍കുമാര്‍, റിജു കോശി, എസ് സി ആര്‍ടിസി റിസേര്‍ച്ച് ഓഫീസര്‍ എസ്. രാജേഷ്, പത്തനംതിട്ട ബി പി സി ശോഭനാകുമാരി, പി ടി എ പ്രസിഡന്റ് എസ്. ശ്രീലക്ഷ്മി, ഗ്രാമ പഞ്ചായത്ത് പ്രധിനിധികള്‍, പ്രധാന അധ്യാപിക സ്വപ്ന കൃഷ്ണന്‍, പി ടി എ കമ്മിറ്റി ഭാരവാഹികള്‍, അധ്യാപക – അനധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴഞ്ചേരി പഞ്ചായത്ത് തല പ്രവേശനോത്സവം
കോഴഞ്ചേരി പഞ്ചായത്ത് തല പ്രവേശനോത്സവം കോഴഞ്ചേരി ഈസ്റ്റ് ഗവ. യു പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. നവാഗത വിദ്യാര്‍ഥികളെ കിരീടവും പൂച്ചെണ്ടും നല്‍കി സ്വീകരിച്ചു. കുട്ടികള്‍ക്കായി യൂണിഫോമും പാഠപുസ്തകങ്ങളും ഉപഹാരങ്ങളും നല്‍കി. വാര്‍ഡ് അംഗം ബിജിലി.പി.ഈശോ അധ്യക്ഷത വഹിച്ച ചടങ്ങില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോണി കൊച്ചുതുണ്ടില്‍, ഹെഡ്മാസ്റ്റര്‍ ഗീവര്‍ഗീസ് ഉമ്മന്‍, സിഡിഎസ് അംഗങ്ങള്‍, അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രവേശനോത്സവം ആഘോഷിച്ചു
കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവം സ്‌കൂള്‍ മാനേജര്‍ റവ. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ബി.സി മനോജ് അധ്യക്ഷത വഹിച്ചു.
എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ കുട്ടികള്‍ക്ക് ഉപഹാരം നല്‍കി. അര്‍ഹരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും പുസ്തകങ്ങളും വിതരണം ചെയ്തു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, സ്‌കൂള്‍ എസ്.എം.സി പ്രസിഡന്റ് റോയ് മാത്യു, ബോര്‍ഡ് അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കവിയൂര്‍ പഞ്ചായത്ത് തല പ്രവേശനോത്സവം നടത്തി
കവിയൂര്‍ പഞ്ചായത്ത് തല പ്രവേശനോത്സവം കെ എന്‍ എം ഹൈസ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റേയ്ച്ചല്‍ വി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി ഗോപി മുഖ്യപ്രഭാക്ഷണം നടത്തി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ വിനോദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീകുമാരി രാധാകൃഷ്ണന്‍ , മെമ്പര്‍ സിന്ധു ആര്‍സി നായര്‍ , ഹെഡ്മിസ്ട്രസ് പ്രമീള ദേവി, പിടിഎ പ്രസിഡന്റ് ജിനു ബ്രില്യന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രവേശനോത്സവം നടത്തി
പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂള്‍ പ്രവേശനോത്സവവും അനുമോദന യോഗവും കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി ആശ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് പി.ജി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും എം.ജി സര്‍വകലാശാലയില്‍ നിന്ന് ബി.എസ്.സി ബോട്ടണി മോഡല്‍ 2 ഫുഡ് മൈക്രോബയോളജിയില്‍ രണ്ടാം റാങ്ക് നേടിയ പൂര്‍വ വിദ്യാര്‍ഥി എ.ദുര്‍ഗയേയും ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാമ്പില്‍ പങ്കെടുത്ത മാധവ് മനുവിനെയും ചടങ്ങില്‍ ആദരിച്ചു.
വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എം റോസ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിജോയ് കുന്നപ്പുഴ, എസ്വിഎച്ച്എസ് ഹെഡ്മാസ്റ്റര്‍ കെ. ലാല്‍ജി കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്തല സ്‌കൂള്‍ പ്രവേശനോത്സവം നടത്തി.
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്തല സ്‌കൂള്‍ പ്രവേശനോത്സവം പെരുമ്പുളിക്കല്‍ എസ്.ആര്‍.വി യു.പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
കുട്ടികളില്‍ ആത്മവിശ്വാസവും, ശാസ്ത്ര അവബോധവും വളര്‍ത്തുന്ന ഒരു അധ്യയന വര്‍ഷമായി ഈ വര്‍ഷം മാറണം. പഞ്ചായത്തിലെ എല്ലാ എല്‍.പി യു.പി സ്‌കൂളുകളിലും കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുമെന്നും പ്രസിഡന്റ് പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം എ.കെ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.കെ ഗോപാലന്‍, കിരണ്‍ കുരമ്പാല, സ്‌കൂള്‍ പ്രഥമ അധ്യാപിക സതീദേവി തുടങ്ങിവര്‍ പങ്കെടുത്തു.