konnivartha.com : ഗുണമേന്മയുള്ള മത്സ്യം എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് മത്സ്യ ബന്ധന, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറ് ദിനകര്‍മ പരിപാടിയുടെ ഭാഗമായി കോന്നി നാരായണപുരത്ത് ആരംഭിച്ച മത്സ്യ ഫെഡ് ഫിഷ്മാര്‍ട്ടിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മത്സ്യ ഗുണഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള മത്സ്യം ന്യായമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഫിഷ്മാര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ നിയോജകമണ്ഡലങ്ങളിലും എയര്‍ കണ്ടിഷന്‍ സംവിധാനത്തോട് കൂടിയ മത്സ്യ ഫെഡിന്റെ ഫിഷ് മാര്‍ട്ട് പ്രവര്‍ത്തനം ആരംഭിക്കും. മത്സ്യ തൊഴിലാളികളില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന മത്സ്യം ഗുണമേന്മ നഷ്ടപ്പെടാതെ ഉപഭോക്താകള്‍ക്ക് എത്തിക്കുന്നതിനുവേണ്ടി അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ സംഭരണ കേന്ദ്രങ്ങളില്‍ എത്തിച്ച് വൃത്തിയാക്കി ഫിഷ് മാര്‍ട്ട് വഴി വിതരണം ചെയ്യും. പത്തനംതിട്ട ജില്ലയില്‍ കോന്നി, പന്തളം, തിരുവല്ല എന്നിവിടങ്ങളില്‍ പുതിയ ഫിഷ് മാര്‍ട്ടുകള്‍ ആരംഭിക്കുന്നത്.
സമാനതകള്‍ ഇല്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ കാഴ്ച വയ്ക്കുന്നത്. കേരള മത്സ്യ മേഖലയാണ് ഇതില്‍ കൂടുതല്‍ പങ്ക് വഹിച്ചിട്ടുള്ളത്. മത്സ്യ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയ്ക്കും സാംസ്‌കാരികമായ മുന്നേറ്റത്തിനും നിരവധി പദ്ധതികള്‍ ആണ് ഫിഷറീസ് വകുപ്പിന് കീഴിലുള്ള മത്സ്യഫെഡ് വഴി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മത്സ്യ ഫെഡിന്റെ ഫിഷ്മാര്‍ട്ടിലൂടെ വിഷരഹിത മത്സ്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ആധുനിക സജ്ജീകരണങ്ങളോടു കൂടിയാണ് കോന്നിയിലെ ഫിഷ് മാർട്ടിന്റെ പ്രവർത്തനമെന്ന് എംഎല്‍എ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോന്നി നിയോജക മണ്ഡലത്തിൽ 100 ദിവസം കൊണ്ട് 100 പദ്ധതികൾ ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആധുനിക ഫിഷ് മാർട്ട് ആരംഭിച്ചത്.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസി മണിയമ്മ, ഗ്രാമപഞ്ചായത്ത് അംഗം കെ.ജി. ഉദയകുമാര്‍, മത്സ്യ ഫെഡ് ചെയര്‍മാന്‍ റ്റി. മനോഹരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.ജെ. റെജി, കെ. സന്തോഷ് കുമാര്‍, എബ്രഹാം വാഴയില്‍, കെ.പി. തോമസ്, വ്യാപാരി വ്യവസായി എകോപന സമിതി കോന്നി യൂണിറ്റ് പ്രസിഡന്റ് ഡി. അനില്‍കുമാര്‍, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് ജില്ലാ പ്രസിഡന്റ് മാണിക്യം കോന്നി, മുളകുഴ ബേസ് സ്റ്റേഷന്‍ സ്പെഷ്യല്‍ ഓഫീസര്‍ എല്‍. സജീവ്, മത്സ്യ ഫെഡ് ഉദ്യോഗസ്ഥര്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.