Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 31/05/2023)

ജില്ലാതല പ്രവേശനോത്സവവും കടമ്മനിട്ട സ്‌കൂള്‍ കെട്ടിട ഉദ്ഘാടനവും (ജൂണ്‍ 1)

കടമ്മനിട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ജില്ലാതല പ്രവേശനോത്സവവും (ജൂണ്‍ 1) രാവിലെ 10ന് നടക്കും. സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

കെട്ടിട സമര്‍പ്പണവും ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനവും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും.

സ്‌കൂള്‍ കെട്ടിടത്തിന്റെ താക്കോല്‍ദാനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കും. കെട്ടിട നിര്‍മാണ ഏജന്‍സിയെ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍ ആദരിക്കും. പ്രതിഭകളെ ഹയര്‍സെക്കന്‍ഡറി വിഭാഗം റീജിയണല്‍ ഡെപ്യുട്ടി ഡയറക്ടര്‍ വി.കെ. അശോക് കുമാര്‍ ആദരിക്കും. നവാഗതരെ എസ് എസ് കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി തോമസ് സ്വീകരിക്കും.

ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാര്‍ 6.25 കോടി രൂപ ചെലവഴിച്ചാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

 

അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പത്തനംതിട്ട വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ 2023-24 അധ്യയന വര്‍ഷം പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.(വിഷയങ്ങള്‍: ഹിസ്റ്ററി ,ഇക്കണോമിക്‌സ് ,പൊളിറ്റിക്‌സ്, സോഷ്യോളജി).

എസ്.എസ്.എല്‍.സി പരീക്ഷ ജയിച്ച പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടതും കുടുംബ വാര്‍ഷിക വരുമാനം രണ്ടുലക്ഷം രൂപയില്‍ താഴെയുള്ളതുമായ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. 10 ശതമാനം സീറ്റ് മറ്റ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളുടെ പഠനച്ചെലവ്, താമസം, ഭക്ഷണം എന്നിവ സര്‍ക്കാര്‍ വഹിക്കും. അപേക്ഷകള്‍ സ്‌കൂളില്‍ നിന്നും നേരിട്ടു വാങ്ങാവുന്നതാണ്.

ജാതി, വരുമാനം ,എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ ഒന്‍പതിനകം സ്‌കൂളില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നും റാന്നി പട്ടിക വര്‍ഗ വികസന ആഫീസില്‍ നിന്നും ലഭിക്കും.ഫോണ്‍ : 04735 251153, 9446349209,9061478277, 9446988929.

വിവരശേഖരണം, ഡേറ്റ എന്‍ട്രി എന്നിവയ്ക്ക് അപേക്ഷിക്കാം

കുളനട ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിവരശേഖരണം, ഡേറ്റ എന്‍ട്രി എന്നിവയ്ക്കായി സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ , ഐടിഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഐടിഐ സര്‍വെയര്‍ യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ ഏഴിന് വൈകിട്ട് നാലിന് മുമ്പായി അപേക്ഷ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. ഫോണ്‍ : 04734 260272.

ഇരവിപേരൂര്‍ ഗവ. എല്‍പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം (ജൂണ്‍ 1)
ഇരവിപേരൂര്‍ ഗവ.എല്‍ പി സ്‌കൂളില്‍ (മുരിങ്ങശേരി) നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (ജൂണ്‍ 1) രാവിലെ 10.30ന് നിര്‍വഹിക്കും. വീണാ ജോര്‍ജിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചാണ് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ 115 വര്‍ഷത്തെ പാരമ്പര്യമുള്ള ഗവ.എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടം നിര്‍മിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരന്‍പിള്ള അധ്യക്ഷനാകുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ടീച്ചര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, പ്രധാന അധ്യാപിക എസ് ആശ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വാഴമുട്ടം ഗവ. യുപി സ്‌കൂള്‍  ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം (ജൂണ്‍ 1)
ഓമല്ലൂര്‍ വാഴമുട്ടം ഗവ. യുപി സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (ജൂണ്‍ 1) രാവിലെ 11 ന് നിര്‍വഹിക്കും. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥി ആകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, പ്രധാന അധ്യാപിക സ്വപ്ന കൃഷ്ണന്‍, തദ്ദേശസ്വയം ഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 10 ന് പ്രവേശനോത്സവവും 10:30 ന് മാധ്യമപ്രവര്‍ത്തകനും സാഹിത്യകാരനുമായ അനില്‍ വള്ളിക്കോടിന്റെ അക്ഷരക്കളം അവതരണവും നടക്കും. 1924 ല്‍ സ്ഥാപിതമായ സ്‌കൂളിന്റെ നൂറ് വര്‍ഷം തികയുന്നതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കാലയളവ് ശതാബ്ദി വര്‍ഷമായി ആഘോഷിക്കുകയാണ്.

ലോകപുകയില രഹിത പക്ഷാചരണം ജില്ലാതല ഉദ്ഘാടനംനടത്തി
ലോക പുകയില രഹിത പക്ഷാചരണം, ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി നിര്‍വഹിച്ചു. പുകയിലയുടെ ഉപഭോഗം കൊണ്ട് നേരിടേണ്ടിവരുന്ന ആരോഗ്യ പ്രത്യാഘാതങ്ങള്‍, നിഷ്‌ക്രിയ ധൂമപാനം, കോട്പ നിയമത്തിന്റെ പ്രസക്തി എന്നിവയെക്കുറിച്ച് ഡി.എം.ഒ സംസാരിച്ചു. നമുക്ക് ഭക്ഷണമാണ് വേണ്ടത് പുകയിലയല്ല എന്നതാണ് ഈ വര്‍ഷത്തെ പുകയില രഹിത പക്ഷാചരണ സന്ദേശം. ജൂണ്‍ 13 വരെയാണ് പക്ഷാചരണം നടത്തുന്നത്.

