Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 30/05/2023 )

 

സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിന് അപേക്ഷിക്കാം
പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ  ആഭിമുഖ്യത്തില്‍  ജില്ലയിലെ  വിവിധ എംപ്ലോയ്മെന്റ്    എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക്  സ്വയം   തൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള  അപേക്ഷ ക്ഷണിച്ചു.
കെസ്റു
എംപ്ലോയ്മെന്റ്    എക്സ്ചേഞ്ചുകളില്‍ പേര്   രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക്  സ്വയം തൊഴില്‍ ചെയ്യുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയം  തൊഴില്‍ പദ്ധതി.
അപേക്ഷകന്‍/അപേക്ഷക എംപ്ലോയ്മെന്റ്   എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍  നിലവിലുള്ള ആളായിരിക്കണം.  പ്രായ പരിധി 21 നും 50 നും മധ്യേ. കുടുംബ  വാര്‍ഷിക വരുമാനം ഒരു ലക്ഷം  രൂപയില്‍  കവിയരുത്. വായ്പ തുക പരമാവധി ഒരു ലക്ഷം രൂപയായിരിക്കും.  വായ്പ തുകയുടെ  20 ശതമാനം സബ്സിഡിയായി സംരംഭകരുടെ  ലോണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും.
മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്സ്/ജോബ് ക്ലബ്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക്  സ്വയം തൊഴില്‍ ചെയ്യുന്നതിന് വായ്പ അനുവദിക്കുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന സംയുക്ത സ്വയം തൊഴില്‍ പദ്ധതി.
എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍   രജിസ്ട്രേഷന്‍  നിലവിലുള്ള ആളായിരിക്കണം.  പ്രായം  21 നും 45 നും മധ്യേ. പിന്നാക്ക സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക്  മൂന്ന്  വര്‍ഷവും പട്ടികജാതി/പട്ടിക വര്‍ഗ വികലാംഗ ഉദ്യോഗാര്‍ഥികള്‍ക്ക്  അഞ്ച്  വര്‍ഷവും ഉയര്‍ന്ന  പ്രായപരിധിയില്‍ ഇളവ് ലഭിക്കും.  കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം  രൂപയില്‍ കവിയരുത്.  ഓരോ  ക്ലബ്ബിലും കുറഞ്ഞത്  രണ്ട്   അംഗങ്ങള്‍ വീതം  ഉണ്ടായിരിക്കണം.  ഒരു ജോബ് ക്ലബിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.  പദ്ധതി ചെലവിന്റെ  25 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) സബ്സിഡിയായി അനുവദിക്കും.
ശരണ്യ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ  വിധവകള്‍, വിവാഹ മോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ/ ഭര്‍ത്താവിനെ കാണാതാവുകയോ  ചെയ്തവര്‍. 30 വയസു കഴിഞ്ഞ  അവിവാഹിതര്‍, പട്ടിക വര്‍ഗത്തിലെ അവിവാഹിതരായ  അമ്മമാര്‍, ഭിന്നശേഷിക്കാരായ  വനിതകള്‍, ശയ്യാവലംബരും നിത്യരോഗികളുമായ (അക്യൂട്ട് കിഡ്നി പ്രോബ്ലം, ക്യാന്‍സര്‍, മാനസിക രോഗം, ഹീമോഫീലിയ തുടങ്ങിയവ) ഭര്‍ത്താക്കന്മാരുള്ള  വനിതകള്‍ എന്നീ അശരണരായ   വനിതകള്‍ക്ക്   മാത്രമായി എംപ്ലോയ്മെന്റ് വകുപ്പ് നേരിട്ട് നടത്തുന്ന സ്വയം  തൊഴില്‍ പദ്ധതി. എപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍  രജിസ്ട്രേഷന്‍ നിലവിലുണ്ടായിരിക്കണം.അപേക്ഷക വിദ്യാര്‍ഥി  ആയിരിക്കുവാന്‍ പാടില്ല. പ്രായപരിധി 18-നും 55നും മധ്യേ ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വായ്പ തുകയുടെ 50 ശതമാനം (പരമാവധി 25,000 രൂപ) സബ്സിഡിയായി അനുവദിക്കും.
നവജീവന്‍  
കേരളത്തിലെ എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള   മുതിര്‍ന്ന  പൗരന്മാര്‍ക്കുള്ള സ്വയം  തൊഴില്‍ പദ്ധതി. വായ്പ തുകപരമാവധി 50,000 രൂപയായിരിക്കും. വായ്പ തുകയുടെ 25 ശതമാനം സബ്സിഡിയായി സംരംഭകരുടെ ലോണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും. തിരിച്ചടവും പലിശയും ധനകാര്യ സ്ഥാപനങ്ങളുടെ നിയമങ്ങള്‍ക്ക് വിധേയമായിരിക്കും.
എപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍  രജിസ്ട്രേഷന്‍ നിലവിലുണ്ടായിരിക്കണം. പ്രായപരിധി 50-നും 65നും മധ്യേ ആയിരിക്കണം.വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
കൈവല്യ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള   ഭിന്നശേഷിക്കാര്‍ക്കായി എപ്ലോയ്മെന്റ്  വകുപ്പ് നേരിട്ട് നടപ്പാക്കുന്ന  സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി. ഒരു വ്യക്തിക്ക് പരമാവധി 50,000  രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും.  വായ്പ തുകയുടെ 50 ശതമാനം (പരമാവധി 25,000 രൂപ) സബ്സിഡിയായി അനുവദിക്കും.
എപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍  രജിസ്ട്രേഷന്‍  നിലവില്‍ ഉണ്ടായിരിക്കണം. പ്രായപരിധി 21 നും 55നും മധ്യേ.അപേക്ഷകന്‍ വിദ്യാര്‍ഥിയാകാന്‍ പാടില്ല. കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍  കവിയാന്‍  പാടില്ല.


