Trending Now

പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു

 

konnivartha.com : പത്തനംതിട്ട ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതകുമാരി. അറിയിച്ചു.

ഇടവിട്ട് മഴപെയ്യുന്നതിനാല്‍ ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകുകളുടെ സാന്ദ്രത വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 43 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 102 പേര്‍ക്ക് സംശയാസ്പദമായ രോഗബാധയും ഉണ്ടായിട്ടുണ്ട്. മേയ് മാസത്തില്‍ മാത്രം 64 സംശയാസ്പദരോഗബാധയും 22 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുമുണ്ട്.

കോന്നി, തണ്ണിത്തോട്, കൊക്കാത്തോട്, പ്രമാടം, മലയാലപ്പുഴ, സീതത്തോട് , കടമ്പനാട് എന്നീ സ്ഥലങ്ങളില്‍ നിന്നാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, പ്ലാന്റേഷന്‍ ക്ലീനിംഗ് കാമ്പയിന്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഫോഗിംഗ് എന്നിവ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നു വരുന്നു.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍ പനിയില്‍ നിന്നും വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നു. പെട്ടെന്നുള്ള ശക്തമായ പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, തൊണ്ടവേദന, ചെറിയചുമ തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങള്‍, അതിശക്തമായ നടുവേദന, കണ്ണിനുപുറകില്‍ വേദന എന്നിവ ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നു തിണര്‍ത്തപാടുകള്‍ കാണാന്‍ സാധുതയുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.
വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും, മേല്‍ക്കൂരകളിലും പരിസരത്തും വെള്ളംകെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കെട്ടിടത്തിനുള്ളിലും ടെറസ്, സണ്‍ഷേഡുകള്‍, കെട്ടിടത്തിന്റെ പരിസരം എന്നിവയില്‍ കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കിക്കളയുകയും പാഴ് വസ്തുക്കള്‍ സംസ്‌കരിക്കുകയും വേണം. വീട്ടുമുറ്റത്തും, പുരയിടത്തിലും എറിഞ്ഞു കളഞ്ഞപാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്. ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവയില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ വളരാം . അവ വലിച്ചെറിയാതെ നശിപ്പിക്കുകയോ, വെള്ളംകെട്ടി നില്‍ക്കാതെ കമിഴ്ത്തി വെയ്ക്കുകയോ ചെയ്യുക . റബ്ബര്‍ മരങ്ങളില്‍ വെച്ചിട്ടുള്ള കവുങ്ങിന്‍ തോട്ടങ്ങളില്‍ വീണു കിടക്കുന്ന പാളകളിലും, മരപ്പൊത്തുകളില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തിലും കൊതുക് പെരുകുന്നില്ലെന്ന് ഉറപ്പാക്കണം.

വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടി നില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളംകെട്ടി നില്‍ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. ഫ്രിഡ്ജിനിടയിലെ ട്രേ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം. ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ ജലംസംഭരിക്കുന്ന പാത്രങ്ങളും, ടാങ്കുകളും കൊതുക് കടക്കാത്തവിധം മൂടിവയ്ക്കുക. ഇവയിലെ വെള്ളം ആഴ്ചയില്‍ ഒരിക്കല്‍ ചോര്‍ത്തി കളഞ്ഞതിനു ശേഷം ഉള്‍വശം കഴുകി ഉണക്കി വീണ്ടും വെള്ളം നിറയ്ക്കുക. ടാര്‍പാളിന്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍ എന്നിവയില്‍ വെള്ളംകെട്ടി നില്‍ക്കാന്‍ അനുവദിക്കാതിരിക്കുക. വീടിനു ചുറ്റും കാണുന്ന പാഴ്ച്ചെടികള്‍, ചപ്പുചവറുകള്‍ എന്നിവ നീക്കംചെയ്ത് പരിസര ശുചിത്വം ഉറപ്പുവരുത്തുക
ഈഡിസ് കൊതുകിന്റെ കടിയേല്‍ക്കാതിരിക്കാന്‍ ശരീരം നന്നായി മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും പകല്‍സമയത്ത് ഉറങ്ങുന്നവര്‍ കൊതുക് വല ഉപയോഗിക്കുകയും വേണം. വീടിനുള്ളിലും പരിസരത്തും വെള്ളംകെട്ടി നില്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ ഡെങ്കിപ്പനിക്കു കാരണമാകുന്ന കൊതുകുകളെ നശിപ്പിക്കാം.ഇതിനായി ആഴ്ചയിലൊരിക്കല്‍ എല്ലാവരും ഡ്രൈഡേ ആചരിക്കണം.

വെള്ളിയാഴ്ച വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ശനിയാഴ്ച സ്ഥാപനങ്ങള്‍ ,പൊതുസ്ഥലങ്ങള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെ എല്ലാവരും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു