Trending Now

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 26/05/2023)

പെണ്‍കുട്ടികളുടെ എന്‍ട്രി ഹോം ഉദ്ഘാടനം  (27)
സംസ്ഥാന വനിത ശിശു വികസന വകുപ്പ് നിര്‍ഭയ സെല്ലിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള എന്‍ട്രി ഹോമിന്റെ ഉദ്ഘാടനം (27) രാവിലെ 9ന് കോന്നി ടി.വി.എം ആശുപത്രി അങ്കണത്തില്‍ ആരോഗ്യ,വനിതാ,ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കോന്നി ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് എന്‍ട്രി ഹോം ആരംഭിക്കുന്നത്.

 

അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യ പ്രഭാഷണം നടത്തും.വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജി പ്രിയങ്ക പദ്ധതി വിശദീകരണം നടത്തും. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസീമണിയമ്മ, ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ശ്യാംലാല്‍, സി.ഡബ്ലു.സി ചെയര്‍മാന്‍ അഡ്വ. രാജീവ്, പി.ആര്‍.പി.സി. ചെയര്‍മാന്‍ കെ.പി ഉദയഭാനു, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ശ്രീലാ മേനോന്‍, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ യു അബ്ദുല്‍ ബാരി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നീതാ ദാസ്, ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.നിസാ, സി.ഡബ്ല്യു.സി അംഗങ്ങള്‍, വാര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ ഒഴിവുളള ക്ലാര്‍ക്ക് തസ്തികയിലേക്ക് താത്കാലികമായി ഒരു ക്ലാര്‍ക്കിനെ നിയമിക്കുന്നതിനുളള വാക്ക് ഇന്‍ ഇന്റര്‍വ്യൂ മേയ് 31 ന് രാവിലെ 11 ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും.  എസ്എസ്എല്‍സി യോഗ്യതയുളളളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുളളവര്‍ മേയ് 31 ന് രാവിലെ 11 ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി  ഹാജരാകണം.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ ഒഴിവുളള പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് താത്കാലികമായി നിയമിക്കുന്നതിനുളള വാക്ക് ഇന്‍ ഇന്റര്‍വ്യൂ മേയ് 31 ന് പകല്‍ 12  ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും.  താത്പര്യമുളളവര്‍ മേയ് 31 ന്  പകല്‍ 12  ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി  ഹാജരാകണം.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിവരശേഖരണം, ഡേറ്റ എന്‍ട്രി എന്നിവയ്ക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ മേയ് 31 ന് രാവിലെ 10 ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍  ഐടിഐ, ഡ്രാഫ്റ്റ്സ്മാന്‍, സിവില്‍/ ഐടിഐ സര്‍വെയര്‍ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുളളവര്‍ മേയ് 31 ന് രാവിലെ 10 ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി  ഹാജരാകണം.

സ്‌കോളര്‍ഷിപ്പ്
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ,  എല്‍.കെ.ജി, ഒന്നാം ക്ലാസുകളില്‍ ഈ വര്‍ഷം അഡ്മിഷന്‍ എടുത്ത കുട്ടികള്‍ക്ക് 500 രൂപ ധനസഹായം ലഭിക്കും.
സ്‌കൂളില്‍ അഡ്മിഷന്‍  എടുത്തതിന്റെ  പകര്‍പ്പ്,ആധാര്‍കോപ്പി,കുട്ടിയുടെ ജനന സര്‍ട്ടിഫിക്കേറ്റ്
ക്ഷേമനിധി ഐഡന്റിറ്റി കാര്‍ഡിന്റെയും പാസ്ബുക്കിന്റെയും കോപ്പി,ബാങ്ക് പാസ്ബുക്കിന്റെ കോപ്പി മുതലായവ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജൂണ്‍ 25 നകം ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.ഫോണ്‍  – 0468-2220248