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഇലന്തൂര്‍ സാമൂഹീകാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഐപ് ജോസഫ് അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രം ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹിദായത്ത് അന്‍സാരി, മെഡിക്കല്‍ ഓഫീസര്‍ ജെ.പി.ഡിപിന്‍,ഡന്റല്‍ സര്‍ജന്‍ ഡോ. നജിയ റഹ്‌മാന്‍ , പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സീനിയര്‍ ഹൗസ് സര്‍ജന്‍മാരായ ഡോ. ഷേബ റേച്ചല്‍, ഡോ. എലിസബത്ത് താമസ്, ഡോ.കൃപ, ആരോഗ്യവകുപ്പ ് ജീവനക്കാര്‍ , ആശാ പ്രവര്‍ത്തകര്‍, ഇലന്തൂര്‍ നഴ്‌സിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ ,പൊതു ജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ശൈലീ ആപ് വഴി കണ്ടെത്തിയവര്‍ക്ക് വദനാരോഗ്യ പരിശോധനാ ക്യാമ്പ് പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

 

സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ടീം പരിശോധന നടത്തി
മാലന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങള്‍ കണ്ടെത്തുന്നതിന് രൂപീകരിച്ച സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ടീം തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പരിധിയിലുളള 40 വ്യാപാര വാണിജ്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 21 കിലോ നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.നിയമ ചട്ടലംഘനത്തിനെതിരായ നടപടിക്കായി പിടിച്ചെടുത്ത സാധനങ്ങള്‍, മഹസര്‍ എന്നിവ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. ഹോട്ടല്‍ മാലിന്യം തോട്ടിലേക്ക് ഒഴുക്കി വിട്ടിരുന്ന ഹോട്ടലിന് നോട്ടീസ് നല്‍കി. പരിശോധനയില്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരും പങ്കെടുത്തു.

വൃക്ഷ തൈകള്‍ വിതരണം ചെയ്യും
ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചു മുതല്‍ ജൂലൈ ഏഴ് വരെ വനമഹോത്സവമായി കേരള വനംവകുപ്പ് ആചരിക്കുന്നു. വൃക്ഷതൈകള്‍ നട്ടുപരിപാലിക്കുന്നതിന് സന്നദ്ധരായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍ സര്‍ക്കാരിതര സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് പത്തനംതിട്ട സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ചുമതലയില്‍ സൗജന്യമായി വിവിധയിനം തൈകള്‍ വിതരണം ചെയ്യും. പത്തനംതിട്ട സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ വാഴപ്പാറ (കലഞ്ഞൂര്‍) ജില്ലാ നേഴ്സറിയില്‍ നിന്നും മുറിപ്പാറ, നെല്ലാട് നേഴ്സറികളില്‍ നിന്നുമാണ് തൈ വിതരണം നടത്തുക. തൈകള്‍ ആവശ്യമുളളവര്‍ സോഷ്യല്‍ ഫോറസ്ട്രി ഓഫീസുമായി നേരിട്ടോ ഫോണിലോ ബന്ധപ്പെടണം. ഫോണ്‍ : 0468 2243452, 8547603707, 8547603653, 8547603654.

സൗജന്യപരിശീലനം
പത്തനംതിട്ട എസ് ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വീടിന്റെ വയറിംഗ്, ഹോസ്പിറ്റല്‍ വയറിംഗ്, തീയറ്റര്‍ വയറിംഗ്, ലോഡ്ജ് വയറിംഗ്, ടു വേ സ്വിച് വയറിംഗ്, ത്രീ ഫേസ് വയറിംഗ് എന്നിവയുടെ സൗജന്യ സര്‍ട്ടിഫിക്കേറ്റ് അധിഷ്ഠിത പരിശീലനം ഉടന്‍ ആരംഭിക്കും. കാലാവധി 30 ദിവസം. 18നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468 2270243, 8330010232 നമ്പരില്‍ ഉടനെ പേര് രജിസ്റ്റര്‍ ചെയ്യണം.

മാലിന്യം പൊതുസ്ഥലത്ത് തള്ളിയതിന് പിഴ ഇടാക്കി
എഴുമറ്റൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പൊതുനിരത്തിന് സമീപം അമ്പനിക്കാട്ട് മാലിന്യം തള്ളിയതിന് ഒരാളില്‍ നിന്ന് 20,000 രൂപ പിഴ ഈടാക്കി. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിന് എതിരേ പഞ്ചായത്തിലെ ആദ്യ ശിക്ഷാ നടപടിയാണിത്. പഞ്ചായത്തിലെ വാണിജ്യ സ്ഥാപനങ്ങള്‍ നിന്നും മുന്‍പ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കുകയും 24 പേര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. മാലിന്യം അലക്ഷ്യമായി പൊതുസ്ഥലത്ത് വലിച്ചെറിയുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

error: Content is protected !!