ഓംബുഡ്സ്മാന്‍ സിറ്റിംഗ്

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ പറക്കോട്  ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജൂണ്‍ രണ്ടിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍മന്ത്രി ആവാസ് യോജന(ഗ്രാമീണ്‍) എന്നീ പദ്ധതികളിലെ പരാതികള്‍ സ്വീകരിക്കും.


വിദ്യാവാഹന്‍ പരിശീലന ക്ലാസ്

പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മേയ് 31 ന് രാവിലെ ഒന്‍പത് മുതല്‍ പത്തനംതിട്ട ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂളില്‍ വിദ്യാവാഹന്‍ റോഡ് സുരക്ഷ, സൈക്കോളജി, വിമുക്തി എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പരിശീലന ക്ലാസ് നടത്തും. കോഴഞ്ചേരി താലൂക്കില്‍പെടുന്ന എല്ലാ സ്‌കൂളുകളിലെ ഡ്രൈവര്‍മാരും ഡോര്‍ അറ്റന്‍ഡന്റുമാരും നിശ്ചിത സമയത്ത് തന്നെ നിര്‍ബന്ധമായും എത്തിചേരുന്നതിനുളള നടപടികള്‍ സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ച് ഉറപ്പു വരുത്തണമെന്ന് ആര്‍.റ്റി.ഒ എ.കെ ദിലു അറിയിച്ചു.

വിവരശേഖരണം, ഡേറ്റ എന്‍ട്രി എന്നിവയ്ക്ക് അപേക്ഷിക്കാം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിവരശേഖരണം, ഡേറ്റ എന്‍ട്രി എന്നിവയ്ക്കായി ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍, സിവില്‍/ ഐടിഐ സര്‍വെയര്‍ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.  ജൂണ്‍ ആറിന് വൈകിട്ട് നാലിന് മുമ്പായി അപേക്ഷ ഗ്രാമപഞ്ചായത്ത് ഓപീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 04735 240230.


അഭിമുഖം ജൂണ്‍ ഒന്നിന്

തേക്കുതോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം (ജൂനിയര്‍), കെമിസ്ട്രി (സീനിയര്‍) തസ്തികകളില്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് ഓഫീസില്‍ ഹാജരാകണം. ഇ-മെയില്‍ : [email protected]

പ്രവേശനോത്സവം
2023-24 അധ്യയന വര്‍ഷത്തെ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം കടമ്മനിട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂണ്‍ ഒന്നിന് രാവിലെ ഒന്‍പത് മുതല്‍ നടത്തും. ആരോഗ്യ വനിതാ ശിശു വികസന വകുപ്പ്  മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാണം നടത്തും

 

 

ജില്ലാതല പ്രവേശനോത്സവവും കടമ്മനിട്ട സ്‌കൂള്‍ കെട്ടിട ഉദ്ഘാടനവും ജൂണ്‍ ഒന്നിന്

കടമ്മനിട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ജില്ലാതല പ്രവേശനോത്സവവും ജൂണ്‍ ഒന്നിന് രാവിലെ 10 ന് നടക്കും. സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കെട്ടിട സമര്‍പ്പണവും ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനവും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്  നിര്‍വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. സ്‌കൂള്‍ കെട്ടിടത്തിന്റെ താക്കോല്‍ദാനം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കും. ചടങ്ങില്‍ പ്രതിഭകളെ ആദരിക്കും. ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാര്‍ 6.25 കോടി രൂപ ചെലവഴിച്ചാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

 

ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പിന്റെ രണ്ടാം ഘട്ടം ജൂണ്‍ 17 ന്

ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ആറ് വയസ് വരെ പ്രായമുള്ള അങ്കണവാടി കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പിന്റെ രണ്ടാം ഘട്ടം ജൂണ്‍ 17 ന് സംഘടിപ്പിക്കും. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ശിശുക്ഷേമസമിതി എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു.

ആറു മാസം മുതല്‍ മൂന്നു വയസ് വരെയുള്ള കുട്ടികള്‍ക്കായുള്ള ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിലുള്ള ഡേ കെയര്‍ സംവിധാനം വിപുലപ്പെടുത്തുമെന്നും കാര്യക്ഷമമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്തുന്നുണ്ടെന്നും ജനപ്രതിനിധികളുടെ പൂര്‍ണ പങ്കാളിത്തം കൂടി ഉറപ്പ് വരുത്തി മുന്നോട്ട് പോകണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ബേബി ക്രഷെ യൂണിറ്റുകളുടെ നിലവിലെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കണമെന്നും ജില്ലാകളക്ടര്‍ അറിയിച്ചു. തുടര്‍പഠനവുമായി ബന്ധപ്പെട്ടുള്ള കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആര്‍. അജിത് കുമാര്‍, സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി ചാക്കോ, ട്രഷറര്‍ എ.ജി. ദീപു, എക്സിക്യൂട്ടീവ് അംഗങ്ങളായ സുമ നരേന്ദ്ര, ടി. രാജേഷ് കുമാര്‍, മീരാ സാഹിബ്, കെ. ജയകൃഷ്ണന്‍, സംസ്ഥാന നോമിനി പ്രൊഫ. ടി.കെ.ജി. നായര്‍, എഡിസി ജനറല്‍ കെ.ഇ. വിനോദ് കുമാര്‍, വനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി, ഡോ. കെ.കെ. ശ്യാം കുമാര്‍, പി. പ്രഭാത് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായ പരിഹാരം ഉണ്ടാകും : ജില്ലാ കളക്ടര്‍

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായ പരിഹാരം ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാകളക്ടര്‍. പ്രവാസികളുടെ കഴിവും നിക്ഷേപവും നമ്മുടെ നാടിന് പ്രയോജപ്രദമാക്കണം. പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ കളക്ടറേറ്റിലെ നോര്‍ക്കയുടെ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കാം. പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ ബോധവത്ക്കരണം ജനങ്ങള്‍ക്ക് നല്‍കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് മികച്ച ഇടപെടലുകള്‍ ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു.

പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളുടെ സത്വര പരിഹാരത്തിനായാണ് ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റി രൂപീകരിച്ചിട്ടുള്ളത്. ഈ സമിതിയില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ കണ്‍വീനറുമാണ്. പ്രവാസികള്‍ പ്രശ്ന പരിഹാരത്തിനായി കമ്മറ്റിക്ക് സമര്‍പ്പിക്കുന്ന ശുപാര്‍ശകള്‍ കമ്മറ്റി അതത് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നേരിട്ട് നല്‍കും. കമ്മറ്റി നല്‍കുന്ന ശുപാര്‍ശകളി•േല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഒരുമാസത്തിനുള്ളില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നേരിട്ട് കമ്മിറ്റി മുന്‍പാകെ സമര്‍പ്പിക്കും. പ്രവാസിക്ഷേമം നിയമസഭാ സമിതി സിറ്റിംഗ് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ ആറിന് രാവിലെ 10.30ന് നടക്കും. അഞ്ച് എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള സമിതിയാണ് പ്രവാസിക്ഷേമം സംബന്ധിച്ച പരാതികള്‍ പരിശോധിക്കുക. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തി പരാതികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റി അംഗങ്ങളായ ആര്‍.രഘുനാഥ് ഇടത്തിട്ട, ആനി ജേക്കബ്, എം.എ. സലാം, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, എഡിഎം ബി. രാധാകൃഷ്ണന്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ പി. രാജേഷ്‌കുമാര്‍, ഡിസിആര്‍ബി ഡിവൈഎസ്പി ജി. ബിനു,  അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍പിള്ള, ഹുസൂര്‍ ശിരസ്ദദാര്‍ ബീന എസ് ഹനീഫ്, തിരുവല്ല ആര്‍ഡിഒ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ബിനു ഗോപാലകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, നോര്‍ക്ക റൂട്ട്സ് തിരുവനന്തപുരം സെന്റര്‍ മാനേജര്‍ എസ്. സഫര്‍മാ തുടങ്ങിയവര്‍ പങ്കെടുത്തു.

 

വിവിധ സേവനങ്ങളുമായി ജില്ലയിലെ നോര്‍ക്കസെല്‍

പത്തനംതിട്ട ജില്ലാ കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്കാസെല്‍ ഓഫീസ് പ്രവാസികള്‍ക്ക് ആവശ്യമായ വിവിധ സേവനങ്ങളാണ് ലഭ്യമാക്കുന്നത്. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, റിക്രൂട്ട്മെന്റ് എന്നീ സേവനങ്ങളും പ്രവാസി ഐഡി കാര്‍ഡ്, സ്റ്റുഡന്റ്സ് ഐഡി കാര്‍ഡ്, പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പോളിസി, എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നീ ഇന്‍ഷുറന്‍സ് പദ്ധതികളും നോര്‍ക്കസെല്ലില്‍ ലഭ്യമാണ്.

മാത്രമല്ല,  സമാശ്വാസ നിയമപരിരക്ഷാ പദ്ധതികളായ സാന്ത്വന, എമര്‍ജന്‍സി റീപാട്രിയേഷന്‍ സ്‌കീം, ആംബുലന്‍സ് സര്‍വീസ്, പ്രവാസി നിയമ സഹായ സെല്‍ എന്നിവയും പുനരധിവാസപദ്ധതികളായ പ്രവാസി ഭദ്രത, എന്‍ഡിപിആര്‍ഇഎം, നോര്‍ക്ക വനിതാമിത്ര വായ്പകള്‍, നോര്‍ക്ക ബിസിനസ് സഹായക കേന്ദ്രം, ലോക കേരള സഭ സേവനങ്ങള്‍ എന്നിവയും വിവിധ ബോധവത്ക്കരണവും പരിശീലനവും നോര്‍ക്കസെല്ലില്‍ ലഭ്യമാണ്. ഫോണ്‍: 0468-2229951.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു
കോന്നി അഡീഷണല്‍ ഐ.സി.ഡി.എ.സ് പ്രോജെക്ട് പരിധിയിലെ പ്രമാടം ഗ്രാമ പഞ്ചായത്തിലെ  അങ്കണവാടി  കേന്ദ്രങ്ങളില്‍  നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെയും  ഹെല്‍പ്പെര്‍മാരുടെയും ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.വര്‍ക്കര്‍ യോഗ്യത- എസ്എസ്എല്‍സി പാസാകണം.ഹെല്‍പ്പര്‍ യോഗ്യത- എസ്എസ്എല്‍സി പാസാകാന്‍ പാടില്ല. പ്രായം – 01