വിവ, എന്‍.സി.ഡി കാമ്പയിന്‍ സംഘടിപ്പിച്ചു
കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ വിവ, എന്‍.സി.ഡി കാമ്പയിന്‍ സംഘടിപ്പിച്ചു.15 മുതല്‍ 59 വയസ് വരെയുള്ള സ്ത്രീകള്‍ക്കായി കോഴഞ്ചേരി ഏഴാം വാര്‍ഡില്‍ കെ.എസ്.എച്ച്.പി കോളനിക്ക് സമീപമുള്ള അങ്കണവാടിയില്‍ ആരോഗ്യ വകുപ്പിന്റെ ഹീമോഗ്ലോബിന്‍ പരിശോധന സംഘടിപ്പിച്ചു. പൊതുജനങ്ങള്‍ക്ക് ജീവിത ശൈലീ രോഗങ്ങളുടെ പരിശോധനയും നടത്തി. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജോ പി മാത്യു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ അന്‍ഷാദ്, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഐആര്‍എസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം
ജില്ലാ താലൂക്ക് തലത്തിലെ ഐആര്‍എസ് (ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം) ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിശീലന പരിപാടി മേയ് 29 ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.പരിപാടിയില്‍ കോഴഞ്ചേരി താലൂക്ക് തലത്തിലെ എല്ലാ ഐആര്‍എസ് (ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം) ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ അറിയിച്ചു.

ശുചിത്വ മിഷന്‍ സമിതി യോഗം 27 ന്
ജലജീവന്‍ മിഷന്‍ പദ്ധതികളുമായി ബന്ധപ്പെട്ട ജില്ലാതല ശുചിത്വ മിഷന്‍ സമിതി യോഗം  മേയ് 27 ന് പകല്‍ മൂന്നിന് ഓണ്‍ലൈനായി ചേരുമെന്ന് സമിതി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

ബിഎസ്സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിന് അപേക്ഷിക്കാം
ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍  പത്തനംതിട്ട ജില്ലയിലെ കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് (സിഎഫ്ആര്‍ഡി) ന്റെ ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി  (സിഎഫ്ടികെ) നടത്തുന്ന ബിഎസ്സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്ക് പ്ലസ് ടു പാസായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ് : www.cfrdkerala.inwww.supplycokerala.com.

 

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍സി കമ്മ്യൂണിറ്റി കോളജ് ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യയോഗ്യതയുളളവര്‍ക്ക്  അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ് ആര്‍സി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0471 2570471, 9846033009. വെബ്‌സൈറ്റ് : www.srccc.in

പാര്‍ട്ട് ടൈം ട്യൂട്ടര്‍ അഭിമുഖം 31 ന്
പത്തനംതിട്ട ജില്ലയില്‍ റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റല്‍, ചിറ്റാര്‍ (പെണ്‍കുട്ടികള്‍), പ്രീമെട്രിക് ഹോസ്റ്റല്‍, കടുമീന്‍ചിറ (ആണ്‍കുട്ടികള്‍) എന്നിവിടങ്ങളില്‍ താമസിച്ചു പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ സമയത്തിനുശേഷം ആര്‍ട്ട്സ്, സയന്‍സ്, കണക്ക് എന്നീ വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്നതിന് ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡിഗ്രി, ബി.എഡ് ഉള്ളവരെ 2023-24 അധ്യയനവര്‍ഷം ഓണറേറിയം വ്യവസ്ഥയില്‍ പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരായി നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മേയ് 31  ന് രാവിലെ 10.30 മുതല്‍ റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നടത്തും.  യു.പി. പാര്‍ട്ട് ടൈം ടൂട്ടര്‍ 5000 രൂപ ഓണറേറിയം, ഹൈസ്‌കൂള്‍ പാര്‍ട്ട് ടൈം ട്യൂട്ടര്‍ 5500രൂപ ഓണറേറിയം (കുറഞ്ഞത് മാസം 25 മണിക്കൂറെങ്കിലും ജോലി ചെയ്യണം) സ്ഥാപനങ്ങള്‍ സ്ഥിതി ചെ
യ്യുന്ന പഞ്ചായത്തുകളില്‍  താമസിക്കുന്ന പരിചയസമ്പന്നര്‍ക്കും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍- 04735 227703