 

മീഡിയ അക്കാദമി ഫോട്ടോ ജേര്‍ണലിസം   ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍  നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സ് ജൂണ്‍ ബാച്ചിലെ  ഒഴിവുള്ള   സീറ്റികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്.  പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി  www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഫോണ്‍: 0484 2422275, 8281360360

 

സി -ഡിറ്റില്‍  അപേക്ഷ ക്ഷണിച്ചു

ദൃശ്യ മാധ്യമരംഗത്തു നിരവധി തൊഴിലുകള്‍ പ്രദാനം ചെയ്യുന്ന തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക്  സി -ഡിറ്റില്‍  അപേക്ഷ ക്ഷണിച്ചു.  മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്കും ആറു മാസത്തെ ഡിപ്ലോമ കോഴ്സുകള്‍ക്കും ജൂണ്‍ 25  വരെ അപേക്ഷിക്കാം

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ്  ഇന്‍ വീഡിയോഗ്രഫി , സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോ എഡിറ്റിംഗ്,ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വിഡിയോഗ്രാഫി, എന്നീ കോഴ്സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഓരോ കോഴ്‌സുകള്‍ക്കും 20 സീറ്റുകള്‍ വീതം  ഉണ്ട്. വിശദവിവരങ്ങള്‍ക്ക്  www.mediastudies.cdit.org എന്ന വെബ്സൈറ്റ്  സന്ദര്‍ശിക്കുക. കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സി-ഡിറ്റിന്റെ തന്നെ വീഡിയോ കമ്മ്യൂണിക്കേഷന്‍ ഡിവിഷനില്‍ താല്‍ക്കാലിക അവസരങ്ങള്‍ ലഭിക്കും .ഫോണ്‍ 9895788155/8597720167

 

അഞ്ച്, ആറ്, ഏഴ്, എട്ട് ക്ലാസുകളിലേക്ക് സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2023-24 അധ്യയന വര്‍ഷം അഞ്ച്, ആറ്, ഏഴ്, എട്ട്  ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പട്ടികജാതി/പട്ടികവര്‍ഗ/മറ്റ് പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന ആണ്‍കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം, താമസം, ഭക്ഷണം, വസ്ത്രം എന്നിവ സൗജന്യമാണ്. കൂടാതെ, ഓണം, ക്രിസ്തുമസ്, മധ്യവേനല്‍ അവധിക്ക് വീട്ടില്‍ പോയി മടങ്ങി വരുന്നതിനുള്ള യാത്രാപ്പടിയും അനുവദിക്കും.

താല്‍പ്പര്യമുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ വരുമാനം, ജാതി, കുട്ടിയുടെ പ്രായം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം  ജൂണ്‍ 10 നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ സീനിയര്‍ സൂപ്രണ്ട്, ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പേഴുംപാറ പി.ഒ., വടേശരിക്കര, പത്തനംതിട്ട-689662  എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ [email protected] എന്ന ഇ-മെയിലിലോ അയയ്ക്കാം. ഫോണ്‍:9447875275, 9446349209, 9446988929.

താലൂക്ക് വികസന സമിതി യോഗം  ജൂണ്‍ മൂന്നിന്
അടൂര്‍ താലൂക്ക് വികസന സമിതി യോഗം  ജൂണ്‍ മൂന്നിന്  രാവിലെ 10.30 ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ താലൂക്ക് ഓഫീസില്‍ ചേരുമെന്ന് അടൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.