ഖരമാലിന്യ പരിപാലനം; യോഗം ചേര്‍ന്നു
ഖരമാലിന്യ പരിപാലനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വിവിധ മത സാമുദായിക സാമൂഹികസംഘടനകളുടെ ഭാരവാഹികള്‍ പങ്കെടുത്ത യോഗം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ സംസാരിച്ചു. പൊതു ആഘോഷങ്ങളുടെയും ബഹുജന പങ്കാളിത്തത്തോടെയുള്ള മറ്റ് മതാചാരങ്ങളിലും സാമുദായിക പരിപാടികളിലും ഉണ്ടാകുന്ന ജൈവ അജൈവ മാലിന്യങ്ങളുടെ പരിപാലനവും സംസ്‌കരണവും കാര്യക്ഷമമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും വിവിധ സാമുദായിക പ്രതിനിധികള്‍ യോഗത്തില്‍ ഉറപ്പു നല്‍കി.

തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, ശുചിത്വ മിഷന്‍, ഹരിതകേരള മിഷന്‍, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സൗജന്യ ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേ പരിശീലനം
ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിന്റെ നേതൃത്വത്തില്‍ ജനറല്‍, എസ്സി /എസ്ടി വിഭാഗത്തില്‍പെട്ട 18 നും 40 നും ഇടയില്‍ പ്രായമുളള ഉദ്യോഗാര്‍ഥികള്‍ക്കായി സൗജന്യ ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേ പരിശീലനം നടത്തുന്നു. ഐടിഐ, ഡിപ്ലോമ , ബിടെക്, എംടെക്, പ്ലസ് ടു (സയന്‍സ്, മാത്സ്) വിഷയങ്ങള്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷാ ഫോം /ബയോഡേറ്റ ജൂണ്‍ അഞ്ചിന് വൈകുന്നേരം അഞ്ചിന് മുമ്പായി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ്, എംടിഎസ് കൊമേഴ്സ്യല്‍ കോംപ്ലക്സ്, സ്റ്റേഡിയം ജംഗ്ഷന് സമീപം, പത്തനംതിട്ട എന്ന വിലാസത്തില്‍ തപാലായോ നേരിട്ടോ ലഭ്യമാക്കണം. ഫോണ്‍ – 0468 2224070.

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഒപി-ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ നിർമാണ ഉദ്ഘാടനം (27)

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഒപി-ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ നിർമാണ ഉദ്ഘാടനം (27) രാവിലെ 11 ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ജില്ലാ ആശുപത്രി അങ്കണത്തില്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും.

ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ജില്ലാപഞ്ചായത്തംഗം സാറാ തോമസ്, ഡിഎംഒ ഡോ. എല്‍. അനിതകുമാരി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 30.25 കോടി രൂപ ചിലവില്‍ 5858 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മൂന്ന് നിലകളിലായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.

ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് 30.25 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍

കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യം വച്ചു കൊണ്ട് 30.25 കോടി രൂപ ചിലവില്‍ 5858 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പുതിയ ഒ പി – ഡയഗ്നോസ്റ്റിക് ബ്ലോക്ക് കെട്ടിടം നിര്‍മിക്കുന്നത്. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ബേസ്മെന്റ് ഫ്ളോറില്‍ 49 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ലിംബ്സെന്ററും ഉള്‍പ്പെടുന്നു. കാഷ്വാലിറ്റി, എക്സ് റേ, സിറ്റി സ്‌കാന്‍, മൈനര്‍ ഒറ്റി, ട്രയാജ്, ലബോറട്ടറി ഇസിജി, ഓര്‍ത്തോ കണ്‍സള്‍ട്ടേഷന്‍ എന്നിവ താഴത്തെ നിലയിലും സര്‍ജറി, ഇഎന്‍ടി, മെഡിസിന്‍,അഡോളസന്റ്, ഡെര്‍മറ്റോളജി, എന്‍സിഡി എന്നിവയടങ്ങിയ കണ്‍സള്‍ട്ടേഷന്‍ മുറികള്‍, സ്പെസിമെന്‍ കളക്ഷന്‍, ബ്ലഡ് കളക്ഷന്‍, ഫാര്‍മസി, സൈക്കാട്രി ട്രീറ്റ്മെന്റ് റൂം എന്നിവ ഒന്നാം നിലയിലും അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്, കിച്ചന്‍, കാന്റീന്‍, ജ്യോതിസ് ലാബ്, ജില്ലാ മാനസികാരോഗ്യ പരിപാടി, ബെഡ് ലിഫ്റ്റ്, പാസഞ്ചര്‍ ലിഫ്റ്റ് എന്നിവ രണ്ടാം നിലയിലുമായാണ് നിര്‍മിക്കുന്നത്. സ്റ്റെയര്‍, മോര്‍ച്ചറി, 87000 ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി, പമ്പ് റൂം, ജനറേറ്റര്‍, സബ്സ്റ്റേഷന്‍, ചുറ്റുമതില്‍, ഗേറ്റ് ഗാര്‍ഡ് റൂം എന്നിവ ഉള്‍പ്പെടുന്ന ഒപി ബ്ലോക്ക് കെട്ടിടത്തിന്റെ നിര്‍മാണ ചുമതല ഹൈറ്റ്സിനാണ്.

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2.46 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇതിന്റെ നിര്‍മാണ ചുമതല എച്ച്എല്‍എല്ലിനും നേത്രവിഭാഗത്തിന്റെ നിര്‍മാണ ചുമതല കെഇഎസ്എന്‍ഐകെയ്ക്കും റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിന്റെ നിര്‍മാണ ചുമതല എച്ച് എല്‍എല്ലിനും ജില്ലാ ടി. ബി ഓഫീസിന്റെ ഡിപിആര്‍ തയാറാക്കുന്നതിന്റെ ചുമതല ഡബ്ലുഎപിസിഒഎസിനുമാണ്.

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ രണ്ട് കെട്ടിടങ്ങളിലായി 165 കിടക്കകളും 13 സ്പെഷ്യാലിറ്റി യൂണിറ്റുകളും 30 സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും 150 സ്ഥിരം ജീവനക്കാരും 22 എന്‍എച്ച്എം ജീവനക്കാരും 65 എച്ച്എംസി /കാസ്പ് ജീവനക്കാരും ജോലി ചെയ്യുന്നു. ഡയാലിസിസ് യൂണിറ്റില്‍ 10 മെഷീനുകളിലായി 53 രോഗികള്‍ക്ക് പ്രതിമാസം 530 ഡയാലിസിസും കീമോതെറാപ്പി യൂണിറ്റില്‍ 180 രോഗികള്‍ക്ക് പ്രതിമാസം 262 കീമോയും ഫിസിയോതെറാപ്പി യൂണിറ്റില്‍ പ്രതിമാസം 350 രോഗികള്‍ക്ക് ചികിത്സയും ഒപ്പം നേര്‍വ് കണ്ടിഷന്‍ സ്റ്റഡിയും നടത്തിവരുന്നു. പിഒഐസിയു, എംഐസിയു, എന്‍ഐസിയു എന്നിവയും ആറ് ഫ്രീസര്‍ ഉള്ള മോര്‍ച്ചറിയും ആശുപത്രിയില്‍ ഉണ്ട്.

ലിംബ് സെന്ററില്‍ പ്രതിമാസം ആറ് രോഗികള്‍ക്ക് കൃത്രിമ അവയവങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. ജില്ലയില്‍ മിഠായി ക്ലിനിക്ക് ഉള്ള ഏക സ്ഥാപനമായ ജില്ലാ ആശുപത്രിയില്‍ 25 കുട്ടികള്‍ക്ക് സേവനം നല്‍കുന്നു. അഡോളസന്റ് ഹെല്‍ത്ത് സെന്ററിലും അംഗന്‍വാടികളിലും കുട്ടികള്‍ക്ക് കൗണ്‍സിലറുടെ സേവനം ലഭ്യമാക്കുന്നു. മാനസിക ആരോഗ്യ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 10 സിഎച്ച്സി/ പിഎച്ച്സികളില്‍ ക്ലിനിക്കുകള്‍ നടത്തിവരുന്നു. കൂടാതെ കാഞ്ഞീറ്റുകരയിലും വല്ലനയിലും പ്രവര്‍ത്തിക്കുന്ന പകല്‍വീടുകള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.