ക്വട്ടേഷന്‍
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിന് അനുവദിച്ചിരിക്കുന്നതും കോളജ് പ്രിന്‍സിപ്പലിന്റെ അധീനതയിലുളളതുമായ സ്ഥലത്ത്  മുറിച്ചിട്ടിരിക്കുന്ന ആഞ്ഞിലി, മാവ് തുടങ്ങിയ വൃക്ഷതടികള്‍ വാങ്ങാന്‍ താത്പര്യമുളള വ്യക്തികളില്‍ നിന്നും  ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഒന്‍പതിന് രാവിലെ 11 വരെ. ഫോണ്‍ :  94474 27702
കരിയര്‍ ഗൈഡന്‍സ് ക്ലാസ്
ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി , പ്ലസ്ടു വിജയികള്‍ക്കായി പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് ജൂണ്‍ മൂന്നിന് സംഘടിപ്പിക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് വരെ നടക്കുന്ന ക്ലാസില്‍ എസ്ഇആര്‍ടി കേരള റിസര്‍ച്ച് ഓഫീസര്‍ രഞ്ജിത്ത് സുഭാഷ് ക്ലാസ് നയിക്കും. രജിസ്ട്രേഷനും , വിശദ വിവരങ്ങള്‍ക്കും 8547716844 , 8157094544

സ്പോട്ട് ലേലം
മണിമലയാറില്‍ നിന്നും നീക്കം ചെയ്തതും വായ്പൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് യാര്‍ഡില്‍ ശേഖരിച്ചിരിക്കുന്നതുമായ 351 ക്യുബിക് മീറ്റര്‍  മണലും /എക്കലും കലര്‍ന്ന മിശ്രിതം ജൂണ്‍ 12 ന് പകല്‍ 12 ന് വായ്പൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് യാര്‍ഡില്‍ സ്പോട്ട് ലേലം നടത്തും. ലേലം ആരംഭിക്കുന്നതുവരെ നിരതദ്രവ്യം പണമായോ ഡിഡി ആയോ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ പത്തനംതിട്ടയുടെ പേരില്‍ സ്വീകരിക്കും.ഫോണ്‍ : 9446337912, 9544213475
ഇ-മെയില്‍ : [email protected]

വിവരശേഖരണം, ഡേറ്റ എന്‍ട്രി എന്നിവയ്ക്ക് അപേക്ഷിക്കാം
വളളിക്കോട് ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിവരശേഖരണം, ഡേറ്റ എന്‍ട്രി എന്നിവയ്ക്കായി സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ , ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഐടിഐ സര്‍വെയര്‍ യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ ആറിന് വൈകിട്ട് നാലിന് മുമ്പായി അപേക്ഷ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 04682 350229.

പിഎസ്സി അഭിമുഖം ജൂണ്‍ ഏഴ്, എട്ട് തീയതികളില്‍
പത്തനംതിട്ട ജില്ലയില്‍  വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ് ഡയറക്ട് (കാറ്റഗറി നം. 254/2021)    തസ്തികയുടെ 30/01/2023  തീയതിയില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജൂണ്‍ ഏഴ്,എട്ട് തീയതികളില്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ്  എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍ ഇവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍,വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍  0468 2222665.
സി-ഡിറ്റ് പരിശീലനം 
കേരള സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്), സൗരോര്‍ജ സാങ്കേതികവിദ്യയില്‍ പരിശീലകരാകാന്‍ താല്‍പര്യപെടുന്നവര്‍ക്കായി അഞ്ചുദിവസം ദൈര്‍ഘ്യമുള്ള  പരിശീലന പരിപാടി  ജൂണ്‍ 19 മുതല്‍ 23  വരെ തിരുവനന്തപുരത്ത് നടത്തും. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങള്‍  സി-ഡിറ്റ് വെബ്സൈറ്റില്‍ ( www.cdit.org) നിന്ന് ലഭിക്കും. താത്പര്യമുള്ളവര്‍ ജൂണ്‍ 15ന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9895788233.